പഴയ വിലയ്ക്ക് മാരുതിയുടെ ഈ രണ്ട് വണ്ടികൾ വാങ്ങാൻ കിട്ടില്ല, ഇരുട്ടടിയായി കമ്പനിയുടെ പെട്ടന്നുള്ള തീരുമാനം
പുതിയ സാമ്പത്തിക വർഷം തുടങ്ങിയതോടെ ഇന്ത്യയിൽ കാറുകളുടെ വില കൂടുകയാണ്. എല്ലാ നിർമാതാക്കളും പരിഷ്ക്കാരം നടപ്പിലാക്കിയിട്ടില്ലെങ്കിലും ടൊയോട്ട, കിയ, ഹോണ്ട പോലുള്ള കമ്പനികളെല്ലാം മോഡൽ നിരയിൽ വില പരിഷ്ക്കാരം കൊണ്ടുവന്നു കഴിഞ്ഞു. ഇപ്പോഴിതാ മുൻകൂട്ടിയുള്ള പ്രഖ്യാപനങ്ങളൊന്നുമില്ലാതെ രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കിയും കടുത്ത തീരുമാനമെടുത്തിരിക്കുകയാണ്.
മറ്റൊന്നുമല്ല വില വർധനവ് തന്നെയാണ് സംഭവം. എന്നാൽ മോഡൽ നിരയിലെ എല്ലാ കാറുകൾക്ക് പകരം ഏറ്റവും ഡിമാന്റുള്ള രണ്ട് മോഡലുകൾക്ക് മാത്രമാണ് ഇപ്പോൾ വില വർധിപ്പിച്ചിരിക്കുന്നത്. മൈലേജിലൂടെ ഏവരേയും ഞെട്ടിച്ച ഗ്രാൻഡ് വിറ്റാര, ജനപ്രിയനായ സ്വിഫ്റ്റ് എന്നീ വാഹനങ്ങളിലാണ് പുതിയ വിലകൾ നടപ്പിലാക്കിയിരിക്കുന്നത്. ഈ രണ്ട് വണ്ടികളും ഏപ്രിൽ 10 മുതൽ വാങ്ങണമെങ്കിൽ പുതിയ വില നൽകേണ്ടി വരും.

ഈ മാസം തങ്ങളുടെ മോഡൽ നിരയിലൂടനീളം വില പരിഷ്ക്കരിക്കാനുള്ള തീരുമാനത്തിൻ്റെ ഭാഗമായാണ് ഗ്രാൻഡ് വിറ്റാരയുടേയും സ്വിഫ്റ്റിന്റേയും വില 25,000 രൂപ വരെ ഉയർത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ മറ്റ് കാറുകളുടെ വിലയിലും മാറ്റമുണ്ടാവുമെന്നാണ് വിലയിരുത്തൽ. ഉയർന്ന ചരക്ക് വിലയും പണപ്പെരുപ്പവും കാരണമാണ് വിലയിൽ ഈ വർധനവ് നടപ്പിലാക്കാൻ കാരണമായിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.
സ്വിഫ്റ്റ് ഹാച്ച്ബാക്കിൻ്റെ വില 25,000 രൂപ വർധിപ്പിച്ചപ്പോൾ മുൻനിര എസ്‌യുവിയായ ഗ്രാൻഡ് വിറ്റാര സ്വന്തമാക്കണമെങ്കിൽ ഇനി മുതൽ 19,000 രൂപയാണ് അധിക മുടക്കേണ്ടി വരിക. ഇന്ന് നടന്ന എക്‌സ്‌ചേഞ്ച് ഫയലിംഗിലാണ് മാരുതി സുസുക്കി വില പരിഷ്ക്കാരം പ്രഖ്യാപിച്ചത്. ഗ്രാൻഡ് വിറ്റാര എസ്‌യുവിയുടെ എൻട്രി ലെവൽ സിഗ്മയിൽ വിലയിൽ വരെ മാറ്റമുണ്ട്. ഈ വേരിയന്റിൻ്റെ വില നേരത്തെ 10.76 ലക്ഷം രൂപയായിരുന്നു.

അതേസമയം വില ഉയർന്നപ്പോൾ എസ്‌യുവിയുടെ പുതുക്കിയ പ്രാരംഭ വില ഇപ്പോൾ 10.95 ലക്ഷം രൂപയായി മാറി. നാല് വകഭേദങ്ങളിൽ ലഭ്യമായ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ മറ്റെല്ലാ വേരിയന്റുകളുടേയും വില മാറ്റമില്ലാതെ തുടരുന്നതാണ് മറ്റൊരു കാര്യം. അതായത് എൻട്രി ലെവൽ പതിപ്പിൽ മാത്രമാണ് ഇനി വില അധികമായി മുടക്കേണ്ടി വരിക. ടോപ്പ് എൻഡ് ആൽഫ പ്ലസ് ഇൻ്റലിജൻ്റ് ഹൈബ്രിഡ് വേരിയന്റിന് 19.97 ലക്ഷം രൂപയാണ് വില വരുന്നത്.
മാരുതി സുസുക്കി തങ്ങളുടെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ഹാച്ച്ബാക്കുകളിലൊന്നായ സ്വിഫ്റ്റിൻ്റെ വിലയും വർധിപ്പിച്ചിട്ടുണ്ട്. മുകളിൽ പറഞ്ഞതുപോലെ കാറിന്റെ വില 25,000 രൂപയാണ് കൂട്ടിയിരിക്കുന്നത്. പരിഷ്ക്കാരത്തിന് പുറമെ 5.99 ലക്ഷം രൂപ മുതൽ 9.03 ലക്ഷം രൂപ വരെയാണ് സ്വിഫ്റ്റിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഹാച്ച്ബാക്കിൻ്റെ എല്ലാ വകഭേദങ്ങൾക്കും വില വർധിപ്പിക്കുമോ എന്ന് ബ്രാൻഡ് വെളിപ്പെടുത്തിയിട്ടില്ല.

ഈ വർഷം ജനുവരിയിൽ വർധിച്ചുവരുന്ന നിർമാണ ചെലവ് പരിഹരിക്കുന്നതിനായി മാരുതി സുസുക്കി അതിൻ്റെ നിരയിലുടനീളം വില വർധിപ്പിച്ചിരുന്നു. ഉപഭോക്താക്കൾക്ക് മേലുള്ള പണപ്പെരുപ്പവും വർധിച്ചുവരുന്ന ഇൻപുട്ട് ചെലവുകളും നികത്താൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണിത്. സ്വിഫ്റ്റിൻ്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ മാരുതി സുസുക്കി ഈ വർഷം അവസാനം അവതരിപ്പിക്കുമെന്നാണ് വിവരം.
മിനി കൂപ്പർ പോലുള്ള രൂപവും, മികച്ച ഇന്റീരിയറും, ഡ്രൈവിംഗ് ഹാൻഡിലിംഗ് മികവ് എന്നിവയെല്ലാമാണ് സ്വിഫ്റ്റിനെ ഇന്നും ജനപ്രിയമാക്കി നിർത്തുന്ന കാര്യങ്ങൾ. ഇതെല്ലാം പുതുതലമുറ ആവർത്തനത്തിലും നിലനിർത്തിയാണ് മാരുതി കൊണ്ടുവരുന്നത്. ഏകദേശം 2 പതിറ്റാണ്ടുകളായി നമുക്ക് സുപരിചിതയമായ ഈ കാർ വിശ്വാസത്തിന്റെയും പെർഫോമൻസിന്റെയും റിഫൈൻമെന്റിന്റെയും പ്രതീകം കൂടിയാണ്.

കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സ്വിഫ്റ്റ്, ഡിസയർ മോഡലുകൾക്ക് ഹൈബ്രിഡ് എഞ്ചിൻ ഉണ്ടാവുമെന്ന അഭ്യൂഹങ്ങളും എയറിലുണ്ട്. പക്ഷേ വില കുത്തനെ ഉയരുമെന്നതിനാൽ കാറിലേക്ക് പുതിയ 1.2 ലിറ്റർ 3 സിലിണ്ടർ എഞ്ചിനും കടന്നുവന്നേക്കാനാണ് സാധ്യത. ഹാച്ച്ബാക്കിന് ശേഷം ഡിയർ കോംപാക്‌ട് സെഡാനും ഇന്ത്യയിലേക്ക് ഈ വർഷം തന്നെ അല്ലെങ്കിൽ അടുത്ത വർഷം തുടക്കത്തോടെ അവതരിപ്പിക്കാനാണ് സാധ്യത.


Click it and Unblock the Notifications








