സിലിണ്ടർ കുറച്ചതോടെ വാങ്ങാനും ആളില്ലാതായോ? കച്ചോടം കുറഞ്ഞ് സ്വിഫ്റ്റ്, എന്നിട്ടും കൂസലില്ലാതെ മാരുതി
വീട്ടിലെ അമ്മമാർക്ക് പോലും അറിയാവുന്നൊരു കാറാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. കാലംകുറേയായി ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഫാമിലി കാറുകളിൽ ഒന്നായി അറിയപ്പെടുന്ന ഈ കുഞ്ഞൻ കാർ ഇതിനോടകം 30 ലക്ഷത്തിലധികം ആളുകൾ വാങ്ങിയിട്ടുമുണ്ട്. ഇന്ന് നാലാം തലമുറ ആവർത്തനത്തിൽ വിപണിയിലെത്തുന്ന കാറിന് പണ്ടത്തെ അത്രയും ഫാൻസില്ലെങ്കിലും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 10 കാറുകളിൽ സ്ഥിരം സ്വിഫ്റ്റ് ഇടംപിടിക്കാറുണ്ട്. പതിനായിരക്കണക്കിന് യൂണിറ്റുകളാണ് കമ്പനി ഓരോ മാസവും വിറ്റഴിക്കുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് കാറിന്റെ പുതുമോഡലിനെ മാരുതി വിപണിയിൽ അവതരിപ്പിക്കുന്നത്.
മുൻഗാമികളെ അപേക്ഷിച്ച് നോക്കുമ്പോൾ ചെറിയ പരാതികളെല്ലാം കേൾപ്പിക്കുണ്ട് കക്ഷി. അതിൽ പ്രധാനം 4 സിലിണ്ടർ എഞ്ചിനിൽ നിന്നും 3 സിലിണ്ടർ എഞ്ചിനിലേക്കുള്ള മാറ്റമായിരുന്നു. പിന്നെ ഡിസൈനിലെ വൃത്തികേടുകളും ഇന്ത്യക്കാർക്ക് അത്ര സുഖിച്ചിട്ടില്ല. എന്നിരുന്നാലും പല മാസങ്ങളിലും സെയിൽസ് ചാർട്ടുകളിൽ ഒന്നാമനാവാൻ സ്വിഫ്റ്റിന് സാധിച്ചിരുന്നു. പക്ഷേ 2024 നവംബറിലെ കണക്കുകൾ മാരുതിക്ക് അത്ര സുഖകരമല്ലെന്നാണ് റിപ്പോർട്ടുകൾ.

നാലാം തലമുറ മാരുതി സ്വിഫ്റ്റിന് അതിൻ്റെ മുൻഗാമികളെപ്പോലെ വിപണിയിൽ തരംഗം സൃഷ്ടിക്കാനാവില്ലെന്ന് പലരും വിലയിരുത്തിയിരുന്നു. അതിന് അടിവരയിടുന്നതാണോ വിൽപ്പനയിൽ അടിപതറിയതെന്ന് നോക്കിയാലോ? പുതിയ സ്വിഫ്റ്റിൻ്റെ വിൽപ്പന കണക്കുകൾ കഴിഞ്ഞ വർഷം ഇതേ സമയത്തെ അപേക്ഷിച്ച് കുറവാണ്. പക്ഷേ വിപണിയിലെ മറ്റ് കാറുകളെ അപേക്ഷിച്ച് നോക്കുമ്പോൾ സ്വിഫ്റ്റിന്റെ കച്ചോടം പൊടിപൊടിക്കുന്നതാണ്.
2024 നവംബറിൽ മാരുതി സ്വിഫ്റ്റിൻ്റെ മൊത്ത വിൽപ്പന 14,737 യൂണിറ്റായിരുന്നു. ഇത് കഴിഞ്ഞ വർഷം നവംബറിൽ വിറ്റ 15,311 യൂണിറ്റുകളെ അപേക്ഷിച്ച് 4 ശതമാനം കുറവാണ്. 2023 ജൂൺ-നവംബർ കാലയളവിൽ ശരാശരി 17,186 യൂണിറ്റുകളുടെ പ്രതിമാസ വിൽപ്പനയാണ് സ്വിഫ്റ്റ് വാരിയിരുന്നത്. നാലാം തലമുറ ഹാച്ച്ബാക്ക് ഇതേ ആറുമാസ കാലയളവിൽ ശരാശരി 15,773 യൂണിറ്റുകളും നിരത്തിലെത്തിച്ചു.

അവതരണത്തിന് ശേഷം തുടക്കത്തിൽ വിൽപ്പന പഴയ മോഡലിനോട് കിടപിടിക്കുന്ന രീതിയിലുണ്ടായിരുന്നെങ്കിലും പിന്നീട് പതിയെ വിൽപ്പന ഇടിയുന്നതും വ്യക്തമാണ്. വില നിർണയവും ബലേനോയുടെ വിലയോട് അടുത്തുള്ളതും തിരിച്ചടിയായിട്ടുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനോ 2024 നവംബറിൽ സ്വിഫ്റ്റിനേക്കാൾ വിൽപ്പന സ്വന്തമാക്കിയിരുന്നു.
കഴിഞ്ഞ മാസം ബലേനോയുടെ 16,293 യൂണിറ്റുകളാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ നിരത്തിലെത്തിച്ചത്. കഴിഞ്ഞ 2023 നവംബറിനെ അപേക്ഷിച്ച് 26 ശതമാനം വർധനവാണ് കാറിന് സംഭവിച്ചിരിക്കുന്നത്. എന്തായാലും സ്വഫ്റ്റ് പതിനായരത്തിന് മുകളിൽ ഓരോ മാസവും വിൽക്കുന്നത് മാരുതിയെ സംബന്ധിച്ച് വലിയ കാര്യമാണ്. പ്രത്യേകിച്ച സമാന വിലയിൽ നിരവധി എസ്‌യുവികൾ ഇപ്പോൾ വിപണിയിലുണ്ട് താനും.

LXi, VXi, VXi (O), ZXi, ZXi+ എന്നീ അഞ്ച് വകഭേദങ്ങളിലാണ് പുത്തൻ സ്വിഫ്റ്റ് വാങ്ങാനാവുക. വിലയുടെ കാര്യത്തിലേക്ക് വന്നാൽ കോംപാക്‌ട് ഹാച്ച്ബാക്കിന്ഫെ മാനുവല്‍ മോഡലുകള്‍ക്ക് 6.49 ലക്ഷം രൂപ മുതല്‍ 9.14 ലക്ഷം രൂപ വരെയും ഓട്ടോമാറ്റിക്കിന് 7.79 ലക്ഷം രൂപ മുതല്‍ 9.64 ലക്ഷം രൂപ വരെയുമാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.
1.2 ലിറ്റർ Z-സീരീസ് എഞ്ചിനുമായാണ് നാലാംതലമുറ സ്വിഫ്റ്റിന് തുടിപ്പേകുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സ് ഓപ്ഷനുമായി വരുന്ന കാറിന് 80 bhp പവറിൽ പരമാവധി 112 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. പെർഫോമൻസിൽ മുൻഗാമിയേക്കാൾ മടിയാനാണെങ്കിലും 24.8 കിലോമീറ്റർ വരെ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. സേഫ്റ്റിക്കും പ്രത്യേക പരിഗണന കൊടുത്താണ് കോംപാക്‌ട് ഹാച്ച്ബാക്കിനെ പണിതിറക്കിയിരിക്കുന്നത്.


Click it and Unblock the Notifications








