ഫ്രോങ്ക്‌സ് പഞ്ചറായാൽ വീൽ മാറിയിടാമെന്ന് കരുതേണ്ട, സ്പെയർ വീൽ അഴിച്ചെടുത്ത് മാരുതി
ഇന്ത്യൻ വിപണിയിലേക്ക് സർപ്രൈസ് എൻട്രി നടത്തി വിജയം നേടിയ മോഡലാണ് മാരുതി സുസുക്കി ഫ്രോങ്ക്‌സ്. ഏറ്റവും പ്രതീക്ഷയോടെ പുറത്തിറക്കിയ ജിംനിക്ക് കിട്ടാത്ത സ്വീകാര്യതയാണ് ഇപ്പോൾ ഈ കൂപ്പെ സ്റ്റൈൽ എസ്‌യുവിക്ക് കിട്ടുന്നത്. ബലേനോയെ അടിസ്ഥാനമാക്കി പണികഴിപ്പിക്കുന്ന ക്രോസ്ഓവർ വരുന്നുണ്ടെന്ന് കേട്ടിരുന്നുവെങ്കിലും 2023 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചപ്പോൾ ഇത്ര കേമനായിരിക്കുമെന്ന് പലരും ഓർത്തതേയുണ്ടാവില്ല.
വിപണിയിൽ എത്തിയതും മാരുതി ഷോറൂമിലെത്തുന്ന എല്ലാവരുടേയും കണ്ണ് ഫ്രോങ്ക്‌സിലേക്കായി. വിലയും സെറ്റായതോടെ ഫ്രോങ്ക്‌സ് ബംബർ ഹിറ്റായി. മാരുതി സുസുക്കി അടുത്തിടെ ഫ്രോങ്ക്സിൻ്റെ രണ്ട് പുതിയ വേരിയന്റുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് കൂടുതൽ വിൽപ്പന പിടിക്കാൻ ഒരുങ്ങുകയാണ്. സിഗ്മ, ഡെൽറ്റ, ഡെൽറ്റ പ്ലസ്, ഡെൽറ്റ പ്ലസ് (O), സീറ്റ, ആൽഫ എന്നിങ്ങനെ ആറ് വേരിയന്റുകളിൽ ക്രോസ്ഓവർ ലഭ്യമാണ്.

7.51 ലക്ഷം മുതൽ ആരംഭിക്കുന്ന വില 10.60 ലക്ഷം വരെ ഉയരുകയും ചെയ്യും. പുതിയ അപ്‌ഡേറ്റിനൊപ്പം ഫ്രോങ്ക്‌സിലെ ടയർ റിപ്പയർ കിറ്റിനായുള്ള സ്പെയർ വീൽ ഒഴിവാക്കാനും മാരുതി സുസുക്കി തീരുമാനം എടുക്കുകയുണ്ടായി. ബ്രാൻഡ് പറയുന്നത് അനുസരിച്ച് ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യത്തിനായി സ്പെയർ ടയറിന് പകരം ടയർ റിപ്പയർ കിറ്റ് ചേർത്തിട്ടുണ്ട്. 195/60 പ്രൊഫൈലുള്ള 16 ഇഞ്ച് വീലുകളുമായാണ് ഫ്രോങ്ക്സ് വരുന്നത്.
എൻട്രി ലെവൽ സിഗ്മ, ഡെൽറ്റ വേരിയൻ്റുകളിൽ വീൽ കവറുകളുള്ള സ്റ്റീൽ വീലുകളാണ് ഉള്ളത്. കാറിന്റെ മറ്റെല്ലാ വേരിയന്റുകളിലും കമ്പനി അലോയ് വീലുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, ടോപ്പ്-സ്പെക്ക് ആൽഫ ട്രിമ്മിൽ മാത്രമേ പ്രിസിഷൻ കട്ട് അലോയ് വീലുകൾ ലഭിക്കൂ. എന്തായാലും സ്പെയർ വീൽ ഒഴിവാക്കിയ തീരുമാനം ആളുകളെ നിരാശരാക്കാൻ സാധ്യതയുണ്ട്. മുമ്പ് ടാറ്റ മോട്ടോർസും തങ്ങളുടെ ജനപ്രിയ കാറുകളിൽ ഇതേ സംഭവം നടപ്പിലാക്കിയിട്ടുണ്ടായിരുന്നു.

എന്തായാലും പുതുതായി കൊണ്ടുവന്ന വേരിയന്റുകൾ മിഡിൽ മോഡലുകൾ തേടുന്നവരെ ആകർഷിക്കാൻ പ്രാപ്‌തമാണ്. 8.93 ലക്ഷം രൂപയാണ് ഡെൽറ്റ പ്ലസ് (O) വേരിയന്റിനായി മുടക്കേണ്ടി വരുന്നത്. അതേസമയം മാരുതി സുസുക്കി ഫ്രോങ്ക്സ് ഡെൽറ്റ പ്ലസ് (O) 1.2 ലിറ്റർ എഎംടി ESP പതിപ്പിന് 9.43 ലക്ഷം രൂപയും മുടക്കേണ്ടി വരും. ഡെൽറ്റ പ്ലസ്, സീറ്റ വേരിയന്റുകൾക്കിടയിൽ സ്ഥാപിച്ചിരിക്കുന്ന ഇതിൽ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുമില്ല.
കാര്യമായ സുരക്ഷാ മെച്ചപ്പെടുത്തലുകളുമായാണ് ഫ്രോങ്ക്സ് ഡെൽറ്റ പ്ലസ് (O) വരുന്നത്. ഡ്യുവൽ ഫ്രണ്ടൽ എയർബാഗുകൾക്ക് പകരം ആറ് എയർബാഗുകൾ ഉൾപ്പെടുത്തിയെന്നതാണ് ഇതിൽ ഏറ്റവും വലിയ ഹൈലൈറ്റായി എടുത്തു പറയാനാവുന്നത്. ഈ ഫീച്ചർ ലഭിക്കുന്ന ഫ്രോങ്ക്‌സിന്റെ ഏറ്റവും താങ്ങാനാവുന്ന മോഡലായി ഇത് മാറുകയും ചെയ്യുന്നു. 1.2 ലിറ്റർ പെട്രോൾ അല്ലെങ്കിൽ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് ഫ്രോങ്‌ക്‌സ് വാങ്ങാം.

5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടിയുമായി ജോടിയാക്കിയിരിക്കുന്ന ആദ്യത്തെ NA പെട്രോൾ 90 bhp പവറിൽ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കാൻ വരെ ശേഷിയുള്ളതാണ്. അതേസമയം ടർബോ വേരിയന്റ് 100 കരുത്തിൽ 148 Nm torque നിർമിക്കുന്ന വിധമാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. മാനുവലിന് പുറനെ ടർബോ-പെട്രോൾ യൂണിറ്റിന് 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുമുണ്ട്.
മൈലേജിന്റെ കാര്യത്തിൽ കോംപ്രമൈസ് ചെയ്യാതിരിക്കാൻ രണ്ട് എഞ്ചിനുകളിലും മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും മാരുതി സുസുക്കി വാഗ്‌ദാനം ചെയ്യുന്നുണ്ട്. പിന്നെ സിഎൻജി ഫ്യുവൽ ഓപ്ഷനും ഈ കൂപ്പെ സ്റ്റൈൽ എസ്‌യുവിയുടെ ഭാഗമാണ്. എന്നാൽ എല്ലാ മോഡലുകളിലേതും പോലെ തന്നെ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വേരിയന്റുകൾ പെർഫോമൻസിന്റെ കാര്യത്തിൽ അൽപം മടിയൻമാരാണ്.

സുരക്ഷിതമായ ഷെല്ലും ഘടനാപരമായ കാഠിന്യവും നൽകുന്ന മാരുതി സുസുക്കിയുടെ HEARTECT പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഫ്രോങ്ക്‌സ് പണിതിറക്കിയിരിക്കുന്നത് എന്നതും എടുത്ത് പറയേണ്ട കാര്യമാണ്. ഡിസൈനിലേക്ക് വന്നാൽ മുന്നിൽ നിന്നും നോക്കുമ്പോൾ ഗ്രാൻഡ് വിറ്റാരയുടെ മിനി വേർഷൻ പോലെയാണ് ഒരുക്കിയിരിക്കുന്നത്. പുതിയ ഫ്രണ്ട് ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി മൾട്ടി-റിഫ്ലക്ടർ ഹെഡ്‌ലാമ്പുകൾ, സ്‌ക്വയർ ഓഫ് വീൽ ആർച്ചുകൾ, പിന്നിലേക്ക് ഒഴുകിയിറങ്ങുന്ന കൂപ്പെ സ്റ്റൈൽ ഗ്രാസ് ഏരിയ എന്നിവയാണ് ഫ്രോങ്ക്സിനെ കിടിലമാക്കുന്നത്.


Click it and Unblock the Notifications








