ഇനി സിനിമ കണ്ടുതീരുന്ന സമയംകൊണ്ട് ഫുൾ ചാർജ്, കോമെറ്റ് ഇവിയിൽ കിടുക്കൻ മാറ്റവുമായി എംജി
കാർ എന്നാൽ നമ്മൾ ഇന്ത്യക്കാർക്ക് ചില സങ്കൽപ്പങ്ങളൊക്കെയുണ്ട്. കൊടുക്കുന്ന പണത്തിനുള്ള മൂല്യമുണ്ടോയെന്ന് മാത്രമല്ല പ്രായോഗികത കൂടി എത്രത്തോളമുണ്ടെന്നെല്ലാം നോക്കിയേ നാം വണ്ടിയെടുക്കൂ. ഈ സങ്കൽപ്പത്തെ പൊളിച്ചെഴുതാൻ എത്തിയ ടാറ്റയുടെ നാനോ എന്ന ചെറുകാറിനെ തിരസ്ക്കരിച്ച് പറഞ്ഞയച്ചവരാണ് നാം. എന്നാൽ പിന്നീട് നിരത്തുകളിൽ തിരക്കേറിയ സമയത്ത് പലരും അന്വേഷിച്ച് എത്തിയതും ഇതേ കാറാണ്.
കാലംതെറ്റി പുറത്തിറങ്ങിയ ടാറ്റ നാനോയ്ക്ക് പകരക്കാരനായി ഇപ്പോൾ ഒരു കുട്ടികാർ നിരത്തുകൾ അടക്കി ഭരിക്കുകയാണ്. മറ്റാരുമല്ല, പോയ വർഷം ഇന്ത്യയിലെത്തിയ എംജി കോമെറ്റ് എന്ന മൈക്രോ ഇലക്‌ട്രിക് ഹാച്ച്ബാക്കിന്റെ കാര്യമാണീ പറഞ്ഞുവരുന്നത്. ശരിക്കും വിപ്ലവം തന്നെയാണ് ഈ കുഞ്ഞുവാഹനം നമ്മുടെ നിരത്തുകളിൽ സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നത്. മാത്രമല്ല രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുള്ള പാസഞ്ചർ ഇലക്‌ട്രിക് കാർ കൂടിയാണിത്.

പക്ഷേ പലർക്കും വണ്ടിയിൽ ചെറിയൊരു പരാതിയുണ്ടായിരുന്നു. കാര്യമായ ഒന്നായിരുന്നില്ലെങ്കിലും അതും പരിഹരിച്ച് ഞെട്ടിക്കുകയാണ് എംജി മോട്ടോർസ്. കോമെറ്റ് ഇവി ഫാസ്റ്റ് ചാർജിംഗുമായി അപ്‌ഡേറ്റുചെയ്‌തു എന്നതാണ് സന്തോഷം നൽകുന്ന കാര്യം. മൈക്രോ ഇലക്‌ട്രിക് ഹാച്ച്ബാക്കിന്റെ ഏറ്റവും പുതിയ എക്‌സൈറ്റ് FC, എക്‌സ്‌ക്ലൂസീവ് FC വേരിയൻ്റുകളിൽ പുതിയ ഫാസ്റ്റ് ചാർജിംഗ് ഫീച്ചർ ലഭ്യമാണെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു.
കോമെറ്റ് ഇവി എക്‌സൈറ്റ് FC പതിപ്പിനായി 8.24 ലക്ഷം രൂപയും എക്‌സ്‌ക്ലൂസീവ് FC ട്രിമ്മിന് 9.14 ലക്ഷം രൂപയുമാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. മുമ്പത്തെ പുഷ്, പ്ലേ, പേസ് എന്നീ വേരിയന്റുകൾ നിർത്തലാക്കി പകരം എക്‌സിക്യൂട്ടീവ്, എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ് വേരിയൻ്റ് എന്നിങ്ങനെ കോമെറ്റിന്റെ വേരിയന്റുകൾക്ക് പുതിയ പേരും കമ്പനി സമ്മാനിച്ചിട്ടുണ്ട്.

കോമെറ്റിലെ ഈ വേരിയൻ്റുകൾക്ക് കുറച്ച് പുതിയ ഫീച്ചറുകളും എംജി അവതരിപ്പിച്ചിട്ടുണ്ട്. ഇനി മുതൽ 6.99 ലക്ഷം മുതൽ 9.14 ലക്ഷം രൂപ വരെയാണ് ഇവിയുടെ എക്സ്ഷോറൂം വില വരുന്നത്. എക്‌സിക്യുട്ടീവ്, എക്‌സൈറ്റ് പതിപ്പുകളുടെ വിലകൾ മുമ്പത്തെ പേസ്, പ്ലേ ട്രിമ്മുകളിൽ നിന്ന് മാറ്റമില്ലാതെ തുടരുന്നുണ്ടെങ്കിലും പുതിയ എക്‌സ്‌ക്ലൂസീവ് വേരിയന്റിന് നിലവിലെ പ്ലഷ് മോഡലിനെ അപേക്ഷിച്ച് 20,000 രൂപ കൂടുതലാണെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.
എന്തായാലും കോമെറ്റ് ഇവിയുടെ ഏറ്റവും വലിയ പോരായ്മകളിലൊന്ന് പരിഹരിക്കപ്പെട്ടിട്ടുണ്ട്. ലോഞ്ച് ചെയ്തതിന് ശേഷം 3.3kW എസി ചാർജറിൽ മാത്രമേ ഇത് ലഭ്യമായിരുന്നുള്ളൂ എന്നത് പലരേയും നിരുത്സാഹപ്പെടുത്തുന്ന കാര്യമായിരുന്നു. എസി ചാർജർ വഴി 7 മണിക്കൂറായിരുന്നു 0-100 ശതമാനം വരെ ചാർജാവാൻ വേണ്ടിയിരുന്ന സമയം. പുതിയ 7.4 kW എസി ഫാസ്റ്റ് ചാർജിംഗ് ഓപ്ഷൻ കോമെറ്റിൽ ചാർജിംഗ് സമയം 3.5 മണിക്കൂറിൽ താഴെയായി (0-100 ശതമാനം) മാറ്റുമെന്നാണ് സൂചന.

17.3 kWh ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്ന എംജിയുടെ കുഞ്ഞൻ കാർ സിംഗിൾ ചാർജിൽ 230 കിലോമീറ്റർ റേഞ്ച് തന്നെയാണ് തുടർന്നും നൽകുക. റിയർ ഡിസ്‌ക് ബ്രേക്കുകൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഇഎസ്‌സി, ഹിൽ-ഹോൾഡ് കൺട്രോൾ, ബോഡി കളറിൽ ഫിനിഷ് ചെയ്ത ഇലക്ട്രിക്കലി ഫോൾഡബിൾ റിയർവ്യൂ മിററുകൾ, ക്രീപ്പ് മോഡ് എന്നിവയുൾപ്പെടെ പുതിയ ഫാസ്റ്റ് ചാർജിംഗ് വേരിയൻ്റുകൾക്ക് അധിക ഫീച്ചറുകളും ലഭിക്കും.
ടോപ്പ്-സ്പെക്ക് എംജി കോമെറ്റ് എക്‌സ്‌ക്ലൂസീവ് FC വേരിയന്റിന് ഇപ്പോൾ 56,000 രൂപ കൂടുതലാണ്. എന്നാൽ ഈ മോഡൽ മുമ്പത്തേതിനേക്കാൾ മികച്ച മൂല്യം വാഗ്ദാനം ചെയ്യുന്നുവെന്നതാണ് ഹൈലൈറ്റ്. 42 bhp കരുത്തിൽ പരമാവധി 110 Nm torque വരെ ഉത്പാദിപ്പിക്കുന്ന ചെറിയ ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ചാണ് വാഹനം പ്രവർത്തിക്കുന്നത്. ഇവി സെഗ്‌മെൻ്റിൽ ടാറ്റ ടിയാഗോ ഇവിയുമായി മത്സരിക്കുന്ന എംജി ഇവി ഇപ്പോൾ ടോപ്പ് വേരിയൻ്റുകളിൽ കൂടുതൽ ഫീച്ചറുകൾ അവതരിപ്പിക്കുന്നത് മൈലേജാവും.

1,000 കിലോമീറ്റര്‍ ഓടാന്‍ വെറും 519 രൂപ മാത്രമാണ് കോമെറ്റിന് ചെലവ് വരുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കാഴ്ച്ചയിൽ കുഞ്ഞനാണെങ്കിലും പ്രായോഗികത കൂടുതലാണെന്ന് വേണം പറയാൻ. എംജി കോമെറ്റ് ഇവി യുടെ വലിപ്പം നോക്കിയാല്‍ ഇതിന് 2,974 മില്ലീമീറ്റർ നീളവും 1,505 മില്ലീമീറ്റർ വീതിയും 1,613 മില്ലീമീറ്റർ ഉയരവും 2,010 മില്ലീമീറ്റർ വീല്‍ബേസും ഉണ്ട്. രണ്ട് മുതിർന്നയാളുകൾക്കും രണ്ട് കുട്ടികൾക്കും ഉൾപ്പെടുന്ന ഒരു ഫാമിലിക്ക് സിറ്റി യാത്രകൾ അനായാസമാക്കാൻ കോമെറ്റ് സഹായിക്കും.


Click it and Unblock the Notifications








