ഇന്നോവയെ വെട്ടാൻ മാരുതിയുടെ എംപിവി, 30 കിലോമീറ്ററിൽ കൂടുതൽ മൈലേജുമായി XL6 ഹൈബ്രിഡ്
ഇന്ത്യയിൽ യൂട്ടിലിറ്റി വാഹനങ്ങൾ പുറത്തിറക്കുന്നതിലെ ഏറ്റവും മിടുക്കൻമാരാണ് മാരുതി സുസുക്കി. കഴിഞ്ഞ കുറച്ച് കാലമായി എസ്‌യുവികളിലായാലും എംപിവികളിലും പ്രത്യേക ശ്രദ്ധകൊടുക്കുന്ന കമ്പനി ചില വമ്പൻ മാറ്റങ്ങൾക്ക് തയാറെടുക്കുകയാണെന്നാണ് വിവരം. കമ്പനിയുടെ സ്വന്തം പ്രീമിയം ഡീലർഷിപ്പുകളിൽ ഒന്നായ നെക്‌സയിലൂടെ വിപണനം ചെയ്യുന്ന ഒരു വണ്ടിയെ ഹൈബ്രിഡാക്കാനുള്ള തീരുമാനം എത്തിയിരിക്കുകയാണ്.
ടൊയോട്ടയുടെ പങ്കാളിത്തത്തോടെ നിലവിൽ പുറത്തിറക്കുന്ന സ്ട്രോംഗ് ഹൈബ്രിഡ് സിസ്റ്റമായിരിക്കില്ല വരാനിരിക്കുന്ന വണ്ടികളിൽ മാരുതി ഉപയോഗിക്കുക. ഇതിനു പകരമായി ചെലവ് കുറയ്ക്കാൻ ബ്രാൻഡ് ഒരു ഇൻ-ഹൗസ് ഹൈബ്രിഡ് ഇലക്‌ട്രിക് വെഹിക്കിൾ സിസ്റ്റം (HEV) വികസിപ്പിക്കുന്നതിന്റെ തിരക്കിലാണിപ്പോൾ. ആയതിനാൽ ഭാവിയിലെ ഹൈബ്രിഡ് മോഡലുകളിലും ഇതേ പവർട്രെയിൻ ഉപയോഗിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഈ വർഷം അവസാനത്തോടെ വരാനിരിക്കുന്ന ഗ്രാൻഡ് വിറ്റാരയുടെ 7 സീറ്റർ എസ്‌യുവിയിലാവും മാരുതി സുസുക്കി ടൊയോട്ടയുടെ ഹൈബ്രിഡ് സിസ്റ്റം അവസാനമായി അവതരിപ്പിക്കുക. പക്ഷേ നെക്‌സ നിരയിൽ നിന്നും ഹൈബ്രിഡ് ടെക്കുമായി വരാൻ പോവുന്ന നിലവിലെ മോഡൽ XL6 എംപിവിയായിരിക്കും. മധ്യനിരയിലെ ക്യാപ്റ്റൻ സീറ്റിംഗ് ക്രമീകരണമുള്ള എർട്ടിഗയുടെ ആറ് സീറ്റർ പതിപ്പായ മോഡൽ കമ്പനിയുടെ മികച്ച വിൽപ്പനയുള്ള മോഡലുകളിൽ ഒന്നുകൂടിയാണെന്നത് കണക്കിലെടുക്കുമ്പോൾ ഈ നീക്കം ഏറെ അർഥവത്തായിരിക്കും.
ഹൈബ്രിഡ് സിസ്റ്റത്തിൽ ഒരു പെട്രോൾ എഞ്ചിൻ റേഞ്ച് എക്സ്റ്റെൻഡറായി പ്രവർത്തിക്കും. വാഹനത്തിൻ്റെ റേഞ്ച് നേരിട്ട് പ്രൊപ്പൽ ചെയ്യാതെ തന്നെ വിപുലീകരിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതായിരിക്കും മാരുതിയുടെ ഏറ്റവും പുതിയ ഹൈബ്രിഡ് ടെക്. പകരം പെട്രോൾ എഞ്ചൻ ഇലക്ട്രിക് മോട്ടോർ പ്രവർത്തിപ്പിക്കുന്നതിന് വൈദ്യുതി ഉത്പാദിപ്പിക്കും. ഡ്രൈവിംഗിന് അനുസരിച്ച് ഇലക്ട്രിക് മോട്ടോറിന് ബാറ്ററി പായ്ക്കിൽ നിന്നോ ജനറേറ്ററിൽ നിന്നോ പവർ എടുക്കാൻ കഴിയും.

നിസാൻ തുടക്കമിട്ട ഇ-പവർ സാങ്കേതികവിദ്യയുമായി ഈ സംവിധാനത്തിന് ഏറെ സമാനതകൾ ഉണ്ടെന്നു വേണം പറയാൻ. ഇതാദ്യം ഫ്രോങ്ക്സ് ഫെയ്‌സ്‌ലിഫ്റ്റിൽ അരങ്ങേറ്റം കുറിക്കും. തുടർന്നാവും 6 സീറ്റർ എംപിവിയിലേക്ക് എത്തുക. 2025-ൽ കമ്പനി പുറത്തിറക്കാൻ പോവുന്ന മോഡലുകളിൽ ഏറ്റവും ആകാംക്ഷ നിറയ്ക്കുന്ന മോജലുകളിൽ ഒന്നും XL6 ഹൈബ്രിഡായിരിക്കും.
ഹൈബ്രിഡ് XL6 അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിൽ അവതരിപ്പിക്കാൻ മാരുതിക്കാവും. വരാനിരിക്കുന്ന മാരുതി സുസുക്കി കോംപാക്‌ട് എംപിവിയിലും ഈ ഹൈബ്രിഡ് സജ്ജീകരണം നടപ്പിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ലിറ്ററിന് 30 കിലോമീറ്ററിൽ കൂടുതൽ ഇന്ധനക്ഷമത പ്രാപ്‌തമാക്കുമെന്നതിനാൽ വാങ്ങാനായി ആളുകൾ ഇരച്ചെത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

മാരുതി XL6 എംപിവിക്ക് ഇപ്പോഴത്തെ എക്സ്ഷോറൂം വില 11.61 ലക്ഷം രൂപ മുതൽ 14.77 ലക്ഷം രൂപ വരെയാണെന്ന് വേണം പറയാൻ. ഇന്ത്യയിൽ കിയ കാരെൻസ് പോലെയുള്ള മോഡലുകൾക്ക് എതിരാളിയായ വാഹനം സീറ്റ, ആൽഫ, ആൽഫ പ്ലസ് എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. സ്‌മാർട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 1.5 ലിറ്റർ K-സീരീസ് പെട്രോൾ എഞ്ചിനാണ് എംപിവിക്ക് ഇപ്പോൾ തുടിപ്പേകുന്നത്.
ഇത് 102 bhp കരുത്തിൽ പരമാവധി 136.8 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഈ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ പാഡിൽ ഷിഫ്റ്ററുകളുള്ള പുതിയ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഫീച്ചറുകളാലും അത്യാവിശ്യം റിച്ചായ മോഡലാണ് XL6. 7 ഇഞ്ച് സ്മാർട്ട്‌പ്ലേ പ്രോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 360-ഡിഗ്രി ക്യാമറ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പിന്നിലെ യാത്രക്കാർക്കായി റൂഫ് ഫിറ്റഡ് എസി മൌണ്ടുകൾ എന്നിവയെല്ലാം എംപിവിയിലുണ്ട്.

മാരുതിയുടേതായി അടുത്തതായി പുറത്തിറങ്ങാൻ പോവുന്ന മോഡൽ പുതുതലമുറ സ്വിഫ്റ്റായിരിക്കും. അതിന് പിന്നാലെയാണ് പുതിയ ഡിസയറും അരങ്ങത്തേക്ക് എത്തും. വരാനിരിക്കുന്ന സ്വിഫ്റ്റും ഡിസയറും പുതിയ 1.2L Z സീരീസ് ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിൻ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വർഷാവസാനം അല്ലെങ്കിൽ 2025 ൻ്റെ തുടക്കത്തിൽ ബ്രാൻഡിൻ്റെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിയായ eVX ഇവിയും വിപണിയിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ.


Click it and Unblock the Notifications








