സിനിമാക്കാർ വാങ്ങിക്കൂട്ടിയ ഈ കാറിന് കിട്ടിയത് എട്ടിന്റെ പണി, ഇനിയും ഓടിച്ചാൽ കത്തിപ്പിടിക്കുമെന്ന് കമ്പനി
ഇന്ത്യയിൽ ആഡംബര കാറുകൾ ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്നത് ആരെന്ന് ചോദിച്ചാൽ കണ്ണുംപൂട്ടി പറയാനാവും അത് സിനിമാ താരങ്ങളാണെന്ന്. ദിവസങ്ങൾ ഗ്യാപ്പിൽ പുത്തൻ വണ്ടികൾ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ് സെലിബ്രിറ്റികൾ. മോളിവുഡ് മുതൽ അങ്ങ് ഹോളിവുഡ് വരെ ഇക്കാര്യത്തിന് താരങ്ങളെല്ലാം ഒറ്റക്കെട്ടാണ്. കോടികൾ മുടക്കി കാറുകൾ വാങ്ങുന്നതിൽ നടീനടൻമാരെല്ലാം മുൻപന്തിയിലാണ്. ഇക്കൂട്ടത്തിൽ ആളുകൾക്ക് കൂടുതൽ പ്രിയം മെർസിഡീസ് ബെൻസ് മോഡലുകളോടുമാണ്. അങ്ങനെ എല്ലാവരും മെയ്‌ബാക്കിലേക്കാണ് കണ്ണുവെച്ചത്. ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെയും ക്യൂൻ ഓഫ് ഇന്ത്യൻ സിനിമ എന്നറിയപ്പെടുന്ന ദീപിക പദുകോണിന്റെയും മുറ്റത്ത് മെയ്‌ബാക്കിന്റെ ആഡംബരം എത്തി.
എന്നാൽ ഇനി ഈ വണ്ടി വാങ്ങിയവരെല്ലാം ഷോറൂമിലേക്ക് വെച്ചുപിടിക്കേണ്ട അവസ്ഥയാണിപ്പോൾ. കാരണം എന്താണന്നല്ലേ, നിർമാണ തകരാർ കാരണം മെർസിഡീസ് മെയ്‌ബാക്ക് എസ്-ക്ലാസ് ഇന്ത്യയിൽ തിരിച്ചുവിളിച്ചിരിക്കുകയാണ് ജർമൻ ആഡംബര വാഹന നിർമാതാക്കൾ. വാഹനത്തിൻ്റെ എഞ്ചിൻ കൺട്രോൾ യൂണിറ്റ് (ECU) സോഫ്‌റ്റ്‌വെയറിലെ പ്രശ്‌നം കാരണം 2021 ഏപ്രിൽ 29 നും 2024 ജനുവരി 27 നും ഇടയിൽ നിർമിച്ച മോഡലുകൾക്കാണ് തിരിച്ചുവിളി ബാധകമാവുക.

മെർസിഡീസ് മെയ്‌ബാക്ക് എസ്-ക്ലാസിൻ്റെ 386 യൂണിറ്റുകളാണ് ജർമൻ വാഹന നിർമാതാക്കൾ തിരിച്ചുവിളിച്ചിരിക്കുന്നത്. അതേസമയം 2021 ഏപ്രിൽ 21-ന് നിർമിച്ച ഒരു യൂണിറ്റും ഇതേ പ്രശ്‌നം കാരണം ബെൻസ് തിരിച്ചുവിളിച്ചിട്ടുണ്ടെന്നാണ് വിവരം. SIAM-മായി പങ്കിട്ട വിശദാംശങ്ങൾ അനുസരിച്ച് ഇസിയു സോഫ്‌റ്റ്‌വെയർ നിലവിലെ സവിശേഷതകൾ പാലിക്കുന്നില്ലെന്നാണ് മെർസിഡീസ് ബെൻസ് പറയുന്നത്.
തകരാറിലായ സോഫ്‌റ്റ്‌വെയർ എക്‌സ്‌ഹോസ്റ്റ് താപനിലയിൽ വർധനവിന് കാരണമായേക്കാമെന്നാണ് മെർസിഡീസ് വിശദീകരിച്ചിരിക്കുന്നത്. ഈ പ്രശ്‌നം എഞ്ചിൻ വയറിംഗ് ഹാർനെസ്, കാറ്റലറ്റിക് കൺവെർട്ടർ എന്നിവയും അതിലേറെയും ഉൾപ്പെടെയുള്ള ഘടകങ്ങളെ നശിപ്പിക്കും. കൂടാതെ പ്രൊപ്പൽഷൻ നഷ്ടപ്പെടാനും തീ പിടിക്കാനും വരെ ഇത് ഇടയാക്കിയേക്കുമെന്നാണ് കമ്പനി പറയുന്നത്. ആയതിനാൽ ഈ തകരാറും വെച്ച് അധിക ദൂരം ഓടിക്കാതെ നേരെ ഷോറൂമിലേക്ക് വെച്ചുപിടിച്ചോ.

മെർസിഡീസ് ബെൻസ് ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല. ബ്രാൻഡിൻ്റെ ഫ്ലാഗ്ഷിപ്പ് സെഡാനുകളിൽ ഒന്നാണ് എസ്-ക്ലാസ്. ഇന്ത്യയിൽ 1.77 കോടി മുതലാണ് കാറിന് വില ആരംഭിക്കുന്നത്. മെയ്ബാക്ക് എസ്-ക്ലാസാണെങ്കിൽ 2.72 കോടി രൂപ മുതലും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. S 580, S 680 എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഈ അത്യാഡംബര വാഹനം വിപണിയിൽ എത്തുന്നത്.
ഇതിൽ ആദ്യത്തെ എസ്-ക്ലാസ് S 580 വേരിയന്റിന് 4.0 ലിറ്റർ 8 സിലിണ്ടർ പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്. അത് 469 bhp കരുത്തിൽ പരമാവധി 700 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം S 680 പതിപ്പിന് 6.0 ലിറ്റർ V12 പെട്രോൾ എഞ്ചിനാണ് ഹൃദയം. 603 bhp പവറിൽ 900 Nm torque വരെ നിർമിക്കാൻ ഫ്ലാഗ്ഷിപ്പ് പതിപ്പിനാവും. രണ്ട് യൂണിറ്റുകളും 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്.

രണ്ടാമത്തേത് ഫോർവീൽ ഡ്രൈവ് ഓപ്ഷനുമായാണ് വരുന്നത്. മെയ്ബാക്ക് സെഡാന്റെ രണ്ട് വേരിയന്റുകളുടേയും പരമാവധി വേഗത 250 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇനി ഫീച്ചറുകളിലേക്ക് നോക്കിയാൽ മുന്നിലും പിന്നിലും ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന സീറ്റുകൾ, ഹീറ്റഡ്, വെൻറിലേറ്റഡ് സീറ്റുകൾ, പനോരമിക് സൺറൂഫ്, ഫ്ലഷ് ഫിറ്റ് ഡോർ ഹാൻഡിലുകൾ, ആംബിയന്റ് ലൈറ്റുകൾ, പ്രീമിയം ലെതർ അപ്‌ഹോൾസ്റ്ററി പോലുള്ള സംവിധാനങ്ങളെല്ലാം കിട്ടും.
ഇതുകൂടാതെ പിൻ സീറ്റുകൾക്കുള്ള മസാജ് ഫംഗ്‌ഷൻ, മെർസിഡീസ് MBUX ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കണക്റ്റഡ് കാർ ഫീച്ചറുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പിൻ യാത്രക്കാർക്ക് ജെസ്ച്ചറിലൂടെ ഇലക്ട്രിക്കലായി അടയ്ക്കാനാവുന്ന റിയർ ഡോറുകൾ എയർമാറ്റിക് സസ്പെൻഷനുകൾ എന്നിങ്ങനെയുള്ള ധാരാളം സവിശേഷതകളും മെർസിഡീസ് ബെൻസിന്റെ കാറിലുണ്ട്. മെർസിഡീസുമായി ബന്ധപ്പെട്ട വാർത്തകളിലേക്ക് നോക്കിയാൽ 2025 ജനുവരി ഒമ്പതിന് ജി-ക്ലാസ് 580 വിപണിയിലെത്തിക്കും.


Click it and Unblock the Notifications








