വന്നിട്ട് വെറും 10 മാസം മാത്രം, 23 കിലോമീറ്റർ മൈലേജുള്ള ഈ മാരുതി കാർ വാങ്ങിയത് 1 ലക്ഷം പേർ
പോയ വർഷം സർപ്രൈസ് എൻട്രിയായി വന്ന് ജനമനസുകൾ കീഴടക്കിയ വാഹനമാണ് മാരുതി സുസുക്കി ഫ്രോങ്ക്‌സ് (Maruti Suzuki Fronx). ഒരേസമയം ഹാച്ച്ബാക്കിന്റേയും എസ്‌യുവിയുടേയും ഗുണം ചെയ്യുന്ന വാഹനമായതിനാലാണോയെന്ന് അറിയില്ല മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്‌സയിൽ എത്തുന്നവരുടെയെല്ലാം കണ്ണ് ഈ കൂപ്പെ സ്റ്റൈൽ എസ്‌യുവിയിലേക്കാണ്.
മാരുതി ബലേനോ പ്രീമിയം ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നതെങ്കിലും രൂപത്തിലെ പ്രത്യേകതകൾ കാരണം വണ്ടിയങ്ങ് ഹിറ്റായി. വൻ റോഡ് പ്രസൻസുള്ള ഫ്രോങ്ക്‌സ് ഇപ്പോൾ നിരത്തുകളിൽ നിറഞ്ഞുകവിയുകയാണ്. ഈ വർഷം ജനുവരിയിൽ നടന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ വിപണിയിൽ എത്തിയ വാഹനത്തിന്റെ വിൽപ്പന ആരംഭിക്കുന്ന ഏപ്രിൽ മാസത്തിലായിരുന്നു. തുർന്ന് ആറ് മാസത്തിനുള്ളിൽ 75,000 യൂണിറ്റ് വിൽപ്പന പിന്നിടാനും വണ്ടിക്കായിരുന്നു.

ഇപ്പോഴിതാ ഒരു ലക്ഷം യൂണിറ്റ് വിൽപ്പന നാഴികക്കല്ലും പിന്നിട്ട് കുതിക്കുകയാണ് മാരുതി ഫ്രോങ്ക്‌സ്. ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് 10 മാസത്തിനുള്ളിലാണ് ഈ നേട്ടം ക്രോസ്ഓവർ മോഡൽ നേടിയെടുത്തത്. ഫ്രോങ്ക്സിന്റെ ഓട്ടോമാറ്റിക് വകഭേദങ്ങൾ വിൽപ്പനയുടെ 24 ശതമാനം സംഭാവന ചെയ്തുവെന്നാണ് കമ്പനി പറയുന്നത്. അതേസമയം ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ്, തെക്ക്-കിഴക്കൻ ഏഷ്യൻ വിപണികളിലേക്കും മാരുതി സുസുക്കി ഫ്രോങ്ക്സ് കയറ്റുമതി ചെയ്യുന്നുണ്ട്.
ഇതുവരെ മറ്റ് രാജ്യങ്ങളിലേക്കായി കമ്പനി 9000 യൂണിറ്റ് ഫ്രോങ്ക്സ് കയറ്റുമതി ചെയ്തിട്ടുണ്ടെന്നാണ് വിവരം. കൂപ്പെ സ്റ്റൈൽ എസ്‌യുവിയുടെ വിജയത്തിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. ഡിസൈനിലെ പുതുമയും സമ്പന്നമായ ഫീച്ചർ നിരയുമാണ് ഫ്രോങ്ക്‌സിന് ഇത്രയും സ്വീകാര്യത ലഭിക്കാൻ കാരണമായതെന്ന് നിസംശയം പറയാം. എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഫ്രോങ്ക്സിനൊരു ആഡംബര കാറിന്റെ ഛായ തന്നെയാണുള്ളത്.

സാധാരണ ക്രോസ്ഓവർ വാഹനങ്ങളെ അത്ര താത്പര്യമില്ലാത്തവരാണ് ഇന്ത്യയിലുള്ളത്. പക്ഷേ ഇതുവരെയുള്ള ക്രോസ്ഓവർ ചിന്താഗതിയെയെല്ലാം ഫ്രോങ്ക്‌സ് പൊളിച്ചെഴുതുകയായിരുന്നുവെന്ന് പറയാം. പുതിയ ഫ്രണ്ട് ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി മൾട്ടി-റിഫ്ലക്ടർ ഹെഡ്‌ലാമ്പുകൾ, പരുക്കൻ ശൈലി വർധിപ്പിക്കുന്നതിനായി ചങ്കി ബോഡി ക്ലാഡിംഗ്, വശങ്ങളിൽ 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും മാരുതി സമ്മാനിച്ചിട്ടുണ്ട്.
പിൻഭാഗത്ത് ഒരു ലൈറ്റ്ബാർ വഴി ബന്ധിപ്പിച്ചിരിക്കുന്ന കണക്‌റ്റഡ് എൽഇഡി ടെയിൽ ലാമ്പുകളും വാഹനത്തെ വേറിട്ടുനിർത്തുന്ന കാര്യമാണ്. അങ്ങനെ ഡിസൈനിന്റെ കാര്യത്തിൽ കുഞ്ഞൻ ഗ്രാൻഡ് വിറ്റാരയെന്ന് ഫ്രോങ്ക്‌സ് ഓർമപ്പെടുത്തുന്നു. അകത്തളവും തികച്ചും പ്രീമിയം ശൈലിയാണ് പിന്തുടർന്നിരിക്കുന്നത്. ഇന്റീരിയറിന് ബ്ലാക്കും ബ്രൌൺ നിറത്തിലുമുള്ള ഡ്യുവൽ-ടോൺ തീമും മാരുതി സുസുക്കി ഒരുക്കിയിട്ടുണ്ട്.

കൂടാതെ ഫീച്ചറുകളാൽ വാഹനം സമ്പന്നമാണെന്ന കാര്യവും കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്. 360-ഡിഗ്രി ക്യാമറ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, വയർലെസ് ചാർജർ, 9 ഇഞ്ച് സ്മാർട്ട്പ്ലേ പ്ലോ പ്ലസ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, വയർലെസ് ഫോൺ ചാർജിംഗ്, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ്, കീലെസ് എൻട്രി, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, റിയർ ഡിഫോഗർ എന്നിവയെല്ലാം ഫ്രോങ്ക്‌സിലെ അടിസ്ഥാന കാര്യങ്ങളാണ്.
ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), എബിഎസ്, ഇബിഡി, ഹിൽ-ഹോൾഡ് അസിസ്റ്റ്, നാല് എയർബാഗുകൾ എന്നിവയെല്ലാം ഫ്രോങ്ക്‌സിന്റെ സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകളായി നൽകിയിട്ടുമുണ്ട്. HEARTECT പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഫ്രോങ്ക്‌സ് നിർമിച്ചിരിക്കുന്നത് എങ്കിലും സുരക്ഷിതമായ ഷെല്ലും ഘടനാപരമായ കാഠിന്യവും മാരുതി ഉറപ്പുവരുത്തിയിട്ടുണ്ട്. അധികം വൈകാതെ മോഡലിനെ ഭാരത് NCAP ക്രാഷ് ടെസ്റ്റിനും കമ്പനി വിധേയമാക്കും.

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും 1.0 ലിറ്റർ ടർബോ-പെട്രോൾ ബൂസ്റ്റർജെറ്റ് എഞ്ചിനുമാണ് ഫ്രോങ്ക്‌സിന്റെ ഹൃദയം. ഇതിൽ ആദ്യത്തേത് 88 bhp പവറിൽ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു എഎംടി ക്ലച്ച്ലെസ് ട്രാൻസ്മിഷമുമായി ജോടിയാക്കി വാഹനം വീട്ടിലെത്തിക്കാനാവും. മാനുവൽ ഗിയർബോക്‌സിന് 21.8 കിലോമീറ്ററും എഎംടി യൂണിറ്റിന് 22.89 കിലോമീറ്ററുമാണ് മാരുതി അവകാശപ്പെടുന്ന മൈലേജ്.
ഇനി ഫ്രോങ്ക്‌സിലെ ബൂസ്റ്റർജെറ്റ് എഞ്ചിനിലേക്ക് വന്നാൽ ഇത് 99 bhp കരുത്തിൽ 147.6 Nm torque വരെ വികസിപ്പിക്കാൻ പ്രാപ്‌തമാണ്. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് തെരഞ്ഞെടുക്കാനാവുന്നത്. മാനുവൽ ഗിയർബോക്‌സിനൊപ്പം പാഡിൽ ഷിഫ്റ്ററുകളും മാരുതി വാഗ്ദാനം ചെയ്യുന്നു. മാനുവൽ ഗിയർബോക്‌സിന് 21.5 കിലോമീറ്ററും ഓട്ടോമാറ്റിക് ഗിയർബോക്‌സിന് 20.02 കിലോമീറ്ററും ഇന്ധനക്ഷമതയാണ് കമ്പനി പറയുന്നത്.


Click it and Unblock the Notifications








