കാർ വാങ്ങാൻ ഇങ്ങനെയും ഒരു സ്ഥലമുണ്ടായിരുന്നോ? മാരുതിയുടെ ഫാമിലി കാറിന് ഇവിടെ 1.84 ലക്ഷം രൂപ വിലക്കുറവ്
ഇന്ത്യൻ വിപണിയിൽ പുതുപുത്തൻ ഡിസയർ സെഡാൻ ഇറക്കി എതിരാളികളെ വരെ ഫാൻസാക്കി മാറ്റിയവരാണ് മാരുതി സുസുക്കി. ക്രാഷ് ടെസ്റ്റിൽ സർപ്രൈസായി 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ഇടിച്ചിട്ട കോംപാക്‌ട് സെഡാന് ഗംഭീര വരവേൽപ്പും ജനങ്ങൾ കൊടുത്തിട്ടുണ്ട്. LXI, VXI, ZXI, ZXI+ എന്നീ 4 വേരിയന്റ് ലെവലുകളിൽ വരുന്ന ഡിസയറിന് 6.79 ലക്ഷം മുതൽ 10.14 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. പക്ഷേ അത്യാവിശ്യം ഫീച്ചറുകളെല്ലാമുള്ള വേരിയന്റുകളിൽ ഒന്ന് വാങ്ങണമെങ്കിൽ 10 ലക്ഷത്തിന് അടുത്തെങ്കിലും ഓൺ-റോഡ് വില മുടക്കേണ്ടി വരും.
റോഡ് ടാക്‌സും ഇൻഷുറൻസുമെല്ലാം കാർ വാങ്ങുന്നവർക്ക് വലിയ ബാധ്യതയാവാറുണ്ട് പലപ്പോഴും. ഈ നികുതി ഒഴിവാക്കാൻ എന്തെങ്കിലും വഴിയുണ്ടോയെന്ന് പലരും ഇടയ്ക്ക് അന്വേഷിക്കാറുണ്ട്. അത്തരക്കാർക്ക് പറ്റിയ സ്ഥലമാണ് സിഎസ്‌ഡി ക്യാന്റീൻ സ്റ്റോറുകൾ. ഇവിടെ നിന്നും ഡിസയർ വാങ്ങിയാൽ വൻ ലാഭമാണ് കിട്ടുന്നത്. ഷോറൂമുകളിൽ പോയി മുടക്കുന്നതിന്റെ 1.84 ലക്ഷം രൂപ വരെ കുറവ് മുടക്കിയാൽ മതിയാവും എന്നതാണ് പ്രധാന ഹൈലൈറ്റ്.

എങ്ങനെയെന്നല്ലേ, പറഞ്ഞുതരാം... വിപണിയിൽ എത്തിയിട്ട് അധിക ദിവസങ്ങളൊന്നും ആയില്ലെങ്കിലും പുതിയ മാരുതി സുസുക്കി ഡിസയറും സിഎസ്‍ഡി ക്യാന്റീനിൽ വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ടെന്നാണ് റിപ്പോട്ടുകൾ. പക്ഷേ എല്ലാവർക്കും ഇവിടെ നിന്നും കാർ വാങ്ങാനാവില്ല കേട്ടോ. അതിന് ചില മാനദണ്ഡങ്ങളൊക്കെയുണ്ട്. രാജ്യത്തെ സേവിക്കുന്ന സൈനികർക്ക് ക്യാൻ്റീൻ സ്റ്റോർസ് ഡിപ്പാർട്ട്‌മെൻ്റിൽ നിന്നും എല്ലാത്തരം ഉൽപ്പന്നങ്ങൾക്കും നികുതിയിളവ് ലഭിക്കാറുണ്ട്.
കൂടുതൽ വിശദീകരിച്ച് പറഞ്ഞാൽ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു സംരംഭമാണ് സിഎസ്‌ഡി ക്യാന്റീൻ സ്റ്റോറുകൾ. ഇന്ത്യൻ സായുധ സേനയാണ് സ്റ്റോറുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. സൈനികർക്ക് ഭക്ഷണം, മെഡിക്കൽ ഇനങ്ങൾ, വീട്ടുപകരണങ്ങൾ, മിതമായ നിരക്കിൽ കാറുകൾ എന്നിവ ഇത്തരം ക്യാന്റീനുകൾ വഴി വിൽക്കുന്നു.

സായുധ സേനയിൽ സേവനമനുഷ്ഠിക്കുന്നവരോ അല്ലെങ്കിൽ വിരമിച്ചവരോ അതുമല്ലെങ്കിൽ സൈനിക ഉദ്യോഗസ്ഥരുടെ വിധവകൾ, മുൻ സൈനികർ, പ്രതിരോധ സിവിലിയൻമാർ തുടങ്ങിയവർക്ക് മാത്രമേ ഇവിടെ നിന്നും സേവനങ്ങൾ ലഭ്യമാവൂ. സാധാരണ ജനങ്ങൾക്ക് ഇതിന്റെ ആനുകൂല്യങ്ങളൊന്നും ലഭിക്കുകയില്ല. സാധാരണ ജനങ്ങൾ വാഹനം വാങ്ങുമ്പോൾ കൊടുക്കുന്ന 28 ശതമാനം ജിഎസ്‌ടിയെ അപേക്ഷിച്ച് സിഎസ്‌ഡിയിൽ സൈനികരിൽ നിന്ന് 14 ശതമാനം ജിഎസ്ടി മാത്രമാണ് സർക്കാർ വാങ്ങുന്നത്.
അതിനാൽ ഇത്തരക്കാർക്ക് നല്ലൊരു തുക ലാഭിക്കാനാവും. മാരുതി സുസുക്കി ഡിസയറിന് സിഎസ്‌ഡി ക്യാന്റീൻ സ്റ്റോറുകളിൽ 5.80 ലക്ഷം രൂപ മാത്രമാണ് പ്രാരംഭ വില വരുന്നത്. സർക്കാരിന്റെ ഈയൊരു സംവിധാനം വഴി സെഡാൻ വാങ്ങുകയാണെങ്കിൽ ബേസ് മോഡൽ LXI വേരിയൻ്റിൻ്റെ വിലയിൽ 99,000 രൂപയുടെ ലാഭം കിട്ടും. അതേസമയം തെരഞ്ഞെടുക്കുന്ന മറ്റ് വേരിയന്റുകളെ ആശ്രയിച്ച് വിലയിൽ 1.84 ലക്ഷം രൂപ വരെ വ്യത്യാസമുണ്ട് എന്നാണ് റിപ്പോട്ടുകൾ.

ഷോറൂമുകളിൽ മാരുതി സുസുക്കി ഡിസയറിന്റെ LXi മാനുവലിന് 6.79 ലക്ഷം, VXi മാനുവലിന് 7.79 ലക്ഷം, VXi എഎംടിക്ക് 8.24 ലക്ഷം, ഡിസയർ ZXi മാനുവൽ 8.89 ലക്ഷം, ZXi എഎംടിക്ക് 9.34 ലക്ഷം, ZXi+ മാനുവലിന് 9.69 ലക്ഷം, ZXi+ എഎംടിക്ക് 10.14 ലക്ഷം എന്നിങ്ങനെയാണ് മുടക്കേണ്ടി വരുന്ന വില.
അതേസമയം ഡിസയറിന്റെ VXi, ZXi എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വരുന്ന സിഎൻജി മോഡലുകൾക്ക് യഥാക്രമം 8.74 ലക്ഷം, 9.84 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില മുടക്കേണ്ടതായി വരിക. സ്വിഫ്റ്റിലെ അതേ Z12E, ത്രീ സിലിണ്ടർ, 1.2 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് പുതിയ ഡിസയറും വരുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനും കാറിൽ കൊടുത്തിട്ടുണ്ട്.
പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 82 bhp കരുത്തിൽ പരമാവധി 112 Nm torque വരെ ഉത്പാദിപ്പിക്കാൻ മാരുതി സുസുക്കി ഡിസയറിനാവും. ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ് ഫീച്ചറുമായി വരുന്നതിനാൽ പെട്രോളിൽ വരെ 25.71 കി.മീ മൈലേജും ലഭിക്കും. ഇന്ത്യയിലെ കോംപാക്‌ട് സെഡാൻ സെഗ്മെന്റിൽ ഹോണ്ട അമേസ്, ടാറ്റ ടിഗോർ, ഹ്യുണ്ടായി ഓറ തുടങ്ങിയ മോഡലുകളുമായാണ് ന്യൂജെൻ ഡിസയർ മത്സരിക്കുന്നത്.


Click it and Unblock the Notifications








