റേഞ്ച് റോവർ വാങ്ങാൻ ആളില്ലാതാവുമോ? അഡാറ് എസ്‌യുവിയുമായി ചൈനീസ് കമ്പനി ഇന്ത്യയിലേക്ക്
ഇന്ത്യൻ വിപണിയിൽ നല്ല കിടിലൻ ഇലക്‌ട്രിക് കാറുകളിലൂടെ തരംഗമായവരാണ് ബിൽഡ് യുവർ ഡ്രീംസ് (Build Your Dreams) എന്ന ബിവൈഡി (BYD). നിലവിൽ സാക്ഷാൽ ടെസ്‌ലയെ വരെ പൂട്ടിക്കൊണ്ട് ലോകത്തെ തന്നെ ഏറ്റവും വലിയ വൈദ്യുത വാഹന നിർമാതാക്കളായി പറന്നുയരാനും ബിവൈഡിക്കായിട്ടുണ്ട്. അറ്റോ 3 എസ്‌യുവി, സീൽ സെഡാൻ, ഇമാക്‌സ് 7 തുടങ്ങിയ തട്ടുപൊളിപ്പൻ ഇവികളെയെല്ലാം ഇന്ത്യക്കാർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്‌തത് ഇതുകൊണ്ടാവാം. എന്തായാലും ഹിറ്റടിച്ച് മുന്നേറുന്ന കമ്പനി ആഭ്യന്തര വിപണിയിലെ വിൽപ്പന ഇരട്ടിയാക്കാനുള്ള തന്ത്രങ്ങൾ ആവിഷ്ക്കരിക്കുകയാണ്.
പുത്തനൊരു എസ്‌യുവിയെ കൂടി അവതരിപ്പിക്കാനുള്ള നീക്കങ്ങൾ കമ്പനി ആരംഭിച്ചതായാണ് വിവരം. ഇതിന്റെ ഭാഗമായി ബിവൈഡിയുടെ സബ്‌സിഡിയറി ബ്രാൻഡായ ഡെൻസയുടെ N9 എന്നുവിളിക്കുന്ന ഫ്ലാഗ്ഷിപ്പ് സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ പേറ്റന്റ് ഇന്ത്യയിൽ നേടിയിരിക്കുകയാണ് ചൈനീസ് വാഹന ഭീമൻ. അടുത്തിടെ ഗ്വാങ്‌ഷു ഓട്ടോ ഷോയിൽ അവതരിപ്പിച്ച ഇലക്ട്രിക് എസ്‌യുവി ഏറെ ശ്രദ്ധ നേടിയിരുന്നു.

കിയ EV9 പോലുള്ള ആഡംബര ഇലക്ട്രിക് എസ്‌യുവികൾക്കെതിരെ മത്സരിക്കാനാണ് ബിവൈഡി ഡെൻസ N9 ഇവിയെ കൊണ്ടുവരുന്നതെന്നാണ് വിവരം. 2011-ൽ ഡെയ്ംലറും ബിവൈഡിയും 50 ശതമാനം ഓഹരിയിൽ സംയുക്തമായി ആരംഭിച്ച ബ്രാൻഡായിരുന്നു ഡെൻസ. പിന്നീട് 2022-ൽ ഡെൻസയുടെ 90 ശതമാനം ഓഹരിയും ഏറ്റെടുത്ത ബിൽഡ് യുവർ ഡ്രീംസ് 2024-ൽ 100 ശതമാനവും ഏറ്റെടുത്ത് കമ്പനി സ്വന്തമാക്കുകയായിരുന്നു.
നിലവിൽ D9 എംപിവി, N7 എസ്‌യുവി, N8 എസ്‌യുവി, Z9 GT എന്നിവയുള്ള മോഡൽ നിരയെ കളറാക്കിക്കൊണ്ടാണ് ഗ്വാങ്‌ഷു ഓട്ടോ ഷോയിൽ ഡെൻസ N9 പിറവിയെടുക്കുന്നത്. ചൈനയിലാവും ഈ വലിയ ഫ്ലാഗ്ഷിപ്പ് എസ്‌യുവി ആദ്യം വിപണിയിലെത്തുക. ഈ എസ്‌യുവിയുടെ പൂർണ ഇലക്ട്രിക് പതിപ്പിന് പുറമെ ഒരു പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പും കമ്പനി അവതരിപ്പിച്ചിട്ടുണ്ടെന്നതാണ് രസകരമായ കാര്യം.

പല ആഗോള വിപണികളിലും ലോഞ്ച് ചെയ്യാൻ പാകത്തിനുള്ള ഒരു ബഹുമുഖ വാഹനമായി ഡെൻസ N9 മാറുന്നു. ഭാവിയിൽ ഇന്ത്യയിലും പുറത്തിറക്കാനുള്ള സാധ്യതകൾ പരിഗണിച്ചാണ് മോഡലിന്റെ പേറ്റന്റ് കമ്പനിയിപ്പോൾ നേടിയിരിക്കുന്നത്. ഇന്ത്യയിൽ പ്രീമിയം, ആഡംബര കാറുകൾ വാങ്ങാൻ കൂടുതൽ ആളുകൾ എത്തുന്ന സാഹചര്യത്തിൽ ഡെൻസ N9 ഇലക്ട്രിക്, ഹൈബ്രിഡ് മോഡലിലൂടെ പണംവാരാനും ബിവൈഡിക്ക് സാധിച്ചേക്കും.
ഓപ്ഷണൽ 22 ഇഞ്ച് വീലുകൾ, 50 ഇഞ്ച് ഹെഡ്‌സ്-അപ്പ് ഡിസ്പ്ലേ, 17.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, 13.2 ഇഞ്ച് ഡിജിറ്റൽ ക്ലസ്റ്റർ, മുൻ യാത്രക്കാർക്ക് 13.2 ഇഞ്ച് ടച്ച് സ്‌ക്രീൻ, റിയർ സീറ്റിലിരിക്കുന്നവർക്കായി 17.1 ഇഞ്ച് സീലിംഗ് മൗണ്ടഡ് സ്‌ക്രീൻ, ഫോൾഡിംഗ് ഇല്യൂമിനേറ്റഡ് മിററുകൾ, ഫോൾഡിംഗ് ടേബിളുകൾ, 11.5 ലിറ്റർ ഹീറ്റഡ് ആൻഡ് കൂൾഡ് സ്റ്റോറേജ് ബോക്സ്, 2+2+2 സീറ്റിംഗ് ലേഔട്ട് എന്നിവയെല്ലാം ഡെൻസ എസ്‌യുവിയുടെ പ്രത്യേകതകളാണ്.

വലപ്പത്തിന്റെ കാര്യത്തിലായാലും ഭീമനാണ് കക്ഷി കേട്ടോ. മൊത്തത്തിൽ 5,258 മില്ലീമീറ്റർ നീളവും 2,030 മില്ലീമീറ്റർ വീതിയും 1,830 മില്ലീമീറ്റർ ഉയരവും 3,125 മില്ലീമീറ്റർ വീൽബേസുമാണ് ബിവൈഡി ഡെൻസ N9 PHEV എസ്‌യുവിക്കുള്ളത്. കൂടാതെ 3,130 കിലോഗ്രാം മുതൽ 3,245 കിലോഗ്രാം വരെ ഭാരവും ഇതിനുണ്ടെന്നാണ് ഇൻഡസ്ട്രി ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് സമർപ്പിച്ചിരിക്കുന്ന ഫയലിംഗിലൂടെ വെളിപ്പെട്ടിരിക്കുന്നത്.
ഡെൻസ N9 പ്ലഗ്-ഇൻ ഹൈബ്രിഡിന് 205 bhp കരുത്ത് ഉത്പാദിപ്പിക്കാനാവുന്ന 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് തുടിപ്പേകാനെത്തുന്നത്. 47 kWh ശേഷിയുള്ള ഇലക്ട്രിക് ബാറ്ററി പായ്ക്കും ഇതിനോടൊപ്പം ജോടിയാക്കിയിട്ടുണ്ട്. ഇത് ബിവൈഡിയുടെ ഉടമസ്ഥതയിലുള്ള Li-Fe-Po ബ്ലേഡ് ബാറ്ററിയാണ്. ഇത് 165 കിലോമീറ്റർ റേഞ്ച് വരെ വാഗ്ദാനം ചെയ്യാനും യോഗ്യമാണ്. രണ്ട് ഇലക്ട്രിക് മോട്ടോറുകൾക്ക് കരുത്ത് പകരുന്ന ഈ ബാറ്ററിയിലൂടെ വാഹനത്തിന് മൊത്തം 911 bhp പവർ വരെ നൽകാനാവും.
അതേസമയം ഡെൻസ N9 പ്ലഗ്-ഇൻ ഹൈബ്രിഡിന്റെ ഉയർന്ന വേഗത മണിക്കൂറിൽ 230 കിലോമീറ്ററാണെന്നും കമ്പനി പറയുന്നു. എന്നാൽ മറുവശത്ത് N9 എസ്‌യുവിയുടെ ഇലക്‌ട്രിക് പതിപ്പിന് കൂടുതൽ വലിയ ബാറ്ററിയും ട്രിപ്പിൾ മോട്ടോർ ലേഔട്ടുമാണ് ബിവൈഡി ഒരുക്കുക. അങ്ങനെ ഇവിക്ക് മൊത്തം 952 bhp കരുത്തോളം നൽകാനാവും. മൊത്തത്തിൽ നോക്കുമ്പോൾ റേഞ്ച് റോവർ പോലും വാങ്ങാൻ ഇവിടെ ആളില്ലാതാവുമോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പക്ഷേ ഇതിന്റെ അരങ്ങേറ്റത്തെ കുറിച്ച് കമ്പനി ഇതുവരെ ഉറപ്പൊന്നും നൽകിയിട്ടില്ല.


Click it and Unblock the Notifications








