അച്ഛാ മിനി... കാറുകളിലെ മഹാറാണി ഇനി പെട്രോളിൽ വാങ്ങാൻ കിട്ടില്ല, കടുത്ത തീരുമാനമെടുത്ത് കമ്പനി
ആഡംബര കാറുകൾക്ക് ഏറ്റവും ഡിമാന്റുള്ള വിപണികളിൽ ഒന്നാണ് നമ്മുടെ ഇന്ത്യ. സെലിബ്രിറ്റികളും വൻ വ്യവസായ പ്രമുഖരുമെല്ലാം എപ്പോഴും തങ്ങളുടെ ഗരാജ് പുതുക്കലിന്റെ ഭാഗമായി കൂടെക്കൂട്ടുന്നവരാണ് ഇവർ. ഇന്ത്യയിലെ പ്രീമിയം വാഹനങ്ങളില്‍ താരപരിവേഷമുള്ള മോഡലാണ് മിനി കൂപ്പര്‍ എന്ന കുഞ്ഞന്‍ കാര്‍. കാണാൻ വളരെ ചെറുതാണെങ്കിലും ആള് പുലിയാണെന്ന് വേണം പറയാൻ. മാരുതിയുടെ ജനപ്രിയനായ സ്വിഫ്റ്റ് വരെ കോപ്പിയടിച്ചത് ഈ കൂപ്പർ കാറുകളുടെ അടിസ്ഥാന രൂപമാണ്.
ഒതുക്കമുള്ള രൂപവും ആഡംബര കാറുകളെ തട്ടിച്ച് നോക്കുമ്പോഴുള്ള കുറഞ്ഞ വിലയുമെല്ലാം ഇവരുടെ പ്രത്യേകതകളാണ്. അതോടൊപ്പം ഗംഭീര പെർഫോമൻസും കൂടിയാവുമ്പോൾ സംഭവം കളറാവുന്നുണ്ട്. ഇപ്പോഴിതാ മിനിയുടെ അവസാന കമ്പഷൻ എഞ്ചിൻ ആവർത്തനമായി നാലാംതലമുറ കൂപ്പർ പെട്രോൾ 3-ഡോർ ഹാച്ച്ബാക്കിനെ പുറത്തിറക്കിയിരിക്കുകയാണ്. ഇനി മുതൽ സമ്പൂർണ ഇലക്ട്രിക്കായി ജീവിതം കഴിച്ചുകൂട്ടാനാണ് ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ കീഴിലുള്ള ബ്രാൻഡിന്റെ പ്ലാൻ.

1959-ലെ ഒറിജിനൽ കൂപ്പറിൽ നിന്നും ഡിസൈൻ പ്രചോദനം ഉൾക്കൊണ്ടാണ് കൂപ്പർ പെട്രോൾ 3-ഡോർ ഹാച്ചിനെ പണിതിറക്കിയിരിക്കുന്നത്. 2000-ൽ ബിഎംഡബ്ല്യു ബ്രാൻഡ് ഏറ്റെടുത്തതു മുതൽ ഈ പ്രീമിയം ഹാച്ച്ബാക്ക് മോഡൽ മിനി ലൈനപ്പിൻ്റെ മുഖ്യഘടകമാണ്. പുതുതലമുറ മോഡലിന് 3-ഡോർ, 5-ഡോർ, സോഫ്റ്റ്-ടോപ്പ് കൺവേർട്ടബിൾ, ജോൺ കൂപ്പർ വർക്ക്സ് എഡിഷൻ (JCW) എന്നിവയും ലഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
നാലാം തലമുറ കൂപ്പർ ഹാച്ച്ബാക്ക് മിനി കൂപ്പർ ഇവിയുമായി ഏതാണ്ട് സമാനമാണ്. പക്ഷേ മറ്റൊരു പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഇത് നിർമിച്ചെടുത്തിരിക്കുന്നത്. മാത്രമല്ല ഇവി ആവർത്തനവുമായി യാന്ത്രികമായി ഒരു സാമ്യതയുമില്ലെന്നതും ഹൈലൈറ്റാണ്. ഇലക്ട്രിക് കാർ ഒരു ബെസ്‌പോക്ക് ഇവി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അതേസമയം നിലവിലെ മോഡലിൻ്റെ വളരെയധികം അപ്‌ഡേറ്റ് ചെയ്ത പതിപ്പാണ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്ന പെട്രോൾ മോഡൽ.

അകത്തളവും ഏതാണ്ട് സമാനമാണെന്ന് വേണം പറയാൻ. പുതിയ പെട്രോൾ 3-ഡോർ ഒരു മിനിമലിസ്റ്റ് ഡാഷ്‌ബോർഡാണ് അവതരിപ്പിക്കുന്നത്. പ്രധാന ശ്രദ്ധാകേന്ദ്രം OLED ഇൻഫോടെയ്ൻമെൻ്റ് ഡിസ്പ്ലേയാണ്. ഒരു പ്രൊഡക്ഷൻ കാറിലെ ആദ്യ റൗണ്ട് OLED ടച്ച്‌സ്‌ക്രീൻ ഇതാണെന്ന് മിനി അവകാശപ്പെടുന്നു. മുകളിൽ വേഗതയും ഇന്ധനക്ഷമതയും, താഴെ മെനു ബാറും പോലുള്ള നിർണായക വിവരങ്ങൾ പ്രദർശിക്കുന്ന വിധമാണ് യൂണിറ്റ് ക്രമീകരിച്ചിരിക്കുന്നത്.
ക്ലൈമറ്റ് പ്രവർത്തനങ്ങളുടെ ഭൂരിഭാഗം കാര്യങ്ങളും ഈ സ്‌ക്രീൻ വഴി ഉപയോഗിക്കാനാവും. ഫ്രണ്ട്, റിയർ ഡിഫോഗറുകൾക്ക് വ്യത്യസ്‌ത ബട്ടണുകളാണ് ലഭിക്കുന്നത് എന്നതും ഹൈലൈറ്റാണ്. ഹാൻഡ്‌ബ്രേക്ക് ബട്ടൺ, ടേൺ-കീ സ്റ്റാർട്ടർ, ഡ്രൈവിംഗ് മോഡ് സെലക്ടർ, ഓഡിയോ കൺട്രോൾ ഡയൽ എന്നിവയ്‌ക്കൊപ്പം ഗിയർ സെലക്ടർ സെൻ്റർ കൺസോളിൽ നിന്ന് സ്‌ക്രീനിന് താഴെയുള്ള പാനലിലേക്ക് മാറ്റിയതും നന്നായിട്ടുണ്ട്.

മൂന്നാം തലമുറ ഹാച്ചിൻ്റെ അതേ രണ്ട് ടർബോ-പെട്രോൾ എഞ്ചിനുകളുമായാണ് പുതുതലമുറ കൂപ്പർ നിരത്തിലേക്ക് ഇറങ്ങാൻ പോവുന്നത്. എൻട്രി ലെവൽ കൂപ്പർ സിയിലെ 1.5 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിന് 156 bhp പരമാവധി കരുത്ത് പുറത്തെടുക്കാനാവും. ഇത് 0-100 കിലോമീറ്റർ വേഗത വെറും 7.7 സെക്കൻഡിലാണ് കൈവരിക്കുന്നത്. ഇനി കൂപ്പർ എസിലെ 2.0 ലിറ്റർ ഫോർ സിലിണ്ടർ എഞ്ചിന് മുൻഗാമിയിൽ നിന്ന് അധികമായി 25 bhp കരുത്തോളം അധികമുണ്ട്.
ഇത് പരമാവധി 204 bhp പവറോളം ഉത്പാദിപ്പിക്കാനാണ് ഇപ്പോൾ ട്യൂൺ ചെയ്‌തിരിക്കുന്നത്. ഈ എഞ്ചിനുമായി വരുന്ന വേരിയന്റിന് വെറും 6.6 സെക്കൻഡിൽ 100 കിലോമീറ്റർ സ്പീഡ് എത്തിപ്പിടിക്കാനാവുമെന്നാണ് മിനി അവകാശപ്പെടുന്നത്. രണ്ട് മോഡലുകളിലേയും എഞ്ചിൻ ഓപ്ഷൻ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. മിനി നിലവിൽ പെട്രോൾ, ഇലക്ട്രിക് പവർട്രെയിൻ ഓപ്ഷനുകൾക്കൊപ്പം മൂന്നാം തലമുറ കൂപ്പർ ഹാച്ച്ബാക്ക് ഇന്ത്യയിൽ വിൽക്കുന്നുണ്ട്.

ആയതിനാൽ നാലാം തലമുറ മോഡലുകൾ ഈ വർഷം അവസാനത്തോടെ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം നാലാം തലമുറ കൂപ്പർ ഇവി 2024 കലണ്ടർ വർഷത്തിന്റെ മൂന്നാംപാദത്തിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ എത്തിക്കുന്ന ഈ വാഹനത്തിന്റെ വിലയെ സംബന്ധിച്ച വിവരങ്ങളൊന്നും ഇപ്പോൾ അറിവായിട്ടില്ല.


Click it and Unblock the Notifications








