എന്നിട്ടും ഹാരിയറിനേക്കാൾ വില കുറവ്, പക്ഷേ ടാറ്റ ഹാപ്പിയാണ്! ഹെക്‌ടർ എസ്‌യുവികൾക്ക് വില കൂട്ടി എംജി
ഇന്ത്യയിലേക്ക് എസ്‌യുവികളുടെ ട്രെൻഡിന് തിരികൊളുത്തിയവരാണ് എംജി മോട്ടോർസ്. ഹെക്‌ടർ എന്ന ഒരൊറ്റ മോഡലിലൂടെ വിപണിയിൽ അഡ്രസുണ്ടാക്കിയെടുത്ത കമ്പനി ഇന്ന് ഗ്ലോസ്റ്റർ, ആസ്റ്റർ, ZS ഇവി, കോമെറ്റ് ഇവി പോലുള്ള കിടിലൻ മോഡലുകളുടെ ബലത്തിലാണ് തിമിർക്കുന്നത്. 2019-ൽ ഹെക്‌ടർ എസ്‌യുവിയിലൂടെയാണ് ബ്രിട്ടീഷ് പൈതൃകവുമായി എംജി രാജ്യത്ത് അരങ്ങേറ്റം കുറിക്കുന്നത്. അന്നേവരെ നാം കണ്ടിട്ടില്ലാത്ത ഫീച്ചറുകളെല്ലാം കുത്തിനിറച്ചെത്തിയ മോഡൽ ഗംഭീര വിജയം തന്നെയാണ് നേടിയെടുത്തത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ JSW എംജി മോട്ടോര്‍ ഇന്ത്യയുടെ ഓഹരികള്‍ സ്വന്തമാക്കിയതോടെ ദേസി ടച്ച് കൊണ്ടുവരാനും ബ്രാൻഡിനായിട്ടുണ്ട്.
ഇന്നും വിപണിയിൽ വളരെ ജനപ്രിയമായി നിലകൊള്ളുന്ന ഹെക്‌ടർ ശ്രേണിയുടെ വിജയത്തിന് പിന്നിലെ പ്രധാന കാരണം അടിക്കടി എസ്‌യുവിയിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ തന്നെയാണെന്ന് പറയാം. പുതിയ വേരിയന്റുകൾ അവതരിപ്പിച്ചും വില കുറച്ചുമെല്ലാമാണ് ആളുകളെ എംജി കൈയിലെടുക്കുന്നത്. എന്നാൽ ഹെക്‌ടർ അല്ലെങ്കിൽ ഹെക്‌ടർ പ്ലസ് വാങ്ങാൻ പദ്ധതിയിട്ടിരിക്കുന്നവർ നിരാശപ്പെടേണ്ടി വരും.

മറ്റൊന്നുമല്ല, ഇന്ത്യയിൽ രണ്ട് എസ്‌യുവികളുടേയും വില വർധിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് എംജി മോട്ടോർ. ഹെക്‌ടറിന് 22,000 രൂപ കൂട്ടിയപ്പോൾ 6 അല്ലെങ്കിൽ 7 സീറ്റർ ഓപ്ഷനിലെത്തുന്ന ഹെക്‌ടർ പ്ലസിന് 30,000 രൂപയുമാണ് കമ്പനി ഉയർത്തിയിരിക്കുന്നത്. തെരഞ്ഞെടുക്കുന്ന വേരിയന്റുകളും എഞ്ചിൻ ഓപ്ഷനും അനുസരിച്ച് വില വർധനവിൽ വ്യത്യാസമുണ്ടായേക്കാം എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.
പെട്രോൾ, ഡീസൽ ഓപ്ഷനുകൾക്കൊപ്പം വരുന്ന എംജി ഹെക്ടറിൻ്റെ എൻട്രി ലെവൽ സ്റ്റൈൽ വേരിയൻ്റിൻ്റെ വിലയിൽ മാറ്റമില്ല. പെട്രോൾ മാനുവൽ വേരിയൻ്റുകൾക്ക് 16,000 മുതൽ 20,000 രൂപ വരെയാണ് വർധന. അതേസമയം പെട്രോൾ ഓട്ടോമാറ്റിക് വേരിയൻ്റുകൾക്ക് ഇപ്പോൾ 17,000 രൂപ മുതൽ 22,000 രൂപയാണ് അധികമായി മുടക്കേണ്ടി വരിക. ഡീസൽ പതിപ്പുകളാണ് നോക്കുന്നതെങ്കിൽ 18,000 മുതൽ 22,000 രൂപ വരെയാണ് വില വർധിപ്പിച്ചിരിക്കുന്നത്.

ഈ വർഷം ഇത് രണ്ടാം തവണയാണ് ഹെക്‌ടർ ശ്രേണിയുടെ വിലയിൽ മാറ്റമുണ്ടാവുന്നത്. ആദ്യത്തെ തവണ എസ്‌യുവിയുടെ പ്രാരംഭ വില ഏകദേശം ഒരു ലക്ഷം രൂപ കുറച്ചതായിരുന്നു നീക്കം. അതിനു ശേഷമാണ് ഇപ്പോൾ വില വർധനവ് കൊണ്ടുവരുന്നത്. ഇനി ഹെക്‌ടർ പ്ലസിന്റെ വിലയിലെ മാറ്റം എങ്ങനെയാണെന്ന് നോക്കിയാൽ മൂന്ന് വരി എസ്‌യുവിയുടെ പെട്രോൾ മാനുവൽ പതിപ്പുകൾക്ക് അധികമായി 20,000 രൂപ മുതൽ 23,000 രൂപ വരെയാണ് ചെലവഴിക്കേണ്ടി വരിക.
അതേസമയം ഹെക്‌ടർ പ്ലസിന്റെ പെട്രോൾ ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് മുമ്പത്തേക്കാൾ 24,000 രൂപ മുതൽ 25,000 രൂപ വരെയാണ് കൂടുതലായി മുടക്കേണ്ടി വരുന്നത്. 7 സീറ്റർ എസ്‌യുവിയുടെ ഡീസൽ മോഡലുകളുടെ വിലയിൽ ഈ മാസം 20,000 മുതൽ 30,000 രൂപ വരെയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഹെക്‌ടർ പ്ലസിന്റെ വില ശ്രേണി വരുന്നത് 18.20 ലക്ഷം മുതൽ 23.08 ലക്ഷം രൂപ വരെയാണ്.

ഹെക്‌ടറിന്റെ പുതിയ വില പരിഷ്ക്കാരം അനുസരിച്ച് 13.99 ലക്ഷം മുതൽ 22.24 ലക്ഷം രൂപ വരെയാണ് ഇപ്പോൾ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. പൈസയുടെ കാര്യത്തിൽ മാറ്റമുണ്ടെങ്കിലും വാഹനങ്ങളിലേക്ക് മറ്റ് മെക്കാനിക്കൽ കോസ്മെറ്റിക് നവീകരണങ്ങളൊന്നും തന്നെ കമ്പനി നടപ്പിലാക്കിയിട്ടില്ലെന്ന് വേണം പറയാൻ. 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുകളാണ് എംജി ഹെക്ടറിനും ഹെക്‌ടർ പ്ലസിനും തുടിപ്പേകുന്നത്.
പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 1.5 ലിറ്റര്‍ പെട്രോളിന് 141 bhp കരുത്തിൽ 250 Nm torque വരെ വികസിപ്പിക്കാനാവും. അതേസമയം എസ്‌യുവികളിലെ 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 170 bhp കരുത്തില്‍ പരമാവധി 350 Nm torque നൽകാനും ശേഷിയുള്ളതാണ്. ഹെക്ടര്‍ പെട്രോള്‍ മാനുവല്‍, സിവിടി ഗിയര്‍ ബോക്‌സ് ഓപ്ഷനുകളില്‍ വാങ്ങാം. അതേസമയം 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ മാത്രമാണ് ഡീസല്‍ എഞ്ചിനൊപ്പം വാഗ്ദാനം ചെയ്യുന്നത്.
വലിയ 14 ഇഞ്ച് HD ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 75-ലധികം ഇന്‍-കാര്‍ കണക്റ്റിവിറ്റിയുള്ള ഐ-സ്മാര്‍ട്ട് സാങ്കേതികവിദ്യ, പനോരമിക് സണ്‍റൂഫ്, ലെവല്‍ 2 ADAS, സ്റ്റീല്‍ ബോഡി, 360 ഡിഗ്രി ക്യാമറ, 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, പുഷ് സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, ഫ്ലോട്ടിംഗ് ലൈറ്റ് ടേൺ ഇൻഡിക്കേറ്ററുകൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി കണക്റ്റഡ് ടെയിൽ ലൈറ്റുകൾ പോലുള്ളവയാണ് മോഡലുകളിലെ പ്രധാന സവിശേഷതകൾ.


Click it and Unblock the Notifications








