ഫ്രോങ്ക്‌സും ബ്രെസയും എർട്ടിഗയും വാങ്ങാൻ ആളുകളുടെ കൂട്ടയിടി, നവംബറിൽ മാരുതി വിറ്റത് 1.81 ലക്ഷം കാറുകൾ
വിൽപ്പനയുടെ കാര്യത്തിൽ ഏതൊരു എതിരാളിക്കും എത്തിപ്പിടിക്കാൻ പറ്റുന്നതിലും അപ്പുറത്താണ് മാരുതി സുസുക്കിയുടെ (Maruti Suzuki) സ്ഥാനം. ഓരോ മാസവും ലക്ഷക്കണക്കിന് കാറുകൾ നിരത്തിലെത്തിക്കുന്ന കമ്പനിയുടെ പകുതി പോലും വിൽപ്പന പിൻനിരക്കാർക്ക് ചിലപ്പോൾ കിട്ടാറില്ലെന്നതാണ് സത്യം. 2024 നവംബർ മാസത്തെ കണക്കുകൾ പുറത്തുവരുമ്പോഴും ഹ്യുണ്ടായിക്കും മഹീന്ദ്രയ്ക്കും ടാറ്റയ്ക്കും ഏറെ മുന്നിലാണ് മാരുതിയുടെ സ്ഥാനം. 1,81,531 കാറുകളാണ് പോയ മാസം ബ്രാൻഡ് വിറ്റഴിച്ചിരിക്കുന്നത്. വൈവിധ്യമാർന്ന മോഡലുകളും വിശ്വസ്ത ഉപഭോക്തൃ അടിത്തറയും ഉള്ളതിനാൽ ഈ കണക്കുകളെല്ലാം മാരുതിക്ക് നിസാരമാണെന്ന് വേണമെങ്കിൽ പറയാം.
ആഭ്യന്തര വിപണിക്കായും മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും കൂട്ടിയാണ് നവംബർ മാസത്തിൽ മാരുതി സുസുക്കി 1,81,531 യൂണിറ്റുകളുടെ മൊത്ത വിൽപ്പനയിൽ എത്തിയിരിക്കുന്നത്. 2023 നവംബർ മാസത്തെ 1,64,439 യൂണിറ്റുകൾ അപേക്ഷിച്ച് നോക്കുമ്പോൾ ഇക്കൊല്ലാം 10.39 ശതമാനം വളർച്ച കൈവരിക്കാനും ബ്രാൻഡിനായിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷത്തിൽ അതായത് ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ മാരുതിക്ക് 2.66 ശതമാനത്തിന്റെ വർധനവുണ്ടായിട്ടുണ്ട്.

ആൾട്ടോയും എസ്-പ്രെസോയും അടങ്ങുന്ന മാരുതിയുടെ മിനി സെഗ്‌മെൻ്റിൽ നിന്ന് തന്നെ വിശദമായി തുടങ്ങാം. എസ്‌യുവി മോഡലുകളുടെ ജനപ്രീതിയിൽ ഈ സെഗ്‌മെന്റിൽ മാരുതിക്ക് കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. ആൾട്ടോയും എസ്-പ്രെസോയും കഴിഞ്ഞ മാസം 9,750 ആളുകളാണ് വാങ്ങാനെത്തിയത്. 2023 നവംബർ മാസത്തെ 9,959 യൂണിറ്റ് വിൽപ്പനയിൽ നിന്നും ചെറിയ ഇടിവ് കാണാനാവും.
സെലേറിയോ, വാഗൺആർ, ഇഗ്‌നിസ്, ഡിസയർ, സ്വിഫ്റ്റ്, ബലേനോ എന്നിവ ഉൾപ്പെടുന്ന മാരുതിയുടെ കോംപാക്‌ട് സെഗ്മെന്റ് കാറുകളുടെ വിൽപ്പനയിലും കമ്പനിക്ക് ചെറിയ നഷ്‌ടം സംഭവച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ 64,679 യൂണിറ്റുകളെ അപേക്ഷിച്ച് 2024 നവംബറിൽ 61,373 കാറുകൾ മാത്രമാണ് ഈ വിഭാഗത്തിൽ നിന്നും ബ്രാൻഡിന് വിറ്റഴിക്കാനായത്. മിഡ്-സൈസ് സെഡാൻ സെഗ്‌മെന്റിൽ നേരിയ പുരോഗതി കൈവരിക്കാനും രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾക്ക് സാധിച്ചു.

സിയാസ് കഴിഞ്ഞ മാസം 597 യൂണിറ്റുകൾ വിറ്റു, കഴിഞ്ഞ വർഷം വിറ്റ 278 യൂണിറ്റുകളിൽ നിന്ന് കൂടുതൽ യൂണിറ്റുകൾ നിരത്തിലെത്തിക്കാനായത് കമ്പനിക്ക് ആശ്വാസം നൽകുന്ന കാര്യമാണ്. ഇനി യൂട്ടിലിറ്റി വാഹന നിരയിലേക്ക് വന്നാൽ ഇവിടെയാണ് മാരുതി സുസുക്കി മിന്നിച്ചിരിക്കുന്നത്. ഫ്രോങ്ക്സ്, ബ്രെസ, എർട്ടിഗ, XL6, ജിംനി, ഗ്രാൻഡ് വിറ്റാര, ഇൻവിക്റ്റോ തുടങ്ങിയ മോഡലുകൾക്ക് വലിയ മുന്നേറ്റമുണ്ടാക്കാനായിട്ടുണ്ട്.
യൂട്ടിലിറ്റി വാഹന വിഭാഗത്തിൽ കഴിഞ്ഞ വർഷം 49,016 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ ഇത്തവണ 59,003 യൂണിറ്റുകളാണ് കമ്പനിക്ക് വിറ്റഴിക്കാനായത്. കഴിഞ്ഞ മാസം ഇക്കോയുടെ 10,589 യൂണിറ്റുകൾ വിറ്റഴിക്കാനും മാരുതി സുസുക്കിക്ക് സാധിച്ചിട്ടുണ്ട്. ടൊയോട്ട പോലുള്ള മറ്റ് ബ്രാൻഡുകൾക്ക് വലിയ സംഖ്യകളോടെ കാറുകൾ വിൽക്കാനും ബ്രാൻഡിന് സധിച്ചിട്ടുണ്ട്. മറ്റ് ഒഇഎമ്മുകളിലേക്കുള്ള വിൽപ്പന കഴിഞ്ഞ മാസം 8,660 യൂണിറ്റായിരുന്നു.

കഴിഞ്ഞ വർഷത്തെ 4,822 കാറുകളെ അപേക്ഷിച്ച് ഇരട്ടി നേട്ടമാണ് ഇവിടെയും കൈവരിച്ചിരിക്കുന്നത്. വാണിജ്യ വാഹന വിഭാഗത്തിൽ മാരുതിയുടെ സൂപ്പർ ക്യാരി എന്ന ലൈറ്റ് കൊമേഴ്‌സ്യൽ വാഹനം 2024 നവംബർ മാസം 2,926 യൂണിറ്റുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേസമയം 2,509 ആളുകളാണ് LCV വാങ്ങാൻ എത്തിയിരുന്നത്. അങ്ങനെ മൊത്തത്തിൽ, മാരുതി സുസുക്കി ആഭ്യന്തര വിപണിയിൽ 1,52,898 യൂണിറ്റുകൾ പോയമാസം നിരത്തിലെത്തിച്ചു.
1,81,531 മൊത്തം വിൽപ്പനയുടെ ബാക്കി കയറ്റുമതി വിപണിയിലെ സമ്പാദ്യവുമാണ്. അതായത് 2024 നവംബറിൽ 28,633 യൂണിറ്റുകൾ കമ്പനി വിദേശത്തേക്ക് കയറ്റി അയച്ചുവെന്ന് സാരം. ഈ മാസം അവസാനിക്കുന്നതിന് മുമ്പ് പ്രീമിയം ഹാച്ച്ബാക്കായ ബലേനോയുടെ ടോപ്പ് എൻഡ് സിഎൻജി വകഭേദത്തെ കൂടി ഇന്ത്യക്കാർക്കായി സമ്മാനിക്കാൻ ഒരുങ്ങുകയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാവ്.


Click it and Unblock the Notifications








