ഈ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ പുതിയ കാർ വാങ്ങുമ്പോൾ 20,000 രൂപ കുറയും; പലർക്കും ഇതറിയില്ല
പുതിയൊരു കാർ വാങ്ങുമ്പോൾ വില എത്ര കുറച്ച് കിട്ടുന്നോ അത്രയും സന്തോഷമായിരിക്കും അല്ലേ. അതിനായി കമ്പനികൾ വമ്പൻ ഡിസ്കൗണ്ട് (Discount) ഓഫറുകളെല്ലാം പ്രഖ്യാപിക്കാൻ ആളുകൾ കാത്തിരിക്കാറുമുണ്ട്. ഇപ്പോഴിതാ അത്തരക്കാർ അറിയാനായി ഒരു കാര്യം പറയാം. പുതിയ വാഹനം വാങ്ങാൻ പോവുമ്പോൾ ഇനി ഈയൊരു സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡോക്യുമെന്റ് (Document) ഉണ്ടെങ്കിൽ നിങ്ങൾക്ക് അധികമായി കുറച്ച് പണം കൂടി ലാഭിക്കാനാവും. അതായത് ഏകദേശം 20,000 രൂപ അധികമായി ഡിസ്കൗണ്ട് ലഭിക്കുമെന്ന് സാരം. സംഭവം സിമ്പിളാണ് കേട്ടോ എന്താണെന്ന് പറഞ്ഞുതരാം...
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സിൻ്റെ (SIAM) പ്രതിനിധി സംഘവും തമ്മിൽ കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇത്തരമൊരു തീരുമാനം ഉണ്ടായിരിക്കുന്നത്. പഴയ കാറുകൾ സ്ക്രാപ്പിന് കൊടുത്ത് അതിന്റെ നിക്ഷേപ സർട്ടിഫിക്കറ്റ് അഥവാ ഡിപ്പോസിറ്റ് സർട്ടിഫിക്കറ്റ് കാണിച്ചാലാവും അധികമായി 20,000 രൂപ ഡിസ്കൗണ്ട് ലഭിക്കുക. ഇന്ത്യയിലെ പ്രമുഖ വാഹന നിർമാതാക്കളെല്ലാം ഇക്കാര്യം മന്ത്രിക്ക് ഉറപ്പ് നൽകിയിട്ടുമുണ്ട്.

പഴയ വാഹനങ്ങൾ സ്ക്രാപ്പിന് കൊടുത്തതിന് ശേഷം 'നിക്ഷേപ സർട്ടിഫിക്കറ്റ്' ഹാജരാക്കുന്ന ഉപഭോക്താക്കൾക്ക് പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ ഗണ്യമായ രീതിയിൽ തന്നെ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യാമെന്ന് തീരുമാനം. ഇനി എന്താണീ സർട്ടിഫിക്കറ്റ് ഓഫ് ഡിപ്പോസിറ്റ് അഥവാ ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റ് എന്നറിയാത്തവർക്കായി ചുരുക്കത്തിൽ വിശദീകരിക്കാം. ഒരു അംഗീകൃത സ്ക്രാപ്പേജ് സെൻ്ററിൽ പഴയ വാഹനം സ്ക്രാപ്പ് ചെയ്യുമ്പോൾ വാഹന ഉടമകൾക്ക് സ്ക്രാപ്പേജ് സർട്ടിഫിക്കറ്റ് എന്നറിയപ്പെടുന്ന ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റ് നൽകും.
ഇത് ലഭിക്കുന്നതിന് വാഹന ഉടമകൾ അവരുടെ സ്ക്രാപ്പിംഗിനായുള്ള വാഹനം ഒരു സാക്ഷ്യപ്പെടുത്തിയ സ്ക്രാപ്പിംഗ് സൗകര്യത്തിൽ വേണം പൊളിക്കാൻ കൊടുക്കാൻ എന്നു മാത്രം. അവിടെ അത് പൊളിച്ചുമാറ്റപ്പെടും. സ്‌ക്രാപ്പിംഗ് പ്രക്രിയ പൂർത്തിയാക്കിയ ശേഷം സർട്ടിഫക്കറ്റ് പഴയ വാഹന ഉടമയുടെ പേരിൽ ലഭ്യമാവും. ഇത് ഏത് ബ്രാൻഡിന്റെ പുതിയ വാഹനം വാങ്ങുമ്പോഴും ഉപയോഗപ്പെടുത്താനും സാധിക്കും. അതുവഴിയാണ് അധികമായി 20,000 രൂപയോളം അധിക ഡിസ്കൗണ്ട് ലഭിക്കുക.

ഈ സർട്ടിഫിക്കറ്റ് വാങ്ങി ഉടൻ തന്നെ അടുത്ത പുത്തൻ വണ്ടി വാങ്ങാൻ പോവേണ്ടതില്ല. ഇതിനും ഒരു നിശ്ചിത കാലാവധിയുണ്ടാവുമെന്നാണ് അറിയാൻ കഴിയുന്നത്. നിരവധി വാണിജ്യ വാഹന നിർമാതാക്കൾ 2 വർഷത്തേക്ക് സർട്ടിഫിക്കറ്റിന് സാധുത നൽകുമെന്നാണ് വാഗ്ദാനം ചെയ്‌തിരിക്കുന്നത്. അതേസമയം പാസഞ്ചർ വാഹന നിർമാതാക്കൾ 1 വർഷത്തേക്കാവും ഡിസ്കൗണ്ട് നൽകുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
മാരുതി സുസുക്കി, ടാറ്റ മോട്ടോർസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹ്യുണ്ടായി, കിയ, ടൊയോട്ട, ഹോണ്ട, എംജി, റെനോ, നിസാൻ, സ്‌കോഡ ഫോക്‌സ്‌വാഗൺ എന്നിവയുൾപ്പെടെയുള്ള പാസഞ്ചർ വാഹന നിർമാതാക്കൾ എക്‌സ്‌ഷോറൂം വിലയിൽ 1.50 ശതമാനം കിഴിവ് അല്ലെങ്കിൽ 20,000 രൂപയിൽ ഏതാണോ കുറവ് അതായിരിക്കും ഉപഭോക്താവിന് വാഗ്ദാനം ചെയ്യുക. കഴിഞ്ഞ 6 മാസത്തിനുള്ളിൽ പഴയ വാഹനം സ്ക്രാപ്പ് ചെയ്യുമ്പോൾ പുതിയ കാറുകൾക്കായി അധിക കിഴിവുകൾ കമ്പനികൾ നൽകി വരുന്നുമുണ്ട്.

ഇതുകൂടാതെയും അധിക ഡിസ്കൗണ്ട് ഓഫറുകൾ കമ്പനികൾ സ്വമേധയാ വാഗ്ദാനം ചെയ്തേക്കാം. മറുവശത്ത് ടാറ്റ മോട്ടോർസ്, വോൾവോ ഐഷർ, അശോക് ലെയ്‌ലാൻഡ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഫോഴ്‌സ് മോട്ടോർസ്, ഇസൂസു, എസ്എംഎൽ ഇസൂസു തുടങ്ങിയ വാണിജ്യ വാഹന നിർമ്മാതാക്കൾ 3.5 ടണ്ണിൽ കൂടുതലുള്ള പുതിയ വാണിജ്യ വാഹനങ്ങൾക്ക് 3 ശതമാനം കിഴിവും 1.50 ശതമാനം വിലക്കിഴിവും നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്.
കഴിഞ്ഞ 6 മാസത്തിനുള്ളിൽ പഴയ വാഹനം ഒഴിവാക്കുമ്പോൾ 3.5 ടണ്ണിൽ താഴെയുള്ള വാഹനങ്ങൾക്ക് 1.50 ശതമാനം കിഴിവ് ഈ കമ്പനികൾ ഉപഭോക്താക്കൾക്ക് കൈമാറിയിട്ടുമുണ്ട്. സ്‌ക്രാപ്പ് ചെയ്‌ത വാഹനത്തിൽ നിന്ന് ട്രേഡ് ചെയ്‌ത ഡിപ്പോസിറ്റ് സർട്ടിഫിക്കറ്റ് ഉപയോഗിക്കുകയാണെങ്കിൽ യഥാക്രമം 2.75%, 1.25% എന്നിങ്ങനെയാണ് കിഴിവ് ലഭിക്കുക. ബസുകൾക്കും വാനുകൾക്കും ഈ പദ്ധതി ബാധകമാകുമെന്നതും സ്വാഗതാർഹമായ കാര്യമാണ്.


Click it and Unblock the Notifications








