സെലിബ്രിറ്റികളെ കൊതിപ്പിക്കാൻ ബെൻസിന്റെ 7 സീറ്റർ എസ്‌യുവി വന്നു, മുടക്കേണ്ടത് 1.32 കോടി രൂപ
ആഡംബര കാറുകൾക്ക് ഏറ്റവും കൂടുതൽ സാധ്യതയുള്ള വിപണികളിൽ ഒന്നായി നമ്മുടെ ഇന്ത്യ മാറിയത് കണ്ണടച്ച് തുറക്കുന്ന വേഗത്തലായിരുന്നു. സിനിമാക്കാരും വ്യവസായികളുമെല്ലാം കൂട്ടത്തോടെ ലക്ഷ്വറി വണ്ടികൾ വാങ്ങിക്കൂട്ടുമ്പോൾ കമ്പനികൾക്കെല്ലാം ലോട്ടറിയാണ്. ബിഎംഡബ്ല്യുവും ഔഡിയും ലാൻഡ് റോവറും പോലുള്ള പല ബ്രാൻഡുകളുമുണ്ടെങ്കിലും ലക്ഷ്വറി എന്നുകേൾക്കുമ്പോൾ തന്നെ ആദ്യം മനസിലേക്ക് ഓടിയെത്തുന്ന പേര് മെർസിഡീസ് ബെൻസ് എന്നായിരിക്കും.
ഇന്ത്യയോട് പ്രത്യേക ഇഷ്‌ടമുള്ള മെർസിഡീസ് ന്യൂയർ സമ്മാനവുമായി എത്തിയിരിക്കുകയാണ്. പുതുവർഷം പിറന്ന് ദിവസങ്ങൾക്കുള്ളിൽ തങ്ങളുടെ പുത്തൻ എസ്‌യുവിയായ GLS ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കിയിരിക്കുകയാണ് ബ്രാൻഡ്. GLS 450, GLS 450d എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി എത്തുന്ന വാഹനത്തിന് യഥാക്രമം 1.32 കോടി, 1.37 കോടി എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്.

കഴിഞ്ഞ വർഷം ഏപ്രിലിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച GLS എസ്‌യുവിയുടെ അതേ പതിപ്പാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്. നിലവിൽ രാജ്യത്ത് ചൂടപ്പം പോലെ വിറ്റഴിക്കുന്ന ലക്ഷ്വറി സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളിൽ ഒന്നാണിത്. പുതിയ മാറ്റങ്ങളോടെ എത്തുമ്പോൾ ആളുകളെ ഇനിയും മോഡലിലേക്ക് ആകർഷിക്കാനാവുമെന്നാണ് ബെൻസിന്റെ പ്രതീക്ഷ. ഡിസൈൻ, ഫീച്ചർ പരിഷ്ക്കാരങ്ങളോടെ എത്തുന്ന വണ്ടിയുടെ അഴക് വർധിച്ചിട്ടുണ്ടെന്ന് വേണം പറയാൻ.
വെള്ളിയിൽ തീർത്ത തിരശ്ചീനമായി ഘടിപ്പിച്ചിരിക്കുന്ന 4-സ്ലാറ്റ് റേഡിയേറ്റർ ഗ്രില്ലാണ് GLS ഫെയ്‌സ്‌ലിഫ്റ്റിനെ വേറിട്ടുനിർത്തുന്നത്. എൽഇഡി ഹെഡ്‌ലാമ്പുകളുടെയും എൽഇഡി ടെയിൽ ലൈറ്റുകളുടെയും രൂപകൽപ്പനയും വരെ മുൻഗാമിയിൽ നിന്നും വ്യത്യസ്‌തമാണ്. റീപ്രൊഫൈൽ ചെയ്ത ഫ്രണ്ട് ബമ്പറിൽ പുതിയ എയർ ഇൻലെറ്റ് ഗ്രില്ലുകളും ഉയർന്ന ഗ്ലോസ് ബ്ലാക്ക് സറൗണ്ടുകളും ഉണ്ട്. ഈ മാറ്റങ്ങൾ കൂടാതെ GLS മാറ്റമില്ലാതെ തുടരുകയാണ്.

പുതുക്കിയ ബെൻസ് എസ്‌യുവിയുടെ ഇന്റീരിയർ മുൻ മോഡലുമായി ഏറെക്കുറെ സമാനമാണ്. എന്നിരുന്നാലും കറ്റാലന ബ്രൗൺ, ബഹിയ ബ്രൗൺ എന്നിവയുടെ രൂപത്തിൽ പുതിയ അപ്ഹോൾസ്റ്ററി ഓപ്ഷനുകൾ GLS ഫെയ്‌സ്‌ലിഫ്റ്റിൽ മെർസിഡീസ് അവതരിപ്പിക്കുന്നു. വാഹനത്തിന് മധ്യനിരയിൽ വിദേശത്ത് ലഭിക്കുന്ന ക്യാപ്റ്റൻ സീറ്റുകളുള്ള ആറ് സീറ്റർ ക്യാബിൻ ലഭിക്കുന്നില്ല. പകരം 7-സീറ്റർ പതിപ്പായാണ് ആഭ്യന്തര തലത്തിൽ എത്തുന്നത്.
കേന്ദ്രീകൃതമായി ഘടിപ്പിച്ച ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലെ ഡ്രൈവർ ഡിസ്‌പ്ലേയും സംയോജിപ്പിച്ച് നവീകരിച്ച MBUX ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഇന്റീരിയറിലെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന്. 13-സ്പീക്കർ ബർമെസ്റ്റർ 590-വാട്ട് ഓഡിയോ സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഫ്രണ്ട്, റിയർ യാത്രക്കാർക്ക് വയർലെസ് ചാർജിംഗ്, സൗണ്ട് കസ്റ്റമൈസേഷൻ തുടങ്ങിയവ സവിശേഷതകളും കാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സേഫ്റ്റി ഫീച്ചറുകളിലേക്ക് നോക്കിയാൽ ലോ-സ്പീഡ് 360-ഡിഗ്രി ക്യാമറയും വാഹനത്തിന് ചുറ്റുമുള്ള ഒന്നിലധികം ക്യാമറ വ്യൂപോയിന്റുകളുള്ള ഓഫ്-റോഡ് മോഡും അടങ്ങുന്ന കാര്യങ്ങളാണ് ഏറ്റവും പുതിയ GLS എസ്‌യുവിയിൽ ഒരുക്കിയിട്ടുള്ളത്. ഒന്നിലധികം എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) എന്നിവയാണ് ആഡംബര എസ്‌യുവിയിലെ മറ്റ് സുരക്ഷാ ഫീച്ചറുകൾ.
പുതിയ മെർസിഡീസ് ബെൻസ് GLS പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. 360 ബിഎച്ച്‌പി പവറിൽ 500 Nm torque നൽകുന്ന 3.0 ലിറ്റർ ആറ് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് GLS 450 വേരിയന്റിന് തുടിപ്പേകുന്നത്. അതേസേയം 325 bhp കരുത്തിൽ 700 Nm torque ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റർ ആറ് സിലിണ്ടർ ഡീസൽ എഞ്ചിനാണ് GLS 450d പതിപ്പിൽ പ്രവർത്തിക്കുന്നത്.

പെട്രോൾ, ഡീസൽ എഞ്ചിനുകൾ പുതിയ 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കുയിട്ടുണ്ടെന്നും ജർമൻ ബ്രാൻഡ് പറയുന്നു. ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിക്ക് 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് സ്റ്റാൻഡേർഡായി ലഭിക്കുന്നത്. ഇത് മെർസിഡീസ്പ് ബെൻസിന്റെ പ്രശസ്തമായ 4മാറ്റിക് പ്ലസ് ഓൾ-വീൽ ഡ്രൈവ് സജ്ജീകരണവും വാഗ്‍ദാനം ചെയ്യുന്നുണ്ട്. ഇക്കോ, കംഫർട്ട്, ഓഫ് റോഡ് എന്നീ മൂന്ന് ഡ്രൈവ് മോഡുകളും GLS-ൽ നൽകിയിട്ടുണ്ട്.


Click it and Unblock the Notifications








