ആൾട്ടോയുമല്ല, ക്വിഡുമല്ല! ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള ഓട്ടോമാറ്റിക് കാർ ഏതാണെന്ന് പറയാമോ?
സ്വന്തമായൊരു കാർ വാങ്ങുക എന്നത് പലരുടേയും ചിരകാല സ്വപ്നങ്ങളിൽ ഒന്നാണ്. എന്നാൽ പണ്ടുകാലത്തെ അപേക്ഷിച്ച് ഇന്ന് വണ്ടി സ്വന്തമാക്കൽ കൂടുതൽ ഈസിയായിട്ടുണ്ട്. ആയതിനാൽ ഒരു കാറോ, ടൂവീലറോ എങ്കിലും ഇല്ലാത്ത വീടുകൾ വളരെ കുറവായി. അതിനാൽ റോഡിൽ വാഹനങ്ങളുടെ പൂരമാണ്. നിരത്തുകളിലെ തിരക്ക് കാരണം പലർക്കും കാറുകളിൽ പുറത്തിറങ്ങാൻ മടിയുമാണ്. പണ്ട് ഗിയർലെസ് കാറുകൾ ഓടിക്കാൻ മടിച്ചിരുന്നവർ പോലും ഇന്ന് ഇത്തരം വാഹനങ്ങളുടെ ആരാധകരായി മാറിയതിന്റെ പ്രധാനകാരണവും ഇതുതന്നെയാണ്. മാനുവൽ ഗിയർബോക്‌സുള്ള കാറുകളെ അപേക്ഷിച്ച് ഓട്ടോമാറ്റിക് മോഡലുകൾക്ക് കഴിഞ്ഞ രണ്ട് വർഷമാമായി ആവശ്യക്കാർ ഏറെയാണ്.
അനായാസം സ്ത്രീകൾക്ക് പോലും ഓടിക്കാനാവുന്നതും മൈലേജും ഇവയുടെ ആകർഷണം ഇരട്ടിയാക്കിയിട്ടുണ്ട്. നഗരങ്ങളിലെ വാഹനത്തിരക്കുകളില്‍ പെട്ട് തുടര്‍ച്ചയായി ഗിയര്‍ മാറ്റിയും ക്ലച്ച് ചവിട്ടിയും മടുത്തപ്പോഴാണ് വലിയൊരു വിഭാഗം ഓട്ടോമാറ്റിക് ഡ്രൈവിംഗിലേക്ക് ചേക്കേറുന്നത്. സ്റ്റോപ്പ് ആൻഡ് ഗോ സിറ്റി ട്രാഫിക് സാഹചര്യങ്ങളിൽ ഒരു ഓട്ടോമാറ്റിക് കാർ ഓടിക്കുന്നത് ആരെയും ആനന്ദത്തിലാക്കുന്ന കാര്യമാണ്.

ഇപ്പോൾ പുറത്തിറങ്ങുന്ന ചെറിയ എൻട്രി ലെവൽ കാറുകളിൽ പോലും ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുണ്ടാവും. പക്ഷേ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഓട്ടോമാറ്റിക് കാർ ഏതാണെന്ന് ആർക്കെങ്കിലും അറിയാമോ? പലരും മാരുതി ആൾട്ടോ അല്ലെങ്കിൽ റെനോ ക്വിഡ് എന്നൊക്കെയായിരിക്കും ഉത്തരം പറയുക. എന്നാൽ അതെല്ലാം തെറ്റാണ്. അടുത്തിടെ കോമെറ്റ് ഇവിയുടെ വില എംജി കുറച്ചതോടെ രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുള്ള ഓട്ടോമാറ്റിക് കാർ എന്ന പദവി ഈ മൈക്രോ ഇലക്ട്രിക് വാഹനത്തിന് ലഭിച്ചു.
സംഗതി ഇലക്ട്രിക്കാണെങ്കിലും കൊണ്ടുനടക്കാനും ഈസിയാണ് ഒപ്പം വിലയും കുറവാണെന്ന് അറിയുമ്പോൾ ആരായാലും ഒന്ന് നോക്കിപ്പോവുകയും ചെയ്യും. എംജി കോമെറ്റിന്റെ കുറഞ്ഞ വിലയും ഒതുക്കമുള്ള വലിപ്പവും കാരണം സെലിബ്രിറ്റികള്‍ അടക്കമുള്ളവര്‍ വരെ അതിവേഗം ഇതിലേക്ക് ആകര്‍ഷിക്കപ്പെട്ടിട്ടുണ്ട്. നേരത്തെ വാഹനത്തിന് 6.99 ലക്ഷമായിരുന്നു ഇന്ത്യയിൽ മുടക്കേണ്ടി വന്നിരുന്ന എക്സ്ഷോറൂം വില.

എന്നാൽ ഇലക്ട്രിക് കാറുകള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനായി എംജി മോട്ടോർ ബാറ്ററി-ആസ്-എ-സര്‍വീസ് (BaaS) പ്രോഗ്രാമിന് തുടക്കമിടുകയും ചെയ്‌തതോടെയാണ് മൈക്രോ ഇലക്ട്രിക് കാറിന് 4.99 ലക്ഷമായി വില കുറഞ്ഞത്. പേര് സൂചിപ്പിക്കുന്ന പോലെ ബാറ്ററി വാങ്ങുന്നതിന് പകരം കിലോമീറ്ററിന് നിശ്ചിത തുകയ്ക്ക് വാടകയ്ക്ക് എടുക്കുന്ന പ്രോഗ്രാമാണ് BaaS. അതായത് കാറിനൊപ്പം പണം മുടക്കി ബാറ്ററി വാങ്ങേണ്ടതില്ല.
പകരം ഡ്രൈവ് ചെയ്യുന്ന ദൂരത്തെ അടിസ്ഥാനമാക്കി ഉപഭോക്താക്കള്‍ ബാറ്ററി ഉപയോഗത്തിന് വാടക നൽകിയാൽ മതിയാവും. കിലോമീറ്ററിന് 2.50 രൂപയാണ് വാടകയായി കമ്പനി നിശ്ചയിച്ചിരിക്കുന്നത്. അതായത് 4.99 ലക്ഷം രൂപ മുടക്കി കോമെറ്റ് വാങ്ങിയാൽ ഓടിക്കുന്ന ഓരോ കിലോമീറ്ററിനും 2.50 രൂപയാണ് ബാറ്ററി വാടകയായി കൊടുത്താൽ മതിയെന്ന് സാരം. കുടുംബത്തിലെ രണ്ടാമത്തെ കാറായോ അല്ലെങ്കിൽ വീട്ടിലെ സ്ത്രീകൾക്കായി ചെറിയ വണ്ടി നോക്കുന്നവർക്കോ എല്ലാം പറ്റിയ വണ്ടിയാണിത്.

കാഴ്ച്ചയിലും ഡിസൈനിലും ആരേയും കൊതിപ്പിക്കുന്ന രൂപമാണ് എംജി കോമെറ്റ് ഇവിക്കുള്ളത്. മുന്നിലും പിന്നിലും എൽഇഡി ലൈറ്റ് ബാറുകൾ, ഇലുമിനേറ്റഡ് എംജി ലോഗോ, ഫോഗ് ലാമ്പുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ എന്നിവ കോംപാക്‌ട് രൂപത്തിന് പ്രീമിയം ടച്ച് നൽകുന്നുണ്ട്. എംജി കോമെറ്റ് 3-ഡോർ വാഹനമാണ്. പിൻവശത്തേക്ക് ആളുകൾക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ അനുവദിക്കുന്ന വിധത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.
രണ്ട് മുതിർന്നവർക്കും രണ്ട് കുട്ടികൾക്കും യാത്രാ ചെയ്യാൻ ആവശ്യമായ രീതിയിലാണ് വാഹനം വരുന്നത്. വേണമെങ്കിൽ പിന്നിൽ മുതിർന്നവർക്കും ഇരിക്കാമെന്ന് മാത്രം. എംജി കോമെറ്റ് ഇവിയുടെ അകത്തളവും ഗംഭീരമായാണ് പണികഴിപ്പിച്ചിരിക്കുന്നത്. മോഡേൺ ഫീച്ചറുകളാൽ സമ്പന്നമായ ഇന്റീരിയറിൽ ചതുരാകൃതിയിലുള്ള എയർ വെൻ്റുകൾ, ബ്ലോക്കി കപ്പ്‌ഹോൾഡറുകൾ, ഡോർ ഇൻസെർട്ടുകൾ, ഡ്യുവൽ 10.25 ഇഞ്ച് സ്‌ക്രീനുകൾ എന്നിവയെല്ലാം വളരെ പ്രായോഗികമാക്കുന്ന ഫീച്ചറുകളാണ്.
യാത്രകൾ ആനന്ദകരമാക്കാൻ i-സ്മാർട്ട് സിസ്റ്റത്തിൽ 55-ലധികം കണക്റ്റഡ് കാർ ഫീച്ചറുകളും 100-ൽ അധികം വോയ്‌സ് കമാൻഡുകളും എംജി കോമെറ്റിൽ ലഭ്യമാണ്. 2-സ്‌പോക്ക് സ്റ്റിയറിങ് വീൽ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട്, ഡിജിറ്റൽ കീ, പവർ വിൻഡോകൾ, ഗ്രേ ഇന്റീരിയർ തീം, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ.
രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാറാണെങ്കിലും സേഫ്റ്റിയിലൊന്നും യാതൊരു വിട്ടുവീഴച്ചയും വരുത്തിയിട്ടുമില്ല. എബിഎസ്, ഇബിഡി, ഡ്യുവൽ എയർബാഗുകൾ, നാല് യാത്രക്കാർക്കും ത്രീ-പോയിൻ്റ് ബെൽറ്റുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, സെൻസറുകളുള്ള റിവേഴ്സ് ക്യാമറ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവ പോലുള്ള ഫീച്ചറുകളെല്ലാം സുരക്ഷക്കായി കൊടുത്തിട്ടുമുണ്ട്.
17.3 kWh ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്ന കോമെറ്റ് സിംഗിൾ ചാർജിൽ 230 കിലോമീറ്റർ റേഞ്ചാണ് വാഗ്‌ദാനം ചെയ്യുന്നത്. 42 bhp കരുത്തിൽ 110 Nm torque ഉത്പാദിപ്പിക്കുന്ന ചെറിയ ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ചാണ് വാഹനം പ്രവർത്തിക്കുന്നത്. 1,000 കിലോമീറ്റര്‍ ഓടാന്‍ വെറും 519 രൂപ മാത്രമാണ് കോമെറ്റിന് ചെലവ് വരുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കാഴ്ച്ചയിൽ കുഞ്ഞനാണെങ്കിലും പ്രായോഗികത കൂടുതലാണെന്ന് വേണം പറയാൻ. ഒപ്പം കുറഞ്ഞ വില കൂടിയാവുമ്പോൾ സംഗതി കളറാവുന്നുണ്ട്.


Click it and Unblock the Notifications








