സേഫ്റ്റിയിൽ അഡാറാവാൻ ഫ്രോങ്ക്‌സിന് ADAS; പരീക്ഷണത്തിനിറങ്ങി മാരുതിയുടെ ജനപ്രിയൻ
ഇന്ത്യക്കാർ എല്ലാവരും വാങ്ങാൻ കൊതിക്കുന്ന മാരുതി കാറായി മാറിയിരിക്കുകയാണ് ഫ്രോങ്ക്‌സ് എന്ന സുന്ദരക്കുട്ടപ്പൻ. ക്രോസ്ഓവർ മേനിയഴകും കിടിലൻ പെർഫോമൻസുമെല്ലാമായി വന്ന മോഡലിന്റെ പെട്ടന്നാണ് ആളുകൾ നെഞ്ചിലേറ്റുന്നത്. സർപ്രൈസായി ജിംനിക്കൊപ്പം 2023 ഓട്ടോ എക്സ്പോയിൽ പിറവിയെടുത്ത വാഹനം വിപണിയിലെത്തിയിട്ട് 14 മാസം പിന്നിടുമ്പോഴേക്കും 1.50 ലക്ഷം യൂണിറ്റ് വിൽപ്പനയും മറികടന്ന് കുതിക്കുകയാണ്. മറ്റൊരു മോഡലുകൾക്കും അവകാശപ്പെടാനില്ലാത്ത സ്റ്റൈലൻ ലുക്ക് തന്നെയാണ് ഫ്രോങ്ക്‌സിലേക്ക് ആകർഷിക്കുന്നത്. ഒരു ആഫ്റ്റർ മാർക്കറ്റ് അലോയ് വീൽ കൂടി വാങ്ങിയിട്ടാൽ ഫോറിൻ കാറുകൾ വരെ മാറിനിൽക്കും.
സാധാരണ ക്രോസ്ഓവർ വാഹനങ്ങളെ അത്ര താത്പര്യമില്ലാത്തവരാണ് ഇന്ത്യയിലുള്ളത്. പക്ഷേ ഇതുവരെയുള്ള ക്രോസ്ഓവർ ചിന്താഗതിയെയെല്ലാം ഫ്രോങ്ക്‌സ് പൊളിച്ചെഴുതി. എന്തായാലും ഇന്ത്യക്കാർക്ക് പ്രിയപ്പെട്ട വാഹനത്തിലേക്ക് അഡ്വാൻഡ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം എന്ന ADAS അവതരിപ്പിക്കാൻ പോവുകയാണെന്ന അഭ്യൂഹങ്ങളാണ് എയറിലുള്ളത്. ഇതിനു പിന്നാലെ ഫ്രോങ്ക്സിൻ്റെ ADAS വേരിയന്റ് പരീക്ഷണയോട്ടത്തിന് നിരത്തിലിറങ്ങയതും ആളുകൾക്ക് ഹൈപ്പ് കൊടുത്തിട്ടുണ്ട്.

അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം സജ്ജീകരിച്ച വേരിയൻ്റ് സ്‌പോട്ട് ടെസ്റ്റിംഗ് നടത്തുന്നതിന്റെ ചിത്രങ്ങൾ റഷ്‌ലൈനാണ് പുറത്തുവിട്ടിരിക്കുന്നത്. റഡാർ അടിസ്ഥാനമാക്കിയുള്ള ADAS സെൻസർ സിസ്റ്റം കൂപ്പെ സ്റ്റൈൽ എസ്‌യുവിയുടെ ഫ്രണ്ട് ഗ്രില്ലിൽ കൊടുത്തിരിക്കുന്നത് കാണാം. ഈ മൊഡ്യൂൾ മുന്നോട്ടുള്ള റോഡിനെ നിരന്തരം നിരീക്ഷിക്കുകയും കാറുകൾ, മോട്ടോർസൈക്കിളുകൾ, മനുഷ്യർ, സൈക്ലിസ്റ്റുകൾ, മറ്റ് വസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള തടസങ്ങൾ കണ്ടെത്തുകയും ക്യാമറയുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യും.
എന്നാൽ ഇതിൽ ഇന്ത്യക്കാർക്ക് സന്തോഷിക്കാൻ വകയൊന്നുമില്ലെന്നാണ് ലഭിക്കുന്ന വിവരം. മറ്റ് വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്ന മെയ്‌ഡ് ഇൻ ഇന്ത്യ ഫ്രോങ്ക്‌സിൽ ADAS അവതരിപ്പിക്കുന്നതിന്റെ ഭാഗമാണ് ADAS ടെക്കുള്ള ഫ്രോങ്ക്‌സിന്റെ ഈ പരീക്ഷണയോട്ടമെന്നാണ് അനുമാനം. നിലവിൽ ആഭ്യന്തര വിപണിയിൽ ADAS ഫീച്ചറുകള്ള കാറുകളൊന്നും മാരുതി സുസുക്കി വാഗ്‌ദാനം ചെയ്യുന്നില്ല.

ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ റീബാഡ്‌ജ് മോഡലായ ഇൻവിക്റ്റോയിൽ പോലും ADAS മാരുതി കൊണ്ടുവരുന്നില്ല. എന്നിരുന്നാലും ചെറുതും താങ്ങാനാവുന്നതുമായ ഒരു വാഹനത്തിൽ മാരുതിയുടെ ADAS സാങ്കേതികവിദ്യ പരീക്ഷിക്കുന്നത് കാണുമ്പോൾ ഏതൊരു സാധാരണക്കാരനും അറിയാതെ മോഹിച്ചുപോവും. നിലവിൽ ഇന്ത്യക്കാർ സേഫ്റ്റിയുടെ കാര്യത്തിന് പ്രത്യേക ഊന്നൽ കൊടുക്കുന്നതിനാൽ തങ്ങളുടെ മോഡലുകളുടെ നിർമാണ നിലവാരമെല്ലാം വർധിപ്പിച്ചു വരികയാണ് മാരുതി.
തങ്ങളുടെ കാറുകളിലേക്ക് 6 എയർബാഗുകൾ സ്റ്റാൻഡേർഡായി നൽകുന്ന നടപടിയെല്ലാം രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ ആരംഭിച്ചിട്ടുമുണ്ട്. മാരുതി സുസുക്കി ജപ്പാനിലേക്ക് ഫ്രോങ്ക്സിൻ്റെ കയറ്റുമതി ആരംഭിച്ചതിനാലാണ് ഇപ്പോൾ ADAS ടെക്കുമായി വാഹനം പരീക്ഷണത്തിനെത്തിയിരിക്കുന്നതെന്നും അനുമാനിക്കാം. അവിടെ ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് (AEB) പോലുള്ള സുരക്ഷാ സവിശേഷതകൾ നിർബന്ധമായതിനാൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ആവശ്യമായി വരും.

ആഗോള വിപണിയിലെത്തുന്ന ഫ്രോങ്ക്സിന് പല വിപണികളിലും AWD സെറ്റപ്പ് വരെയുണ്ടെന്ന കേട്ടാൽ ഇന്ത്യക്കാർക്ക് ഉള്ളുപിടഞ്ഞേക്കും. ഇതെല്ലാം ഇന്ത്യയിൽ കൊടുത്താൽ കാറിന്റെ വില ഉദ്ദേശിക്കുന്നിടത്ത് നിൽക്കില്ലെന്നതാണ് മറ്റൊരു കാര്യം. ഇനി ഭാവിയിൽ മാരുതി ADAS പോലുള്ള സംവിധാനങ്ങൾ വാഹനങ്ങളിലേക്ക് കൊണ്ടുവന്നാലും ആശ്ചര്യപ്പെടേണ്ടതൊന്നുമില്ല. HEARTECT പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഫ്രോങ്ക്‌സ് നിർമിച്ചിരിക്കുന്നത്.
എങ്കിലും സുരക്ഷിതമായ ഷെല്ലും ഘടനാപരമായ കാഠിന്യവും കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്. അധികം വൈകാതെ എസ്‌യുവിയുടെ ഭാരത് NCAP ക്രാഷ് ടെസ്റ്റ് ഫലവും പുറത്തുവരുമെന്നാണ് വിവരം. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ-പെട്രോൾ ബൂസ്റ്റർജെറ്റ് എഞ്ചിൻ ഓപ്ഷനുകളിലാണ് മാരുതി ഫ്രോങ്ക്‌സ് വിപണിയിൽ എത്തുന്നത്. ഗിയർബോക്‌സ് ഓപ്ഷനിൽ 5-സ്പീഡ് മാനുവലും എഎംടി ഓട്ടോമാറ്റിക്കുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.


Click it and Unblock the Notifications








