550 കി.മീ റേഞ്ച്; കുറഞ്ഞ വില, മാരുതിയുടെ ഇലക്‌ട്രിക് കാർ വരാൻ ഇനി 3 ദിവസം മാത്രം
ടാറ്റ മോട്ടോർസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹ്യുണ്ടായി, കിയ, എംജി അങ്ങനെ രാജ്യത്തെ പ്രമുഖ നിർമാതാക്കളെല്ലാം ഇലക്‌ട്രിക് വാഹന രംഗത്തേക്ക് പ്രവേശിച്ച് പണംവാരിക്കൊണ്ടിരിക്കുകയാണ്. പക്ഷേ എന്തുകൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാണ കമ്പനിയായ മാരുതി സുസുക്കി മാത്രം വൈദ്യുത വിപ്ലവത്തിന് കരുത്തേകാൻ എത്തുന്നില്ലെന്ന് ചിന്തിക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. അടുത്തിടെയായി മാരുതിയുടെ പുത്തൻ ഇവിയെ കുറിച്ചുള്ള വാർത്തകളും വിശേഷങ്ങളുമെല്ലാം സജീവമായി നിലനിൽക്കുന്നുമുണ്ട്. വിദേശത്ത് സുസുക്കി ഇതിനുള്ള പണിയെടുക്കുന്നുമുണ്ട്. പലതവണ ഇന്ത്യൻ നിരത്തുകളിൽ വരെ ഇവൻ പരീക്ഷണയോട്ടത്തിന് ഇറങ്ങിയതും മോഹിപ്പിക്കുന്ന വാർത്തയായിരുന്നു.
എന്നാൽ അധികകാലം കാത്തിരുന്ന് മുഷിപ്പിക്കാതെ തന്നെ ആളിങ്ങെത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. അതായത് മാരുതി സുസുക്കിയുടെ ഇലക്‌ട്രിക് കാർ വരാൻ ഇനി 3 ദിവസം മാത്രമാണെന്നാണ് വിവരം. സുസുക്കിയുടെ ഏറ്റവും പുതിയ eVX ഇലക്ട്രിക് എസ്‌യുവി 2024 നവംബർ നാലിന് ഇറ്റലിയിലെ മിലാനിൽ അതിൻ്റെ പ്രൊഡക്ഷൻ പതിപ്പിൽ അരങ്ങേറ്റം കുറിക്കുമെന്നതാണ് ഏറ്റവും പുതിയ വാർത്ത.

തുടർന്ന് eVX ഇവി ജനുവരിയിൽ പൊതുരംഗത്ത് അരങ്ങേറ്റം കുറിക്കുകയും 2025 മാർച്ചിൽ വിപണിയിലെത്തുകയും ചെയ്യും. സുസുക്കിയുടെ ഗുജറാത്ത് പ്ലാൻ്റിൽ നിർമിച്ച ഈ മെയ്ഡ്-ഇൻ-ഇന്ത്യ ഇലക്ട്രിക് എസ്‌യുവി ജപ്പാനിലേക്കും യൂറോപ്പിലേക്കും വരെ കയറ്റുമതി ചെയ്യുമെന്നതാണ് അഭിമാനകരമായ മറ്റൊരു സംഗതി. ഏകദേശം 4.3 മീറ്റർ നീളമുള്ള പുതിയ മാരുതി ഇലക്ട്രിക് എസ്‌യുവി അതിൻ്റെ കൺസെപ്റ്റ് രൂപത്തിനോട് നീതി പുലർത്തിയാണ് നിർമാണത്തിലേക്ക് കടക്കുന്നത്.
ക്ലോസ്‌ഡ് ഗ്രില്ലും വലിയ ഹെഡ്‌ലാമ്പുകളാൽ ചുറ്റപ്പെട്ട അപ്റൈറ്റ് മുൻവശവും പരന്ന ബോണറ്റുമെല്ലാം ഇവിയുടെ ഡിസൈൻ പൊളപ്പനാക്കും. ഇതോടൊപ്പം തന്നെ ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, കൂപ്പെ എസ്‌യുവി പോലെയുള്ള റൂഫ്‌ലൈൻ, മസ്‌കുലർ ഷോൾഡർ ക്രീസുകൾ, സി-പില്ലർ മൗണ്ടഡ് റിയർ ഡോർ ഹാൻഡിലുകൾ എന്നിവ eVX ഇലക്ട്രിക് എസ്‌യുവിയുടെ വശക്കാഴ്ച്ചയെ മെച്ചപ്പെടുത്തും.

പിൻഭാഗത്തേക്ക് നീങ്ങിയാൽ പുതിയ മാരുതി ഇലക്ട്രിക് എസ്‌യുവിക്ക് കണക്റ്റഡ് എൽഇഡി ടെയിൽലാമ്പുകളായിരിക്കും ഉണ്ടായിരിക്കുക. 4,300 മില്ലീമീറ്റർ നീളവും 1,800 മില്ലീമീറ്റർ വീതിയും 1,600 മില്ലീമീറ്റർ ഉയരവും 2,700 മില്ലീമീറ്റർ വീൽബേസുമാണ് വാഹനത്തിനുള്ളത് എന്നതിനാൽ തന്നെ വിശാലമായ ഇന്റീരിയർ സ്പേസും ഇവിയിലുണ്ടാവും. എക്സ്റ്റീരിയറിന് സമാനമായി അകത്തളത്തിന്റെ ഡിസൈനും കൺസെപ്റ്റ് മോഡലിന് സമാനമായിരിക്കും.
പ്രായോഗികതയ്ക്കായി കുറച്ച് ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. റോട്ടറി ഡയലിനൊപ്പം ഫ്ലോട്ടിംഗ് സെൻ്റർ കൺസോളിനൊപ്പം മിനിമലിസ്റ്റ് സമീപനവും eVX ഇവിയിലുണ്ടാവും. ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റമായും ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററായും പ്രവർത്തിക്കുന്ന ഡ്യുവൽ സ്‌ക്രീൻ സെറ്റപ്പ് ഇലക്ട്രിക് എസ്‌യുവിയുടെ പ്രത്യേകതയായിരിക്കും. വാഹനത്തി ൽ സവിശേഷമായി രൂപകൽപ്പന ചെയ്ത എസി വെൻ്റുകളും ടൂ-സ്പോക്ക് സ്റ്റിയറിംഗ് വീലും ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്.

360-ഡിഗ്രി ക്യാമറ, ഫ്രെയിംലെസ്സ് റിയർവ്യൂ മിറർ, ADAS സ്യൂട്ട് തുടങ്ങിയ ഫീച്ചറുകളും മാരുതി ഓഫർ ചെയ്തേക്കാം. വരാനിരിക്കുന്ന മാരുതി സുസുക്കിയുടെ ഇലക്ട്രിക് എസ്‌യുവി ടൊയോട്ടയുടെ 40PL ഇലക്ട്രിക് സ്കേറ്റ്ബോർഡ് ആർക്കിടെക്ച്ചറിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു പുതിയ പ്ലാറ്റ്‌ഫോമിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അടുത്ത സാമ്പത്തിക വർഷത്തിൻ്റെ രണ്ടാം പാദത്തിൽ വിൽപ്പനയ്‌ക്കെത്തുന്ന ടൊയോട്ടയുടെ ഇലക്ട്രിക് എസ്‌യുവിക്കും ഇതേ പ്ലാറ്റ്‌ഫോമായിരിക്കും അടിവരയിടുക.
മാരുതി സുസുക്കി eVX ഇവിക്ക് 48 kWh, 60 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളായിരിക്കും ലഭിക്കുക. ആദ്യത്തേതിന് 400 കിലോമീറ്ററിൽ കൂടുതൽ ഡ്രൈവിംഗ് റേഞ്ച് ഉണ്ടാവും. അതേസമയം രണ്ടാമത്തേതിന് കൺസെപ്റ്റ് പതിപ്പിൽ പറഞ്ഞതു പോലെ 550 കിലോമീറ്റർ റേഞ്ച് ഉണ്ടായിരിക്കാം. AWD, FWD ഓപ്ഷനുകൾക്കൊപ്പം ഇവി വാഗ്ദാനം ചെയ്യാവുന്നതാണ്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ധാരണയായിട്ടില്ല.
eVX ഇലക്ട്രിക് എസ്‌യുവിയുടെ വിശദാംശങ്ങൾ നോക്കുമ്പോൾ ഏകദേശം 15 ലക്ഷം രൂപയുടെ പരിധിയിലായിരിക്കും കമ്പനി ഇവിയെ പുറത്തിറക്കുകയെന്നാണ് വിവരം. അങ്ങനെയെങ്കിൽ ടാറ്റ കർവ് ഇവി, ഹ്യുണ്ടായി ക്രെറ്റ ഇവി, മഹീന്ദ്ര XUV.e8, ഹോണ്ട എലിവേറ്റ് ഇവി, എംജി വിൻഡ്‌സർ എന്നിവയ്‌ക്കെതിരെ മത്സരിക്കാനും മാരുതി സുസുക്കിയുടെ പുതിയ വൈദ്യുത കാറിന് ശേഷിയുണ്ടാവും.


Click it and Unblock the Notifications








