കാർ വാങ്ങാൻ പ്ലാനില്ലാത്തവർ വരെ വാങ്ങിപ്പോവും, ഏപ്രിൽ മാസം വരുന്നത് സ്വിഫ്റ്റ് ഉൾപ്പടെ 5 പുത്തൻ കാറുകൾ
പുത്തൻ കാറുകളാൽ സമ്പന്നമാവുകയാണ് ഇന്ത്യൻ വിപണി. ഏതു തരം വണ്ടികളും വാങ്ങാൻ ആളുകളുള്ള രാജ്യമായി നമ്മുടെ നാട് വളർന്നു കഴിഞ്ഞു. വരാനിരിക്കുന്ന പുതിയ സാമ്പത്തിക വർഷത്തിലും ധാരാളം മോഡലുകളാണ് നിരത്തുകളിലേക്ക് ഇറങ്ങാൻ കാത്തിരിക്കുന്നത്. 2024 ഏപ്രിൽ മാസത്തിലും കമ്പനികൾ അവതരിപ്പിക്കാൻ പോവുന്നത് കിടിലോൽസ്‌കി കാറുകളാണെന്നാണ് ലഭിക്കുന്ന വിവരം.
രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയും ടൊയോട്ടയും ടാറ്റ മോട്ടോർസ്, മഹീന്ദ്ര എന്നിങ്ങനെ എല്ലാ നിർമാതാക്കളും കളത്തിൽ ഒരുമിച്ചിറങ്ങുന്ന അസുലഭ മാസമായിരിക്കും ഏപ്രിൽ 2024. അതും രാജ്യം കാത്തിരിക്കുന്ന ഹാച്ച്ബാക്കും ഈ ലിസ്റ്റിലുണ്ട്. വരുന്ന മാസം എസ്‌യുവികളും ഹാച്ച്ബാക്കുകളും സെഡാനും ഉൾപ്പെടെ ആറ് കാറുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് ഏതെല്ലാമെന്ന് നോക്കിയാലോ?

സ്കോഡ സൂപ്പർബ്: ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ സൂപ്പർബ് സെഡാൻ ഇന്ത്യയിൽ വീണ്ടും അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് യൂണിറ്റായി വാഹനം ഏപ്രിൽ മൂന്നിന് വിപണിയിലേക്ക് എത്തും. 189 bhp കരുത്തിൽ പരമാവധി 320 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയുന്ന 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുമായാണ് സൂപ്പർബ് രണ്ടാം ഇന്നിംഗ്സിന് വരുന്നത്.
വിലയുടെ കാര്യത്തിലേക്ക് വന്നാൽ 34.19 മുതൽ 37.29 ലക്ഷം രൂപ വരെയാണ് മുമ്പ് സ്‌കോഡ സൂപ്പർബിന് ഇന്ത്യയിൽ മുടക്കേണ്ടി വന്നിരുന്നത്. എന്നാൽ CBU മോഡൽ ആയതിനാൽ തന്നെ ഇത്തവണ കൂടുതൽ തുക കരുതിവെക്കുന്നതാവും ഉചിതം. ഏകദേശം 43 ലക്ഷം രൂപയോളം എക്സ്ഷോറൂം വിലയുണ്ടാവുമെന്നാണ് സൂചന. എന്നാൽ ADAS സാങ്കേതികവിദ്യ, 360 ഡിഗ്രി ക്യാമറ പോലുള്ള മോഡേൺ ഫീച്ചറുകളാലും വണ്ടി സമ്പന്നമായിരിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.

മഹീന്ദ്ര XUV300 ഫെയ്‌സ്‌ലിഫ്റ്റ്: മഹീന്ദ്രയുടെ എൻട്രി ലെവൽ എസ്‌യുവിയായ XUV300 മുഖംമിനുക്കി ഏപ്രിൽ മാസത്തിൽ വിപണിയിലെത്തുമെന്നാണ് വിവരം. നിലവിൽ പഴയ മോഡലിനായുള്ള ബുക്കിംഗ് കമ്പനി നിർത്തിവെച്ചിരിക്കുകയാണ്. എന്തായാലും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പെത്തുന്നതോടെ മാരുതി ബ്രെസയ്ക്കും ടാറ്റ നെക്സോണിനുമെല്ലാം പണിയാവുമെന്ന കാര്യം ഉറപ്പാണ്.
ഡിസൈനിലും ഫീച്ചറുകളിലുമെല്ലാം ധാരാളം പരിഷ്ക്കാരങ്ങളുമായി എത്തുന്ന മഹീന്ദ്ര XUV300 ഫെയ്‌സ്‌ലിഫ്റ്റ് ശരിക്കും ഞെട്ടിക്കുമെന്നാണ് അനുമാനം. പുതിയ എൽഇഡി ഹെഡ്‌ലൈറ്റ്, ഡിആർഎൽ യൂണിറ്റുകൾ, മുൻവശത്ത് പുതുക്കിയ ഗ്രില്ലും ബമ്പറും, പിന്നിൽ പുതിയ എൽഇഡി ടെയിൽലൈറ്റ്, പുതിയ അലോയ് ഡിസൈൻ എന്നിവയെല്ലാം കോംപാക്‌ട് എസ്‌യുവിയിലുണ്ടാവുമെന്ന് മുമ്പ് പുറത്തുവന്ന സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.

അതേസമയം ഇന്റീരിയർ പുതിയതും വലുതുമായ ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് യൂണിറ്റും പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്യും. XUV300 ഫെയ്‌സ്‌ലിഫ്റ്റ് അതിൻ്റെ സെഗ്‌മെൻ്റിൽ പനോരമിക് സൺറൂഫ് ലഭിക്കുന്ന ആദ്യത്തെ എസ്‌യുവിയായി മാറുമെന്ന അഭ്യൂഹങ്ങളും എയറിലുണ്ട്. 1.2 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകൾക്കൊപ്പം എസ്‌യുവി തുടർന്നും വാഗ്‌ദാനം ചെയ്യും.
ടാറ്റ ആൾട്രോസ് റേസർ: ഒരു വർഷം മുമ്പ് ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച പെർഫോമൻസ് കാറായ ആൾട്രോസ് റേസർ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന മാസമാണ് ഏപ്രിൽ 2024. സ്റ്റാൻഡേർഡ് പ്രീമിയം ഹാച്ച്ബാക്കിൻ്റെയും ഐ-ടർബോ പതിപ്പിൻ്റെയും കൂടുതൽ ശക്തമായ പതിപ്പാണിതെന്ന് വളരെ ലളിതമായി പറയാം. 120 bhp പവറിൽ പരമാവധി 170 Nm torque വരെ സൃഷ്ടിക്കാൻ കഴിയുന്ന 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് കാറിന്റെ ഹൃദയം.

ആറ് സ്പീഡ് ട്രാൻസ്മിഷൻ യൂണിറ്റ് വാഗ്ദാനം ചെയ്യുന്ന പുതിയ ഗിയർബോക്സും ഹാച്ച്ബാക്കിന് ലഭിക്കും. ഡിസൈനിലെ പ്രധാന മാറ്റങ്ങളിലൊന്നായി റേസ് ഗ്രാഫിക്‌സാണ് ഉണ്ടാവുക. അകത്ത്, ഹാച്ച്ബാക്കിന് വലിയ ടച്ച് സ്‌ക്രീനും റേസ്-പ്രചോദിതമായ ബക്കറ്റ് സീറ്റുകളും ലഭിക്കാൻ സാധ്യതയുണ്ട്. ലോഞ്ച് ചെയ്തുകഴിഞ്ഞാൽ ആൾട്രോസ് റേസർ ഹ്യുണ്ടായി i20 N ലൈൻ മോഡലുമായാവും മത്സരിക്കുക. പോളോ GTI ഉഴിച്ചിട്ട കസേരയും ടാറ്റ മോട്ടോർസിന് നോട്ടമുണ്ട്.
മാരുതി സ്വിഫ്റ്റ്: മാരുതി സുസുക്കി സ്വിഫ്റ്റ് അതിൻ്റെ നാലാം തലമുറ അവതാരത്തിൽ ഇന്ത്യയിലേക്ക് എത്താൻ ഒരുങ്ങുകയാണ്. മാരുതിയുടെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിലൊന്നായ ഹാച്ച്ബാക്ക് ഹൈബ്രിഡ് പവർട്രെയിനുമായി അടുത്തിടെ ജപ്പാനിൽ അവതരിപ്പിച്ചു. തികച്ചും പുതിയ ഡിസൈൻ, നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പുത്തൻ ഫീച്ചറുകൾ, വളരെയധികം നവീകരിച്ച എഞ്ചിൻ എന്നിവയോടെയാണ് കാറിന്റെ ഇത്തവണത്തെ വരവ്.

ഇന്ത്യയിൽ 82 bhp കരുത്തിൽ 112 Nm torque ഉത്പാദിപ്പിക്കുന്ന പുതിയ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിൻ ആയിരിക്കും മാരുതി സ്വിഫ്റ്റിന് ഇത്തവണ തുടിപ്പേകാൻ എത്തുക. മെച്ചപ്പെട്ട മൈലേജ് വാഗ്ദാനം ചെയ്ത് 10 Ah ലിഥിയം-അയൺ ബാറ്ററി പായ്ക്ക് നൽകുന്ന സെൽഫ് ചാർജിംഗ് 12V മൈൽഡ് ഹൈബ്രിഡ് സിസ്റ്റവും സുസുക്കി ചേർത്തിട്ടുണ്ട്. പക്ഷേ ഇത് ഇന്ത്യയിലെത്തില്ലെന്നാണ് വിവരം.


Click it and Unblock the Notifications








