ഇതൊരു സാധാരണ സ്വിഫ്റ്റല്ല! പുതിയതൊന്ന് വേണമെങ്കിൽ ഇതുതന്നെ വാങ്ങണം; കാരണം ഇതൊക്കെ
ഏത് കാർ പുറത്തിറക്കിയാലും കൃത്യമായി മാർക്കറ്റ് ചെയ്യാനറിയുന്നവരാണ് നമ്മുടെ മാരുതി സുസുക്കി. ജിംനി പോലുള്ള വിരലിൽ എണ്ണാവുന്ന മോഡലുകളുടെ വിഷയത്തിൽ പാളിച്ച സംഭവിച്ചിട്ടുണ്ടെങ്കിലും ഫ്രോങ്ക്‌സ് പോലുള്ള പുത്തൻ ലോഞ്ചുകളുടെ കാര്യമെടുത്താൽ സംഗതി എളുപ്പത്തിൽ മനസിലാക്കാൻ പറ്റും. ഉത്സവ സീസണിനോട് അനുബന്ധിച്ച് വിൽപ്പന കൂട്ടാനായി കമ്പനി ചില സ്പെഷ്യൽ എഡിഷനുകളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറക്കുകയുണ്ടായി. മാരുതി സുസുക്കി അടുത്തിടെ പുറത്തിറക്കിയ സ്വിഫ്റ്റ് ബ്ലിറ്റ്സ് എഡിഷൻ അങ്ങനൊരു സംഗതിയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറിന്റെ ലിമിറ്റഡ് എഡിഷൻ ഒരു സാധാരണ സ്വിഫ്റ്റല്ല കേട്ടോ.
ഈ വേരിയന്റിനൊപ്പം ഉപഭോക്താക്കൾക്ക് 39,500 രൂപയുടെ കോംപ്ലിമെൻ്ററി ആക്സസറി പാക്കേജ് കിട്ടുന്നതാണ് ആദ്യത്തെ വിഷയം. ഈ ആക്സസറി പാക്കേജ് ജനപ്രിയ ഹാച്ച്ബാക്കിലേക്ക് കോസ്മെറ്റിക് അപ്ഡേറ്റുകളും പുതിയ ഫീച്ചറുകളും കൊണ്ടുവരുന്നതിനാൽ കൊടുക്കുന്ന പൈസ വസൂലാണ്. പുതിയതൊന്ന് വേണമെങ്കിൽ ഇതുതന്നെ വാങ്ങണമെന്ന് പറയുന്നതിന് ചില കാരണങ്ങളുണ്ട് താനും. അതെന്തെല്ലാമെന്ന് ഒന്ന് വിശദീകരിക്കാം.

എക്സ്റ്റീരിയർ: മാരുതി സുസുക്കി സ്വിഫ്റ്റ് ബ്ലിറ്റ്സ് എഡിഷൻ VXi, VXi (O) എന്നിങ്ങനെ രണ്ട് വേരിയൻ്റുകളിലാണ് ലഭ്യമാവുന്നത്. ഹാച്ച്ബാക്കിൻ്റെ സാധാരണ പതിപ്പിൽ ലഭ്യമായ സ്റ്റാൻഡേർഡ് ഉപകരണങ്ങൾക്ക് പുറമെ പുറംമോടിയെ ആകർഷകമാക്കാൻ സ്പെഷ്യൽ എഡിഷന് ചില അലങ്കാരങ്ങളും ആക്‌സസറികളും ലഭിക്കും. ഗ്രിൽ ഗാർണിഷ്, എൽഇഡി ഫോഗ് ലാമ്പുകൾ, ആക്സസറി പാക്കേജിന് കീഴിൽ ഫ്രണ്ട്, റിയർ, സൈഡ് പ്രൊഫൈലുകൾക്ക് അണ്ടർബോഡി സ്പോയിലറുകൾ എന്നിവയാണ് ഇതിൽ പ്രധാനം.
ഒര്രം മാരുതി സുസുക്കി സ്വിഫ്റ്റ് ബ്ലിറ്റ്സ് എഡിഷന്റെ ആക്സസറി പാക്കേജിൻ്റെ ഭാഗമായി ബോഡി ക്ലാഡിംഗ്, വിൻഡോ ഫ്രെയിം കിറ്റ്, ഡോർ വൈസറുകൾ, ബ്ലാക്ക് റൂഫ് സ്‌പോയിലർ എന്നിവയും ഹാച്ച്ബാക്കിന് ആഡംബരമേകാനായി കൊടുത്തിട്ടുണ്ട്. 6.49 ലക്ഷം മുതൽ 8.02 ലക്ഷം രൂപ വരെയാണ് പ്രത്യേക പതിപ്പിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വിലയെന്നാണ് റിപ്പോർട്ട്. അങ്ങനെ നോക്കുമ്പോൾ അടിപൊളിയാണെന്ന് വേണം പറയാൻ.

ഇന്റീരിയർ: അകത്തളത്തിലേക്ക് കയറിയാൽ സ്വിഫ്റ്റിന്റെ ബ്ലിറ്റ്സ് എഡിഷനിൽ യുണീക് സ്റ്റൈലിലുള്ള സീറ്റ് കവറുകളും ഫ്ലോർ മാറ്റുകളും മാരുതി സുസുക്കി ഒരുക്കിയിട്ടുണ്ട്. അവ സ്വിഫ്റ്റിൻ്റെ സ്റ്റാൻഡേർഡ് പതിപ്പിൽ ലഭ്യമല്ല. ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, തെരഞ്ഞെടുക്കുന്ന വേരിയൻ്റിനെ ആശ്രയിച്ച് അതിലേറെയും ഫീച്ചറുകൾ ഈ പ്രത്യേക പതിപ്പ് ഹാച്ച്‌ബാക്കിനുണ്ട്.
എഞ്ചിൻ: ആക്സസറി പാക്കേജിലൂടെ ഉൾപ്പെടുത്തിയിട്ടുള്ള മാറ്റങ്ങൾ കോസ്മെറ്റിക്, ഫീച്ചർ എന്നിവയിൽ പരിമിതപ്പെടുത്തിയിരിക്കുകയാണ് മാരുതി. അതായത് മെക്കാനിക്കലായി സ്വിഫിറ്റിന്റെ ലിമിറ്റഡ് എഡിഷൻ പതിപ്പിന് മാറ്റങ്ങളൊന്നുമില്ലെന്ന് സാരം. മാരുതി സുസുക്കി സ്വിഫ്റ്റ് ബ്ലിറ്റ്സ് എഡിഷൻ പെട്രോൾ, പെട്രോൾ-സിഎൻജി എഞ്ചിൻ ഓപ്ഷനുകളിലും ആളുകൾക്ക് യഥേഷ്ടം തെരഞ്ഞെടുക്കാം.

മാരുതി സ്വിഫ്റ്റിലെ 1.2 ലിറ്റർ ത്രീ-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിന് 82 bhp പവറിൽ പരമാവധി 112 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ അഞ്ച് സ്പീഡ് എഎംടി യൂണിറ്റുമായാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. പെട്രോളിൽ കാറിന് 25.75 കിലോമീറ്റർ വരെ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.
സ്വിഫ്റ്റ് സിഎൻജി കിലോഗ്രാമിന് 32.85 കിലോമീറ്റർ മൈലേജ് നൽകുന്നുവെന്നും മാരുതി പറയുന്നു. സേഫ്റ്റി പ്രശ്നമായി തോന്നുന്നവർക്ക് ആശങ്കയകറ്റാനുള്ള എല്ലാ സെറ്റപ്പും കമ്പനി കൊടുത്തിട്ടുണ്ട്. ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് അസിസ്റ്റ് പോലുള്ള നിരവധി സേഫ്റ്റി ഫീച്ചറുകൾ സ്റ്റാൻഡേർഡായി തന്നെ മാരുതി സുസുക്കി സ്വിഫ്റ്റിൽ ഒരുക്കിയിട്ടുണ്ട്.


Click it and Unblock the Notifications








