വണ്ടിയൊന്ന് മാറുന്നോ? ബെൻസിന്റെ കരുത്തൻ കൂപ്പെ എസ്‌യുവി വന്നിട്ടുണ്ട്, വില കേട്ട് ഞെട്ടരുതെന്ന് മാത്രം
കുട്ടിക്കാലം മുതലേ നാം കേട്ടുപരിചയിച്ച ആഡംബര കാറുകളാണ് ബെൻസിന്റേത്. ജർമൻ ബ്രാൻഡിന്റെ ത്രീ-പോയിന്റ് ലോഗോ തിരിച്ചറിയാത്ത അധികമാരും നമുക്കിടയിലുണ്ടാവില്ല. പണ്ടുകാലത്തെ പ്രമാണിമാരുടെ യാത്രകളെല്ലാം ബെൻസ് കാറുകളിലായിരുന്നു. ബിഎംഡബ്യുവിനും ഔഡിക്കും എന്തിന് റോൾസ് റോയ്‌സ് വാഹനങ്ങൾക്ക് വരെ ഇന്ത്യയിൽ വഴിയൊരുക്കിയവരാണ് മെർസിഡീസ്.
സ്വന്തം രാജ്യമായ ജർമനി കഴിഞ്ഞാൽ മെർസിഡീസ് ബെൻസ് കാറുകൾക്ക് ഏറ്റവും കൂടുതൽ കാണപ്പെടുന്നതും നമ്മുടെ ഇന്ത്യയിലാണ്. ഓരോ വർഷവും പുത്തൻ മോഡലുകളാൽ സമ്പന്നമാക്കുന്ന വാഹന നിരയിലേക്ക് ഇക്കൊല്ലവും പ്രതാപികൾ എത്തിക്കൊണ്ടിരിക്കുകയാണ്. ഈ മാസം തുടക്കത്തിൽ GLS ഫെയ്‌സ്‌ലിഫ്റ്റ് കൊണ്ടുവന്ന് ഞെട്ടിച്ച ബെൻസിതാ ഇപ്പോൾ പെർഫോമൻസ് പ്രേമികളെ ബ്രാൻഡിലേക്ക് മാടിവിളിക്കുകയാണ്.

അതിനായി മെർസിഡീസ് AMG GLE 53 കൂപ്പെയുടേയും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെയും ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. 1.85 കോടി രൂപ മുതൽ വില ഈ പെർഫോമൻസ് ആഡംബര കാറിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. GLE എസ്‌യുവിയെ അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന ഈ കൂപ്പെ സ്റ്റൈൽ മോഡൽ AMG 53 രൂപത്തിൽ മാത്രമേ ലഭ്യമാകൂ. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് വില 2.25 കോടി രൂപ വരെ ഉയർന്നേക്കാമെന്നും ബെൻസ് പറയുന്നുണ്ട്.
ഇനി ഏറ്റവും പുതിയ 2024 മോഡൽ മെർസിഡീസ് AMG GLE 53 കൂപ്പെയിലെ മാറ്റങ്ങൾ എന്തെല്ലാമെന്ന് നോക്കിയാൽ മെക്കാനിക്കലായി ഫെയ്‌സ്‌ലിഫ്റ്റ് മുമ്പത്തെ മോഡലിന് സമാനമാണെന്നാണ് വിവരം. 3.0 ലിറ്റർ ആറ് സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് ഈ പായുംകുതിരക്ക് തുടിപ്പേകുന്നത്. 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിന് 435 bhp പവറിൽ 560 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.
മെർസിഡീസിന്റെ 4മാറ്റിക് ഓൾവീൽ ഡ്രൈവ് സിസ്റ്റവും സ്റ്റാൻഡേർഡായി തന്നെ ലഭ്യമാണ്. ആവശ്യമുള്ളപ്പോൾ 20 bhp, 200 Nm torque എന്നിവ അധികം ചേർക്കുന്ന പുതിയ 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവും ഈ പെർഫോമൻസ് കാറിന്റെ സവിശേഷതയാണ്. വെറും 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് 5 സെക്കൻഡുകൾ മാത്രം മതി. അതേസമയം പരമാവധി വേഗത മണിക്കൂറിൽ 250 കിലോമീറ്ററായാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്.
ഡിസൈനിലേക്ക് നോക്കിയാൽ ഒറ്റനോട്ടത്തിൽ GLE 53 കൂപ്പെ ഫെയ്‌സ്‌ലിഫ്റ്റ് മുൻഗാമിയിൽ നിന്ന് വ്യത്യസ്‌തമായി തോന്നിയേക്കില്ല. എന്നാൽ സൂക്ഷ്മമായ മാറ്റങ്ങൾ ലഭിക്കുന്ന ഫ്രണ്ട് ബമ്പറിനൊപ്പം പുനർരൂപകൽപ്പന ചെയ്‌ത ഹെഡ്‌ലൈറ്റുകളും ടെയിൽ ലൈറ്റുകളുമാണ് മെർസിഡീസ് അവതരിപ്പിക്കുന്നത്. ഒപ്പം പുതിയ പാർട്ട്-ലെതർ പാർട്ട്-അൽകൻ്റാര സ്റ്റിയറിംഗ് വീൽ പോലെ ഇൻ്റീരിയറിലും നേരിയ മാറ്റങ്ങളാണ് കമ്പനി അവതരിപ്പിക്കുന്നത്.
ഫീച്ചർ ലിസ്റ്റ് ഉൾപ്പെടെയുള്ള അകത്തളത്തിലെ ബാക്കി ഭാഗങ്ങൾ കഴിഞ്ഞ വർഷം അവസാനം എത്തിയ പുതുക്കിയ GLE എസ്‌യുവിയിൽ നമ്മൾ കണ്ടതിന് സമാനമാണ്. കസ്റ്റമൈസ് ചെയ്യാവുന്ന ഹെഡ്-അപ്പ് ഡിസ്‌പ്ലേ, സ്റ്റിയറിംഗ് വീലിലെ അധിക കൺട്രോൾ ബട്ടണുകൾ, ഹീറ്റഡ്, വെന്റിലേറ്റഡ് സവിശേഷതയുള്ള ലംബർ സപ്പോർട്ടുള്ള ഫ്രണ്ട് സീറ്റുകൾ എന്നിവ കാറിന് ആഡംബരത്തം സമ്മാനിക്കുന്നുണ്ട്.
ഓപ്ഷണൽ എക്സ്ട്രാകളിൽ AMG ട്രാക്ക് പേസ് സോഫ്റ്റ്‌വെയറും പെർഫോമൻസ് കാറിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ സൌണ്ട് ഇൻസുലേഷൻ മെച്ചപ്പെടുത്തുന്ന അക്കോസ്റ്റിക് കംഫർട്ട് പാക്കേജ്, എഎംജിയുടെ ഹൈ പെർഫോമൻസ് ബ്രേക്കിംഗ് സിസ്റ്റം എന്നിവയും ഏറ്റവും പുതിയ 2024 മെർസിഡീസ് AMG GLE 53 കൂപ്പെയിലെ പ്രത്യേകതകളാണ്. ഒമ്പത് എയർബാഗുകൾ, ബ്ലൈൻഡ് സ്പോട്ട് അസിസ്റ്റ്, 360-ഡിഗ്രി ക്യാമറകൾ, 'ട്രാൻസ്പാരന്റ് ബോണറ്റ്' തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ സ്റ്റാൻഡേർഡായി തന്നെ ലഭ്യമാണ്.
ഇപ്പോൾ മെർസിഡീസ് AMG GLE 53 കൂപ്പെയ്ക്ക് ഇന്ത്യൻ വിപണിയിൽ നേരിട്ടുള്ള എതിരാളികളില്ല. എങ്കിലും 1.42 കോടി രൂപ വിലയുള്ള പോർഷയുടെ കയീൻ കൂപ്പെയാണ് ഏറ്റവും അടുത്തുള്ള മോഡൽ. ഇത് 353 bhp കരുത്തുള്ള 3.0 ലിറ്റർ V6 ടർബോ-പെട്രോൾ എഞ്ചിനുമായാണ് വരുന്നത്. അങ്ങനെ നോക്കുമ്പോൾ പെർഫോമൻസ് കണക്കുകളിൽ അൽപം പിന്നിലാണെങ്കിലും സൂപ്പർകാർ ബ്രാൻഡ് ഇമേജ് താത്പര്യമുള്ളവർക്ക് പരിഗണിക്കാവുന്നതാണ്.


Click it and Unblock the Notifications








