സൂപ്പർ ഫീച്ചറുകളും ഗംഭീര യാത്രാ സുഖവുള്ള എസ്‌യുവി, പക്ഷേ ഇനി വാങ്ങണേൽ അൽപം വിയർപ്പൊഴുക്കേണ്ടി വരും
മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിന്റെ മുഖം തന്നെ മാറിമറിച്ച മോഡലാണ് എംജി ആസ്റ്റർ. ആഡംബര കാറുകളിൽ മാത്രം കണ്ടിരുന്ന ADAS ഉൾപ്പടെയുള്ള നൂതന സംവിധാനങ്ങളും സവിശേഷതകളുമെല്ലാം സാധാരണക്കാരിലേക്ക് എത്തിച്ച ആസ്റ്റർ ഇന്ന് വിൽപ്പനയുടെ കാര്യത്തിൽ അൽപം പിന്നിലാണെങ്കിലും ഇന്നുകാണുന്ന നിലയിലേക്ക് ഈ വിഭാഗത്തെ വളർത്തിയെടുക്കുന്നതിൽ എംജിയുടെ സ്പോട് യൂട്ടിലിറ്റി വാഹനം വലിയൊരു പങ്കുതന്നെയാണ് വഹിച്ചിട്ടുള്ളത്. ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസും അരങ്ങുവാണിരുന്ന സമയത്താണ് ആസ്റ്റർ വിപണിയിലെത്തിയത്. ഇതിനിടയിൽ തന്റേതായ സാന്നിധ്യം കണ്ടെത്താനും ആളെക്കൂട്ടാനും മോഡലിനായി.
ഇപ്പോൾ മാരുതി ഗ്രാൻഡ് വിറ്റാരയൊക്കെ അടിപൊളിയായി മുന്നേറുന്നുണ്ടെങ്കിലും ആസ്റ്ററിലുള്ള പല ഫീച്ചറുകളും ഇവയിലൊന്നും കണികാണാൻ കിട്ടില്ല. ഇക്കഴിഞ്ഞ ദിവസം ഹെക്‌ടർ, ഹെക്‌ടർ പ്ലസ്, കോമെറ്റ്, ZS ഇവി പോലുള്ള മോഡലുകൾക്ക് വില വർധിപ്പിച്ച കമ്പനി ആസ്റ്റർ മിഡ്-സൈസ് എസ്‌യുവിയുടെ വിലയിലും പരിഷ്ക്കാരം കൊണ്ടുവന്നിരിക്കുകയാണ്. വാഹനത്തിന്റെ തെരഞ്ഞെടുത്ത വേരിയൻ്റുകളിൽ 38,000 രൂപ വരെയാണ് വർധിപ്പിച്ചിരിക്കുന്നത്.

എന്നാൽ എംജി ആസ്റ്ററിന്റെ ബേസ് വേരിയൻ്റിനുള്ള വിലയിൽ കൈവെക്കാൻ ബ്രാൻഡ് തയാറായിട്ടില്ല എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. നിലവിൽ 9.98 ലക്ഷം രൂപ മുതലാണ് മിഡ്-സൈസ് എസ്‌യുവിയുടെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ആസ്റ്റർ ഷാർപ്പ് പ്രോ, സാവി പ്രോ എന്നിവയ്ക്ക് യഥാക്രമം 31,800 രൂപ, 38,000 രൂപ എന്നിങ്ങനെയാണ് വില വർധിച്ചത്. സ്‌പ്രിൻ്റ്, ഷൈൻ, സെലക്ട്, സ്‌മാർട്ട്, ഷാർപ്പ് പ്രോ, സാവി പ്രോ എന്നിങ്ങനെ ആറ് വേരിയന്റുകളിലായാണ് എസ്‌യുവി വിൽക്കുന്നത്.
ഇന്ത്യൻ വിപണിയിൽ ഹിറ്റായ ZS ഇലക്‌ട്രിക് എസ്‌യുവിയുടെ പെട്രോൾ വകഭേദമാണ് ശരിക്കും ആസ്റ്റർ. അടിസ്ഥാന രൂപം ഒന്നാണെങ്കിലും സ്റ്റൈലിംഗിൽ ചെറിയ നവീകരണങ്ങൾ കൊണ്ടുവരാൻ ബ്രിട്ടീഷ് വാഹന നിർമാതാക്കൾക്ക് സാധിച്ചിട്ടുണ്ട്. പുതിയ ഫ്രണ്ട് ഗ്രിൽ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎൽ, ഹാലൊജൻ ഫോഗ് ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവ ഉൾപ്പെടുന്നതാണ് എക്സ്റ്റീരിയർ ഹൈലൈറ്റുകൾ.

സ്‌പോർട്ട് ഡ്യുവൽ ടോൺ അലോയ് വീലുകൾ, ഹൈ മൗണ്ടഡ് സ്റ്റോപ്പ് ലാമ്പ് ഉള്ള ഒരു ഇന്റഗ്രേറ്റഡ് സ്‌പോയിലർ, റിയർ വാഷർ, വൈപ്പർ പോലുള്ള സവിശേഷതകളും എസ്‌യുവിയിലുണ്ട്. ഇന്റീരിയറിലേക്ക് കയറിയാൽ സംഗതിയാകെ മാറും. 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ചാർജിംഗ്, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ലെതർ സീറ്റുകൾ തുടങ്ങിയ കാര്യങ്ങളാണ് ആസ്റ്ററിലുള്ളത്.
ഇതുകൂടാതെ ആറു തരത്തിൽ ക്രമീകരിക്കാവുന്ന പവർഡ് ഡ്രൈവർ സീറ്റ്, പവർ ഫോൾഡിംഗ്, ഹീറ്റഡ് ORVM-കൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, PM 2.5 AC ഫിൽട്ടർ, ഐ-സ്മാർട്ട് ഇവി 2.0 കണക്റ്റഡ് കാർ ഫീച്ചറുകൾ, 6-സ്പീക്കർ ഓഡിയോ സിസ്റ്റം, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റീവ് സിസ്റ്റം (ADAS) പോലുള്ള അത്യാധുനിക ഫീച്ചറുകളും എംജി ആസ്റ്ററിനെ അടിപൊളിയാക്കുന്ന സവിശേഷതകളാണ്. പ്രീമിയം ക്യാബിൻ, സുഖപ്രദമായ യാത്ര, വിപുലമായ സവിശേഷതകൾ എന്നിവയാൽ വേറിട്ടുനിൽക്കാനാണ് ആസ്റ്റർ ശ്രമിച്ചിട്ടുള്ളത്.

എസ്‌യുവിയുടെ ADAS ടെക്കിൽ ഓട്ടോണമസ് ലെവൽ 2 സാങ്കേതികവിദ്യയും ആസ്റ്ററിന് ലഭിക്കുന്നുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഫോർവേഡ് കൊളിഷൻ വാണിംഗ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ്, ലെയ്ൻ ഡിപ്പാർച്ചർ പ്രിവൻഷൻ, ഇന്റലിജന്റ് ഹെഡ്‌ലാമ്പ് കൺട്രോൾ, റിയർ ഡ്രൈവ് അസിസ്റ്റ്, സ്പീഡ് അസിസ്റ്റ് സിസ്റ്റം തുടങ്ങിയ നൂതന ഫീച്ചറുകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
1.5 ലിറ്റർ, 4-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.3 ലിറ്റർ, 3-സിലിണ്ടർ ടർബോ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് എംജി ആസ്റ്റർ വാങ്ങാനാവുന്നത്. ഇതിൽ ആദ്യത്തേത് 110 bhp പവറിൽ 144 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ടർബോ പെട്രോൾ 140 bhp കരുത്തിൽ 220 Nm torque ആണ് നൽകുന്നത്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 5-സ്പീഡ് മാനുവൽ, 6-സ്പീഡ് മാനുവൽ, ഒരു സിവിടി ടോർക്ക് കൺവെർട്ടർ എന്നിവയാണ് ഉൾപ്പെടുന്നത്.
ആസ്റ്ററിന് സമഗ്രമായ നവീകരണം കൊണ്ടുവരാൻ എംജി ഒരുങ്ങുകയാണ്. നിലവിലെ മോഡലിൻ്റെ സ്റ്റൈലിംഗ് പൊളിച്ചെഴുതി വരുന്ന ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ പരീക്ഷണയോട്ടവും നിലവിൽ കമ്പനി തുടങ്ങിയിട്ടുണ്ട്. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ഹോണ്ട എലിവേറ്റ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്‌കോഡ കുഷാഖ് തുടങ്ങിയ എതിരാളികൾക്കെതിരെയാണ് എംജിയുടെ മിഡ്-സൈസ് എസ്‌യുവി മത്സരിക്കുന്നത്.


Click it and Unblock the Notifications








