ടാറ്റയും മഹീന്ദ്രയും ഒന്നിച്ച് പിടിച്ചാലും കിട്ടൂല്ല... പോയമാസം മാരുതി വിറ്റത് 1.99 ലക്ഷം കാറുകൾ
സേഫ്റ്റിയില്ല പപ്പടമാണെന്നെല്ലാം പലരും കളിയാക്കുന്നുണ്ടുണ്ടെങ്കിലും പുതിയൊരു കാർ വാങ്ങാൻ പ്ലാനിട്ടാൽ ആദ്യം പരിഗണിക്കുന്ന ലിസ്റ്റിനൊപ്പം മാരുതിയുടെ കാറുകളിൽ ഏതെങ്കിലും ഉണ്ടാവുമെന്നതാണ് സത്യം. ഇനിയിപ്പോൾ യൂസ്‌ഡ് കാർ വിപണിയിലേക്ക് ചെന്നാലും ഇതുതന്നെയാണ് സ്ഥിതി അധികം പണിയൊന്നും തരാതെ വിശ്വസിച്ച് കൂടെകൂട്ടാൻ പറ്റിയൊരു കാറാണ് നോക്കുന്നതെങ്കിൽ ഏവർക്കും പ്രിയം മാരുതി തന്നെയാണ്.
അങ്ങനെ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളെന്ന പദവിയും മാരുതി തങ്ങളുടെ കൈപ്പിടിയാലാക്കിയിട്ട് കാലംകുറേയായി. ദേ ഇപ്പോൾ 2024 ജനുവരി മാസത്തിൽ റെക്കോർഡ് വിൽപ്പനയാണ് മാരുതി സുസുക്കി നേടിയെടുത്തിരിക്കുന്നത്. പോയ മാസത്തെ കണക്കുകൾ പുറത്തുവരുമ്പോൾ 199,364 കാറുകളാണ് കമ്പനി നിരത്തിലെത്തിച്ചത്. അത് ബ്രാൻഡിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പന കണക്കുകളാണ്.

ഈ മികച്ച പ്രകടനത്തിൽ 170,214 യൂണിറ്റുകൾ ഇന്ത്യയിൽ തന്നെ വിറ്റഴിച്ചപ്പോൾ ടൊയോട്ടയ്ക്ക് നൽകിയ (OEM) കണക്ക് 5,229 യൂണിറ്റുകളും കയറ്റുമതിക്കായി അയച്ചത് 23,921 യൂണിറ്റുകളുമാണ്. ആൾട്ടോയും എസ്-പ്രെസോയും ഉൾപ്പെടുന്ന മിനി സെഗ്‌മെന്റിൽ മൊത്തം 15,849 യൂണിറ്റുകളാണ് വിപണനം ചെയ്‌തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 25,446 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണെന്നത് കമ്പനിയെ നിരാശരാക്കുന്നുണ്ട്.
ബലെനോ, സെലേറിയോ, ഡിസയർ, ഇഗ്‌നിസ്, സ്വിഫ്റ്റ്, ടൂർ എസ്, വാഗൺആർ എന്നിവയുടെ കോംപാക്റ്റ് സെഗ്‌മെൻ്റ് കഴിഞ്ഞ മാസം മൊത്തം 76,533 യൂണിറ്റുകളായി ഉയർന്നിട്ടുണ്ട്. 2023 ജനുവരിയിൽ ഇത് 73,840 യൂണിറ്റുകൾ ആയിരുന്നുവെന്നാണ് മാരുതി പറയുന്നത്. അങ്ങനെ ഈ വിഭാഗത്തിലെ വാർഷിക കണക്കുകളിൽ ഉയർച്ച കൈവരിക്കാൻ ബ്രാൻഡിനായത് ശ്രദ്ധേയമായി. അതേസമയം അധികം ആർക്കും വേണ്ടാത്ത മാരുതി കാറായി സിയാസ് തുടരുകയാണ്.

പോയമാസം സി-സെഗ്മെന്റിൽ എത്തുന്ന സെഡാൻ മോഡലിന്റെ വിൽപ്പന വെറും 363 യൂണിറ്റുകൾ മാത്രമായിരുന്നു. പന്ത്രണ്ട് മാസം മുമ്പ് ഇതേ കാലയളവിൽ സിയാസിന്റെ 1,000 യൂണിറ്റുകളെങ്കിലും നിരത്തിലെത്തിക്കാൻ മാരുതി സുസുക്കിക്ക് സാധിച്ചിരുന്നു. ഫ്രോങ്ക്സ്, ബ്രെസ, എർട്ടിഗ, ജിംനി, XL6, ഗ്രാൻഡ് വിറ്റാര, ഇൻവിക്റ്റോ എന്നിവ 62,038 യൂണിറ്റ് വിൽപ്പനയാണ് 2024 ജനുവരി മാസത്തിൽ കൊണ്ടുവന്നത്.
അങ്ങനെ യൂട്ടിലിറ്റി വാഹന വിഭാഗത്തിന് പ്രതീക്ഷിച്ചതുപോലെ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. 2023 ഇതേ കാലയളവിനെ അപേക്ഷിച്ച് 35,353 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വൻതോതിലുള്ള വളർച്ചയാണ് ഈ സെഗ്മെന്റിന് ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടുള്ളത്. അതേസമയം മിതമായ വളർച്ചയോടെ 11,709 യൂണിറ്റുകളിൽ നിന്ന് 12,019 യൂണിറ്റ് വിൽപ്പന ഇക്കോ രേഖപ്പെടുത്തി. കഴിഞ്ഞ മാസംസൂപ്പർ കാരി ലൈറ്റ് കൊമേഴ്സ്യൽ വാഹനത്തിന്റെ 3,412 യൂണിറ്റുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

മൊത്തത്തിലുള്ള ആഭ്യന്തര വിൽപ്പന 1,66,802 കാറുകളായി മാറി. 2023 ജനുവരിയെ അപേക്ഷിച്ച് നോക്കുമ്പോൾ 1,47,348 യൂണിറ്റുകളിൽ നിന്ന് 1,66,802 യൂണിറ്റുകളായി മൊത്തം കാർ വിൽപ്പന ഉയർന്നു. ടൊയോട്ടയിലേക്കുള്ള വിതരണം, കയറ്റുമതി അളവ്, എൽസിവി നമ്പറുകൾ എന്നിവ സംയോജിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കൾ കഴിഞ്ഞ മാസം മൊത്തം 1,99,364 യൂണിറ്റുകൾ രേഖപ്പെടുത്തി.
പന്ത്രണ്ട് മാസം മുമ്പ് ഇതേ കാലയളവിൽ ഇത് 1,72,535 യൂണിറ്റായിരുന്നു മൊത്ത വിൽപ്പന. മാരുതിയുടെ യൂട്ടിലിറ്റി വാഹനങ്ങളുടെ ഉയർച്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ സ്മോൾ, കോംപാക്‌ട് കാർ സെഗ്‌മെൻ്റിന് സമീപകാലത്ത് വളർച്ചയുണ്ടായിട്ടില്ല. മാരുതി സുസുക്കിയുടെ ബെസ്റ്റ് സെല്ലിംഗ് മോഡലുകളായ ബലേനോ, സ്വിഫ്റ്റ്, വാഗൺആർ, ആൾട്ടോ എന്നിവ ഉൾപ്പെടുന്ന രണ്ട് സെഗ്‌മെൻ്റുകൾ കമ്പനിയുടെ മൊത്തത്തിലുള്ള വിൽപ്പനയിലേക്ക് 92,382 യൂണിറ്റുകൾ സംഭാവന ചെയ്തു.

വിൽപ്പനയിൽ ഇടിവുണ്ടായെങ്കിലും ഈ വിഭാഗം മാരുതിയുടെ ആധിപത്യ മേഖലയായി തുടരുന്നത് ആശ്വാസകരമാണ്. ഈ വർഷം പുതിയ തലമുറ സ്വിഫ്റ്റും ഡിസയറും അവതരിപ്പിക്കാൻ ഇന്തോ-ജാപ്പൻസ് ബ്രാൻഡിന് പദ്ധതിയുള്ളതിനാൽ വിൽപ്പന കുതിച്ചുയരുമെന്ന് ഉറപ്പാണ്. പ്രൊഡക്ഷൻ-സ്പെക് ഇവിഎക്‌സ് മിഡ്‌സൈസ് ഇലക്ട്രിക് എസ്‌യുവിയുടെ ആഗോള അരങ്ങേറ്റവും ഈ വർഷം അവസാനത്തോടെ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








