സെലിബ്രിറ്റികൾ ബെൻസ് ഷോറൂമിൽ ക്യൂ നിൽക്കും, രാജ്യത്തെ ഏറ്റവും വിലക്കൂടിയ ഇലക്‌ട്രിക് കാറുകളിൽ ഒന്ന് വിപണിയിൽ
ബെൻസ് എന്ന ആഡംബര വാഹന നിർമാതാക്കളെ (Luxury Cars) അറിയാത്തവരായി ആരുമുണ്ടാവില്ല. ജർമനിയിൽ നിന്നാണ് വരവെങ്കിലും ഇന്ത്യക്കാർ തങ്ങളുടെ സ്വന്തം വണ്ടിക്കമ്പനിയായാണ് മെർസിഡീസിനെ (Mercedes Benz) ഇതുവരെ കണ്ടിട്ടുള്ളതും. സിനിമാ താരങ്ങൾക്കിടയിലും വലിയ വ്യവസായി പ്രമുഖർക്കിടയിലുമാണ് ഇത്തരം കാറുകൾ കൂടുതൽ വിറ്റഴിക്കുന്നതെങ്കിലും ഏതൊരു സാധാരണക്കാരനും ഈ വാഹനങ്ങളെല്ലാം നിരത്തുകളിലൂടെ ഒഴുകി നടക്കുന്നത് കാണാൻ ഇഷ്‌ടപ്പെടുന്നവരാണ്. ഇന്ത്യയെന്നാൽ ബെൻസിനും പ്രത്യേക ഇഷ്‌ടമുള്ള നാടാണ്. കൃത്യമായ ഇടവേളകളിൽ പുത്തൻ മോഡലുകൾ അവതരിപ്പിക്കുന്നതെല്ലാം ഇതിന്റെ ഭാഗമാണ്. അതുപോലെ തന്നെ വിൽപ്പന പിടിക്കുന്നതും വാശിയോടെയാണ്.
മെർസിഡീസ് ബെൻസ് ഇന്ത്യ മെയ്ബാക്ക് EQS ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ചാണ് ഇപ്പോൾ വിപണിയെ കിടുക്കിയിരിക്കുന്നത്. ലോട്ടസ് എലെറ്ററിന് ശേഷം ഇന്ത്യൻ വിപണിയിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ ഇലക്ട്രിക് എസ്‌യുവിയാണ് ഇതിന് 2.25 കോടി രൂപയാണ് രാജ്യത്ത് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. സ്റ്റാൻഡേർഡ് EQS എസ്‌യുവിയെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നത്.

എങ്കിലും സ്വയം വേർതിരിച്ചറിയാൻ EQS ഇലക്ട്രിക് എസ്‌യുവിക്ക് മെയ്ബാക്ക് നിർദ്ദിഷ്ട ഡിസൈൻ, ഫീച്ചർ, ടെക് അപ്‌ഗ്രേഡുകൾ എന്നിവയെല്ലാം ലഭിക്കുന്നുണ്ട്. കാഴ്ച്ചയിൽ ആരേയും മോഹിപ്പിക്കുന്ന വിധമാണ് അത്യാഡംബര വൈദ്യുത കാറിനെ ജർമൻ വാഹന നിർമാതാക്കൾ ഒരുക്കിയിരിക്കുന്നത്. മുൻവശത്തെ കൂറ്റൻ വാട്ടർഫാൾ ഗ്രിൽ പാനലിൽ ക്രോം പൂശിയ സ്ട്രിപ്പുകളാണ് ഒരുക്കിയിരിക്കുന്നത്. ഇത് മെയ്ബാക്ക് ആഡംബരം കൊണ്ടുവരുന്നതിൽ വിജയിച്ചിട്ടുണ്ട്.
കൂടാതെ പാനൽ, ഇൻഡിയം കൊണ്ട് നിർമിച്ചിരിക്കുന്നതും സവിശേഷമാണ്. അതിനാൽ ബോറടിപ്പിക്കുന്ന റഡാർ പാനൽ ദൃശ്യമാകില്ല. ത്രീ- പോയിന്റ് സ്റ്റാർ ബോണറ്റിൻ്റെ മുകൾ ഭാഗത്തേക്ക് നീങ്ങിക്കിയിരിക്കുന്നതും മനോഹരമായിട്ടുണ്ടെന്നാണ് കാഴ്ച്ചക്കാർ പറയുന്നത്. ട്രേഡ്മാർക്കായ മെയ്ബാക്ക് ഡ്യുവൽ-ടോൺ കളർ ഓപ്ഷനും കൂടിയാവുമ്പോൾ മെയ്ബാക്ക് EQS ഇലക്ട്രിക് എസ്‌യുവി അതിഗംഭീരമാവുകയാണ്. മലയാള സിനിമയിലെ വണ്ടിഭ്രാന്തൻമാരുടെ മനസ് പിടിച്ചെടുക്കാൻ ഇവിക്കാവുമെന്ന കാര്യം ഉറപ്പാണ്.

ഇന്റീരിയറിൽ ട്രിപ്പിൾ സ്‌ക്രീൻ ഡിസ്‌പ്ലേയുള്ള EQS എസ്‌യുവിയുടെ അതേ ലേഔട്ടാണ് വൈദ്യുത പതിപ്പിലും പിന്തുടർന്നിരിക്കുന്നത്. പക്ഷേ മെയ്ബാക്ക് നിർദ്ദിഷ്ട സ്റ്റാർട്ട്-അപ്പ് സീക്വൻസുകൾ. പിൻസീറ്റ് എൻ്റർടെയ്ൻമെൻ്റ് പാക്കേജിൽ രണ്ട് 11.6 ഇഞ്ച് ഡിസ്പ്ലേകൾ എന്നിവയെല്ലാം ഉൾപ്പെടുന്നുണ്ട്. വാഹനത്തിന് പുറത്ത് വരെ ഉപയോഗിക്കാവുന്ന MBUX ടാബ്‌ലെറ്റും പിൻഭാഗത്തുണ്ട്.
മെയ്ബാക്ക് EQS എസ്‌യുവിക്ക് രണ്ട് ഓപ്‌ഷണൽ പാക്കേജുകളും മെർസിഡീസ് ബെൻസ് ഒരുക്കിയിട്ടുണ്ട്. അതായത് തെർമൽ കപ്പ് ഹോൾഡറുകൾ, MBUX റിയർ ടാബ്‌ലെറ്റിനുള്ള ഷെൽഫ്, നാല് USB-C പോർട്ടുകൾ, രണ്ട് HDMI ഇൻ്റർഫേസുകൾ എന്നിവ ഉൾപ്പെടുന്ന Chauffeur പാക്കേജ്, ഫസ്റ്റ് ക്ലാസ് റിയർ പാക്കേജ് എന്നിവയാണവ. ഓപ്ഷണൽ ആഡ്-ഓണുകളിൽ ഫോൾഡിംഗ് ടേബിളുകൾ, ഒരു കൂളിംഗ് കമ്പാർട്ട്മെന്റ്, സിൽവർ പൂശിയ ഷാംപെയ്ൻ ഗോബ്ലറ്റുകൾ എന്നിവയും ഉൾപ്പെടുന്നു.

മെയ്ബാക്ക് EQS എസ്‌യുവി 680 ട്രിമ്മിലാണ് മെർസിഡീസ് ബെൻസ് ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നത്. ഡ്യുവൽ ഇലക്ട്രിക് മോട്ടോർ സെറ്റപ്പിൽ വരുന്ന കാറിന് മൊത്തത്തിൽ 658 bhp പവറിൽ പരമാവധി 950 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്ന് കമ്പനി പറയുന്നു. സ്റ്റാൻഡേർഡായി 4മാറ്റിക് ഓൾവീൽ ഡ്രൈവ് സാങ്കേതികവിദ്യയും ഇവിക്ക് ലഭിക്കുന്നുണ്ട്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ മണിക്കൂറിൽ 0-100 കി.മീ വേഗതയിൽ കുതിക്കാൻ മോഡലിന് വെറും 4.4 സെക്കൻഡ് മതിയാവും.
അതേസമയം പരമാവധി വേഗം 210 കിലോമീറ്ററായും മെർസിഡീസ് ബെൻസ് നിജപ്പെടിത്തിയിട്ടുണ്ട്. വലിയ 122kWh ബാറ്ററി പായ്ക്കുമായി വരുന്ന EQS 680 ഇലക്ട്രിക് ലക്ഷ്വറി എസ്‌യുവിക്ക് ഒറ്റ ചാർജിൽ 611 കിലോമീറ്റർ വരെ റേഞ്ച് ഉണ്ടാവുമെന്നാണ് കമ്പനി പറയുന്നത്. 200kW DC ഫാസ്റ്റ് ചാർജറിൻ്റെ സഹായത്തോടെ മെയ്ബാക്ക് ഇവി 31 മിനിറ്റിനുള്ളിൽ 10-80 ശതമാനം വരെ ചാർജ് ചെയ്യാം. 20 മിനിറ്റ് ചാർജിൽ 300 കിലോമീറ്റർ റേഞ്ച് നേടാനാകുമെന്ന് മെഴ്‌സിഡസ് പറയുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








