മാരുതിയുടെ 'പെപ്പിക്കുട്ടി' ഇങ്ങെത്തി, 6.49 ലക്ഷത്തിന് കൊതിപ്പിക്കുന്ന മൈലേജും സേഫ്റ്റിയുമായി പുതിയ സ്വിഫ്റ്റ്
ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് പുത്തൻ മാരുതി സ്വിഫ്റ്റ് ഇതാ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ സൂപ്പര്‍ഹിറ്റായ കാറിന്റെ നാലാം തലമുറ ആവർത്തനമാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. യൂത്തൻമാരുടേയും ഫാമിലുകളുടേയും പ്രിയപ്പെട്ട ഹാച്ച്ബാക്കുകളിൽ ഒന്നായ സ്വിഫ്റ്റ് സ്റ്റൈലിലും ഇന്റീരിയറിലും ഫീച്ചറുകളിലും സേഫ്റ്റിയിലും വമ്പൻ മാറ്റങ്ങളുമായാണ് പിറവിയെടുത്തിരിക്കുന്നത്.
2005-ല്‍ പുറത്തിറങ്ങിയതു മുതല്‍ ഇത്രയും ഓളമുണ്ടാക്കിയ മറ്റൊരു കാറുണ്ടോയെന്ന് വരെ സംശയമാണ്. പാവങ്ങളുടെ മിനികൂപ്പർ എന്ന് വിളിപ്പേരുള്ള സ്വിഫ്റ്റിന്റെ പുതുമോഡലിന് കിടിലൻ പ്രൈസിംഗുമാണ് മാരുതി നൽകിയിരിക്കുന്നത്. വെറും 6.49 ലക്ഷത്തിന്റെ പ്രാരംഭ വിലയിൽ എത്തുന്ന കാറിന്റെ ടോപ്പ് എൻഡ് മോഡലിന് 9.50 ലക്ഷം രൂപയാണ് ചെലവഴിക്കേണ്ടി വരുന്നത്. മൈക്രോ എസ്‌യുവികൾ അരങ്ങുവാഴുന്ന ഈ വിലയിൽ സ്വിഫ്റ്റിന് തിളങ്ങാനാവുമെന്ന് ഉറപ്പാണ്.

കൊതിപ്പിക്കുന്ന വിലയ്ക്കൊപ്പം കിടിലൻ പെർഫോമൻസും അതിനേക്കാൾ മികച്ച മൈലേജും ഉഗ്രൻ സേഫ്റ്റിയുമാണ് പുത്തൻ സ്വിഫ്റ്റിന്റെ മുഖമുദ്ര. കൂടാതെ വണ്ടി അടിപൊളിയാക്കാൻ താത്പര്യമുള്ളവർക്ക് കസ്റ്റമൈസേഷൻ ആക്സസറി പാക്കേജുകളും മാരുതി സുസുക്കി സ്വിഫ്റ്റിൽ അവതരിപ്പിച്ചിട്ടുണ്ട്. ഡിസൈനിലേക്ക് നോക്കിയാൽ പരിചിതമായ രൂപം തന്നെയാണ് പുതുതലമുറ മോഡലിലും ഒരുക്കിയിരിക്കുന്നത്. മിനി കൂപ്പർ ടച്ച് അങ്ങിങ്ങായി കാണാനാവുമെങ്കിലും ഒരു മസ്ക്കുലർ ലുക്ക് വാർത്തെടുക്കാൻ കമ്പനിക്കായിട്ടുണ്ട്.
2024 സ്വിഫ്റ്റിന്റെ ഡിസൈനിൽ പുതിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഗ്ലോസ് ബ്ലാക്ക് ഫ്രണ്ട് ഗ്രിൽ, എൽഇഡി ഫോഗ് ലൈറ്റുകൾ, 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, പുതിയ എൽഇഡി ടെയിൽലൈറ്റുകൾ എന്നിവയെല്ലാമാണ് എറിച്ചുനിൽക്കുന്നത്. ലസ്റ്റർ ബ്ലൂ, നോവൽ ഓറഞ്ച് എന്നിങ്ങനെ രണ്ട് പുതിയ നിറങ്ങളും കാറിലേക്ക് മാരുതി കൊണ്ടുവന്നിട്ടുണ്ട്.

ഇതുകൂടാതെ സിസ്‌ലിംഗ് റെഡ്, പേൾ ആർട്ടിക് വൈറ്റ്, മാഗ്മ ഗ്രേ, സ്‌പ്ലെൻഡിഡ് സിൽവർ എന്നിവയാണ് 2024 സ്വിഫ്റ്റിലെ മറ്റ് കളർ ഓപ്ഷനുകൾ. കൂടാതെ മിഡ്‌നൈറ്റ് ബ്ലാക്ക് റൂഫുള്ള ലസ്റ്റർ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക് റൂഫുള്ള സിസ്‌ലിംഗ് റെഡ്, മിഡ്‌നൈറ്റ് ബ്ലാക്ക് റൂഫുള്ള പേൾ ആർട്ടിക് വൈറ്റ് എന്നീ മൂന്ന് ഡ്യുവൽ-ടോൺ നിറങ്ങളും ഹാച്ച്ബാക്കിന്റെ മൊഞ്ച് കൂട്ടാനായി എത്തിയിട്ടുണ്ടെന്നതാണ് ഹൈലൈറ്റ്.
ഇന്റീരിയറിലേക്ക് കയറിയാലും ഒരു പ്രീമിയം കാർ ഫീൽ നൽകാൻ സ്വിഫ്റ്റിനായിട്ടുണ്ടെന്നത് എടുത്തു പറയേണ്ട കാര്യമാണ്. നാലാം തലമുറ സ്വിഫ്റ്റിൻ്റെ അകത്തളത്തിൽ ഉപയോഗിച്ചിരിക്കുന്ന പിയാനോ ബ്ലാക്ക് ട്രീറ്റ്‌മെന്റ് ശരിക്കും മിഴിവുറ്റതാക്കുന്നുണ്ട്. കൂടാതെ സാറ്റിൻ മാറ്റ് സിൽവർ ഇൻസേർട്ടുകൾ, ഇൻസ്ട്രുമെന്റ് കൺസോളിനുള്ള ഡയലുകൾ, 9 ഇഞ്ച് സ്മാർട്ട്‌പ്ലേ പ്രോ പ്ലസ് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, ക്രൂയിസ് കൺട്രോൾ എന്നിവയെല്ലാം സെഗ്മെന്റ് കിടുക്കാനായി എത്തുന്നുണ്ട്.

ഇതിന് വയർലെസ് ചാർജർ, വയർലെസ് ഫോൺ മിററിംഗ്, സുസുക്കി കണക്റ്റ്, റിയർ എസി വെന്റുകൾ, 60:40 സ്പ്ലിറ്റ് പിൻ സീറ്റുകൾ, കീലെസ് എൻട്രി, ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ബ്രേക്ക് അസിസ്റ്റ്, എല്ലാ സീറ്റുകൾക്കും റിമൈൻഡറോടുകൂടിയ ത്രീ പോയിന്റ് സീറ്റ്ബെൽറ്റുകൾ, റിവേഴ്സ് പാർക്കിംഗ് ക്യാമറ എന്നീ മോഡേൺ ഫീച്ചറുകളും എപ്പിക് സ്വിഫ്റ്റിലേക്ക് വാഗ്‌ദാനം ചെയ്യാൻ മാരുതി സുസുക്കി തയാറായിട്ടുണ്ട്.
LXi, VXi, VXi (O), ZXi, ZXi പ്ലസ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിൽ നാലാം തലമുറ സ്വിഫ്റ്റ് വാങ്ങാൻ സാധിക്കും. ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി വരുമ്പോൾ, ISOFIX ആങ്കറുകൾ, ഇബിഡിയുള്ള എബിഎസ് തുടങ്ങിയ കാര്യങ്ങളും സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകളാണ്. ഓട്ടോമാറ്റിക് വേരിയൻ്റുകളിൽ മാത്രമാണ് ഹിൽ സ്റ്റാർട്ട് അസിസ്റ്റ് ഓഫർ ചെയ്യുന്നത്. 2024 സ്വിഫ്റ്റിന് പുതിയ 1.2 ലിറ്റർ, ത്രീ സിലിണ്ടർ, Z സീരീസ് പെട്രോൾ എഞ്ചിനാണ് തുടിപ്പേകാൻ എത്തിയിരിക്കുന്നത്.

80 bhp പവറിൽ പരമാവധി 112 Nm torque വികസിപ്പിക്കാൻ ശേഷിയുള്ള പുതിയ ത്രീ സിലിണ്ടർ എഞ്ചിൻ 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ സ്വന്തമാക്കാനും സാധിക്കും. മുൻ മോഡലിനെ അപേക്ഷിച്ച് പവറിലും ടോർക്കിലും ചെറിയ വ്യത്യാസമുണ്ടെങ്കിലും ഇന്ധനക്ഷമത കണക്കുകളിൽ വർധനവുണ്ടായിട്ടുണ്ട്. ലിറ്ററിന് 25.72 കിലോമീറ്റർ മൈലേജാണ് പുതിയ മാരുതി സ്വിഫ്റ്റിൽ കമ്പനി അവകാശപ്പെടുന്നത്.
പുതിയ മാറ്റങ്ങളോടെ പഴയ പ്രതാപം നിലനിർത്താൻ സ്വിഫ്റ്റിനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ന്ത്യൻ വിപണിയിൽ കോംപാക്‌ട് ഹാച്ച്ബാക്ക് വിഭാഗത്തിൽ ഏറ്റവും പുതിയ മാരുതി സുസുക്കി സ്വിഫ്റ്റ് ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്, ടാറ്റ ടിയാഗോ എന്നിവയുമായി തന്നെയായിരിക്കും മത്സരിക്കുക. ഒപ്പം മിനി എസ്‌യുവികളായ ടാറ്റ പഞ്ചും ഹ്യുണ്ടായി എക്സ്റ്ററും സ്വിഫ്റ്റിന് വിലങ്ങുതടിയായിരിക്കും.


Click it and Unblock the Notifications








