ഫോർച്യൂണറിനെ വീഴ്ത്താൻ വലിയൊരു ഡീസൽ എസ്‌യുവി വരുന്നു, വമ്പൻ ഹൈപ്പുമായി എംജിയുടെ ടീസർ
ഇന്ത്യയിൽ ഏതുതരം വാഹനങ്ങൾ വാങ്ങാനും ആളുകളുണ്ടെങ്കിലും ഇപ്പോഴത്തെ ട്രെൻഡ് എസ്‌യുവികളാണ്. രാജ്യത്തെ സ്പോർട്‌സ് യൂട്ടിലിറ്റി വാഹന വിഭാഗത്തിൽ ഹെക്‌ടറിനെ പുറത്തിറക്കി മുഖംതന്നെ മാറ്റിയവരാണ് എംജി മോട്ടോർ (MG Motor). പിന്നാലെ ഹെക്‌ടർ പ്ലസ്, ഗ്ലോസ്റ്റർ എന്നിവയും പുറത്തിറക്കി കമ്പനി ഏവരേയും ഞെട്ടിച്ചു. ഇതിൽ ടൊയോട്ട ഫോർച്യൂണറിന്റെ എതിരാളിയായി എത്തിയ ഗ്ലോസ്റ്ററിന് (Gloster) തുടക്കത്തിൽ പ്രത്യേക ശ്രദ്ധകിട്ടുകയും ചെയ്‌തിരുന്നു. ഫോർഡ് എൻഡവറിന്റെ പകരക്കാരനായി പലരും ഇതിനെയാണ് കണ്ടതെങ്കിലും വിൽപ്പനയുടെ കാര്യത്തിൽ വലിയ ഓളം കൊണ്ടുവരാൻ ഫുൾ-സൈസ് എസ്‌യുവിക്കായില്ലെന്നതാണ് സത്യം.
എന്നാൽ കാര്യങ്ങളൊക്കെ ഉടനടി മാറിമറിയാൻ പോവുകയാണെന്ന സൂചനയും എംജി പുറത്തുവിട്ടിട്ടുണ്ട്. ഗ്ലോസ്റ്ററിനെ അടിമുടി ഉടച്ചുവാർത്ത് ഫെയ്‌സ്‌ലിഫ്റ്റ് സമ്മാനിക്കുകയാണ് കമ്പനി. നിരത്തുകളിൽ പരീക്ഷണയോട്ടത്തിന് വിധേയമായ വണ്ടിയുടെ സ്പൈ ചിത്രങ്ങളെല്ലാം ഫാൻസ് ഏറെ പ്രതീക്ഷയോടെയാണ് കണ്ടത്. ADAS പോലുള്ള ഡ്രൈവർ അസിസ്റ്റീവ് ഫീച്ചറുകൾ മാസ് മാർക്കറ്റ് വിഭാഗത്തിലേക്ക് പരിചയപ്പെടുത്തിയ ഗ്ലോസ്റ്ററിന്റെ പുതിയ പടപ്പുറപ്പാട് നെഞ്ചിടിപ്പോടെയാണ് ടൊയോട്ടയും നോക്കിക്കാണുന്നത്.

അധികം വൈകാതെ തന്നെ എംജി ഗ്ലോസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തും. ജൂൺ അഞ്ചിന് അവതരിപ്പിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടിതാ എസ്‌യുവിയുടെ ആദ്യ ടീസറും പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. മുഖംമിനുക്കിയെത്തുന്ന ഫഉൾ-സൈസ് സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് വിശാലമായ ഇൻ്റീരിയർ, എക്സ്റ്റീരിയർ ഡിസൈൻ ട്വീക്കുകളും കോസ്‌മെറ്റിക് അപ്‌ഗ്രേഡുകളുമാണ് ബ്രിട്ടീഷ് പ്രീമിയം വാഹന നിർമാതാക്കൾ ഇത്തവണ സമ്മാനിക്കാൻ ഒരുങ്ങുന്നത്.
എക്സ്റ്റീരിയറിലേക്ക് വന്നാൽ മിനുക്കിയ റേഡിയേറ്റർ ഗ്രിൽ, ക്യൂബ് ആകൃതിയിലുള്ള എൽഇഡി സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണം,, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, പുതുക്കിയ ബമ്പർ എന്നിവയെല്ലാമാവും പുതിയ ഗ്ലോസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റിൽ ഇടംപിടിക്കുക. കൂടാതെ, റീഡിസൈൻ ചെയ്‌ത അലോയ് വീലുകൾ, പരിഷ്ക്കരിച്ച റിയർ ബമ്പർ, പുത്തൻ കണക്റ്റഡ് ടെയിൽ ലൈറ്റുകൾ എന്നിവയും മോഡലിന്റെ മിഴിവ് വർധിപ്പിക്കും.

അങ്ങനെ മൊത്തത്തിൽ ഫോർച്യൂണറിനെതിരെ മികച്ച മത്സരം കാഴ്ച്ചവെക്കാൻ മുൻഗാമിയേക്കാൾ മിടുക്കനായാവും എംജി ഗ്ലോസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റിന്റെ വരവ്. ഇനി അകത്തളത്തിലേക്ക് കയറിയാൽ മുൻഗാമിയേക്കാൾ പരിഷ്ക്കാരിയായാവും ഗ്ലോസ്റ്റർ ഇത്തവണ കളംനിറയുക. വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, വെൻ്റിലേറ്റഡ് ആൻഡ് പവർഡ് ഫ്രണ്ട് സീറ്റുകൾ പോലുള്ള കിടിലൻ ഫീച്ചറുകളെല്ലാം എസ്‌യുവിയിലുണ്ടാവും.
ഇതുകൂടാതെ വയർലെസ് സ്‌മാർട്ട്‌ഫോൺ ചാർജർ, 360-ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, പനോരമിക് സൺറൂഫ്, ലെവൽ 2 ADAS സ്യൂട്ട് പോലുള്ള മോഡേൺ ടെക്കുകളും എംജി ഗ്ലോസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റിൽ അവതരിപ്പിക്കുമെന്നാണ് വിവരം. ലെവൽ 2 ADAS സാങ്കേതികവിദ്യ ഉൾപ്പെടുത്തിയാൽ ഗ്ലോസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി സെമി-ഓട്ടോണമസ് ഡ്രൈവിംഗ് ശേഷിയും കൈവരിക്കും. ഇത് ദീർഘദൂര യാത്രകളിലെ ഡ്രൈവർ ക്ഷീണത്തെ ചെറുക്കാൻ വളരെ ഉപയോഗപ്രദമായ ഫീച്ചറാണ്.
ഇക്കാര്യം എംജി മോട്ടോർസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മെക്കാനിക്കലായി ഗ്ലോസ്റ്റർ ഫെയ്‌സ്‌ലിഫ്റ്റിൽ മാറ്റങ്ങളൊന്നും വരുത്താൻ സാധ്യതയില്ല. എസ്‌യുവിയുടെ പുതുക്കിയ ആവർത്തനം 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ഘടിപ്പിച്ച അതേ 2.0 ലിറ്റർ ഡീസൽ എഞ്ചിനുമായി തന്നെയാവും വിപണിയിലേക്ക് എത്തുക. ഈ ഡീസൽ എഞ്ചിൻ രണ്ട് വ്യത്യസ്ത വേരിയന്റുകളിലായിരിക്കും വാഗ്ദാനം ചെയ്യുക.
ഇതിൽ ആദ്യത്തെ ടർബോ ഡീസൽ പതിപ്പിന് 161 bhp കരുത്തിൽ പരമാവധി 375 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. മറുവശത്ത് ഗ്ലോസ്റ്റർ ഫെയ്‌സ്‌ലിഫിറ്റിന്റെ ട്വിൻ-ടർബോ പതിപ്പ് 215 bhp പവറിൽ 480 Nm torque വരെ വികസിപ്പിക്കാനും ശേഷിയുണ്ടാവും. 2WD, 4WD വേരിയന്റുകളിൽ വാഹനം സ്വന്തമാക്കാനും സാധിക്കും. വിവിധതരം പ്രതലങ്ങളിൽ മികച്ച ഓഫ്-റോഡ് ശേഷി കൈവരിക്കുന്നതിനായി ഒന്നിലധികം ടെറൈൻ മോഡുകളും ഫോർച്യൂണറിന്റെ വില്ലനുണ്ടാവും.
ഡീസൽ, ഓട്ടോമാറ്റിക് കോമ്പിനേഷൻ തുടർന്നും ലഭ്യമാവുമ്പോൾ മാനുവൽ ട്രാൻസ്മിഷൻ നൽകാനും എംജി മോട്ടോർസിന് ഉദ്ദേശമൊന്നുമില്ല. പെട്രോൾ എഞ്ചിന്റെ കാര്യത്തിലും തീരുമാനം ഇതുതന്നെയാവും. നിലവിൽ 38.80 ലക്ഷം രൂപ മുതൽ 43.87 ലക്ഷം രൂപ വരെയാണ് ഗ്ലോസ്റ്ററിന്റെ ഇപ്പോഴത്തെ വില. മാറ്റങ്ങളോടെ എത്തുമ്പോൾ 1 മുതൽ 1.50 ലക്ഷം രൂപ വരെ ഉയരാനും സാധ്യതയുണ്ട്. ഇന്ത്യയിൽ ടൊയോട്ട ഫോർച്യൂണറിന് പുറമെ ജീപ്പ് മെറിഡിയനും സ്കോഡ കൊഡിയാക്കും ഗ്ലോസ്റ്ററിന്റെ എതിരാളികളുടെ കൂട്ടത്തിലുണ്ട്.


Click it and Unblock the Notifications








