പെട്രോളടിച്ച് സെലിബ്രിറ്റികൾ കാശ് കളയേണ്ട, പഴയ കാർ കൊടുത്ത് ബെൻസിന്റെ പുത്തൻ ഇലക്‌ട്രിക് എസ്‌യുവി വാങ്ങിക്കോ
ആഡംബര വാഹന വിഭാഗത്തിൽ ഇപ്പോൾ ഇലക്‌ട്രിക് കാർ തരംഗമാണ് നടന്നുകൊണ്ടിരിക്കുന്നത്. മെർസിഡീസ് ബെൻസും ബിഎംഡബ്ല്യുവും വോൾവോയും പോലുള്ള പ്രമുഖരെല്ലാം ഇവികൾ ഇതിനോടകം പുറത്തിറക്കി കഴിഞ്ഞു. സാധാരണക്കാർക്ക് ഇതൊന്നും എത്തിപ്പിടിക്കാനാവില്ലെങ്കിലും വലിയ വ്യവസായികളും സെലിബ്രിറ്റികളുമെല്ലാം ഇപ്പോൾ വിലക്കൂടിയ വാഹനങ്ങൾ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ്. വൈദ്യുത വാഹനങ്ങൾ പുറത്തിറക്കുന്നതിൽ ഏറ്റവും കൂടുതൽ തിരക്കുകൂട്ടുന്നത് ജർമൻ ബ്രാൻഡായ മെർസിഡീസ് ആണെന്ന് വേണം പറയാൻ. വലിയൊരു ഇവി നിര തന്നെ പടുത്തുയർത്തിയിരിക്കുന്നത്.
അക്കൂട്ടത്തിലേക്ക് പുതിയൊരു അതിഥി കൂടി കടന്നുവന്നിരിക്കുകയാണ്. ഏറെക്കാലമായി ഇന്ത്യ കാത്തിരുന്ന EQA ഇലക്ട്രിക് എസ്‌യുവിയാണ് മെർസിഡീസ് ബെൻസ് അവതരിപ്പിച്ചിരിക്കുന്നത്. 66 ലക്ഷം രൂപ മാത്രമാണ് ഇതിന്റെ എക്സ്ഷോറൂം വില വരുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ജർമൻ ആഡംബര വാഹന നിർമാതാക്കളുടെ എൻട്രി ലെവൽ ഇലക്ട്രിക് എസ്‌യുവിയായി ഇത് അറിയപ്പെടും.

EQB, EQE, EQS തുടങ്ങിയ ബെൻസിന്റെ ഇലക്ട്രിക് കാർ നിരയിലെ ബേബി എസ്‌യുവിയാണിത്. വോൾവോ XC40 റീചാർജ്, ബിഎംഡബ്ല്യു iX1, കിയ EV6, ഹ്യുണ്ടായി അയോണിക് 5 തുടങ്ങിയ ഇലക്ട്രിക് കാറുകളുമായാണ് മെർസിഡീസ് ബെൻസ് EQA മാറ്റുരയ്ക്കാൻ പോവുന്നത്. GLA എസ്‌യുവിയുടെ വൈദ്യുത പതിപ്പാണിതെന്ന് വേണം പറയാൻ. മൊത്തത്തിലുള്ള ഡിസൈനെല്ലാം ഏകദേശം സമാനമാണെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാനാവും.
എന്നാൽ ഇലക്ട്രിക് എസ്‌യുവിയെ വ്യതിരിക്തമാക്കുന്നതിനായുള്ള ഇവി നിർദ്ദിഷ്ട സ്റ്റൈലിംഗും മെർസിഡീസ് സമ്മാനിച്ചിട്ടുണ്ട്. പരമ്പരാഗത ഗ്രില്ലിന് പകരം ത്രീ-പോയിൻ്റഡ് സ്റ്റാർ ഘടകങ്ങൾ അലങ്കരിക്കുന്ന ഒരു ക്ലോസ്ഡ് ഫ്രണ്ട് പാനലാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമാവുന്ന കാര്യം. ഇതോടൊപ്പം സിഗ്നേച്ചർ എൽഇഡി ഹെഡ്‌ലൈറ്റുകളുള്ള കണക്‌റ്റഡ് എൽഇഡി ഡിആർഎൽ, ബാറ്ററി പായ്ക്ക് തണുപ്പിക്കാനായി ഡിസൈൻ ചെയ്ത ബമ്പറുകൾ, എയർ വെൻ്റുകൾ പോലുള്ള കാര്യങ്ങളാണ് ബെൻസ് EQA ഇവിയെ അഴകനാക്കുന്നത്.

EQA-യുടെ വശക്കാഴ്ച്ചയിലേക്ക് വന്നാൽ ഇവി നിർദ്ദിഷ്ട അലോയ് വീലുകളാണ് ആദ്യം കണ്ണിലുടക്കുക. എസ്‌യുവിയുടെ പിൻവശത്തിന് വ്യതിരിക്തമായ രൂപമാണ് ജർമൻ ആഡംബര വാഹന നിർമാതാക്കൾ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിൽ ഇതിനകം വിൽപ്പനയ്‌ക്കെത്തിയ മെർസിഡീസ് ബെൻസ് EQB ഇവിയിൽ ദൃശ്യമാകുന്ന കണക്റ്റഡ് ടെയിൽ ലൈറ്റുകളാണ് ബേബി ഇലക്ട്രിക് എസ്‌യുവിക്കും കൊടുത്തിട്ടുള്ളത്. വാഹനം ഏഴ് വ്യത്യസ്ത നിറങ്ങളിൽ ലഭ്യമാണ്.
ICE എഞ്ചിൻ മോഡലായ മെർസിഡീസ് ബെൻസ് GLA മോഡലിനോട് സാമ്യമുള്ള ഇന്റീരിയറാണ് പുതിയ EQA ഇലക്ട്രിക്കിലും ഒരുക്കിയിരിക്കുന്നത്. എന്നാൽ കുറച്ച് ഇവി-നിർദ്ദിഷ്ട ഡിസൈൻ കൂട്ടിച്ചേർക്കളിലൂടെ പുതുമ കൊണ്ടുവരാൻ കമ്പനി ശ്രമിച്ചിട്ടുണ്ട്. ഡാഷ്‌ബോർഡിലെ ഇലുമിനേറ്റഡ് സ്റ്റാറുകളും കോപ്പർ-ഫിനിഷിലുള്ള ഇല്യൂമിനേറ്റഡ് എസി വെൻ്റുകളും ട്രിമ്മുകളുമാണ് അകത്തളത്തെ വേറിട്ടുനിർത്തുന്നത്.

വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുമുള്ള ഡ്യുവൽ 10 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ സജ്ജീകരണമാണ് വാഹനത്തിലുള്ളത്. ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ യൂണിറ്റ്, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, കീലെസ് എൻട്രി, 64-കളർ ആംബിയൻ്റ് ലൈറ്റിംഗ്, പ്രീമിയം ബർമെസ്റ്റർ സറൗണ്ട് ഓഡിയോ സിസ്റ്റം, ജെസ്ച്ചർ കൺട്രോൾ, വോയ്‌സ് കമാൻഡുകൾ, പനോരമിക് സൺറൂഫ് എന്നിവയാണ് പുതിയ മെർസിഡീസ് EQA ഇലക്ട്രിക്കിലെ പ്രധാന സവിശേഷതകൾ.
വിപുലമായ സുരക്ഷാ ഫീച്ചറുകളാവും ഇവി സമ്പന്നമാണ്. ഒന്നിലധികം എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ഹിൽ-ഹോൾഡ്, ഹിൽ-ഡിസെൻ്റ്, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകളുള്ള 360-ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, പാർക്കിംഗ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, എമർജൻസി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ പോലുള്ള ADAS സവിശേഷതകളും ഇലക്ട്രിക് കാറിൽ ഒരുക്കിയിട്ടുണ്ട്.
187 bhp കരുത്തിൽ പരമാവധി 385 Nm torque ഉത്പാദിപ്പിക്കുന്ന ഫ്രണ്ട്-വീൽ ഡ്രൈവ് മോട്ടോറുമായി ജോടിയാക്കിയ 70.5 kWh ബാറ്ററി പായ്ക്കാണ് മെർസിഡീസ് ബെൻസ് EQA ഇലക്ട്രിക്കിൽ സജ്ജീകരിച്ചിരിക്കുന്നത്. ഒറ്റ ചാർജിൽ 560 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചാണ് എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. 8.6 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന വാഹനത്തിന്റെ പരമാവധി വേഗം 160 കിലോമീറ്ററായാണ് നിജപ്പെടുത്തിയിരിക്കുന്നത്.
ഡിസി ഫാസ്റ്റ് ചാർജിംഗിനൊപ്പം 7.4 kW, 11 kW എസി ചാർജിംഗും ഇലക്ട്രിക് എസ്‌യുവി പിന്തുണയ്ക്കുന്നുണ്ട്. ഫാസ്റ്റ് ഡിസി ചാർജർ ഉപയോഗിച്ചാൽ 35 മിനിറ്റിനുള്ളിൽ ബാറ്ററി 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാനാവുമെന്നാണ് മെർസിഡീസ് ബെൻസ് പറയുന്നത്. പുതിയ മോഡൽ ഇന്ത്യക്കാരെ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെലിബ്രിറ്റികളെല്ലാം ഇവികളിലേക്ക് മാറിത്തുടങ്ങിയതും ജർമൻ ബ്രാൻഡിന് മൈലേജാവും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








