ടാറ്റയുടെ ഐഡിയ കടമെടുത്ത് എംജിയും, ഹാരിയറിനെ ഒതുക്കി ആളാവാൻ ഹെക്‌ടറിന്റെ ബ്ലാക്ക് മാജിക്
ഹെക്‌ടർ എന്ന ഒരൊറ്റ മോഡലിലൂടെ ഇന്ത്യൻ വാഹന വിപണിയിൽ ട്രെൻഡായി മാറിയവരാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമാതാക്കളായ എംജി മോട്ടോർസ്. ഇന്ന് മോറിസ് ഗരാജസിന്റെ ഒരു ഓഹരി JSW ഗ്രൂപ്പിന്റെ കൈകളിലായതിനാൽ കമ്പനിക്ക് ഇന്ത്യൻ ടച്ചും വന്നിട്ടുണ്ട്. നിലവിൽ ഹെക്‌ടറിലൂടെ കച്ചോടം പൊടിപൊടിക്കുന്ന ബ്രാൻഡ് ZS ഇവി, കോമെറ്റ് ഇവി പോലുള്ള വൈദ്യുത മോഡലുകളിലൂടെ കൂടുതൽ ആളുകളിലേക്ക് എത്തുന്നുമുണ്ട്.
സെഗ്മെന്റിൽ ടാറ്റ ഹാരിയറും മഹീന്ദ്ര XUV700 പോലുള്ള എതിരാളികൾ അൽപംകൂടി മുന്നിട്ട് നിൽക്കുമ്പോൾ ഹെക്‌ടറിന്റെ പഴയ പ്രതാപം തിരിച്ചുപിടിക്കാനുള്ള സൂത്രപ്പണികൾ ഒപ്പിക്കുകയാണ് എംജിയിപ്പോൾ. ഇതിന്റെ ഭാഗമായി കറുപ്പഴകിൽ ഹെക്‌ടറിൻ്റെ ബ്ലാക്ക് സ്റ്റോം എഡിഷൻ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എംജി വാഹനത്തിന്റെ ഓൾ-ബ്ലാക്ക് എഡിഷന് 21.24 ലക്ഷം രൂപയാണ് പ്രാരംഭ വില.

എസ്‌യുവിയുടെ ഷാർപ്പ് പ്രോ ട്രിം അടിസ്ഥാനമാക്കിയുള്ള ഈ വേരിയന്റ് അഞ്ച്, ആറ്, ഏഴ് സീറ്റ് കോൺഫിഗറേഷനുകളിൽ ലഭ്യമാകും. തെരഞ്ഞെടുക്കുന്ന മോഡൽ അനുസരിച്ച് ബ്ലാക്ക് സ്റ്റോം എഡിഷന്റെ എക്സ്ഷോറൂം വില 22.75 ലക്ഷം രൂപയായി വരെ ഉയരും. ആസ്റ്റർ, ഗ്ലോസ്റ്റർ എസ്‌യുവികളുടെ ബ്ലാക്ക് സ്റ്റോം എഡിഷൻ പുറത്തിറക്കിയതിനു പിന്നാലെ എംജിയിൽ നിന്നുള്ള മൂന്നാമത്തെ സ്പെഷ്യൽ എഡിഷനാണ് ഇപ്പോൾ ഹെക്‌ടറിൽ അവതരിച്ചിരിക്കുന്നത്.
ഹെക്ടർ ബ്ലാക്ക് സ്റ്റോം പുറത്തും അകത്തളങ്ങളിലും നിരവധി കോസ്മെറ്റിക് മാറ്റങ്ങളോടെയാണ് വരുന്നത്. ഈ അപ്‌ഡേറ്റുകളിൽ ഭൂരിഭാഗവും ബ്രാൻഡിന്റെ മറ്റ് ബ്ലാക്ക് സ്റ്റോം എഡിഷനുകൾക്ക് ലഭിച്ചതിന് സമാനമാണ്. എങ്കിലും കാഴ്ച്ചയിൽ കൂടുതൽ പ്രതാപിയായാണ് എസ്‌യുവിയുടെ വരവ് എന്നത് ഹൈലൈറ്റാവും. ടാറ്റ ഹാരിയർ ഡാർക്ക് എഡിഷനും മഹീന്ദ്ര XUV700 എസ്‌യുവിയുടെ ബ്ലാക്ക് കളർ ഓപ്ഷനും എതിരാളിയായി നിലകൊള്ളാൻ കറുപ്പഴകിൽ എത്തുന്ന ഹെക്‌ടറിനുമാവും.

ഹെക്ടർ ബ്ലാക്ക് സ്റ്റോം എഡിഷൻ്റെ വില ടോപ്പ്-എൻഡ് വേരിയന്റിനേക്കാൾ ഏകദേശം 60,000 രൂപ കൂടുതലാണ്. എങ്കിലും അധിക പണം മുടക്കുന്നതിനുള്ള മാറ്റങ്ങൾ എസ്‌യുവിയിലേക്ക് കമ്പനി കൊണ്ടുവന്നിട്ടുണ്ട്. വേരിയൻ്റിൻ്റെ പേര് സൂചിപ്പിക്കുന്നത് പോലെ ബ്ലാക്ക് സ്റ്റോം എഡിഷൻ കറുപ്പിലാണ് ഒരുങ്ങിയിരിക്കുന്നതെങ്കിലും കൂടുതൽ സ്പോർട്ടിയറാക്കാനായി റെഡ് ഹൈലൈറ്റുകളും കമ്പനി സമ്മാനിച്ചിട്ടുണ്ട്.
ഡാർക്ക് ക്രോം ബ്രാൻഡ് ലോഗോകൾ, ഡാർക്ക് ക്രോം ആർഗിൽ ഡയമണ്ട് മെഷ് ഫ്രണ്ട് ഗ്രിൽ, സ്‌കിഡ് പ്ലേറ്റുകളിൽ ഡാർക്ക് ക്രോം ഇൻസേർട്ടുകൾ, ഡാർക്ക് ക്രോം ടെയിൽഗേറ്റ്, ക്ലാഡിംഗുകളിൽ ഡാർക്ക് ക്രോം ഫിനിഷ് എന്നിവയെല്ലാം കിടിലമാണ്. ഹെഡ്‌ലൈറ്റ് യൂണിറ്റുകൾക്ക് കറുത്ത ബെസലുകൾ ലഭിക്കുമ്പോൾ കണക്റ്റഡ് ടെയിൽ ലൈറ്റുകൾക്ക് സ്മോക്ക്ഡ് ഇഫക്റ്റ് ലഭിക്കും. ഇത് അധികമായി ചെയ്യുന്ന മോഡിഫിക്കേഷൻ ഒഴിവാക്കാൻ ഉപഭോക്താക്കളെ അനുവദിക്കും.

ഗ്ലോസി ബ്ലാക്ക് ഡോർ ഗാർണിഷും ബ്ലാക്ക് ഫിനിഷുള്ള റൂഫ് റെയിലുകളും ഹെക്‌ടറിന് അഴകേകുന്നുണ്ട്. എസ്‌യുവിയുടെ പുറംഭാഗത്തിന് സ്റ്റാറി ബ്ലാക്ക് ബോഡി കളറാണ് ലഭിക്കുന്നത്. വശക്കാഴ്ച്ചയിലേക്ക് വന്നാൽ 18 ഇഞ്ച് അലോയ് വീലുകൾക്ക് ഒപ്പം റെഡ് ബ്രേക്ക് കാലിപ്പറുകളും കമ്പനി ഉപയോഗിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ഹെഡ്‌ലൈറ്റ് കേസിംഗിനും ORVM-കൾക്കും റെഡ് ആക്‌സൻ്റുകൾ ലഭിക്കും.
പുറംമോടിയിലേതു പോലെ തന്നെ ഹെക്ടർ ബ്ലാക്ക് സ്റ്റോമിൻ്റെ ഇന്റീരിയറിലും ചെറിയ പരിഷ്ക്കാരങ്ങൾ കാണാം. മറ്റ് ബ്ലാക്ക് എഡിഷൻ എസ്‌യുവികളെപ്പോലെ അകത്തളം പൂർണമായും കറുപ്പിലാണ് ഒരുക്കിയിരിക്കുന്നത്. എസ്‌യുവിക്ക് ബ്ലാക്ക് തീം ഇൻ്റീരിയർ ഗൺ മെറ്റൽ ആക്‌സൻ്റുകൾ നൽകിയിരിക്കുന്നതും മനോഹരമാണ്. അങ്ങനെ മൊത്തത്തിൽ സ്റ്റാൻഡേർഡ് വേരിയന്റുകളേക്കാൾ മിഴിവുറ്റതാക്കാൻ എംജിക്കായെന്നു വേണം പറയാൻ.

ഡാഷ്‌ബോർഡിനും സെൻ്റർ കൺസോളിനും ഗൺ മെറ്റൽ ഗ്രേ ട്രീറ്റ്‌മെൻ്റ്, പുതിയ ഓൾ-ബ്ലാക്ക് ലെതർ അപ്‌ഹോൾസ്റ്ററി, മുൻ ഹെഡ്‌റെസ്റ്റുകളിൽ എംബോസ് ചെയ്‌ത ബ്ലാക്ക് സ്റ്റോം, ഗൺ മെറ്റൽ ഫിനിഷുള്ള ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീലും എംജി ഹെക്ടർ ബ്ലാക്ക് സ്റ്റോം എഡിഷന് ലഭിക്കും. 7.0 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, പനോരമിക് സൺറൂഫ്, സീറ്റ് വെൻ്റിലേഷൻ, പവർഡ് ഡ്രൈവർ സീറ്റ് എന്നിവയും അതിലേറെയും പോലുള്ള മറ്റ് സവിശേഷതകളാലും എസ്‌യുവി സമ്പന്നനാണ്.
കൂടാതെ സെഗ്‌മെൻ്റിലെ ഏറ്റവും വലിയ 14 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീനാണ് ഹെക്ടർ എസ്‌യുവിയിൽ ഒരുക്കിയിരിക്കുന്നത്. സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തിൽ, ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ അവതരിപ്പിച്ച ADAS സാങ്കേതികവിദ്യ, 360 ഡിഗ്രി ക്യാമറ, ആറ് എയർബാഗുകൾ, ഓട്ടോ ടേൺ ഇൻഡിക്കേറ്റർ എന്നിവയും ഹെക്ടർ ബ്ലാക്ക് സ്റ്റോം എഡിഷന്റെ ഭാഗമാണ്. അതേസമയം എഞ്ചിൻ, ഗിയർബോക്‌സ് ഓപ്ഷനുകളിൽ മാറ്റങ്ങളൊന്നുമില്ല.

മുമ്പുണ്ടായിരുന്ന അതേ 1.5 ലിറ്റർ ടർബോ പെട്രോൾ, 2.0 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ തന്നെയാണ് എംജി ഹെക്ടർ ബ്ലാക്ക് സ്റ്റോമിനും തുടിപ്പേകാനായി എത്തിയിരിക്കുന്നത്. പെട്രോൾ എഞ്ചിന് 142 bhp കരുത്തിൽ 250 Nm torque വരെ നൽകാനാവുമ്പോൾ ഡീസൽ വേരിയന്റിന് 170 bhp പവറിൽ 350 Nm torque ആണ് ഉത്പാദിപ്പിക്കാനാവുക. ഗിയർബോക്‌സിലേക്ക് നോക്കിയാൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് സിവിടി ഓട്ടോമാറ്റിക് എന്നിവയാണ് കിട്ടുക.


Click it and Unblock the Notifications








