ഇന്ത്യയിലെ ഏറ്റവും വില കൂടിയ ഇലക്‌ട്രിക് എസ്‌യുവി; മെയ്ബാക്ക് EQS ഇവിയുടെ വോക്ക്എറൗണ്ട് വീഡിയോ കാണാം
എല്ലാവർക്കും അറിയാവുന്ന ലക്ഷ്വറി വാഹന നിർമാതാക്കളാണ് മെർസിഡീസ് ബെൻസ് (Mercedes Benz). അടുത്തിടെ രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് മെയ്ബാക്ക് മോഡലായ EQS എസ്‌യുവി അവതരിപ്പിച്ചാണ് ജർമൻ ബ്രാൻഡ് ഏവരേയും അത്ഭുതപ്പെടുത്തിയത്. പ്രതീക്ഷിച്ചതുപോലെ അത്യാഡംബര ഫീച്ചറുകളാലും സവിശേഷതകളാലും സമ്പന്നമായ മോഡലായാണ് വൈദ്യുത കരുത്തിൽ EQS എത്തുന്നത്. ഡ്യുവൽ മോട്ടോർ സജ്ജീകരണവും 4MATIC ഓൾ-വീൽ ഡ്രൈവും സ്റ്റാൻഡേർഡായി വരുന്ന വാഹനത്തിന് സിംഗിൾ ചാർജിൽ ഏകദേശം 611 കിലോമീറ്റർ റേഞ്ച് ലഭിക്കുമെന്നാണ് മെർസിഡീസ് അവകാശപ്പെടുന്നത്. 122kWh ബാറ്ററി പായ്ക്കാണ് എസ്‌യുവിയുടെ ഹൃദയമായി പ്രവർത്തിക്കുന്നതും.
പെർഫോമൻസ് കണക്കുകളിലേക്ക് വന്നാൽ 4.4 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ കൈവരിക്കാൻ മെർസിഡീസ് EQS ഇലക്ട്രിക് എസ്‌യുവിക്ക് സാധിക്കും. അതേസമയം ഇന്ത്യയിൽ പരമാവധി വേഗം 210 കിലോമീറ്ററായും കമ്പനി നിജപ്പെടുത്തിയിട്ടുണ്ട്. 200kW ഡിസി ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നതിനാൽ ചാർജിംഗ് ആശങ്കകളും വേണ്ടതില്ല. വാഹനം മൊത്തത്തിൽ എങ്ങനെയുണ്ടെന്നറിയാൻ വോക്ക് എറൗണ്ട് വീഡിയോ കണ്ടോലോ?
പുതിയ മെയ്ബാക്ക് EQS ഇവി 2024 സെപ്റ്റംബർ അഞ്ചിന് ഇന്ത്യയിൽ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. വിലയും ഇനി രണ്ട് ദിവസങ്ങൾക്കപ്പുറം അറിയാം. MBUX ഹൈപ്പർസ്‌ക്രീൻ, പിന്നിലെ യാത്രക്കാർക്കായി ഇരട്ട 11.6 ഇഞ്ച് സ്‌ക്രീനുകൾ, 15-സ്പീക്കർ ബർമെസ്റ്റർ സോഴ്‌സ് സൗണ്ട് സിസ്റ്റം, 64-കളർ ആംബിയൻ്റ് ലൈറ്റിംഗ്, എയർ സസ്‌പെൻഷനുകൾ, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, ADAS, 360 ഡിഗ്രി സറൗണ്ട് ക്യാമറ, പ്രീമിയം സീറ്റ് അപ്ഹോൾസ്റ്ററി പോലുള്ള ഗംഭീര ഫീച്ചറുകളും ഇതിലുണ്ടാവും.

ഇന്ത്യയിലെ ഏറ്റവും വില കൂടിയ ഇലക്‌ട്രിക് എസ്‌യുവിയാണ് കേട്ടോ ഈ കാണുന്ന മുതല്. സ്റ്റാൻഡേർഡ് EQS എസ്‌യുവിയുടേതിന് സമാനമായ വലിപ്പമായിരിക്കും മെയ്ബാക്ക് EQS എസ്‌യുവിക്ക് ഉണ്ടാവുക. തെരഞ്ഞെടുക്കാൻ അഞ്ച് ടു-ടോൺ കളർ കോമ്പിനേഷനുകളുള്ള ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളുമുണ്ടാവും. ബോണറ്റിൽ ത്രീ-പോയിൻ്റ് സ്റ്റാർ ബാഡ്ജ്, ക്രോം പൂശിയ സ്ട്രിപ്പുകൾ, ഡി-പില്ലറിൽ മെയ്ബാക്ക് എംബ്ലം, 22 ഇഞ്ച് വരെ നീളമുള്ള അലോയ് വീലുകൾ എന്നിവയെല്ലാമായിരിക്കും എസ്‌യുവിയുടെ എക്സ്റ്റീരിയർ ഹൈലൈറ്റുകൾ.


Click it and Unblock the Notifications








