ഹൈലക്‌സിനേക്കാൾ 9 ലക്ഷം രൂപ കുറവ്, ടൊയോട്ടയുടെ ഫ്യൂസൂരാൻ പുത്തൻ വി-ക്രോസുമായി ഇസൂസു
മഹീന്ദ്രയും ടാറ്റയും എല്ലാം ഇന്ത്യയിൽ പൊരുതി വീണുപോയ സെഗ്മെന്റാണ് ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കുകളുടേത്. എന്നാൽ വമ്പൻമാർ തോറ്റുപിൻമാറിയ ഇവിടെ പിടിച്ചുകയറിയത് ജാപ്പനീസ് വാഹന നിർമാതാക്കളായ ഇസൂസുവായിരുന്നു. ഡി-മാക്‌സ് വി-ക്രോസ് മോഡലിലൂടെ നിരത്തുകളിൽ വിസ്‌മയമായി മാറിയ ബ്രാൻഡ് ഇന്നും പിടിച്ചുനിൽക്കുന്നത് ഈ പിക്കപ്പ് ട്രക്കുകളുടെ വിൽപ്പനയിലൂടെയാണ് എന്നതാണ് രസകരമായ കാര്യം.
ടൊയോട്ട ഹൈലക്‌സ് എന്ന വമ്പനുമായാണ് ഇപ്പോൾ പോരാട്ടം എന്നതിനാൽ കൈമെയ് മറന്നുള്ള പോരാട്ടമാണ് ഇപ്പോൾ കാണാനാവുന്നത്. വിപണിയിൽ പുതുമയോടെ നിലനിൽക്കുന്നതിനും ടൊയോട്ടയെ എതിരിടാനുമായി ഇസൂസു മോട്ടോർ ഇന്ത്യ 2024 മോഡൽ ഡി-മാക്‌സ് വി-ക്രോസ് രാജ്യത്ത് അവതരിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ടീസറുകളിലൂടെ ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കിന്റെ പുത്തൻ പതിപ്പ് വരുന്നുണ്ടെന്ന സൂചനയും കമ്പനി നൽകിയിരുന്നു.

ഇതിന് പിന്നാലെയാണ് ചില കിടിലൻ മാറ്റങ്ങളോടെ 2024 മോഡലിന്റെ വരവ്. അധികം കാത്തിരുത്തി മുഷിപ്പിക്കാതെ ആളിങ്ങ് എത്തിയത് എന്തായാലും വലിയ കാര്യമാണ്. കൂടുതൽ സുന്ദരനാക്കാൻ എക്സ്റ്റീരിയറിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവന്നു എന്നതിനു പുറമെ ഫീച്ചർ ലിസ്റ്റിലും പരിഷ്ക്കാരങ്ങളും ഇത്തവണ ഡി-മാക്‌സ് വി-ക്രോസിന് ഇസൂസു സമ്മാനിച്ചിട്ടുണ്ട്. കാറിൻ്റെ ബുക്കിംഗ് ആരംഭിച്ച ബ്രാൻഡ് പുത്തൻ പതിപ്പിനായുള്ള ഡെലിവറികളും ഉടൻ ആരംഭിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.
പുതുക്കിയ ഡി-മാക്‌സ് സീരീസിൻ്റെ വില 21.20 ലക്ഷം രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്. അതായത് എതിരാളിയായ ടൊയോട്ട ഹൈലക്‌സിനേക്കാൾ ഏകദേശം 9 ലക്ഷം രൂപയോളം വില കുറവാണെന്ന് സാരം. ഹൈ-ലാൻഡർ, 2WD ഓട്ടോമാറ്റിക്, 4WD മാനുവൽ, 4WD മാനുവൽ പ്രസ്റ്റീജ്, 4WD ഓട്ടോമാറ്റിക് പ്രസ്റ്റീജ് എന്നിങ്ങനെ അഞ്ച് വ്യത്യസ്‌ത വേരിയന്റുകളിൽ പിക്കപ്പ് ട്രക്ക് വാങ്ങാനും സാധിക്കും. ഇതിലെ ടോപ്പ്-എൻഡ് വേരിയന്റിന് പോലും 30.96 ലക്ഷം രൂപ മാത്രമാണ് എക്സ്ഷോറൂം വില വരുന്നത്.

എക്സ്റ്റീരിയറിലേക്ക് നോക്കിയാൽ വളരെ പെട്ടന്ന് മാറ്റം കണ്ടുപിടിക്കാൻ ആവില്ലെങ്കിലും 2024 ഡി-മാക്‌സ് വി-ക്രോസിന് പുതുതായി ഫ്രണ്ട് ബമ്പർ ഗാർഡ്, എഞ്ചിൻ ഹുഡ് ഗാർണിഷ്, പുതിയ ഗ്രിൽ, ബ്ലാക്ക്-ഔട്ട് വീലുകൾ എന്നിവ ലഭിക്കുന്നുണ്ട്. ഫെൻഡർ ലിപ്, ഫ്രണ്ട് ആൻഡ് റിയർ വീൽ ആർച്ചുകൾ, ഫോഗ് ലൈറ്റുകൾ, റിയർ ബമ്പർ, റൂഫ് റെയിലുകൾ, ഒആർവിഎം എന്നിവ ഡാർക്ക് ഗ്രേ കളറിലാണ് പൂർത്തിയാക്കിയിരിക്കുന്നതും. ഇത് സ്പോർട്ടി ഫീൽ കൊണ്ടുവരാൻ സഹായിച്ചിട്ടുണ്ട്.
ബാക്കി അടിസ്ഥാന രൂപം മുൻഗാമിക്ക് സമാനമാണ്. വണ്ടിയുടെ മൊത്തത്തിലുള്ള ഡിസൈൻ 'സൈബർഗ്-ഓർക്ക'യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് ഇസൂസു പറയുന്നു. 2024 മോഡൽ ഇയർ പരിഷ്ക്കാരത്തിലൂടെ ഇന്റീരിയറിലും ചില മാറ്റങ്ങൾ കൊണ്ടുവരാൻ വാഹന നിർമാതാക്കൾ ശ്രമിച്ചിട്ടുണ്ട്. പുത്തൻ വി-ക്രോസിന് ട്രാക്ഷൻ കൺട്രോൾ, ESC, HDC, HSA, പിന്നിലെ യാത്രക്കാർക്കുള്ള ത്രീ-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, പിൻസീറ്റ് ഒക്യുപൻ്റ് ഡിറ്റക്ഷൻ സെൻസറുകൾ പോലുള്ള സേഫ്റ്റി ഫീച്ചറുകൾ കൂട്ടിച്ചേർത്തതാണ് ഇതിൽ പ്രധാനം.

ഇതുകൂടാതെ റിയർ സീറ്റുകൾക്ക് ക്രമീകരിക്കാവുന്ന റിക്ലൈൻ ഫംഗ്‌ഷൻ എന്നിവയുടെ രൂപത്തിലും നവീകരണങ്ങൾ ലഭിച്ചിട്ടുണ്ട്. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഐഡിൾ സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം, റിവേഴ്സ് പാർക്കിംഗ് ക്യാമറ, ഷിഫ്റ്റ്-ഓൺ-ഫ്ലൈ 4WD സിസ്റ്റം, 6 എയർബാഗുകൾ എന്നിവയാണ് 2024 മോഡൽ വി-ക്രോസിലെ മറ്റ് ചില ശ്രദ്ധേയമായ സവിശേഷതകൾ.
ഇറക്കത്ത് വാഹനമോടിക്കുമ്പോൾ അമിതവേഗത ഒഴിവാക്കാൻ ഹിൽ ഡിസൻ്റ് കൺട്രോൾ വാഹനത്തിൻ്റെ പരിധി മണിക്കൂറിൽ 4 മുതൽ 30 കിലോമീറ്റർ വരെ നിലനിർത്തുന്നുവെന്നും കമ്പനി പറയുന്നു. കൂടാതെ ഹിൽ സ്റ്റാർട്ട് അസിസ്റ്റ് ഫീച്ചർ കയറ്റങ്ങളിൽ വാഹനം പിന്നേക്ക് പോവാതിരിക്കാനും അതുമൂലം ഉണ്ടാവുന്ന അപകടങ്ങൾ കുറക്കാനും സഹായിക്കുമെന്നും ഇസൂസു അവകാശപ്പെടുന്നു. പിക്കപ്പിന്റെ കൂടുതൽ ചെരിഞ്ഞ ബാക്ക്‌റെസ്റ്റ് ഡിസൈൻ ഉപയോഗിച്ച് പിന്നിലെ യാത്രക്കാരുടെ സുഖം വർധിപ്പിച്ചതായും പറയുന്നുണ്ട്.
163 bhp കരുത്തിൽ പരമാവധി 360 Nm torque വരെ ഉത്പാദിപ്പിക്കുന്ന 1.9 ലിറ്റർ, ഫോർ സിലിണ്ടർ ഡീസൽ എഞ്ചിൻ ഓപ്ഷൻ തന്നെയാണ് ഇസൂസു ഡി-മാക്‌സ് വി-ക്രോസിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ഈ എഞ്ചിൻ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കി വാങ്ങാം. ഏതുതരം റോഡിലും മിന്നുന്ന പെർഫോമൻസ് പുറത്തെടുക്കാൻ കഴിയുന്ന 4x2, 4x4 പതിപ്പുകൾക്കുള്ള ഓപ്ഷനുകളും വാഹനത്തിലുണ്ട്.


Click it and Unblock the Notifications







