നെക്സോണിനെ വരെ തൂക്കി, 14 മാസത്തിൽ ഫ്രോങ്ക്‌സ് വാങ്ങിയത് 1.50 ലക്ഷം പേർ; കാരണം മൈലേജും വിലയും
മാരുതി സുസുക്കി ഏറെ പ്രതീക്ഷയോടെ ഇന്ത്യക്കാർക്കായി കൊണ്ടുവന്ന വാഹനമായിരുന്നു ജിംനി. ഏറെക്കാലമായി ജിപ്‌സിയുടെ പിൻഗാമിയെ ഞങ്ങൾക്ക് തരണമെന്ന് രാജ്യത്തിന്റെ പല കോണുകളിൽ നിന്നുമായി ശബ്‌ദമുയർന്നതിനെ തുടർന്നാണ് 5-ഡോർ ജിംനി ഇന്ത്യയിൽ അവതരിപ്പിച്ചത്. എന്നാൽ പുറത്തിറക്കിയയോടെ ആളുകളുടെ സ്വഭാവം മാറിയെന്ന് വേണം പറയാൻ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതിന് പകരം മുഖംതിരിഞ്ഞു നിൽക്കാനാണ് പലരും തീരുമാനിച്ചത്. ചിലപ്പോൾ വില നിർണയത്തിലെ പാളിച്ചയും മഹീന്ദ്ര ഥാറിന്റെ വിലക്കുറവുമായിരിക്കാം ജിംനിയെ തിരസ്‌ക്കരിക്കാൻ കാരണമായത്. പക്ഷേ ഇവിടെ പാളിയെങ്കിലും മാരുതി പിടിച്ചുകയറിയ മറ്റൊരു വിഭാഗമുണ്ട്.
സർപ്രൈസായി ജിംനിക്കൊപ്പം 2023 ഓട്ടോ എക്സ്പോയിൽ പിറവിയെടുത്ത ഫ്രോങ്ക്‌സ് എന്ന ക്രോസ്ഓവർ എസ്‌യുവിയെ നാം ഇരുകൈയും നീട്ടി സ്വീകരിച്ചു. മാരുതി സുസുക്കി പ്രതീക്ഷിച്ചതിലും ഡിമാന്റാണ് ഇപ്പോൾ ഈ വാഹനത്തിനുള്ളത്. ബലേനോ വാങ്ങാനിരുന്നവരെല്ലാം ഫ്രോങ്ക്‌സ് സ്വന്തമാക്കാൻ എത്തിയതോടെ കാര്യങ്ങൾ എളുപ്പമായി. അടിപൊളി വിലയും കിടിലൻ ഫീച്ചറുകളും ഇതുവരെ കാണാത്ത സ്റ്റൈലിംഗും എല്ലാമായി സംഭവം ക്ലിക്കായി.

ഇപ്പോഴിതാ വിപണിയിലെത്തിയിട്ട് 14 മാസം പിന്നിടുമ്പോഴേക്കും 1.50 ലക്ഷം യൂണിറ്റ് വിൽപ്പനയും മറികടന്ന് കുതിക്കുകയാണ് മാരുതി ഫ്രോങ്ക്‌സ്. കമ്പനിയുടെ പ്രീമിയം നെക്സ ചാനലിൽ നിന്ന് വിൽക്കുന്ന ഈ കോംപാക്ട് ക്രോസ്ഓവർ ജിംനിക്ക് നേടാവാതെ പോയ റെക്കോർഡുകളെല്ലാം ഭേദിക്കുകയാണ്. 2023 ഏപ്രിൽ 24-ന് ലോഞ്ച് ചെയ്‌ത ബലേനോ അധിഷ്ഠിത മോഡൽ 1,50,000 യൂണിറ്റ് വിൽപ്പന പിന്നിട്ടത് എതിരാളികളെല്ലാം ഞെട്ടലോടെയാണ് കാണുന്നത്.
2024 സാമ്പത്തിക വർഷത്തിലെ 12 മാസത്തിനുള്ളിൽ ഫ്രോങ്ക്‌സിന്റെ 1,34,735 യൂണിറ്റുകൾ വിറ്റഴിച്ച മാരുതി സുസുക്കി ഇന്ത്യ 2024 ഏപ്രിലിൽ കാറിന്റെ 14,286 യൂണിറ്റ് വിൽപ്പനയും പൂർത്തിയാക്കി. മോഡലിൻ്റെ മൊത്ത വിൽപ്പന 1,49,021 യൂണിറ്റായാണ് രേഖപ്പെടുത്തുന്നതെങ്കിലും. മെയ് മാസത്തിൻ്റെ ആദ്യ ദിവസങ്ങളിൽ തന്നെ മറികടന്നിട്ടുണ്ടാവും. ഫ്രോങ്ക്സിൻ്റെ പ്രതിദിന വിൽപ്പന ശരാശരി 475 യൂണിറ്റിലധികമാണെന്നാണ് കണക്കുകൾ.

സാധാരണ ക്രോസ്ഓവർ വാഹനങ്ങളെ അത്ര താത്പര്യമില്ലാത്തവരാണ് ഇന്ത്യയിലുള്ളത്. പക്ഷേ ഇതുവരെയുള്ള ക്രോസ്ഓവർ ചിന്താഗതിയെയെല്ലാം ഫ്രോങ്ക്‌സ് പൊളിച്ചെഴുതി എന്നു പറയുന്നതാവും ശരി. ബലേനോയ്ക്കും ബ്രെസയ്ക്കും ഇടയിലാണ് സ്ഥാനമെങ്കിലും ആളുകൾ വളരെ വേഗത്തിൽ തന്നെ മോഡലിനെ മനസിലാക്കിയെടുത്തതോടെ ഫ്രോങ്ക്‌സിന്റെ തലവര തെളിയുകയായിരുന്നു.
ഡിസൈനിലെ പുതുമയാണ് ഏവർക്കും ഇഷ്‌ടമായത്. ഗ്രാൻഡ് വിറ്റാരയെ അനുസ്‌മരിപ്പിക്കുന്ന ഫ്രണ്ട് ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി മൾട്ടി-റിഫ്ലക്ടർ ഹെഡ്‌ലാമ്പുകൾ, പരുക്കൻ ശൈലി സമ്മാനിക്കുന്ന ചങ്കി ബോഡി ക്ലാഡിംഗ്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, കണക്‌റ്റഡ് എൽഇഡി ടെയിൽ ലാമ്പ്, കൂപ്പെ പോലെ പിന്നിലേക്ക് ചരിഞ്ഞിറങ്ങുന്ന റിയർ ഗ്ലാസ് ഏരിയ എന്നിവയെല്ലാമാണ് ഫ്രോങ്ക്സിനെ അഴകുറ്റതാക്കുന്നത്.

ഇന്റീരിയറിലേക്ക് കയറിയാൽ മാരുതിയുടെ പുതുതലമുറ മോഡലുകളിൽ കാണുന്ന അതേ ശൈലിയാണ് ഈ ക്രോസ്ഓവർ കൂപ്പെ സ്റ്റൈൽ എസ്‌യുവിയും പിന്തുടർന്നിരിക്കുന്നത്. 9 ഇഞ്ച് സ്മാർട്ട്പ്ലേ പ്ലോ പ്ലസ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ചാർജർ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, 360-ഡിഗ്രി ക്യാമറ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ്, കീലെസ് എൻട്രി, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, റിയർ ഡിഫോഗർ തുടങ്ങിയ ഫീച്ചറുകളെല്ലാം വാഹനത്തിലുണ്ട്.
സേഫ്റ്റിയുടെ കാര്യത്തിൽ മാരുതി കാറുകൾ പപ്പടമാണെന്ന് പറയുന്നവർക്ക് ഫ്രോങ്ക്സ് നേരിട്ട് കണ്ടാൽ പകുതി പ്രശ്‌നങ്ങൾ തീരും. HEARTECT പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഫ്രോങ്ക്‌സ് നിർമിച്ചിരിക്കുന്നത് എങ്കിലും സുരക്ഷിതമായ ഷെല്ലും ഘടനാപരമായ കാഠിന്യവും കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്. അധികം വൈകാതെ എസ്‌യുവിയുടെ ഭാരത് NCAP ക്രാഷ് ടെസ്റ്റ് ഫലവും പുറത്തുവരുമെന്നാണ് വിവരം.
1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ-പെട്രോൾ ബൂസ്റ്റർജെറ്റ് എഞ്ചിൻ ഓപ്ഷനുകളിലാണ് മാരുതി ഫ്രോങ്ക്‌സ് വിപണിയിൽ എത്തുന്നത്. ആദ്യത്തേത് ബലേനോയിൽ നിന്ന് നേരിട്ട് കടമെടുത്തതാണ്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിന് 88 bhp കരുത്തിൽ 113 Nm torque വരെ നിർമിക്കാനാവുമെന്നാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്.
ഫ്രോങ്ക്‌സിന്റെ ബൂസ്റ്റർജെറ്റ് എഞ്ചിനിലേക്ക് നോക്കിയാൽ ഇത് 99 bhp കരുത്തിൽ 147.6 Nm torque വരെ വികസിപ്പിക്കാനാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ടർബോ-പെട്രോളിൽ ഒരുക്കിയിരിക്കുന്നത്. ഹാച്ച്ബാക്കിന്റേയും എസ്‌യുവിയുടേയും ഗുണം ചെയ്യുന്ന വാഹനം ഇപ്പോൾ ടാറ്റ നെക്സോണിനേക്കാൾ കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറാണ്.


Click it and Unblock the Notifications








