സസ്പെൻസ് പൊളിച്ച് മാരുതി, 35+ കി.മീ. മൈലേജുമായി ഫ്രോങ്ക്‌സ് ഹൈബ്രിഡ് മോഡൽ വരുന്നു
സപീപകാലത്ത് മാരുതി സുസുക്കിയുടെ നിരയിൽ നിന്നും ബംബർ ഹിറ്റായ കാറാണ് ഫ്രോങ്ക്‌സ്. ജിംനിക്കൊപ്പം സർപ്രൈസായി 2023 ഏപ്രിലിൽ അവതരിപ്പിച്ച കാർ വളരെ വേഗമാണ് ഇന്ത്യക്കാരുടെ ജനപ്രിയനായി മാറുന്നത്. അതിന്റെ പ്രധാന കാരണം കൂപ്പെ പോലുള്ള സ്റ്റൈലിംഗും കിടിലൻ വിലയും തന്നെയാണെന്ന് വേണം പറയാൻ. ബലേനോയെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നതെങ്കിലും ഗ്രാൻഡ് വിറ്റാരയുടേത് പോലുള്ള സ്റ്റൈലിംഗ് ഏവർക്കും ഇഷ്‌ടമായി. വിപണിയിലെത്തി ആദ്യത്തെ 10 മാസത്തിനുള്ളിൽ 1 ലക്ഷം വിൽപ്പനയുമായി ഈ നേട്ടം കൈവരിക്കുന്ന വേഗതയേറിയ മോഡലായും ഫ്രോങ്ക്‌സ് റെക്കോർഡ് സൃഷ്ടിച്ചു. അതിനുശേഷം അടുത്ത 7 മാസത്തിനുള്ളിൽ വിൽപ്പന 2 ലക്ഷം മാർക്കിലെത്തുകയും ചെയ്‌തു.
ഈ ആക്കം കൂട്ടിക്കൊണ്ട് മാരുതി സുസുക്കി ഫ്രോങ്ക്സിന്റെ വിൽപ്പന അന്താരാഷ്ട്രതലത്തിലേക്ക് വിപുലീകരിക്കുകയും ചെയ്‌തു. ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ് എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിലേക്കുള്ള കയറ്റുമതി കഴിഞ്ഞ വർഷം പകുതിയോടെയാണ് ആരംഭിക്കുന്നതും. അവിടെയെല്ലാം മെയ്‌ഡ് ഇൻ ഇന്ത്യ മാരുതി കാർ വിപ്ലവം സൃഷ്ടിച്ചുവെന്നതാണ് മറ്റൊരു രസകരമായ കാര്യം.

2016-ൽ ജാപ്പനീസ് വിപണിയിൽ എത്തിയ ബലേനോയുടെ ചുവടുപിടിച്ച് ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്ന മാരുതി സുസുക്കിയുടെ രണ്ടാമത്തെ മോഡലായി ഫ്രോങ്ക്‌സ് വേറിട്ടുനിൽക്കുകയാണ്. അതിനാൽ വിൽപ്പന ഇരട്ടിയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഫ്രോങ്ക്സിലേക്ക് ഹൈബ്രിഡ് ടെക് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഗ്രാൻഡ് വിറ്റാരയുടെയും അർബൻ ക്രൂയിസർ ഹൈറൈഡറിൻ്റെയും സ്ട്രോംഗ് ഹൈബ്രിഡ് വേരിയൻ്റുകളിൽ വലിയ വിജയമായിരുന്നു.
ഇതിന്റെ ചുവടുപിടിച്ചാണ് ചൂടപ്പം പോലെ വിറ്റഴിക്കുന്ന ഫ്രോങ്ക്സിലേക്ക് ഹൈബ്രിഡ് കൊണ്ടുവരാൻ മാരുതി തയാറെടുക്കുന്നത്. ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ഹൈബ്രിഡ് വാഹന വിപണിയിൽ നിർണായക പങ്ക് വഹിക്കാൻ ക്രോസ്ഓവർ എസ്‌യുവിക്കാവുമെന്നാണ് നിഗമനം. അടുത്ത വർഷം അരങ്ങേറുമെന്ന് പ്രതീക്ഷിക്കുന്ന ഫ്രോങ്ക്സ് ഫെയ്‌സ്‌ലിഫ്റ്റിലേക്കാവും മാരുതി സുസുക്കിയുടെ സ്ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യ അരങ്ങേറ്റം കുറിക്കുക.

പുതിയ സ്വിഫ്റ്റിനൊപ്പം ആദ്യമായി അവതരിപ്പിച്ച Z12E എഞ്ചിൻ ഈ സംവിധാനത്തിൽ ഉൾപ്പെടുത്തുമെന്നാണ് വിവരം. ഭാവിയിൽ അടുത്ത തലമുറ ബലേനോ പോലുള്ള മറ്റ് മോഡലുകളും ഈ ഹൈബ്രിഡ് സജ്ജീകരണം ഉപയോഗപ്പെടുത്താനും ഇന്തോ-ജാപ്പനീസ് ബ്രാൻഡിന് പദ്ധതിയുണ്ട്. എന്തായാലും ഇതിന്റെയെല്ലാം തുടക്കം ഫ്രോങ്ക്‌സിൽ നിന്നാവും. ഹൈബ്രിഡ് സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന ആദ്യത്തെ സബ്-ഫോർ-മീറ്റർ എസ്‌യുവിയായും ഫ്രോങ്ക്‌സ് ഫെയ്‌സ്‌ലിഫ്റ്റ് പേരെടുക്കും.
ഇനിയാണ് ഏവരും കാത്തിരിക്കുന്ന ആ വിവരം കൂടി പുറത്തുവിടാൻ പോവുന്നത്. ഹൈബ്രിഡ് എഞ്ചിൻ സ്വീകരിക്കുമ്പോൾ മോഡലിന്റെ മൈലേജ് തന്നെയായിരിക്കും പ്രധാന പരിഗണന. ഫ്രോങ്ക്‌സ് സ്ട്രോംഗ് ഹൈബ്രിഡിന് ലിറ്ററിന് 35 കിലോമീറ്റർ ഇന്ധനക്ഷമതയുണ്ടാവുമെന്നാണ് കണക്കുകൂട്ടലുകൾ. ഈ അഡ്വാൻസ്‌ഡ് ഹൈബ്രിഡ് സജ്ജീകരണത്തോടൊപ്പം എസ്‌യുവിക്ക് സൂക്ഷ്മമായ ചില എക്സ്റ്റീരിയർ, ഇൻ്റീരിയർ നവീകരണങ്ങൾ ലഭിക്കുകയും ചെയ്യും.

മാരുതി സുസുക്കി സ്വന്തമായി വികസിപ്പിച്ച HWV സിസ്റ്റം പ്രവർത്തന ചെലവിലും കുറഞ്ഞ നിർമാണ ചെലവിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിസാൻ്റെ ഇ-പവർ സാങ്കേതികവിദ്യയ്ക്ക് സമാനമായി ഈ ഹൈബ്രിഡുകളിലെ പെട്രോൾ എഞ്ചിൻ പ്രാഥമികമായി ഒരു റേഞ്ച് എക്സ്റ്റൻഡറായി പ്രവർത്തിക്കും. ഇത് മൊത്തത്തിലുള്ള കാര്യക്ഷമത വർധിപ്പിക്കും.
സമ്പൂർണ വൈദ്യുതീകരണത്തിലേക്കുള്ള ഇന്ത്യയുടെ മാറ്റം വളരെ സാവധാനത്തിലുള്ളതായതിനാൽ പ്രാദേശികമായി വികസിപ്പിച്ച സ്ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യ മെച്ചപ്പെട്ട ഇന്ധനക്ഷമത ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഒരു പ്രായോഗിക പരിഹാരം വാഗ്ദാനം ചെയ്തേക്കാം. അടുത്തവർഷം ഫ്രോങ്ക്‌സ് ലോഞ്ച് ചെയ്‌തതിന് ശേഷം 2026-ൽ ഹൈബ്രിഡ് ഹൃദയവുമായി വരുന്ന പുതുതലമുറ ബലേനോ, 2027-ഓടെ പുതിയ സ്വിഫ്റ്റ് എന്നിവയിലും ഹൈബ്രിഡ് എഞ്ചിൻ അവതരിപ്പിക്കാൻ മാരുതി സുസുക്കി പദ്ധതിയിടുന്നുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








