എല്ലാത്തരം ആളുകളെയും വിസ്‌മയിപ്പിക്കുന്ന കാർ, വിൻഡ്‌സർ ഇവിയുടെ വേരിയന്റും ഫീച്ചറുകളും അറിയാം
ഇലക്‌ട്രിക് കാറുകൾ വാങ്ങാൻ പലർക്കും താത്പര്യമുണ്ടെങ്കിലും മിക്കവരും ഇവികളിൽ നിന്നും ഗ്യാപ്പിട്ട് നിൽക്കാൻ കാരണം അതിന്റെ ഉയർന്ന മുടക്കുമുതൽ തന്നെയാണെന്ന് പറയാം. പെട്രോൾ കാറിന്റെ വിലയിലൊന്നും ഇവികൾ കിട്ടില്ലെന്ന ധാരണയായിരുന്നു അടുത്തിടെ വരെ ഉണ്ടായിരുന്നത്. എന്നാൽ എംജിയും ടാറ്റയും രംഗത്തേക്കിറങ്ങിയതോടെ കളിയാകെ മാറി. ഇക്കഴിഞ്ഞ ദിവസവും 9.99 ലക്ഷത്തിന് പുത്തനൊരു വൈദ്യുത വാഹനവും എംജി മോട്ടോർസ് പുറത്തിറക്കുകയാണ്ടായി. എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ്, എസെൻസ് എന്നീ മൂന്ന് വേരിയൻ്റുകളിൽ വരുന്ന വിൻഡ്‌സർ സിയുവി (MG Windsor) എന്തായാലും ആളുകളുടെയെല്ലാം ശ്രദ്ധയിൽ പെട്ടിട്ടുമുണ്ട്.
വിൻഡ്‌സറിൻ്റെ അടിസ്ഥാന വില 9.99 ലക്ഷം രൂപയാണെങ്കിലും ബാറ്ററി-ആസ്-എ-സർവീസ് (BaaS) ആയാണ് വരുന്നത്. ഒരു കിലോമീറ്ററിന് 3.50 രൂപ നിരക്കിൽ സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനത്തിൽ മാത്രമാണ് കാറിന്റെ ബാറ്ററി പായ്ക്ക് വാഗ്ദാനം ചെയ്യുക. കാറിന് മുടക്കുന്ന വില കുറക്കാനുള്ള ഐഡിയയാണ് എംജി ഇതിലൂടെ കണ്ടത്. എന്തായാലും ഇവി വാങ്ങാൻ താത്പര്യമറിയിച്ച് ഒരുപാട് പേർ മുമ്പോട്ടു വന്നിട്ടുണ്ട്. ആയതിനാൽ വിൻഡ്‌സറിന്റെ എല്ലാ വേരിയന്റുകളും അതിൽ കിട്ടുന്ന ഫീച്ചറുകളും എന്തെല്ലാമെന്ന് പറഞ്ഞുതരാം.

എക്‌സൈറ്റ്: എംജി വിൻഡ്‌സർ ഇവിയുടെ ബേസ് മോഡൽ വിലയുടെ കാര്യത്തിലാണ് ആളുകളെ അടുപ്പിക്കുക. ബേസാണെങ്കിലും യാതൊരു കുറവും വരുത്താതെയാണ് വണ്ടി പണികഴിപ്പിച്ചിരിക്കുന്നത്. എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, ഫ്ലഷ്-ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ എന്നിവ പോലുള്ള സിഗ്നേച്ചർ സവിശേഷതകളെല്ലാം വിൻഡ്‌സർ എക്‌സൈറ്റിൽ കമ്പനി ഒരുക്കിയിട്ടുണ്ട്.
എന്നാൽ ടോപ്പ് എൻഡിലെ 18 ഇഞ്ച് അലോയ് വീലുകൾക്ക് പകരം വീൽ കവറുകളുള്ള 17 ഇഞ്ച് സ്റ്റീൽ വീലുകളിലാണ് വിൻഡ്‌സർ ഇവിയുടെ ബേസ് എക്സൈറ്റ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ ഒരു പേൾ വൈറ്റ് കളർ ഓപ്ഷൻ മാത്രമേ ഇതിലുണ്ടാവൂ. ഇന്റീരിയറിലേക്ക് കയറിയാൽ ഫാബ്രിക് സീറ്റുകൾ, ചെറിയ 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ പോലുള്ള ഫീച്ചറുകളാണ് മോഡലിൽ കൊടുത്തിരിക്കുന്നത്.

ഈ വേരിയൻ്റിൽ ഐസ്മാർട്ട് സ്യൂട്ടിൽ നിന്നുള്ള കണക്റ്റഡ് കാർ ഫീച്ചറുകളിൽ ഭൂരിഭാഗവും എംജി വാഗ്ദാനം ചെയ്യുന്നുമില്ല. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെൻ്റുകൾ, ചാരിയിരിക്കാവുന്ന 'എയ്‌റോ-ലോഞ്ച്' റിയർ സീറ്റുകൾ, ക്രൂയിസ് കൺട്രോൾ എന്നിവ വിൻഡ്‌സറിലെ സ്റ്റാൻഡേർഡ് ഫീച്ചറുകളായതിനാൽ എക്‌സൈറ്റിൽ ഇതെല്ലാം കിട്ടും. ഈ വേരിയൻ്റിന് 6 സ്പീക്കർ സൌണ്ട് സിസ്റ്റവും കമ്പനി ഒരുക്കിയിട്ടുണ്ട്. വിൻഡ്‌സറിൽ മിക്ക സേഫ്റ്റി ഫീച്ചറുകളും സ്റ്റാൻഡേർഡായി എംജി വാഗ്ദാനം ചെയ്യുന്നതിനാൽ ഇക്കാര്യത്തിലും ആശങ്കയൊന്നും വേണ്ട.
6 എയർബാഗുകൾ, ത്രീ-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, ഹിൽ ഡിസൻ്റ് കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, റിയർ പാർക്കിംഗ് സെൻസറുകൾ, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, ഡിസ്‌ക് ബ്രേക്കുകൾ, ഓട്ടോ ഹെഡ്‌ലാമ്പുകൾ എന്നിവയെല്ലാം എക്സൈറ്റിലുണ്ട്. 360-ഡിഗ്രി ക്യാമറയും എൽഇഡി കോർണറിംഗ് ലൈറ്റുകളും മാത്രമാണ് ബേസ് വേരിയന്റിൽ നഷ്‌ടമാവുന്നത്. 3.3 kW പോർട്ടബിൾ ചാർജിംഗ് കേബിളും 3.3 kW എസി ഹോം ചാർജിംഗ് ബോക്സും ചാർജിംഗിനായി ലഭിക്കും.

എക്‌സ്‌ക്ലൂസീവ്: വിൻഡ്‌സർ ഇവിയുടെ എക്‌സ്‌ക്ലൂസീവ് വേരിയൻ്റിനൊപ്പം 18 ഇഞ്ച് അലോയ് വീലുകളും വിൻഡോ ബെൽറ്റ്‌ലൈനിൽ ക്രോം ഫിനിഷിംഗ് നൽകുകയും ചെയ്‌തിട്ടുണ്ട്. പേൾ വൈറ്റ്, സ്റ്റാർബർസ്റ്റ് ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകൾ തെരഞ്ഞെടുക്കാനുള്ള അവസരവും കമ്പനി നൽകുന്നുണ്ട്. അകത്തേക്ക് കയറിയാൽ ലെതർ സീറ്റുകൾ, ഡാഷ്‌ബോർഡ്, ഡോർ ട്രിമ്മുകൾ, സ്റ്റിയറിംഗ് വീൽ എന്നിവയും രണ്ടാമത്തെ വേരിയന്റിന് ലഭിക്കുന്നു.
വലിയ 15.6 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 8.8 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ഡിസ്‌പ്ലേ, ആറു തരത്തിൽ ക്രമീകരിക്കാവുന്ന സീറ്റുകൾ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, പവർ-ഫോൾഡിംഗ് ഒആർവിഎം എന്നിവ എംജി വിൻഡ്‌സർ ഇവിയുടെ എക്‌സ്‌ക്ലൂസീവ് വേരിയൻ്റിലെ ചില ശ്രദ്ധേയമായ ഫീച്ചറുകളാണ്. 80-ലധികം കണക്റ്റഡ് സവിശേഷതകളുള്ള ഐസ്മാർട്ട് സ്യൂട്ടും ഇതിൽ കിട്ടും. സുരക്ഷയുടെ കാര്യത്തിൽ ഈ വേരിയൻ്റിന് 360-ഡിഗ്രി ക്യാമറയും എൽഇഡി കോർണറിംഗ് ലൈറ്റുകളും ലഭിക്കുന്നു.
എസെൻസ്: വിൻഡ്‌സറിൻ്റെ ടോപ്പ്-സ്പെക്ക് വേരിയൻ്റായ എസെൻസിൽ പനോരമിക് ഗ്ലാസ് റൂഫാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ആംബിയൻ്റ് ലൈറ്റിംഗ്, 9-സ്പീക്കർ ഓഡിയോ സിസ്റ്റം, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, മറ്റ് വേരിയൻ്റുകളിൽ ഓപ്‌ഷണലായി വാഗ്ദാനം ചെയ്യുന്ന 7.4 kW എസി ഫാസ്റ്റ് ചാർജർ എന്നിവയും ഇതിലുണ്ട്. ടർക്കോയ്സ് ഗ്രീൻ, സ്റ്റാർബർസ്റ്റ് ബ്ലാക്ക്, ക്ലേ ബീജ്, പേൾ വൈറ്റ് എന്നീ നാല് കളർ ഓപ്ഷനുകളുള്ള ഒരേയൊരു വേരിയന്റും ഇതാണ്.


Click it and Unblock the Notifications








