തള്ളല്ല! 30 കി.മീ മൈലേജുമായി സ്വിഫ്റ്റ് CNG ഉടൻ എത്തും; അണിയറ ഒരുക്കങ്ങൾ ഏറെ കുറെ പൂത്തിയായി
ഏറെ കാലത്തെ കാത്തിരിപ്പിന് ഒരുവിൽ ഏകദേശം ഒരു മാസം മുമ്പാണ് മാരുതി സുസുക്കി നാലാം തലമുറ സ്വിഫ്റ്റ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയത്. 6.49 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് വാഹനം വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്, ഇത് ആമുഖ വിലയാണെന്നും ഇതിന് മാറ്റം വരാം എന്നും റിപ്പോർട്ടുകളുണ്ട്. പെട്രോൾ സ്വിഫ്റ്റിന്റെ കാര്യങ്ങൾ തൽകാലം അവിടെ നിൽക്കട്ടെ. മുൻ തലമുറ മോഡലിൽ ഒരു CNG പതിപ്പ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തിരുന്നു, 2024 സ്വിഫ്റ്റും പുറത്തിറങ്ങിയതിന് ശേഷം ഈ ഒരു പതിപ്പിനായി ആളുകൾ ആകാംഷയോടെ നോക്കിയിരിക്കുകയാണ്.
പുതിയ സ്വിഫ്റ്റിൻ്റെ CNG ആവർത്തനത്തിൽ മാരുതി കാര്യമായി തന്നെ പ്രവർത്തിക്കുന്നുണ്ട് എന്നും അത് ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ട് എന്നും ഇപ്പോൾ നമുക്ക് സ്ഥിരീകരിക്കാൻ കഴിയും. സ്വിഫ്റ്റ് പെട്രോൾ, അതിൻ്റെ ഏറ്റവും പുതിയ രൂപത്തിൽ, മാനുവലിന് ലിറ്ററിന് 24.8 കിലോമീറ്റർ മൈലേജ് നൽകുന്നു, ഔട്ട്‌ഗോയിംഗ് പതിപ്പിൽ ഇത് 22.38 കിലോമീറ്ററായിരുന്നു.

പുതിയ മോഡലിന്റെ ഓട്ടോമാറ്റിക് വേരിയന്റ് ലിറ്ററിന് 25.7 കിലോമീറ്റർ എന്ന സ്വിഫ്റ്റിന്റെ ചരിത്രത്തിലെ എക്കാലത്തേയും മികച്ച മൈലേജാണ് നൽകുന്നത്. മൂന്നാം തലമുറ മാരുതി സ്വിഫ്റ്റ് CNG പതിപ്പ് കിലോഗ്രാമിന് 30.9 കിലോമീറ്റർ ഇന്ധനക്ഷമത നൽകും എന്ന് നിർമ്മാതാക്കൾ അവകാശപ്പെട്ടിരുന്നു, 2024 പതിപ്പ് എത്തുമ്പോൾ ഈ കണക്കിലും നേരിയ വർധനയുണ്ടായേക്കാം എന്ന് പ്രതീക്ഷിക്കുന്നു.
പുതിയ സ്വിഫ്റ്റ് CNG -യുടെ എതിരാളികളുടെ ലിസ്റ്റിൽ ടാറ്റ ടിയാഗോ CNG, ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് CNG, ടാറ്റ പഞ്ച് CNG, ഹ്യുണ്ടായി എക്സ്റ്റർ CNG എന്നിവ ഉൾപ്പെടുന്നു. ഹുഡിൻ്റെ കീഴിൽ, പുതിയ സ്വിഫ്റ്റ് CNG മോഡൽ നോർമൽ പെട്രോൾ മോഡലിൽ വരുന്ന അതേ 1.2 ലിറ്റർ, ത്രീ സിലിണ്ടർ നാച്ചുറലി ആസ്പിരേറ്റഡ് (NA) പെട്രോൾ എഞ്ചിനിൽ നിന്ന് പവർ സോഴ്സ് ചെയ്യുന്നത് തുടരും.

പെട്രോൾ മോഡിലെ ഔട്ട്‌പുട്ട് എന്നത് 80 bhp മാക്സ് പവറും 112 Nm പീക്ക് torque ഉം ആണെങ്കിൽ, CNG മോഡിൽ ഇവയ്ക്ക് ഒരല്പം ഇടിവ് പ്രതീക്ഷിക്കാം, എഞ്ചിനും കുറഞ്ഞ ട്യൂണിംഗിൽ ആയിരിക്കും സെറ്റ് ചെയ്യുന്നത്. അഞ്ച് സ്പീഡ് മാനുവൽ യൂണിറ്റായിരിക്കും CNG ഓഫറിലെ ഏക ട്രാൻസ്മിഷൻ ചോയിസ്.
പുതുതലമുറ മാരുതി സ്വിഫ്റ്റിൻ്റെ പെട്രോൾ ടാങ്കിന് 37 ലിറ്റർ കപ്പാസിറ്റിയാണുള്ളത്. ഫാക്ടറി ഫിറ്റഡ് ഗ്യാസ് ടാങ്ക് പരമ്പരാഗതമായ രീതിയിൽ ബൂട്ടിനുള്ളിൽ തന്നെ തുടരാനാണ് സാധ്യത. ഇത് വാഹനത്തിന്റെ ബൂട്ട് സ്പെയ്സ് ഗണ്യമായ രീതിയിൽ അപഹരിക്കും എന്ന കാര്യത്തിൽ ഒട്ടും തന്നെ സംശയമില്ല.

എന്നാൽ ഇക്കാര്യത്തിൽ ടാറ്റ അവതരിപ്പിച്ച ട്വിൻ സിലണ്ടർ ടെക്നോളജി വേറെ ലെവാണ് എന്ന് പറയാതിരിക്കാൻ വയ്യ. നല്ല മൈലേജിനൊപ്പം ബൂട്ട് സ്പെയ്സിലും ഒട്ടും കോംപ്രമൈസ് ആവശ്യമില്ല. അത്തരത്തിൽ സമാനമായ എന്തെങ്കിലും മാരുതിയും കൂടെ അവതരിപ്പിച്ചാൽ സംഭവം കളറാവും എന്നാണ് ഞങ്ങളുടെ അഭിപ്രായം. രാജ്യത്ത് മുമ്പത്തേക്കാൾ ഇപ്പോൾ CNG മോഡലുകളുടെ ഡിമാൻഡ് ഏറി നിൽക്കുന്ന ഈ കാലയളവിൽ മാരുതി ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വിൽപ്പന കണക്കുകൾ കൂടുതൽ മെച്ചപ്പെടുത്താൻ ഇടയാക്കും.
അതിനു പിന്നാലെ പുതിയ ഡിസയറിൻ്റെ ലോഞ്ചും വളരെ അടുത്തിരിക്കുകയാണ്, ഈ വർഷാവസാനം കോംപാക്ട് സെഡാന്റെ ലോഞ്ച് ഉണ്ടാവും എന്നാണ് റിപ്പോർട്ട്. ഫീച്ചറുകളുടെ കാര്യത്തിൽ 2024 സ്വിഫ്റ്റിന് കിട്ടിയ അതേ അപ്പ്ഡേറ്റുകൾ ഡിസയറിലും ഉണ്ടാവും. കൂടാതെ സ്വിഫ്റ്റ് CNG പോലെ തന്നെ ഡിസയർ CNG -യും അധികം താമസിയാതെ വിൽപ്പനയ്ക്ക് എത്തും.


Click it and Unblock the Notifications








