ഇന്ത്യയിൽ ഏറ്റവും കൂടുതൽ മോഷണം പോയത് മാരുതിയുടെ ഈ കാർ, ബൈക്കിൽ കള്ളൻമാർക്കിഷ്ടം സ്പ്ലെൻഡർ
ഇന്ത്യയിൽ മാത്രമല്ല, ലോകത്തിലെ മിക്ക രാജ്യങ്ങളിലും കാർ മോഷണം ഒരു വലിയ തലവേദന തന്നെയാണ്. ഉടമകൾ വണ്ടിയൊക്കെ എങ്ങനെ സേഫാക്കാൻ നോക്കിയാലും കള്ളൻമാർക്ക് അടിച്ചോണ്ടു പോവാൻ അധികം സമയമൊന്നും വേണ്ടന്നതാണ് ശ്രദ്ധേയം. ഏതുതരം ടെക്നിക്കുകളേയും അനായാസം നേരിടാൻ വിദഗ്ധരാണിവർ. എന്തൊക്കെ ആധുനിക സുരക്ഷ സംവിധാനങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാലും തസ്‌കരന്‍മാര്‍ അതിനെ വെല്ലുന്ന തന്ത്രങ്ങളുമായി അപ്ഡേറ്റഡാണെന്ന് പറയുന്നതാവും കറക്റ്റ്.
രാജ്യത്ത് വാഹന മോഷണം അടുത്തകാലത്തായി കൂടി വരികയാണ്. മുൻവർഷത്തെ അപേക്ഷിച്ച് 2023-ൽ ഇന്ത്യയിൽ കാർ മോഷണം രണ്ട് മടങ്ങ് വർധിച്ചുവെന്നാണ് ഏറ്റവും പുതിയ കണക്കുകൾ. ഏറ്റവും കൂടുതൽ കാറുകൾ മോഷ്ടിക്കപ്പെട്ട നഗരങ്ങളുടെ പട്ടികയിൽ ഡൽഹിയാണ് ഒന്നാമത്. കേരളവും ഇക്കാര്യത്തിൽ പിന്നിലല്ലെങ്കിലും അവിടുത്തെ കണക്കുകളെ അപേക്ഷിച്ച് നോക്കുമ്പോൾ ഭേദമാണെന്ന് വേണം പറയാൻ.

ഇന്ത്യയിലെ സ്വകാര്യ വാഹന ഇൻഷുറൻസ് കമ്പനികളിലൊന്നായ അക്കോ പുറത്തുവിട്ട വാഹന മോഷണ റിപ്പോർട്ടിൽ ഇരുചക്ര വാഹനങ്ങളിൽ ഏറ്റവും കൂടുതൽ മോഷ്ടിക്കപ്പെട്ടിരിക്കുന്നത് ബൈക്കുകളെന്നാണ് തെളിഞ്ഞിരിക്കുന്നത്. കാറുകളെ അപേക്ഷിച്ച് ഇന്ത്യയിൽ മോട്ടോർസൈക്കിളുകൾ ഒമ്പതിലധികം മടങ്ങ് മോഷ്ടിക്കപ്പെടാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എങ്കിലും വാഹന മോഷണത്തിൽ കാറുകളുടെ കണക്കുകളും വർധിച്ചുവരുന്നുണ്ടെന്ന കാര്യവും എടുത്തു പറയേണ്ടതാണ്.
2023-ലെ വാഹന മോഷണ റിപ്പോർട്ട് അനുസരിച്ച് മാരുതി സുസുക്കി വാഗൺആർ ഹാച്ച്ബാക്കാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ മോഷ്ടിക്കപ്പെട്ട കാർ. വാഗൺആറിന് പുറമെ മാരുതിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മറ്റൊരു മോഡലായ സ്വിഫ്റ്റ് കഴിഞ്ഞ വർഷം മോഷ്ടിക്കപ്പെട്ട കാറുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ട്. രാജ്യത്ത് മോഷ്ടിക്കപ്പെട്ട കാറുകളുടെ 47 ശതമാനവും മാരുതി സുസുക്കിയിൽ നിന്നുള്ളവയാണെന്നാണ് സർവേ അവകാശപ്പെടുന്നത്.

വാഗൺആറും സ്വിഫ്റ്റും മോഷ്ടാക്കൾ ഏറ്റവും ഇഷ്ടപ്പെടുന്ന രണ്ട് കാറുകളാണെങ്കിലും ഹ്യുണ്ടായി ക്രെറ്റ, ഗ്രാൻഡ് i10, മാരുതി ഡിസയർ എന്നിവയാണ് മോഷണത്തിന് ഏറ്റവും കൂടുതൽ ഇരയായ മറ്റ് വാഹനങ്ങൾ. മിക്കവാറും ഇവയ്ക്ക് മാർക്കറ്റിൽ ലഭിക്കുന്ന ഉയർന്ന റീസെയിൽ വാല്യുവായിരിക്കാം കള്ളൻമാർ ഉന്നംവെക്കുന്ന പ്രധാനപ്പെട്ട കാര്യം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാർ മോഷണം നടക്കുന്ന നഗരങ്ങളുടെ പട്ടികയിൽ ഡൽഹിയാണ് മുന്നിലെന്ന് നേരത്തെ പറഞ്ഞല്ലോ.
ദേശീയ തലസ്ഥാനത്ത് ഓരോ 14 മിനിറ്റിലും ഒരു വാഹനം മോഷണം പോകുന്നതായി റിപ്പോർട്ടുകൾ ഉദ്ധരിക്കുന്നുണ്ട്. 2023-ൽ ഇന്ത്യയിൽ രേഖപ്പെടുത്തിയ മൊത്തം കാർ മോഷണ കേസുകളുടെ 37 ശതമാനവും ഡൽഹിയിൽ നിന്നാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഷഹ്‌ദര, പട്‌പർഗഞ്ച്, ബദർപൂർ എന്നിവയ്‌ക്ക് പുറമെ നഗരത്തിലെ ഏറ്റവും കൂടുതൽ കാർ മോഷണം നടക്കുന്ന പ്രദേശങ്ങളായി ഭജൻപുരയും ഉത്തം നഗറും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ഇന്ത്യയിൽ ബൈക്ക് മോഷണവും ഭയാനകമാംവിധം വർധിച്ചു. ഇന്ത്യയിൽ മോട്ടോർസൈക്കിൾ മോഷണത്തിൽ കാറുകളെ അപേക്ഷിച്ച് ഒമ്പത് മടങ്ങ് വർധനവുണ്ടായതായി റിപ്പോർട്ട് പറയുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ മോഷ്ടിക്കപ്പെട്ട ബൈക്കായി ഹീറോ സ്‌പ്ലെൻഡറാണ് വന്നിരിക്കുന്നത്. പിന്നാലെ ഹോണ്ട ആക്ടിവ, റോയൽ എൻഫീൽഡ് ക്ലാസിക് 350 എന്നിവയും ഇന്ത്യയിൽ ഏറ്റവും കൂടുതൽ മോഷ്ടിക്കപ്പെട്ട ടൂവീലറുകളിൽ ഉൾപ്പെടുന്നു.
നഗരത്തിൽ മോഷണം പോയ 10 ബൈക്കുകളിൽ ആറെണ്ണം ഹീറോ സ്‌പ്ലെൻഡർ, സ്‌പ്ലെൻഡർ പ്ലസ്, ഹീറോ സിഡി ഡീലക്‌സ്, ഹീറോ HF ഡീലക്‌സ് എന്നിവയാണെന്നാണ് ഗുരുഗ്രാം പൊലീസിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഉയർന്ന റീസെയിൽ മൂല്യവും ഈ ബൈക്കുകളുടെ സ്‌പെയർ പാർട്‌സിനുള്ള ആവശ്യവുമാണ് മോഷണക്കേസുകൾ വർധിക്കാൻ കാരണമെന്ന് പൊലീസ് പറയുന്നു.

സ്ഥലപരിമിതി കാരണം ഇന്ത്യയിലെ മിക്ക നഗരങ്ങളിലും വീടിന് പുറത്ത് വഴിയോരങ്ങളിലാണ് വാഹനങ്ങൾ പാര്‍ക്ക് ചെയ്യാറുള്ളത്. ഇവയെല്ലാമാണ് മോഷണം പെരുകാൻ കാരണമാവുന്നത്. ഇനി മോഷണം ഒരുപരിധി വരെ തടയാൻ സഹായിക്കുന്ന ചില കാര്യങ്ങൾ പറഞ്ഞുതരാം. എല്ലായ്പ്പോഴും വാഹനം ലോക്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ആന്‍റി-തെഫ്റ്റ് ഡിവൈസുകൾ ഇൻസ്റ്റാൾ ചെയ്യുക എന്നതും ഏറെ ഗുണം ചെയ്യുന്ന കാര്യമാണ്.
വാഹനം എല്ലായ്പ്പോഴും സുരക്ഷിതമായ സ്ഥലത്ത് പാർക്ക് ചെയ്യാനും ശ്രമിക്കേണ്ടതും അത്യാവിശ്യമാണ്. ഇനി കാറാണെങ്കിൽ വിലപിടിപ്പുള്ള വസ്തുക്കൾ കാറിനുള്ളിൽ സൂക്ഷിക്കുകയുമരുത്. ജിപിഎസ് ട്രാക്കറുകളും ഇമ്മൊബിലൈസറുകളും ഇൻസ്റ്റാൾ ചെയ്യുന്നതും ഉടമകളെ സഹായിക്കുന്ന കാര്യമാണ്. ഇനി വാഹനം മോഷണം പോയെന്ന് മനസിലാക്കിയാൽ ഉടൻ പൊലീസിനെ വിവരം അറിയിക്കേണ്ടതും അനിവാര്യമാണ്.


Click it and Unblock the Notifications








