വില 20 ലക്ഷത്തിന് താഴെ, 460 കി.മീ. റേഞ്ചുമായി എംജിയുടെ പുതിയ ഇലക്‌ട്രിക് കാർ വരുന്നു; പണി ടാറ്റയ്ക്ക്
ആളുകൾ ഇലക്‌ട്രിക് കാറുകൾ വാങ്ങാൻ എത്തുന്ന സമയമാണിത്. പെട്രോൾ വില സെഞ്ചുറിയടിച്ചിട്ടും താഴെയിറങ്ങാതെ നിൽക്കുമ്പോൾ നിവൃത്തിയില്ലാതെ പലരും ഇവികൾ എന്ന ആശയം സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ ടാറ്റ മോട്ടോർസും എംജിയുമെല്ലാം വൈദ്യുത വാഹന രംഗത്ത് കുതിക്കുകയാണ്. കോമെറ്റും ZS ഇവിയുമാണ് ചൈനീസ് ബ്രാൻഡിന്റെ പ്രധാന ആയുധങ്ങൾ. എംജിയുടെ 35 ശതമാനം ഓഹരി ജെഎസ്ഡബ്ല്യു ഗ്രൂപ്പ് വാങ്ങിയതോടെ പാതി ഇന്ത്യനാവാനും കമ്പനിക്കായിട്ടുണ്ട്.
ഈ വർഷം രണ്ടാം പകുതി മുതൽ ഓരോ 3-6 മാസത്തിനുള്ളിലും പുതിയ വാഹനങ്ങൾ രാജ്യത്ത് പുറത്തിറക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും കമ്പനി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ആദ്യം എത്താൻ പോവുന്നത് ക്ലൗഡ് ഇവിയായിരിക്കും. മാതൃരാജ്യമായ ചൈനയിൽ ബോജുൻ യുണ്ടുവോ എന്ന പേരിൽ അറിയപ്പെടുന്ന മോഡൽ അടുത്തിടെ ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണയോട്ടത്തിന് ഇറങ്ങുകയും ചെയ്‌തിട്ടുണ്ട്.

ക്ലൗഡ് ഇവിക്ക് ആഭ്യന്തര വിപണിയിൽ 20 ലക്ഷം രൂപയിൽ താഴെ വിലയിടാനാണ് എംജിയുടെ നിലവിലെ ശ്രമം. ബ്രാൻഡിൻ്റെ ഹോട്ട് സെല്ലിംഗ് മോഡലായ ZS ഇവിയേക്കാൾ താങ്ങാനാവുന്നതായിരിക്കും ഇതെന്ന് സാരം. അതായത് ടാറ്റ നെക്സോൺ ഇവി പോലുള്ള അതികായകൻമാർക്കെതിരെ മത്സരിക്കാൻ പുതിയ വണ്ടി കൂടുതൽ പ്രാപ്‌തമാവുമെന്ന് സാരം. ബാറ്ററി പായ്ക്ക് ഉൾപ്പെടെ ഉയർന്ന തലത്തിലുള്ള പ്രാദേശികവൽക്കരണമായിരിക്കും കാറിന് ആക്രമണാത്മക രീതിയിൽ വിലനിർണയം നടത്താൻ കാരണമാവുക.
ക്ലൗഡ് ഇവിക്ക് ഏകദേശം 4.3 മീറ്റർ നീളവും 2,700 മില്ലീമീറ്റർ വീൽബേസും ഉണ്ടായിരിക്കും. രൂപവും ഭാവവും ഒരു എംപിവി പോലെയാണെങ്കിലും 5-സീറ്റർ ഇലക്ട്രിക് കാറായിരിക്കും ഇത്. ശരിക്കും പറഞ്ഞാൽ വലിയ ഹാച്ച്ബാക്കും എംപിവിയും തമ്മിലുള്ളൊരു കോമ്പിനേഷനാണ് ഇവി. ഫ്ലഷ് ഡോർ ഹാൻഡിലുകൾ, വൃത്തിയുള്ള രൂപം, മുന്നിലും പിന്നിലും പൂർണ വീതിയുള്ള എൽഇഡി ലൈറ്റ് ബാറുകൾ എന്നീ ഫീച്ചറുകളുള്ള ഒരു മിനിമലിസ്റ്റിക് ഡിസൈനാവും പുത്തൻ കാറിന്റെ പ്രധാന ആകർഷണം.

ബമ്പറിൽ ഹെഡ്‌ലാമ്പുകൾ ഘടിപ്പിച്ച സ്റ്റെപ്പ്ഡ് ഫ്രണ്ട്-എൻഡ് ഡിസൈൻ ഇതിന് സവിശേഷമായ രൂപം നൽകുന്നുമുണ്ട്. കോലഹലങ്ങളൊന്നുമില്ലാതെ ലളിതമായാണ് ക്ലൗഡ് ഇവിയുടെ അകത്തളവും പണികഴിപ്പിച്ചിരിക്കുന്നത്. എന്നാൽ ഫീച്ചറുകളിലൊന്നും കുറവൊന്നും വരുത്തിയിട്ടില്ലെന്ന് വേണം പറയാൻ. ഡാഷ്‌ബോർഡിൽ വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമായിരിക്കും ആധിപത്യം പുലർത്തുക.
ഒരു ഡിജിറ്റൽ ഇൻസ്‌ട്രമെന്റ് ക്ലസ്റ്ററും മുൻ സീറ്റ് ബാക്ക്‌റെസ്റ്റും 135-ഡിഗ്രി ബാക്ക്‌സീറ്റ് റിക്ലൈൻ ഫങ്ഷനുള്ള സോഫ മോഡ് എന്ന് വിളിക്കപ്പെടുന്ന പൂർണമായി ചരിക്കാനാവുന്ന സീറ്റുകളും കാറിന്റെ പ്രത്യേകതയാണ്. 360-ഡിഗ്രി ക്യാമറയുള്ള അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റംവും (ADAS) ഇതിന് ലഭിക്കുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ എത്തുമ്പോൾ ഈ ഫീച്ചറുകളെല്ലാം എംജി മോട്ടോർസ് നിലനിർത്തുമോയെന്നതാണ് കണ്ടറിയേണ്ടത്.

37.9kWh, 50.6kWh എന്നിങ്ങനെ ണ്ട് ബാറ്ററി പാക്ക് ഓപ്‌ഷനുകളാണ് ക്ലൗഡ് ഇവിക്ക് വിദേശ വിപണികളിൽ ലഭിക്കുന്നത്. ഇവ യഥാക്രമം 360 കിലോമീറ്റർ, 460 കിലോമീറ്റർ റേഞ്ച് നൽകാനും പ്രാപ്‌തമാണ്. 134 bhp കരുത്തോളം ഉത്പാദിപ്പിക്കുന്ന ഫ്രണ്ട് ആക്‌സിൽ ഘടിപ്പിച്ച പെർമനെന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോറുമായാണ് ബാറ്ററി ജോടിയാക്കിയിരിക്കുന്നത്. എന്നാൽ ഇതിൽ ഏതാവും ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുക എന്നകാര്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല.
ഇന്ത്യയിലെ മാരുതി എർട്ടിഗ, കിയ കാരെൻസ് തുടങ്ങിയ പരമ്പരാഗത എംപിവികളേക്കാൾ അൽപ്പം ചെറുതാണ് ക്ലൗഡ് ഇവി. മൂന്നാം നിര സീറ്റുകൾ ഇല്ലെങ്കിലും ഈ സെഗ്മെന്റിലെ എസ്‌യുവികളുമായി മത്സരിക്കാൻ എംജി മോട്ടോറിന്റെ ഇലക്ട്രിക് വാഹനം പ്രാപ്‌തമാവും. അതായത് വില നിലവാരം അനുസരിച്ച് ടാറ്റ നെക്സോൺ ഇവി, മഹീന്ദ്ര XUV400 ഇവി പോലുള്ളവയുമായാവും ക്ലൗഡിന്റെ മത്സരം.

ഇപ്പോൾ കോമെറ്റ് ഇവിയിലൂടെ ബജറ്റ് ഇലക്ട്രിക് കാർ രംഗത്തും മികച്ച പ്രകടനമാണ് എംജി മോട്ടോർസ് കാഴ്ച്ചവെക്കുന്നത്. സിംഗിൾ ചാർജിൽ മികച്ച റേഞ്ച് നൽകുന്നതിനോടൊപ്പം ചെറിയ രൂപവും സിറ്റി റൈഡിലും മറ്റും എളുപ്പത്തിൽ കൊണ്ടുനടക്കാനാവുന്നതുമെല്ലാം കോമെറ്റിനെ ജനപ്രിയമാക്കിയിട്ടുണ്ട്. ഇത്രയും സൌകര്യങ്ങളെല്ലാം വെറും 10 ലക്ഷം രൂപയ്ക്ക് താഴെ കിട്ടുന്നുവെന്നതും വലിയ കാര്യമാണ്.


Click it and Unblock the Notifications








