ഫോർച്യൂണറിന്റെ മെയിൻ വില്ലൻ X-ട്രെയിലല്ല, മാസ് എൻട്രി കൊടുക്കാൻ എംജിയുടെ ഈ വലിയ എസ്‌യുവി
ഫുൾ-സൈസ് എസ്‌യുവി സെഗ്മെന്റിൽ നിന്നും ഫോർഡ് എൻഡവർ പടിയിറങ്ങിയതോടെ ലോട്ടറിയടിച്ചത് ടൊയോട്ട ഫോർച്യൂണറിനാണ്. അതുവരെ ഈ വിഭാഗത്തിൽ കട്ട കോമ്പറ്റീഷനുമായി രണ്ട് മോഡലുകളും മത്സരിക്കുന്നത് കാണാൻ നല്ല ചേലായിരുന്നു. നഷ്‌ടക്കണക്കുകൾ നിരത്തി അമേരിക്കൻ വാഹന നിർമാതാക്കൾ പടിയിറങ്ങിയതോടെ പുത്തൻ സാധ്യതകൾ തേടി എംജി ഗ്ലോസ്റ്ററും, ജീപ്പ് മെറിഡിയനും എത്തിയെങ്കിലും ഫോർച്യൂണറിന് ഇവരൊന്നും ഒത്ത എതിരാളിയായിരുന്നില്ലെന്നതാണ് യാഥാർഥ്യം. മിടുക്കനായിരുന്നിട്ടും എന്തുകൊണ്ടോ ഗ്ലോസ്റ്ററിനും തിളങ്ങാനാവാതെ പോയി. തുടക്കത്തിൽ കേരളത്തിലെ പ്രമുഖ വ്ലോഗറുമായുള്ള പ്രശ്‌നമെല്ലാം ഈ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് തിരിച്ചടിയായിരുന്നു.
ഡിസൈനിലെ ഗാംഭീര്യതയും ഫീച്ചറുകളുടെ സമ്പന്നതയുമെല്ലാം ഗ്ലോസ്റ്ററിനെ തുടക്കം മുതലേ വേറിട്ടു നിർത്തുന്ന ഘടകമായിരുന്നു. വർഷങ്ങൾ കടന്നുപോയപ്പോൾ ബ്രിട്ടീഷ് വാഹന നിർമാതാക്കളായ എംജിക്ക് ഇന്ത്യയിൽ ഒരു പ്രത്യേക സ്ഥാനമാണ് ഇപ്പോഴുള്ളത്. കോമെറ്റ്, ഹെക്‌ടർ, ZS ഇവി പോലുള്ള മോഡലുകൾക്ക് ലഭിക്കുന്ന സ്വീകാര്യത കണ്ടാൽ ഇക്കാര്യം വ്യക്തമാവും. ഇത് മുതലെടുക്കാനായി ഗ്ലോസ്റ്ററിനെ ഉടച്ചുവാർത്ത് പുറത്തിറക്കാനുള്ള ശ്രമത്തിലാണ് എംജി മോട്ടോർസ്.

ADAS പോലുള്ള ഡ്രൈവർ അസിസ്റ്റീവ് ഫീച്ചറുകൾ മാസ് മാർക്കറ്റ് വിഭാഗത്തിലേക്ക് പരിചയപ്പെടുത്തിയ ഗ്ലോസ്റ്ററിന്റെ പുതിയ പടപ്പുറപ്പാട് നെഞ്ചിടിപ്പോടെയാണ് ടൊയോട്ട നോക്കിക്കാണുന്നത്. ഇത്തവണ എക്സ്റ്റീരിയറിലേതു പോലെ ഇന്റീരിയറിലും കാര്യമായ മാറ്റങ്ങളുണ്ടാവും. ഇതെല്ലാം പരീക്ഷിച്ചുകൊണ്ട് നിരത്തിൽ പലതവണ എസ്‌യുവിയെ കണ്ടിട്ടുമുണ്ട്. ഇപ്പോഴിതാ ഉത്സവ സീസണിനോട് അനുബന്ധിച്ച് വിപണിയിൽ എത്തുന്നതിനു മുന്നോടിയായുള്ള അവസാനവട്ട പരീക്ഷണയോട്ടത്തിലാണ് ഗ്ലോസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റ്.
വാഹനത്തിന്റെ ഏറ്റവും പുതിയ സ്പൈ ചിത്രങ്ങളും ഇന്റർനെറ്റിൽ വാർത്തയായിട്ടുണ്ട്. ചിത്രത്തിൽ കാണുന്നത് പോലെ, ഗ്ലോസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റ് ഒരു വലിയ ത്രീ-സ്ലാറ്റ് ഗ്രില്ലും മധ്യഭാഗത്തായി ബ്രാൻഡ് ലോഗോയും ഉൾപ്പടെ സ്റ്റൈലൊന്ന് മാറ്റിപ്പിടിക്കും. കൂടാതെ, ഹെഡ്‌ലൈറ്റുകൾക്ക് ഒരു ക്യൂബ് ആകൃതിയിലുള്ള സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണവും ലഭിക്കും. എൽഇഡി ഡിആർഎല്ലുകൾ ഗ്രില്ലിലേക്ക് ഒഴുകുന്ന വിധവും ഇത്തവണ രസമുള്ള കാഴ്ച്ചയായിരിക്കും.

വശക്കാഴ്ച്ചയിൽ കാര്യമായ പരിഷ്ക്കാരങ്ങൾ ഒന്നുംതന്നെയുണ്ടാവില്ലെങ്കിലും പുതിയ അലോയ് വീൽ ഡിസൈൻ കാര്യങ്ങൾ അടിപൊളിയാക്കും. പിൻഭാഗത്തേക്ക് നീങ്ങിയാൽ ഫുൾ-സൈസ് എസ്‌യുവിക്ക് കണക്റ്റിംഗ് ലൈറ്റ് ബാറോടുകൂടിയ പരിഷ്‌ക്കരിച്ച എൽഇഡി ടെയിൽലാമ്പുകൾ ലഭിക്കും. അങ്ങനെ മൊത്തത്തിൽ ഫോർച്യൂണറിനെതിരെ മികച്ച മത്സരം കാഴ്ച്ചവെക്കാൻ മുൻഗാമിയേക്കാൾ മിടുക്കനായാവും എംജി ഗ്ലോസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റിന്റെ വരവ്.
ഇന്റീരിയറും പൊടിതട്ടിയെടുക്കാനാണ് എംജിയുടെ പ്ലാൻ. പുതിയ ഡാഷ്ബോർഡ് ഡിസൈനൊപ്പം പുത്തൻ ഫീച്ചറുകളും ഗ്ലോസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റിലേക്ക് എത്തും. സവിശേഷതകളെ സംബന്ധിച്ചിടത്തോളം വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വെൻ്റിലേറ്റഡ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ചാർജർ, 360-ഡിഗ്രി സറൗണ്ട് ക്യാമറ, പനോരമിക് സൺറൂഫ്, ലെവൽ 2 ADAS സ്യൂട്ട് പോലുള്ളവയാൽ ഫോർച്യൂണറിന്റെ എതിരാളി സമ്പന്നമായിരിക്കും.

ലെവൽ 2 ADAS സാങ്കേതികവിദ്യ ഉൾപ്പെടുത്തിയാൽ ഗ്ലോസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി സെമി-ഓട്ടോണമസ് ഡ്രൈവിംഗ് ശേഷിയും കൈവരിക്കും. ഇത് ദീർഘദൂര യാത്രകളിലെ ഡ്രൈവർ ക്ഷീണത്തെ ചെറുക്കാൻ വളരെ ഉപയോഗപ്രദമായ ഫീച്ചറാണ്. എന്നാൽ ഇക്കാര്യം എംജി മോട്ടോർസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മെക്കാനിക്കലായി ഗ്ലോസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റിൽ മാറ്റങ്ങളൊന്നും വരുത്താൻ സാധ്യതയില്ല.
എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ഘടിപ്പിച്ച അതേ 2.0 ലിറ്റർ ടർബോ ഡീസൽ, 2.0 ലിറ്റർ ട്വിൻ-ടർബോ ഡീസൽ എഞ്ചിൻ തന്നെയാവും മുഖംമിനുക്കിയെത്തുന്ന വണ്ടിക്ക് തുടിപ്പേകുക. എസ്‌യുവിയുടെ ടർബോ ഡീസൽ പതിപ്പിന് 161 bhp കരുത്തിൽ പരമാവധി 375 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മറുവശത്ത് ട്വിൻ-ടർബോ പതിപ്പ് 215 bhp പവറിൽ 480 Nm torque വരെ വികസിപ്പിക്കാനും പ്രാപ്‌തമാണ്.
2WD, 4WD വേരിയന്റുകളിൽ വാഹനം സ്വന്തമാക്കാനും സാധിക്കും. വിവിധതരം പ്രതലങ്ങളിൽ മികച്ച ഓഫ്-റോഡ് ശേഷി കൈവരിക്കുന്നതിനായി ഒന്നിലധികം ടെറൈൻ മോഡുകളും ഏറ്റവും പുതിയ ഗ്ലോസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റിനുണ്ടാവും. ഇതുകൂടാതെ ഗ്ലോസ്റ്ററിന് പെട്രോൾ എഞ്ചിൻ തുടർന്നും നൽകാൻ കമ്പനിക്ക് ഉദ്ദേശമൊന്നുമില്ലെന്നാണ് വിവരം. നിലവിൽ 38.80 ലക്ഷം രൂപ മുതൽ 43.87 ലക്ഷം രൂപ വരെയാണ് ഗ്ലോസ്റ്ററിന്റെ ഇപ്പോഴത്തെ വില. മാറ്റങ്ങളോടെ എത്തുമ്പോൾ 1 മുതൽ 1.50 ലക്ഷം രൂപ വരെ ഉയരാനും സാധ്യതയുണ്ട്.


Click it and Unblock the Notifications








