33 കി.മീ മൈലേജുള്ള കാര്‍ ഇത്രയും കുറഞ്ഞ വിലയില്‍! പിന്നെന്തിന് കഷ്ടപ്പെട്ട് യൂസ്ഡ് കാര്‍ വാങ്ങണം
വര്‍ഷങ്ങളായി ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കാറുകളില്‍ ഒന്നാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. 2005ല്‍ ആദ്യമായി ഇന്ത്യയിലെത്തിയ ഹാച്ച്ബാക്കിന്റെ നാലാം തലമുറ മോഡലാണ് ഇപ്പോള്‍ വിപണിയിലുള്ളത്. പുതിയ തലമുറ സ്വിഫ്റ്റ് പുറത്തിറങ്ങിയത് ഹാച്ച്ബാക്കും മികച്ച അഭിപ്രായം നേടി ബെസ്റ്റ് സെല്ലറായി തുടരുകയാണ്. 2024 ഒക്‌ടോബറില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ കാറാണ് സ്വിഫ്റ്റ്. അതുമാത്രമല്ല 2024 ഒക്ടോബറില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച മികച്ച 10 ഹാച്ച്ബാക്ക് കാറുകളുടെ പട്ടികയിലെ ഒന്നാമനുമാണ് ഈ മോഡല്‍. മാരുതിയുടെ ജനപ്രിയ വാഹനത്തിന്റെ പോയ മാസത്തെ വില്‍പ്പന കണക്കുകള്‍ വിശദമായി ചുവടെ പരിശോധിക്കാം.
കഴിഞ്ഞ മാസം മാരുതി സുസുക്കി 17539 സ്വിഫ്റ്റ് കാറുകളാണ് വില്‍പ്പന നടത്തിയത്. ഹാച്ച്ബാക്ക് സെഗ്‌മെന്റിന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയെങ്കിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മാരുതി സുസുക്കി സ്വിഫ്റ്റിന്റെ വില്‍പ്പനയില്‍ ഇടിവാണ്. 2023 ഒക്ടോബറില്‍ വിറ്റ 20,598 യൂണിറ്റുമായി തട്ടിച്ച് നോക്കുമ്പോള്‍ 15 ശതമാനമാണ് വില്‍പ്പന ഇടിഞ്ഞത്.

എന്നാല്‍ മുന്‍ മാസമായ 2024 സെപ്റ്റംബറിനെ അപേക്ഷിച്ച് വില്‍പ്പന കൂടിയിട്ടുണ്ട്. സെപ്റ്റംബറില്‍ 16241 സ്വിഫ്റ്റ് കാറുകളാണ് കമ്പനി വിറ്റത്. എസ്‌യുവികള്‍ ട്രെന്‍ഡിംഗായ ഈ സമയത്ത് ചെറിയ രീതിയില്‍ വില്‍പ്പനയില്‍ ഇടിവ് നേരിടുന്നത് സ്വാഭാവികമാണ്. എന്തായാലും മാരുതി സുസുക്കി സ്വിഫ്റ്റ് ഈ തകര്‍ച്ചയില്‍ നിന്ന് എത്രയും വേഗം കരകയറുമെന്ന് തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ.
ഈ വര്‍ഷം മെയ് മാസത്തിലാണ് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ സ്വിഫ്റ്റിന്റെ നാലാം തലമുറ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. LXi, VXi, VXi (O), ZXi, ZXi+ എന്നിങ്ങനെ അഞ്ച് വേരിയന്റുകളില്‍ പുത്തന്‍ സ്വിഫ്റ്റ് ഓഫര്‍ ചെയ്യുന്നു. 2024 സ്വിഫ്റ്റിന്റെ ബേസ് LXi വേരിയന്റിന്റെ വില 6.49 ലക്ഷം രൂപ മാത്രമാണ്. ടോപ് സ്‌പെക് ZXi+ എഎംടി ഡ്യുവല്‍ ടോണിന് 9.64 ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്.

എക്‌സ്റ്റീരിയറിലും ഇന്റീരിയറിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടെങ്കിലും പുത്തന്‍ സ്വിഫ്റ്റിന് ഏറ്റവും വലിയ അപ്‌ഡേറ്റ് ലഭിക്കുന്നത് അതിന്റെ ഹുഡിന് കീഴിലാണ്. കാറിന് പുതിയ 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ Z സീരീസ് പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. 80 bhp പവറും 112 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ബോക്‌സുമായി ഇണചേര്‍ക്കുന്നു.
ഈ കാറിന്റെ പെട്രോള്‍/മാനുവല്‍ വേരിയന്റുകള്‍ ലിറ്ററിന് 24.80 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നും പെട്രോള്‍/എഎംടി വേരിയന്റുകള്‍ ലിറ്ററിന് 25.75 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നും മാരുതി സുസുക്കി അവകാശപ്പെടുന്നു. എന്നാല്‍ ഈ കാറിന്റെ സിഎന്‍ജി/മാനുവല്‍ വേരിയന്റുകള്‍ക്ക് ഇതിലും കൂടുതല്‍ മൈലേജ് നല്‍കാന്‍ കഴിയും. സ്വിഫ്റ്റ് സിഎന്‍ജിക്ക് കിലോഗ്രാമിന് 32.85 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന് മാരുതി സുസുക്കി അറിയിച്ചു.

ബജറ്റ് വിലയിലുള്ള കാറാണെങ്കിലും സ്വിഫ്റ്റില്‍ നിരവധി നൂതന ഫീച്ചറുകള്‍ ലഭ്യമാണ്. 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജര്‍, കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ, ഓട്ടോമാറ്റിക് എസി, ക്രൂയിസ് കണ്‍ട്രോള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
സുരക്ഷയുടെ കാര്യമെടുത്താല്‍ എല്ലാ വേരിയന്റുകളിലും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിരിക്കുന്നു. അതായത് എന്‍ട്രി ലെവല്‍ വേരിയന്റ് മുതല്‍ ടോപ്പ് വേരിയന്റ് വരെയുള്ള എല്ലാ വേരിയന്റുകളിലും 6 എയര്‍ബാഗുകള്‍ ഉണ്ടാകും. ഇതിന് പുറമോ റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകളും മാരുതി സുസുക്കി സ്വിഫ്റ്റിനുണ്ട്.
ഈ വില നിലവാരത്തില്‍ ഹ്യുണ്ടായ് ഗ്രാന്‍ഡ് i10 നിയോസിനെ കൂടാതെ ഹ്യുണ്ടായി എക്‌സ്റ്റര്‍, ടാറ്റ പഞ്ച് എന്നിവയെ സ്വിഫ്റ്റ് നേരിടുന്നു. മികച്ച മൈലേജും ഫീച്ചറുകളും താങ്ങാനാകുന്ന വിലയില്‍ ലഭ്യമാകുന്നതിനാല്‍ തന്നെ ഇന്ത്യയിലെ ഇടത്തരം കുടുംബങ്ങളുടെ പ്രിയപ്പെട്ട ചോയ്‌സായി സ്വിഫ്റ്റ് മാറി. സ്വിഫ്റ്റിന്റെ കൂടെപ്പിറപ്പായ ഡിസയര്‍ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയിരുന്നു. അതുകൊണ്ട് തന്നെ പുതിയ സ്വിഫ്റ്റും ഇടിക്കൂട്ടില്‍ സമാനമായ നേട്ടം ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








