മാരുതി കാറുകൾ പണ്ടത്തെ പോലെ ചീപ്പല്ല, തീവ്രവാദികൾ കാരണം കടുത്ത തീരുമാനവുമായി കമ്പനി
പുതുവർഷമാവുമ്പോൾ കാറുകളുടെ വില കൂടുന്നത് പതിവ് കാര്യമായി മാറിയിരിക്കുകയാണ്. പണ്ടുമുതലേയുള്ള ആചാരമായതിനാൽ അത്ര പുതുമയോ മുഷിപ്പോ ഒന്നും പലർക്കും തോന്നിയിരുന്നില്ലെന്നു വേണം പറയാൻ. എന്നാൽ പിന്നീട് സാമ്പത്തിക വർഷത്തിന്റെ ഓരോ പാദത്തിലും വില വർധനവ് കമ്പനികൾ പ്രഖ്യാപിക്കാൻ തുടങ്ങിയതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. ആഡംബര വസ്‌തുവെന്ന നിലയിൽ നിന്നും അവശ്യ കാര്യമായ കാറുകൾ മാറിയതോടെ ഇതെല്ലാം ഉപഭോക്താക്കൾ സഹിക്കാനും തുടങ്ങി.
ദേ ഇപ്പോൾ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ മോഡൽ നിരയിലേക്ക് വീണ്ടുമൊരു വർധനവ് നടപ്പിലാക്കാൻ പോവുകയാണെന്നാണ് റിപ്പോർട്ടുകൾ. ചെങ്കടൽ മേഖലയിലെ പ്രതിസന്ധി കാരണം മറ്റ് പല നിർമ്മാണ കമ്പനികളെയും പോലെ മാരുതി സുസുക്കിയും ചില വെല്ലുവിളികൾ നേരിടുന്നതാണ് കടുത്ത തീരുമാനങ്ങളെടുക്കാൻ കമ്പനിയെ നിർബന്ധിതരാക്കിയിരിക്കുന്നത്.

വ്യാപാര കപ്പലുകൾക്ക് നേരെയുള്ള തീവ്രവാദി ആക്രമണത്തെത്തുടർന്ന് ചെങ്കടൽ മേഖലയിലെ ഗതാഗത തടസ്സം കാലതാമസവും ഉയർന്ന ചെലവും നേരിടുന്നതിനാൽ ചരക്ക് വഴി തിരിച്ചുവിടാൻ വാഹന നിർമാതാക്കൾ നിർബന്ധിതരായിരിക്കുകയാണ്. പ്രതിസന്ധി കാരണം മാരുതി സുസുക്കി ബാധിത കമ്പനികളിലൊന്നായതിനാൽ ലോജിസ്റ്റിക് വെല്ലുവിളികൾ നേരിടുന്നതായാണ് വിവരം.
ഇത് വരും മാസങ്ങളിൽ പാസഞ്ചർ വാഹനങ്ങളുടെ വില വർധിപ്പിക്കാൻ വാഹന നിർമാതാക്കളെ പ്രേരിപ്പിച്ചേക്കുമെന്ന് മാരുതിയുടെ ഇൻവെസ്റ്റർ റിലേഷൻസ് മേധാവി രാഹുൽ ഭാരതി സൂചന നൽകി. മേൽപ്പറഞ്ഞ കാര്യങ്ങൾ നിർമാണ ചെലവിനെ കാര്യമായ ബാധിക്കുമെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇത് പാസഞ്ചർ വാഹന വിലയിലും പ്രതിഫലിച്ചേക്കാം. തങ്ങളുടെ മോഡലുകളിൽ ബാധകമായ വിലവർധനവിൻ്റെ അളവ് ഭാരതി വ്യക്തമാക്കിയിട്ടില്ല.

എന്നാൽ വിലക്കയറ്റം ചെറിയ തോതിൽ മാത്രമായിരിക്കും സംഭവിക്കാൻ പോവുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പ്രതിസന്ധി ഉയർന്ന കാത്തിരിപ്പ് കാലയളവിനും കാരണമായേക്കാം. മാരുതി സുസുക്കി കഴിഞ്ഞ മാസം അവസാനത്തോടെ മോഡൽ നിരയിലാകെ വില വർധന പ്രഖ്യാപിച്ചിരുന്നു. ഇത് 2024 ജനുവരി മുതൽ അതിൻ്റെ മുഴുവൻ പാസഞ്ചർ വാഹന ശ്രേണിക്കും ബാധകമായി നിലവിൽ വരികയും ചെയ്‌തു.
വർധിച്ചുവരുന്ന അസംസ്‌കൃത വസ്തുക്കളുടെ വിലയും പണപ്പെരുപ്പവും കാരണം ഉണ്ടായ ഉയർന്ന നിർമാണ ചെലവാണ് കാർ നിർമാതാക്കൾ വില വർധനവ് നടപ്പിലാക്കാണ കാരണമായത്. മാരുതി സുസുക്കിയെ കൂടാതെ രാജ്യത്തെ മറ്റ് പ്രമുഖ ബ്രാൻഡുകളായ ടാറ്റ മോട്ടോർസ്, മഹീന്ദ്ര, ഹോണ്ട എന്നിവയുൾപ്പെടെയുള്ളവരും അതത് പാസഞ്ചർ വാഹനങ്ങൾക്ക് വില പരിഷ്ക്കാരം നടപ്പിലാക്കിയിരുന്നു.

അതേസമയം മാരുതി സുസുക്കിക്ക് ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള കാർ നിർമാതാക്കളെന്ന പദവി ടാറ്റ മോട്ടോർസിന് അടിയറവ് വെക്കേണ്ടി വന്നതും വലിയ വാർത്തയായിരുന്നു. എങ്കിലും ഈ സാമ്പത്തിക വർഷത്തിലെ തങ്ങളുടെ മൂന്നാം പാദ ലാഭം 33 ശതമാനം ഉയർന്നതായി വാഹന നിർമാതാക്കൾ അവകാശപ്പെടുന്നുണ്ട്. മാരുതി പുറത്തിറക്കുന്ന എസ്‌യുവികളുടെ ശക്തമായ ഡിമാൻഡാണ് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചിരിക്കുന്നത്.
ബ്രാൻഡിൻ്റെ മൊത്തം ആഭ്യന്തര പാസഞ്ചർ വാഹന വിൽപ്പനയിൽ എസ്‌യുവികളും എംപിവികളും ഉൾപ്പെടെയുള്ള വിലയേറിയതുമായ യൂട്ടിലിറ്റി വാഹനങ്ങളുടെ സംഭാവന കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേ പാദത്തിൽ രേഖപ്പെടുത്തിയ 24 ശതമാനത്തിൽ നിന്ന് കഴിഞ്ഞ പാദത്തിൽ ഏകദേശം 39 ശതമാനമായി വർധിച്ചു. അതേസമയം ആൾട്ടോ, ഇഗ്നിസ് ഉൾപ്പെടെയുള്ള ചെറുകാറുകളുടെ വിൽപ്പന ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇത് കമ്പനിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്.

സേഫ്റ്റിയുടെ കാര്യത്തില്‍ പലപ്പോഴും പഴികേള്‍ക്കുന്ന കാര്‍ ബ്രാന്‍ഡാണ് മാരുതി സുസുക്കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ വില്‍ക്കുന്ന കമ്പനിയാണെങ്കിലും ഇക്കാര്യത്തിൽ ഏറെ പിന്നിലാണ് ബ്രാൻഡ്. പക്ഷേ ബലേനോ ഹാച്ച്ബാക്കും ബ്രെസ, ഗ്രാന്‍ഡ് വിറ്റാര എസ്യുവികളുമാണ് ഭാരത് NCAP-ല്‍ പരീക്ഷണത്തിന് വിധേയമാക്കി ചീത്തപ്പേര് മാറ്റാൻ ഒരുങ്ങുകയാണിപ്പോൾ. ഇതിന്റെ ഫലങ്ങൾ അധികം വൈകാതെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
6 എയര്‍ബാഗുകള്‍, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ഇലക്ട്രോണിക് ബ്രേക്ക്-ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ (EBD), ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹില്‍ അസിസ്റ്റ്, ISOFIX എന്നിവയടക്കമുള്ള സേഫ്റ്റി ഫീച്ചറുകള്‍ ഈ കാറുകളിൽ സ്റ്റാൻഡേർഡായി തന്നെ നൽകിയിരിക്കുന്നതിനാൽ ഫലങ്ങൾ മാരുതിക്ക് അനുകൂലമായി വരുമെന്നാണ് വിലയിരുത്തൽ. അധികം വൈകാതെ BNCAP ഫലങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








