ഇനി പപ്പടമല്ല, നല്ല ഒന്നാന്തരം ഉരുക്കാണ്... ഇടിപ്പരീക്ഷയിൽ 4 സ്റ്റാർ-റേറ്റിംഗുമായി പുത്തൻ സ്വിഫ്റ്റ്
ഇന്ത്യൻ വാഹന വിപണി ഈ വർഷം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കാർ ഏതെന്ന് ചോദിച്ചാൽ മറ്റൊരു സംശയമില്ലാതെ പറയാം അത് മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ സ്വിഫ്റ്റാണെന്ന്. വന്നകാലം മുതൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ വാങ്ങുന്ന കാറുകളിൽ ഒന്നുകൂടിയാവുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്. എസ്‌യുവി ട്രെൻഡിനിടയിലും സ്വിഫ്റ്റിന്റെ ഡിമാന്റിൽ കുറവൊന്നും സംഭവിച്ചിട്ടില്ലെന്നത് മാരുതിക്ക് മൈലേജാവുന്ന കാര്യംകൂടിയാണ്.
ഇനി അധികം കാത്തിരിപ്പില്ലാതെ പുതുതലമുറ മോഡലിനെ കൂടി ഇങ്ങിറക്കിയാൽ പല എസ്‌യുവികൾക്കും കിട്ടുന്ന വിൽപ്പന കൂടി സ്വിഫ്റ്റിലേക്ക് കൊണ്ടുവരാനും മാരുതിക്കായേക്കും. അത്രയ്ക്ക് മിടുക്കനായാണ് ഹാച്ചിന്റെ ഇത്തവണത്തെ വരവ്. കാഴ്ച്ചയിലായാലും ഫീച്ചറുകളിലായാലും മോഡേൺ ടച്ചാണ് കാണാനാവുന്നത്. ഇതിനോടകം യുകെ, ജപ്പാൻ പോലുള്ള രാജ്യങ്ങളിൽ കാറിന്റെ വിൽപ്പനയും ബ്രാൻഡ് ആരംഭിച്ചിട്ടുണ്ട്.

എന്തൊക്കെയുണ്ടെങ്കിലും സേഫ്റ്റിയില്ലല്ലോ എന്ന് പലർരും വിമർശിക്കാൻ ഇടയുണ്ട്. ഇതെല്ലാം മുന്നിൽ കണ്ടുകൊണ്ടാണ് സ്വിഫ്റ്റിനെ സുസുക്കി പണിതിറക്കിയിരിക്കുന്നത്. ഇക്കാര്യം ആളുകളിൽ എത്തിക്കാനായി ക്രാഷ് ടെസ്റ്റിനും വാഹനത്തെ വിധേയമാക്കി കഴിഞ്ഞു. അതും മോശമല്ലാത്ത സ്കോർ നേടിയാണ് സുസുക്കി എതിരാളികളെ ഞെട്ടിച്ചിരിക്കുന്നത്. ജപ്പാൻ NCAP ക്രാഷ് ടെസ്റ്റിൽ പുതിയ സ്വിഫ്റ്റ് 4-സ്റ്റാർ റേറ്റിംഗ് നേടിയാണ് കരുത്ത് തെളിയിച്ചിരിക്കുന്നത്.
ക്രൂയിസ് കൺട്രോൾ യൂട്യൂബ് ചാനലിൽ പുത്തൻ സുസുക്കി സ്വിഫ്റ്റിന്റെ ക്രാഷ് ടെസ്റ്റ് വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. ഈ വീഡിയോയിൽ, ജാപ്പനീസ് പതിപ്പിന് ലഭിക്കുന്ന ADAS ഫീച്ചറുകളുടെ കൃത്യത പരിശോധിക്കുന്നതിനുള്ള മറ്റ് നിരവധി പരീക്ഷണങ്ങളും കാണാനാവും. മണിക്കൂറിൽ 55 കി.മീ വേഗതയിൽ പോവുന്ന കാറിന്റെ ഫ്രണ്ട് കൊളിഷൻ കാണിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.

ഇതിനുശേഷം ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, റിയർ കൊളിഷൻ അലേർട്ട് തുടങ്ങിയ സ്വിഫ്റ്റിൻ്റെ സജീവ സുരക്ഷാ ഫീച്ചറുകളും ജപ്പാൻ NCAP ക്രാഷ് ടെസ്റ്റിൽ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഈ ടെസ്റ്റുകളെല്ലാം ഒരു പ്രശ്നവുമില്ലാതെ കാർ വിജയിച്ചതാണ് പ്രതീക്ഷ നൽകുന്ന കാര്യം. വിദേശത്ത് ADAS ഫീച്ചറുകളുമായി വരുന്നതിനാലാണ് ഈ മികച്ച സ്കോർ കൈവരിക്കാൻ കാരണമായിരിക്കുന്നത്.
ഇന്ത്യയിൽ എത്തുമ്പോൾ ഈ ഫീച്ചർ ഉണ്ടാവില്ലെങ്കിലും 4-സ്റ്റാർ റേറ്റിംഗ് തന്നെ സ്വന്തമാക്കാൻ ജനപ്രിയന് കഴിയും. ADAS ഫീച്ചറുകൾ പരിശോധിച്ച ശേഷം യഥാക്രമം 55, 64 കിലോമീറ്റർ വേഗതയിൽ ഫ്രണ്ട്, ഫ്രണ്ട് സൈഡ് കൊളിഷനിലും പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഈ പരിശോധനകളിലെല്ലാം ഹാച്ച്ബാക്കിൻ്റെ മുൻഭാഗം തകരാറിലായെങ്കിലും അപകടത്തിൽ സംഭവിക്കുന്ന ഇംപാക്‌ടിനെ പില്ലറുകൾ ഉരുക്കായി തടഞ്ഞുനിർത്തിയിട്ടുണ്ട്.

എല്ലാ കൂട്ടിയിടികളിലും എയർബാഗുകൾ കൃത്യസമയത്ത് വിന്യസിച്ചുവെന്നതും എടുത്തു പറയേണ്ട കാര്യമാണ്. സൈഡ് കൊളിഷൻ ടെസ്റ്റിനിടെ ഫ്രണ്ട്, കർട്ടൻ എയർബാഗുകൾ തുറന്നു. ഇവിടെ കാണുന്ന പരിശോധന ഭാരത് NCAP അല്ലെങ്കിൽ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റുകൾ നടത്തിയതിൽ നിന്ന് വ്യത്യസ്തമാണെങ്കിലും കാറിൻ്റെ ബിൽഡ് ക്വാളിറ്റിയിൽ സുസുക്കി കാര്യമായി തന്നെ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് മനസിലാക്കാൻ കഴിയുന്നത്.
വരാനിരിക്കുന്ന സ്വിഫ്റ്റ് ഇന്ത്യയിലേക്ക് വരുമ്പോൾ മികച്ച സ്കോർ നിലനിർത്തുമെന്നാണ് മാരുതി പ്രതീക്ഷിക്കുന്നത്. ഫുൾ റാപ്-ഫ്രണ്ടൽ കൊളിഷൻ, ഓഫ്-സെറ്റ് ഫ്രണ്ടൽ കൊളിഷൻ ടെസ്റ്റ്, പാസഞ്ചർ സീറ്റ് ബെൽറ്റ് റിമൈൻഡർ ടെസ്റ്റ് എന്നിവയിലും പുതിയ സുസുക്കി സ്വിഫ്റ്റ് 4 സ്റ്റാർ റേറ്റിംഗാണ് കൈവരിച്ചത്. ഡ്രൈവർക്കും യാത്രക്കാർക്കും വേണ്ടിയുള്ള സൈഡ് കൊളിഷനിൽ കഴുത്തിന് പരിക്കേൽക്കാതെയും സംരക്ഷിക്കുന്നതിലും കാൽനടയാത്രക്കാരുടെ ലെഗ് പ്രൊട്ടക്ഷൻ പ്രകടന പരിശോധനയിലും സ്വിഫ്റ്റിന് 5 പോയിന്റ് നേടാനായി.

മുകളിൽ പറഞ്ഞതുപോലെ തന്നെ പുതിയ സ്വിഫ്റ്റ് ഇന്ത്യയിലേക്ക് വരുമ്പോൾ ADAS ഉൾപ്പെടെ നിരവധി സവിശേഷതകൾ ഒഴിവാക്കും. അന്താരാഷ്‌ട്ര വകഭേദമെന്ന നിലയിൽ കൃത്യമായ എക്സ്റ്റീരിയർ ഡിസൈനോടെയായിരിക്കും മാരുതി സ്വിഫ്റ്റ് എത്തുന്നത്. ഇൻ്റീരിയറും സമാനമായി കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിറ്റി ഉപയോഗത്തിലെല്ലാം മികച്ച മൈലേജ് കിട്ടാനും പെർഫോമൻസിനും വേണ്ടി പ്രത്യേകം ട്യൂൺ ചെയ്ത 1.2 ലിറ്റർ, 3-സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനിലാണ് ഹാച്ച്ബാക്ക് വരിക.
5-സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്സ് ഓപ്ഷനുകളോടെയാണ് ഹാച്ച്ബാക്ക് വാഗ്ദാനം ചെയ്യുന്നത്. Z12E സീരീസ് എഞ്ചിന് മൈൽഡ് ഹൈബ്രിഡ് ടെക് ലഭിക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്. ഇത് മാരുതി അതിൻ്റെ മറ്റ് മോഡലുകളിൽ വാഗ്ദാനം ചെയ്യുന്ന അതേ സംവിധാനമാണ്. പിന്നീടുള്ള ഘട്ടത്തിൽ പുതിയ സ്വിഫ്റ്റിനൊപ്പം ഒരു സീരീസ് ഹൈബ്രിഡ് സാങ്കേതികവിദ്യയും മാരുതി അവതരിപ്പിച്ചേക്കും.


Click it and Unblock the Notifications








