മമ്മൂക്കയ്ക്ക് സ്വപ്നം കാണാൻ പുതിയൊരു കാർ കൂടിയായി, 580 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് സ്പോർട്‌സ് കാറുമായി എംജി
ഇലക്‌ട്രിക് കാറുകളിലൂടെ രാജ്യത്ത് പണം വാരുകയാണ് എംജി മോട്ടോർ. ഹെക്‌ടറും ഗ്ലോസ്റ്ററും ആസ്റ്ററും എല്ലാം വിപണിയിൽ നേട്ടം കൊയ്യാൻ വിയർത്തപ്പോൾ കമ്പനി കെട്ടിപ്പൊക്കിയ ഐഡിയ ആയിരുന്നു ഇവികളിലേക്കുള്ള ചുവടുമാറ്റം. അതും ടാറ്റ മോട്ടോർസിനെ വെല്ലുവിളിച്ചുകൊണ്ടാണ് ബ്രാൻഡ് വൈദ്യുത വാഹനങ്ങളിലേക്ക് ചേക്കേറിയത്. ZS ഇവിയും കോമെറ്റ് ഇവിയും വിൻഡ്‌സർ ഇവിയും എല്ലാം വാങ്ങാൻ ആളുകളുടെ വലിയ ക്യൂവാണ് ഇപ്പോഴുള്ളത്. ഇനി അടുത്തതായി എന്താവും എംജി മോട്ടോർ ഇന്ത്യക്കായി കണ്ടുവെച്ചിരിക്കുന്നതെന്ന് അറഞ്ഞാൽ പലരുടേയും കിളിപോവും. ലേകത്തിലെ തന്നെ ഏറ്റവും വേഗമേറിയ ഇലക്ട്രിക് കാറുകളിൽ ഒന്നാണ് ബ്രാൻഡ് അടുത്തതായി അവതരിപ്പിക്കുക.
എംജി സൈബർസ്റ്റർ 2025 ജനുവരിയിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ബ്രാൻഡ് സ്ഥിരീകരിച്ചു. ഈ വർഷം മാർച്ചിൽ നമ്മുടെ രാജ്യത്ത് പ്രദർശിപ്പിച്ച സൈബർസ്റ്റർ മോറിസ് ഗരാജസിന്റെ ആദ്യത്തെ ഇലക്ട്രിക് സ്‌പോർട്‌സ് കാറാണ്. ജനുവരിയിൽ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിലൂടെ ഇവി അരങ്ങേറ്റം കുറിക്കും. ആഭ്യന്തര വിപണിയിൽ പ്രീമിയം എംജി സെലക്‌ട് റീട്ടെയിൽ ചാനലിലൂടെ വിൽക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.

എംജിയുടെ പ്രീമിയം ഡീലർഷിപ്പ് ശൃംഖലയിലൂടെ വിപണനത്തിന് എത്തുന്ന ആദ്യ ഉൽപ്പന്നമായിരിക്കും സൈബർസ്റ്റർ. ഇനി കാറിന്റെ വിശേഷങ്ങളിലേക്ക് വന്നാൽ സൈബർസ്റ്റർ ഒരു ബോൺ-ഇലക്‌ട്രിക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. മൊത്തത്തിൽ ഇതിന് 4,533 മില്ലീമീറ്റർ നീളവും 1,912 മില്ലീമീറ്റർ വീതിയും 1,328 മില്ലീമീറ്റർ ഉയരവും 2,689 മില്ലീമീറ്റർ വീൽബേസുമായിരിക്കും ഉണ്ടാവുക.
ഡിസൈനിലേക്ക് നോക്കിയാൽ സൈബർസ്റ്ററിന് സ്ലീക്ക് നോസ്, സ്വീപ്‌ബാക്ക് ഹെഡ്‌ലൈറ്റുകൾ, സ്‌പ്ലിറ്ററുള്ള കോണ്ടൂർഡ് ബമ്പർ, ലോവർ എയർ ഇൻടേക്കുകൾ, സിസർ ഡോറുകൾ, ആരോ ആകൃതിയിലുള്ള എൽഇഡി ടെയിൽലൈറ്റുകൾ, കണക്റ്റഡ് എൽഇഡി ലൈറ്റ് ബാറുകൾ, പെറ്റൽ അലോയ് വീലുകൾ, ഫാബ്രിക് സോഫ്റ്റ് ടോപ്പ്, ഡൈനാമിക് സ്പ്ലിറ്റ് ഡിഫ്യൂസർ തുടങ്ങിയവയെല്ലാമായിരിക്കും എംജിയുടെ പുത്തൻ ഇലക്ട്രിക് സ്പോർട് കാറിന് അഴകേകാൻ എത്തുക.

ഇനി അകത്തളത്തിലേക്ക് കയറിയാൽ ക്യാബിനിലുടനീളം സാൻഡ്-ബ്രൗൺ ലെതർ-സ്വീഡ് ട്രീറ്റ്‌മെന്റ് ഉപയോഗിച്ചിരിക്കുന്നത് കാണാം. ഇൻഫോടെയ്ൻമെൻ്റ് ഡിസ്‌പ്ലേയും ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും സംയോജിപ്പിക്കുന്ന ഒരു സെൻട്രൽ യൂണിറ്റാണ് പിന്നീട് കണ്ണിലുടക്കുക. കൂടാതെ സെൻട്രൽ കൺസോളിൽ പരമ്പരാഗത ബട്ടണുകളും ഗിയർ സെലക്ടർ കൺട്രോളുകളും വരെ ഇടംപിടിച്ചിട്ടുണ്ട്. അലുമിനിയം സ്‌പോക്ക് ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, പാഡിൽ ഷിഫ്റ്ററുകൾ എന്നിവയാണ് ഇന്റീരിയറിലെ മറ്റ് പ്രധാന കാര്യങ്ങൾ.
അന്താരാഷ്‌ട്ര വിപണികളിൽ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളാണ് കാറിനുള്ളത്. ഇതിൽ ആദ്യത്തേത് 64kWh ബാറ്ററി യൂണിറ്റാണ്. ഈ മോഡൽ ഫുൾ ചാർജ് ചെയ്‌താൽ 520 കിലോമീറ്ററോളം റേഞ്ച് ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. ടോപ്പ് എൻഡ് സൈബർസ്റ്ററിന് 77kWh ബാറ്ററി പായ്ക്കാവും ലഭിക്കുക. ഈ മോഡൽ സിംഗിൾ ചാർജിൽ 580 കിലോമീറ്റർ വരെ റേഞ്ച് നൽകാനും പ്രാപ്‌തമായിരിക്കും.

മിക്കാവാറും ഒറ്റ ചാർജിൽ 570 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന 77 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കോട് കൂടിയ സൈബർസ്റ്ററാവും ഇന്ത്യയിൽ അവതരിപ്പിക്കുക. ടൂ സീറ്റർ ഇലക്ട്രിക് സ്പോർട്സ് കാറിന് ഡ്യുവൽ ഇലക്ട്രിക് മോട്ടോറുകളാണ് കരുത്ത് പകരുക. ഓരോന്നും ഓരോ ആക്‌സിലിലാണ് കൊടുത്തിരിക്കുന്നത്. അങ്ങനെ മൊത്തത്തിൽ 528 bhp കരുത്തിൽ 725 Nm ടോർക്കും വരെ എംജിയുടെ സൈബർസ്റ്ററിന് വികസിപ്പിക്കാനാവും.
ഇനി പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 3.2 സെക്കൻഡിനുള്ളിൽ നിശ്ചലാവസ്ഥയിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ എംജി സൈബർസ്റ്ററിന് കഴിയുമെന്നാണ് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്. പൂർണമായും വിദേശത്ത് നിർമിച്ചായിരിക്കും എംജി സൈബർസ്റ്റർ ഇന്ത്യൻ വിപണിയിൽ എത്തുക. അതായത് CBU യൂണിറ്റായിരിക്കുമെന്ന് സാരം. എംജിയുടെ ഇലക്ട്രിക് സ്പോർട്സ് കാറിന് 50 ലക്ഷം മുതൽ 60 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില പ്രതീക്ഷിക്കുകയുമാവാം.


Click it and Unblock the Notifications








