ഇവനിങ്ങ് വന്നാൽ ഇസൂസുവിന് ഷട്ടറിടാം, കൊതിപ്പിക്കുന്ന മാറ്റങ്ങളുമായി ഹ്യുണ്ടായിയുടെ പിക്കപ്പ് ട്രക്ക്
ഇന്ത്യയിൽ ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കുകൾക്ക് അത്ര ഡിമാന്റ് ഇല്ലെങ്കിലും ടൊയോട്ട ഹൈലക്‌സ്, ഇസൂസു ഡി-മാക്‌സ് വി-ക്രോസ് പോലുള്ള കിടിലൻ മോഡലുകളിലൂടെ പതിയെ ജനപ്രീതി നേടിയെടുത്ത് വരുന്നുണ്ട് ഈ വിഭാഗം. കാര്യമായ വിൽപ്പനയില്ലാത്തതിനാൽ മറ്റ് കമ്പനികളൊന്നും ശ്രേണിയിലേക്ക് ഉടൻ വരാൻ സാധ്യതയില്ല. പക്ഷേ വിദേശത്ത് സംഭവം നേരെ തിരിച്ചാണ്.
അവിടെയൊക്കെ ക്യാമ്പിംഗ് സംസ്ക്കാരവും മറ്റുമെല്ലാം കൂടുതൽ ഉള്ളതിനാൽ പിക്കപ്പ് ട്രക്കുകൾക്ക് യൂറോപ്പിലും അമേരിക്കയിലുമെല്ലാം വലിയ സ്വീകാര്യതയാണുള്ളത്. ഫോർഡും റാമും ടൊയോട്ടയും ഷെവർലെയും ഫോക്‌സ്‌വാഗണും പോലുള്ള വമ്പൻ ബ്രാൻഡുകളെല്ലാം ഇവിടെ ഇത്തരം വാഹനങ്ങൾ പുറത്തിറക്കി ഹിറ്റടിച്ചവരാണ്. കൂട്ടത്തിൽ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഹ്യുണ്ടായിയും അരങ്ങ് തകർക്കുന്നുണ്ടെന്ന് കേട്ടാൽ ചിലപ്പോൾ പലരും ഞെട്ടിയേക്കാം.

സാന്റഫെ എസ്‌യുവിയെ അടിസ്ഥാനമാക്കിയുള്ള സാന്റക്രൂസ് എന്ന പിക്കപ്പ് ട്രക്കുമായാണ് ഹ്യുണ്ടായി വിദേശ വിപണികളിൽ അരങ്ങ് തകർക്കുന്നത്. ന്യൂയോർക്ക് ഇൻ്റർനാഷണൽ ഓട്ടോ ഷോയിൽ പുതുക്കിയ 2025 മോഡൽ ഇയർ സാന്റക്രൂസ് പിക്കപ്പ് ട്രക്ക് അവതരിപ്പിച്ചുകൊണ്ട് എതിരാളികളുടെ നെഞ്ചിടിപ്പേറ്റുകയാണ് കമ്പനിയിപ്പോൾ. നിലവിലുണ്ടായിരുന്ന മോഡലിനെ അപേക്ഷിച്ച് കാര്യമായ പരിഷ്ക്കാരങ്ങളോടെയാണ് വാഹനത്തിന്റെ വരവ്.
റീഡിസൈൻ ചെയ്‌ത എകസ്റ്റീരിയർ, ഇൻ്റീരിയർ, ഫീച്ചറുകൾ എന്നിവയുടെ ആറാട്ട് പുതിയ 2025 സാന്റക്രൂസിൽ ഹ്യുണ്ടായി ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം പുത്തൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും അതിൽ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റീവ് സംവിധാനങ്ങളുമായാണ് വാഹനം വരുന്നത്. കാലിഫോർണിയയിൽ രൂപകല്പന ചെയ്ത ഈ മോഡൽ വേനൽക്കാലത്ത് അമേരിക്കയിലുടനീളമുള്ള ഹ്യുണ്ടായി ഡീലർഷിപ്പുകളിൽ ലഭ്യമാകും.

കാഴ്ച്ചയിൽ പുതിയ മോഡൽ കൂടുതൽ ബോൾഡായി മാറിയിരിക്കുന്നുവെന്ന് വേണം പറയാൻ. പുതിയ ട്വീക്ക് ചെയ്ത ഗ്രിൽ, അലോയ് വീലുകൾ, ഡേടൈം റണ്ണിംഗ് ലാമ്പുകൾ എന്നിവയെല്ലാം പിക്കപ്പ് ട്രക്കിനെ വേറെ ലെവലാക്കുന്നുണ്ട്. ന്യൂയോർക്ക് ഓട്ടോ ഷോയിൽ വെളിപ്പെടുത്തിയ 2025 പതിപ്പിന്റെ അകത്തളം കഴിഞ്ഞ ദിവസം പുറത്തിറക്കിയ ട്യൂസോണുമായി പങ്കിടുകയാണ് ചെയ്‌തിരിക്കുന്നത്. 18 ഇഞ്ച് അലോയ് വീലുകളിൽ ഓൾ-ടെറൈൻ 245/60 R18 ടയറുകളാണ് ഉപയോഗിച്ചിരിക്കുന്നത്.
ഫ്രണ്ട് ടോ ഹുക്കുകളുമാണ് സാന്റക്രൂസിൽ പുതിയതാണ്. കൂടുതൽ ഓഫ്-റോഡിംഗ് കഴിവുള്ള XRT ട്രിമ്മുകളും സാന്റക്രൂസിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇത് സ്റ്റാൻഡേർഡ് വേരിയന്റുകളിൽ നിന്നും അൽപം കൂടി സ്പോർട്ടിനെസാണ് പിക്കപ്പിലേക്ക് കൊണ്ടുവരുന്നത്. XRT-നിർദ്ദിഷ്ട ബമ്പർ ഡിസൈനുകൾ, ഫ്രണ്ട് ഗ്രിൽ, സറൗണ്ട് വ്യൂ മോണിറ്റർ, ബ്ലൈൻഡ്-സ്പോട്ട് വ്യൂ മോണിറ്റർ, മുൻവശത്തെ മുകളിലെ സീറ്റ്ബാക്കുകളിൽ ഡീബോസ് ചെയ്ത XRT ലോഗോ എന്നിവയാണ് ഇതിലെ പ്രധാന ഹൈലൈറ്റുകൾ.

പുതിയ സാന്റക്രൂസിന്റെ അകത്തളത്തിലും ഗംഭീര മാറ്റങ്ങൾ തന്നെയാണ് കാണാനാവുന്നത .പുതിയ പനോരമിക് കർവ്ഡ് ഡിസ്‌പ്ലേയിൽ ഓപ്‌ഷണൽ 12.3 ഇഞ്ച് ഡ്രൈവർ ഇൻഫർമേഷൻ ക്ലസ്റ്ററും 12.3 ഇഞ്ച് ഓഡിയോ-വീഡിയോ നാവിഗേഷൻ സിസ്റ്റവുമെല്ലാമാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി ഒരുക്കിയിരിക്കുന്നത്. പുതിയ ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീലും എയർ വെന്റുകളുമാണ് അകത്തളത്തിലെ മറ്റ് മാറ്റങ്ങൾ.
എഞ്ചിൻ ഓപ്ഷനുകളിലേക്ക് വന്നാൽ 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ 2.5 ലിറ്റർ ഡയറക്റ്റ്-ഇഞ്ചെക്റ്റഡ് ഇൻ-ലൈൻ ഫോർ സിലിണ്ടർ എഞ്ചിനാണ് സാന്റക്രൂസിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇത് 191 bhp കരുത്തോളം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണെന്ന് ഹ്യുണ്ടായി പറയുന്നു. അതേസമയം 8 സ്പീഡ് വെറ്റ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ 281 bhp പവറുള്ള 2.5 ലിറ്റർ ഡയറക്റ്റ്-ഇഞ്ചക്റ്റഡ് ടർബോചാർജ്ഡ് എഞ്ചിനും പിക്കപ്പിനുണ്ട്.

സ്റ്റിയറിംഗ് വീൽ മൗണ്ടഡ് പാഡിൽ ഷിഫ്റ്ററുകളുമായാണ് സാന്റാക്രൂസിന്റെ ഡിസിടി മോഡലുകൾ വരുന്നത്. 2025 മോഡലിലെ 2.5 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിൻ പുതിയൊരു ടോ മോഡും അവതരിപ്പിക്കുന്നുണ്ട്. ട്രാൻസ്മിഷനിൽ ഘർഷണനഷ്ടം കുറയ്ക്കുന്നതിനും അതുവഴി മികച്ച കാര്യക്ഷമതയും പെർഫോമൻസും കൈവരിക്കുന്നതിനായി ഒരു ഓയിൽ പമ്പും ഡബിൾ ബോൾ ബെയറിംഗുകളും ഗിയർബോക്‌സിൽ കമ്പനി നൽകുന്നുണ്ട്. രണ്ട് എഞ്ചിനുകളും HTRAC ഓൾ-വീൽ ഡ്രൈവ് ശേഷിയാണ് വാഗ്ദാനം ചെയ്യുന്നത്.


Click it and Unblock the Notifications








