ബെഡ്റൂമിനേക്കാൾ സ്ഥലമുള്ള കാറുകൾ, അതും 15 ലക്ഷം രൂപയ്ക്കുള്ളിൽ കിട്ടിയാൽ വാങ്ങാതിരിക്കണോ?
പുത്തനൊരു കാർ വാങ്ങുമ്പോൾ ഓരോരുത്തർക്കും ഓരോരോ ആവശ്യങ്ങളാണുള്ളത്. ചിലർ സേഫ്റ്റി നോക്കി വണ്ടി വാങ്ങുമ്പോൾ ചിലർ മൈലേജിനും ബ്രാൻഡിനുമൊക്കെയാവും മുൻഗണന കൊടുക്കുന്നത്. പക്ഷേ ഇതിൽ നിന്നുമെല്ലാം വ്യത്യസ്‌തരായ ചിലരാവട്ടെ നല്ല സ്പേസുള്ള മോഡലുകൾ വാങ്ങാനാണ് ആഗ്രഹിക്കുന്നത്. യാത്രകളിൽ യാതൊരുവിധ വിട്ടുവീഴ്ച്ചകൾക്കും ഇത്തരത്തിലുള്ളവർ തയാറാവുകയുമില്ല. 15 ലക്ഷം രൂപ കൈയിൽ പിടിച്ചുകൊണ്ട് ഏറ്റവും സ്പേസുള്ള കാർ നോക്കുന്നവരാണോ നിങ്ങൾ? അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബത്തിന് മികച്ച സ്പേസ് (Most Spacious Cars) നൽകുന്ന ഏറ്റവും നല്ല 5 വണ്ടികളെ പരിചയപ്പെടുത്തി തരാം.
റെനോ ട്രൈബർ: ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോയുടെ നിരയിലെ ഏറ്റവും കിടിലൻ ഫാമിലി കാറുകളിൽ ഒന്നാണ് ട്രൈബർ. ഹാച്ച്ബാക്കിന്റെ വിലയിൽ കിട്ടുന്ന 7-സീറ്റർ കോംപാക്‌ട് എംപിവിയാണ് ഈ മോഡലെന്ന് പലർക്കും അറിയില്ല. കുറച്ച് അണ്ടർപവർ ആയിട്ടുള്ള എഞ്ചിനാണെന്നത് സത്യമാണെങ്കിലും ഒന്നാന്തരം സ്പേസാണ് ട്രൈബറിനകത്തുള്ളത്. ആവശ്യാനുസരണം 5-സീറ്ററായും 7-സീറ്ററായും ഇവനെ കൊണ്ടുനടക്കാം. അകത്ത് ധാരാളം സ്പേസുള്ളതിനാൽ ഏതൊരു ഫാമിലിക്കും പറ്റിയ കാറാണിത്.

അവസാന നിര സീറ്റുകൾ പോലും ശരാശരി ഉയരമുള്ള ഒരാൾക്ക് ഉപയോഗപ്രദമാണെന്ന് കയറിയാൽ മനസിലാവുകയും ചെയ്യും. മെച്ചപ്പെട്ട ബൂട്ട് സ്പേസിനായി മൂന്നാം നിര സീറ്റുകൾ പൂർണമായും നീക്കം ചെയ്യുന്നതിനുള്ള സൗകര്യവും റെനോ ട്രൈബർ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടെ അത്യാവിശ്യം വേണ്ടുന്ന ഫീച്ചറുകളാലും എംപിവി സമ്പന്നമാണ്. നിലവിൽ ട്രൈബറിന് 7 ലക്ഷം രൂപ മുതൽ 10.64 ലക്ഷം രൂപയ്ക്കും ഇടയിലാണ് ഓൺറോഡ് വില വരുന്നത്.
മാരുതി എർട്ടിഗ: 15 ലക്ഷം രൂപയ്ക്കകത്ത് വാങ്ങാൻ പറ്റിയ ഏറ്റവും നല്ല മൾട്ടി പർപ്പസ് വാഹനങ്ങളിൽ ഒന്നാണ് എർട്ടിഗയെന്ന് നിസംശയം പറയാം. വാങ്ങാൻ കഴിയുന്ന ഏറ്റവും വിശാലവും സൗകര്യപ്രദവുമായ 7-സീറ്റർ വണ്ടി രണ്ടാം നിരയിലും അവസാന നിരയിലും യാത്രക്കാർക്ക് ധാരാളം ലെഗ്‌റൂമും ഹെഡ്‌റൂമും പ്രധാനം ചെയ്യുന്നുണ്ട്. എർട്ടിഗയുടെ മനോഹരമായ റൈഡ് ക്വാളിറ്റി കൂടിയാവുമ്പോൾ സംഗതി കളറാവുന്നുണ്ട്.

10.35 ലക്ഷം രൂപ മുതൽ 15.83 ലക്ഷം രൂപ വരെയാണ് മാരുതി എർട്ടിഗയ്ക്ക് വരുന്ന ഓൺ-റോഡ് വില. ഈയൊരു ബജറ്റുണ്ടെങ്കിൽ കണ്ണുംപൂട്ടി മാരുതിയുടെ ഈ 7-സീറ്റർ വാങ്ങിക്കോ. റീസെയിൽ വാല്യുവിന്റെ കാര്യത്തിലായാലും കക്ഷി കിടിലമാണ്. 1.5 ലിറ്റർ പെട്രോൾ, സിഎൻജി ഫ്യുവൽ ഓപ്ഷനും എർട്ടിഗയിലുണ്ട്. ഇന്ത്യൻ വാഹന നിർമാതാക്കളിൽ നിന്നുമുള്ള ഏറ്റവും മികച്ച ഫാമിലി കാറുകളിൽ ഒന്ന് കൂടിയാണിത്.
മഹീന്ദ്ര XUV 3XO: 15 ലക്ഷം രൂപയിൽ താഴെ വിലയിൽ ഏറ്റവും സ്പേസുള്ള എസ്‌യുവികളിൽ ഒന്നാണ് നോക്കുന്നതെങ്കിൽ മഹീന്ദ്രയിൽ നിന്നുള്ള XUV 3XO പരിഗണിക്കാം. എല്ലാ യാത്രക്കാർക്കും ധാരാളം സ്ഥലം വാഗ്ദാനം ചെയ്യുന്ന കോംപാക്‌ട് എസ്‌യുവി സെഗ്‌മെൻ്റിലെ ഏറ്റവും വിശാലമായ എസ്‌യുവിയാണിത്. കൂടാതെ രണ്ടാം നിര യാത്രക്കാർക്ക് ആകർഷകമായ ലെഗ് റൂം വരെ ഇതിന്റെ പ്രത്യേകതയാണ്. 2 പെട്രോൾ, 1 ഡീസൽ എഞ്ചിൻ ഓപ്ഷനുകളുമായി വരുന്ന 3XO മോഡലിന് 9.29 ലക്ഷം മുതലാണ് ഓൺ-റോഡ് വില വരുന്നത്.

സിട്രൺ ബസാൾട്ട്: ഇനി നല്ല സ്പേസും അടിപൊളി യാത്രാ സുഖവും തരുന്ന 5 സീറ്റർ ഫാമിലി കാറാണ് നോക്കുന്നതെങ്കിഷ പരിഗണിക്കാവുന്ന പുത്തൻ മോഡലുകളിൽ ഒന്നാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രണിന്റെ കൂപ്പെ എസ്‌യുവിയായ ബസാൾട്ട്. ഗംഭീര ഫീച്ചറുകളും പുതിയ സ്റ്റൈലിംഗും കുറഞ്ഞ വിലയുമായി വരുന്ന വാഹനം ഇതിനോടകം ആളുകൾ ശ്രദ്ധിച്ചിട്ടുണ്ട്. ഇതിൽ പലർക്കും അറിയാൻ വയ്യാത്ത രഹസ്യമാണ് കാറിലെ സ്പേസ്.
ക്രമീകരിക്കാവുന്ന തൈസ് സപ്പോർട്ട്, വിംഗ് ഹെഡ്‌റെസ്റ്റുകൾ പോലുള്ള ചില പ്രത്യേക സൗകര്യങ്ങളോടെയാണ് ബസാൾട്ട് വരുന്നത്. രണ്ടാം നിരയിൽ മികച്ച സൗകര്യങ്ങളുള്ള വേറൊരു 5-സീറ്റർ ഈ ബജറ്റിൽ കിട്ടാൻ പാടാണെന്ന് തന്നെ പറയാം. ഒപ്പം രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളും സിട്രൺ ബസാൾട്ടിലുണ്ട്. മൊത്തത്തിൽ മികച്ച സൗകര്യങ്ങളുള്ള വിശാലമായ എസ്‌യുവിയാണിത്. 9.40 ലക്ഷം മുതൽ 16.36 ലക്ഷം രൂപ വരെയാണ് കാറിന് വരുന്ന ഓൺറോഡ് വില.
എംജി വിൻഡ്‌സർ ഇവി: വിമാനത്തിലേതു പോലെ യാത്രാ സുഖം തരുന്ന ഏറ്റവും സ്പേസുള്ള ഇലക്ട്രിക് കാറുകളിൽ ഒന്നാണ് ഇവൻ. സ്പേസിനൊപ്പം കാറിൽ കിട്ടുന്ന ഫീച്ചറുകൾ കണ്ടാലും കിളി പോവും. 15 ലക്ഷം ബജറ്റിൽ ലഭ്യമായ ഏറ്റവും വിശാലമായ കാറാണ് വിൻഡ്‌സർ ഇവി. 2700 മില്ലിമീറ്റർ നീളമുള്ള വീൽബേസ് ഉള്ളതിനാൽ ഉള്ളിൽ പലരും കരുതുന്നതിനേക്കാൾ ഇടമാണ് കിട്ടുക.
ഇലക്ട്രിക് ക്രോസ്ഓവർ വെഹിക്കിൾ എന്നുവിളിക്കുന്ന വിൻഡ്‌സറിൻ്റെ പ്രധാന ഹൈലൈറ്റ് 135-ഡിഗ്രി ചാരിയിരിക്കുന്ന പിൻ സീറ്റുകളാണ്. അങ്ങനെ 5 പേരടങ്ങുന്ന കുടുംബത്തിന് പറ്റിയ വാഹനമാണ് എംജി മോട്ടോർസിന്റെ മൂന്നാമത്തെ ഇലക്ട്രിക് കാർ. ആഭ്യന്തര വിപണിയിൽ 14.35 ലക്ഷം മുതൽ 16.49 ലക്ഷം വരെയാണ് ഇതിന്റെ ഓൺ-റോഡ് വില വരുന്നത്. ബാറ്ററി ആസ് എ സർവീസ് ഓപ്ഷൻ തെരഞ്ഞെടുക്കുകയാണെങ്കിൽ വില ഇനിയും കുറയുകയും ചെയ്യും.


Click it and Unblock the Notifications








