മാരുതിയുമല്ല, ടാറ്റയുമല്ല ഇന്ത്യയിൽ ഏറ്റവും കൂടുതൽ അപകടത്തിൽ പെടുന്ന കാർ ഏതാണെന്ന് അറിയാമോ?
കഴിഞ്ഞ രണ്ട് ദിവസമായി ടെലിവിഷനിലും പത്രത്തിലും ഓൺലൈനിലുമെല്ലാം നിറഞ്ഞുനിൽക്കുന്നൊരു വാർത്തയാണ് ആലപ്പുഴയിലെ കാർ അപകടം. ആലപ്പുഴ ദേശീയപാതയിൽ കളർകോട് ചങ്ങനാശേരിമുക്ക് ജംക്‌ഷനിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് 5 വിദ്യാർഥികള്‍ മരിച്ച വാർത്ത മരവിപ്പോടെയാണ് മലയാളികൾ കേട്ടറിഞ്ഞത്. അമിത വേഗത, ശക്തമായ മഴ, കാറിൽ കയറാവുന്നതിലും അധികം യാത്രക്കാർ, വാഹനത്തിന്റെ കാലപ്പഴക്കം തുടങ്ങിയ കാര്യങ്ങളാണ് 5 യുവാക്കളുടെ ജീവനെടുക്കാൻ കാരണമായത്. ലോകത്ത് ഏറ്റവും കൂടുതൽ റോഡ് അപകടങ്ങളും മരണങ്ങളും നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നമ്മുടെ ഇന്ത്യയാണ് മുന്നിൽ.
അടുത്തിടെ അക്കോ തയാറാക്കിയ 2024 ആക്‌സിഡൻ്റ് ഇൻഡക്‌സ് പ്രകാരം ഇന്ത്യയിലെ മൊത്തം റോഡപകടങ്ങളിൽ 78 ശതമാനവും സംഭവിക്കുന്നത് മെട്രോ നഗരങ്ങളിലാണ്. ഹൈദരാബാദും ഡൽഹി എൻസിആറുമാണ് ഏറ്റവും കൂടുതൽ അപകട സാധ്യതയുള്ള നഗരങ്ങളുടെ പട്ടികയിലുള്ളത്. അപകടങ്ങളുടെ പട്ടികയിൽ ഹൈദരാബാദ്, ഡൽഹി എൻസിആർ എന്നിവയാണ് മുൻപന്തിയിലുള്ളതെങ്കിലും 15.9 ശതമാനവും 14.2 ശതമാനവും വരുന്ന പൂനെയും ബെംഗളൂരുവുമാണ് തൊട്ടുപിന്നിലുള്ളത്.

ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ നോക്കുകയാണെങ്കിൽ ബെംഗളൂരുവിലെ ബൊമ്മനഹള്ളി പ്രദേശമാണ് ഒന്നാമതുള്ളത്. തൊട്ടുപിന്നാലെ നോയിഡ, പൂനെയിലെ മരുഞ്ചി, മുംബൈയിലെ മീരാ റോഡ് എന്നീ നഗരങ്ങളും ഉയർന്ന അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ ഉൾപ്പെടുന്നു. ഇനി തലക്കെട്ടിൽ പറഞ്ഞതു പോലെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ അപകടത്തിൽ പെടുന്ന കാർ ഏതാണെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതൽ അപകടത്തിൽ പെടുന്ന വാഹനങ്ങളുടെ പട്ടികയിൽ ഒന്നാമത് മാരുതി സുസുക്കിയുടേതോ ടാറ്റ മോട്ടോർസിന്റേയോ കാറല്ലന്നെതാണ് രസകരം. ഹ്യുണ്ടായി i10 ആണ് രാജ്യത്ത് കൂടുതൽ തവണ അപകടത്തിൽ പെട്ടിരിക്കുന്നത്. അതിനുശേഷം മാരുതി സുസുക്കി സ്വിഫ്റ്റ്, മാരുതി സുസുക്കി ബലേനോ തുടങ്ങിയ ചില ജനപ്രിയ മോഡലുകളും ഉൾപ്പെട്ടിട്ടുണ്ട്. ഹ്യുണ്ടായി i20, മാരുതി സുസുക്കി ഡിസയർ എന്നിവയാണ് പട്ടികയിലെ മറ്റ് രണ്ട് മോഡലുകൾ.

ഇതിനർഥം ഈ കാറുകൾ മോശമാണെന്നല്ല കേട്ടോ. ഇതോടിക്കുന്ന ആളുകൾക്കാണ് ശരിക്കും പ്രശ്‌നം. സാമ്പ്രദായിക ഘടകങ്ങൾക്കപ്പുറം റോഡപകടങ്ങൾ ഇന്ത്യയിൽ പെരുകാൻ മറ്റ് കാരണങ്ങളുണ്ടെന്നും റിപ്പോർട്ട് കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ റോഡപകടങ്ങൾക്ക് കാരണമാവുന്നതിൽ ഭൂരിഭാഗം പ്രശ്‌നങ്ങളും റോഡുകളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന മൃഗങ്ങളാണ്. അത്തരം കേസുകളിൽ 62 ശതമാനത്തിനും തെരുവ് നായ്ക്കളാണ് അപകടത്തിന്റെ ഉത്തരവാദികൾ.
കേരളത്തിലും തെരുനായ്‌കൾ കാരണം റോഡിൽ നിരവധി അപകടങ്ങളാണ് സംഭവിക്കാറുള്ളത്. അതിനുശേഷം അപകടത്തിന് കാരണമാവുന്നതിൽ 33 ശതമാനം കേസുകളും പശുക്കൾ കാരണമാണ്. രസകരമായ മറ്റൊരു കാര്യം എന്തെന്നുവെച്ചാൽ മദ്യപിച്ച് വാഹനമോടിക്കുന്നതിനേക്കാൾ 2.2 മടങ്ങ് അപകടങ്ങൾ തെങ്ങുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് അക്കോ തയാറാക്കിയ 2024 ആക്‌സിഡൻ്റ് ഇൻഡക്‌സ് സൂചിപ്പിക്കുന്നത്.

ഇതിനെല്ലാം പുറമെ റിപ്പോർട്ടിൽ റോഡുകളിലെ കുഴികളും അപകടങ്ങളുടെ പ്രധാന കാരണമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. റോഡിലെ കുഴികളുമായി ബന്ധപ്പെട്ട അപകടങ്ങളിൽ 44.8 ശതമാനവുമായി ബെംഗളൂരുവിലാണ് സംഭവിച്ചിരിക്കുന്നത്. 13.3 ശതമാനവും 12.3 ശതമാനവുമായി ഡൽഹിയും മുംബൈയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. മെച്ചപ്പെട്ട റോഡ് സുരക്ഷയ്ക്കായി നഗര അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതിൻ്റെ അടിയന്തിരാവസ്ഥയ്ക്ക് ഇത് വീണ്ടും അടിവരയിടുന്നു.
കേരളം ഇക്കൂട്ടത്തിൽ ഇല്ലെന്നതും പ്രത്യേകം എടുത്തുപറയാം. എങ്കിലും സംസ്ഥാനത്തെ റോഡുകൾ ന്യൂയോർക്ക് നിലവാരത്തിലുള്ളതാണെന്നൊന്നും അവകാശവാദം ഉന്നയിക്കുന്നില്ല കേട്ടോ. എന്തായാലും അപകടങ്ങളിൽ കാറുകളെ പഴിക്കാനാവില്ല. നമ്മുടെ ഡ്രൈവിംഗ് ശീലം ഒന്ന് മാറ്റിപ്പിടിച്ചാൽ പല അപകടങ്ങളും ഒഴിവാക്കാനാവുന്നവയാണ്. ആലപ്പുഴയിലെ അപകടത്തിൽ വാഹനത്തിന്റെ പഴക്കം ഒരു ഘടകമായിരുന്നു. അതിനാൽ നാം സഞ്ചരിക്കുന്ന കാറുകളുടെ കണ്ടീഷനും മികച്ചതാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.


Click it and Unblock the Notifications








