മഹീന്ദ്രയും ടാറ്റയും ഒന്നിച്ച് ഹാപ്പിയാവും, ഇനിയീ വണ്ടികൾ പഴയ വിലയ്ക്ക് തരാൻ പറ്റില്ലെന്ന് എംജി; കാരണം ഇതാണ്
ചൈനീസ് വാഹന നിർമാതാക്കളെന്ന ലേബലിൽ ഇന്ത്യൻ വിപണിയിൽ എത്തിയവരാണെങ്കിലും ഹെക്‌ടർ എസ്‌യുവിയിലൂടെ രാജ്യത്ത് അതിവേഗം വിജയം നേടിയെടുക്കാൻ എംജി മോട്ടോറിന് (MG Motor) സാധിച്ചു. അതിന്റെ പിന്നിലുള്ള പ്രധാന കാരണം മോറിസ് ഗരാജസിന്റെ ബ്രിട്ടീഷ് പൈതൃകം തന്നെയായിരുന്നു. എന്നാൽ പിന്നീട് എംജി ഇന്ത്യയുടെ ഓഹരികള്‍ രാജ്യത്തെ ഏറ്റവും പ്രമുഖ വ്യവസായ ഗ്രൂപ്പായ ജെഎസ്ഡബ്ല്യു വാങ്ങിയതേടെ അൽപം സ്വദേശിയാവാനും ബ്രാൻഡിനായി. നിലവിൽ വൈദ്യുത വാഹനങ്ങളിൽ കൂടുതൽ ശ്രദ്ധകൊടുക്കുകയാണെങ്കിലും ഹെക്‌ടർ പോലുള്ള മോഡലുകൾ ഇന്നും കാര്യമായ വിൽപ്പന കമ്പനിക്കായി പിടിക്കുന്നുണ്ട്.
പക്ഷേ ഇനി മുതൽ അങ്ങോട്ട് കാര്യങ്ങൾ എംജിക്ക് എളുപ്പമായിരിക്കില്ല. കാരണം അത്തരത്തിലൊരു തീരുമാനം കമ്പനിയുടെ ഭാഗത്തു നിന്നുമുണ്ടായിരിക്കുകയാണ്. അതെന്താണെന്ന് വിശദമായി തന്നെ പറഞ്ഞുതരാം. ഇന്ത്യയിൽ ഉത്സവ സീസൺ തുടക്കം കുറിച്ചതോടെ കാർ ഷോറൂമുകളിലെല്ലാം വൻതിരക്കാണ്. വിൽപ്പന കൂട്ടാൻ മോഡൽ നിരയിലാകെ വാഹന നിർമാതാക്കളെല്ലാം ഗംഭീര ഓഫറുകൾ പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്.

എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്‌തമായി എംജി മോട്ടോർ തങ്ങളുടെ ജനപ്രിയ മോഡലുകളായ ഹെക്‌ടറിനും ഹെക്‌ടർ പ്ലസിനും വില കൂട്ടിയിരിക്കുകയാണ്. ഇനി മുതൽ രണ്ട് എസ്‌യുവി മോഡലുകളും സ്വന്തമാക്കണമെങ്കിൽ പഴയ വില കൊടുത്താൽ മതിയാവില്ല. അതും 75,000 രൂപയോളമാണ് എംജി ഇരുവാഹനങ്ങൾക്കും വില വർധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ വില ഉടനടി പ്രാബല്യത്തിൽ വന്നിട്ടുമുണ്ട്.
ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്ന വില വർധനവിന്റെ കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല. മാർക്കറ്റ് റിസപ്ഷൻ, ഡിമാൻഡ്, ഓർഡറുകൾ, ബുക്കിംഗുകൾ, മറ്റ് ഘടകങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി വിലയിൽ വ്യത്യാസം വരുത്തുന്നത് വാഹന നിർമാതാക്കൾ കൈക്കൊള്ളുന്ന സാധാരണ രീതിയാണ്. എന്നിരുന്നാലും നിലവിലെ സാഹചര്യത്തിൽ വിലക്കയറ്റത്തിന്റെ കാരണം എന്താകുമെന്ന് ഇരുത്തി ചിന്തിക്കേണ്ടി വരും.

ഈ പരിഷ്‌ക്കാരത്തോടെ ഹെക്ടറിൻ്റെയും 7 സീറ്റർ ഹെക്ടർ പ്ലസിൻ്റെയും വില ഗണ്യമായി ഉയർന്നു. ഇതോടെ സെഗ്മെന്റിലെ എതിരാളികളായ ടാറ്റയും മഹീന്ദ്രയും ഹ്യുണ്ടായിയുമെല്ലാം ഹാപ്പിയായിട്ടുണ്ടാവും. നിലവിൽ ഹെക്‌ടറിൻ്റെ എക്‌സ്‌ഷോറൂം വില 13.99 ലക്ഷം മുതലാണ് ആരംഭിക്കുന്നത്. അതേസമയം ഹെക്ടർ പ്ലസ്. 17.30 ലക്ഷം രൂപ മുതലുള്ള എക്സ്ഷോറൂം വിലയിലും ലഭ്യമാവും.
സ്‌റ്റൈൽ, ഷൈൻ പ്രോ, സെലക്‌ട് പ്രോ, സ്‌മാർട്ട് പ്രോ, ഷാർപ്പ് പ്രോ, സാവി പ്രോ, ബ്ലാക്ക്‌സ്റ്റോം, സ്‌നോസ്റ്റോം, 100-ഇയർ എഡിഷൻ എന്നിങ്ങനെ ഒമ്പത് വേരിയൻ്റുകളിൽ ഹെക്‌ടർ ശ്രേണി ലഭ്യമാണ്. മെക്കാനിക്കലായി 1.5 ലിറ്റർ പെട്രോൾ, 2.0 ലിറ്റർ ഡീസൽ എഞ്ചിൻ എന്നീ വ്യത്യസ്‌ത ഓപ്ഷനുകളിൽ എസ്‌യുവി സ്വന്തമാക്കുകയുമാവാം. പെട്രോളിൽ ആറ് സ്പീഡ് മാനുവലും സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സും ലഭിക്കുമ്പോൾ ഓയിൽ ബർണർ മാനുവൽ ഗിയർബോക്സിൽ മാത്രമേ ലഭ്യമാകൂ.

1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും 1.5 ലിറ്റർ ഡീസൽ എഞ്ചിനുമാണ് എംജി ഹെക്ടർ പ്ലസ് വാഗ്ദാനം ചെയ്യുന്നത്. സ്‌റ്റൈൽ, ഷൈൻ, സ്‌മാർട്ട്, സ്‌മാർട്ട് പ്രോ, ഷാർപ്പ് പ്രോ, സാവി പ്രോ എന്നിങ്ങനെ ആറ് വേരിയന്റുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് എസ്‌യുവി തെരഞ്ഞെടുക്കുകയുമാവാം. ഏഴ് നിറങ്ങളും ഡ്യുവൽ-ടോൺ ഓപ്ഷനും ഓഫർ ചെയ്യുന്നുണ്ടെന്നതും ആളുകളെ കൈയ്യിലെടുക്കാൻ സഹായിക്കുകയും ചെയ്യും.
പെഡഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ഹെക്ടർ ശ്രേണിയിലെ 1.5 ലിറ്റർ പെട്രോൾ എഞ്ചിന് 141 bhp കരുത്തിൽ പരമാവധി 250 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി എന്നിവയാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ ഇനി മോഡലുകളുടെ 2.0 ലിറ്റർ ഡീസൽ എഞ്ചിൻ നോക്കിയാൽ ഇത് 170 bhp പവറിൽ പരമാവധി 350 Nm torque വരെയാണ് നൽകുന്നത്.
ഇന്ത്യൻ വിപണിയിൽ ടാറ്റ ഹാരിയർ, ജീപ്പ് കോമ്പസ്, മഹീന്ദ്ര XUV700 5-സീറ്റർ മോഡലുകളുമായാണ് എംജി ഹെക്‌ടറിന്റെ മത്സരം. അതേസമയം ടാറ്റ സഫാരി, ഹ്യുണ്ടായി അൽകാസർ, XUV700 7-സീറ്റർ എന്നിവയുമായാണ് ഹെക്‌ടർ പ്ലസ് മാറ്റുരയ്ക്കുന്നത്. പുതിയ വില വർധനവ് എംജി മോഡലുകളുടെ വിൽപ്പനയെ എങ്ങനെ ബാധിക്കുമെന്ന് വരും ദിവസങ്ങളിൽ അറിയാൻ കഴിയും. മൊത്തത്തിൽ വിൽപ്പനയെ ബാധിച്ചാലും വിൻഡ്‌സർ ഇവിയുടെ ഡെലിവറി തുടങ്ങിയതോടെ വലിയ നഷ്‌ടമുണ്ടാവാൻ സാധ്യത കാണില്ല.


Click it and Unblock the Notifications








