ഥാർ 5-ഡോറിനേക്കാൾ ഹൈപ്പ്; അടിമുടി പരിഷ്ക്കാരിയായി ഇന്ത്യയുടെ സ്വന്തം 'ദേസി ജി-വാഗൺ'
ഹാർഡ്കോർ ഓഫ്-റോഡർമാർക്കിടയിൽ വമ്പൻ ഫാൻബേസുള്ള എസ്‌യുവിയാണ് ഫോഴ്‌സ് ഗൂർഖ. മഹീന്ദ്ര ഥാറിനൊപ്പം കിടപിടിക്കാൻ ഒരാളുണ്ടെങ്കിൽ അത് ദേസി ജി-വാഗൺ എന്നറിയപ്പെടുന്ന ഈ തട്ടുപൊളിപ്പൻ വണ്ടി തന്നെയാണ്. ജിംനിക്ക് താണ്ടാനാവാത്ത നേട്ടങ്ങൾ കൊയ്യാൻ പ്രാപ്‌തനാണെങ്കിലും എന്തുകൊണ്ടോ വേണ്ടവിധം ശ്രദ്ധ ലഭിക്കാതെ പോയവനാണ് ഗൂർഖ.
എന്നാൽ മാരുതി ജിംനി (Maruti Jimny) എത്തിയതോടെ 5-ഡോർ ഓഫ്-റോഡർ എസ്‌യുവിയുടെ സാധ്യത മനസിലാക്കിയ ഫോഴ്‌സ് വേഗത്തിൽ തന്നെ ഗൂർഖയുടെ 5-ഡോർ പതിപ്പിനെ വിപണിയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ലോഞ്ചിനുള്ള തീയതി കുറിച്ചതോടെ പുത്തൻ മോഡലിനായുളള ടീസർ വീഡിയോകളിലൂടെ ഹൈപ്പ് ഉയർത്തുകയാണ് ഫോഴ്‌സ് മോട്ടോർസ്.

കർശനമായ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടത്തെ തുടന്ന് കഴിഞ്ഞ വർഷം താത്ക്കാലികമായി നിർത്തലാക്കിയ 3-ഡോർ പതിപ്പും മാറ്റങ്ങളോടെ തിരിച്ചുവരവിന് ഒരുങ്ങുന്നുണ്ട്. ഇനി മുതൽ 3, 5 ഡോർ മോഡലുകളിൽ ഗൂർഖ വാങ്ങാനാവുമെന്നാണ് ഇതർഥമാക്കുന്നത്. ഏറ്റവും പുതിയ ടീസർ വീഡിയോ അടിസ്ഥാനമാക്കി നോക്കിയാൽ ഗംഭീര പരിഷ്ക്കാരങ്ങളാണ് എസ്‌യുവിയുടെ ഇന്റീരിയറിൽ നടപ്പിലാക്കുന്നതെന്ന് മനസിലാക്കാം.
ഡാഷ് ലേഔട്ട് നിലവിലുണ്ടായിരുന്ന മോഡലിന് സമാനമാണെങ്കിലും പുതിയ ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ ദേസി ജി-വാഗണിലെ യാത്രകൾ ആനന്ദകരമാക്കാൻ എത്തും. സ്‌ക്രീൻ നേരത്തെ ലഭ്യമായ 7.0 ഇഞ്ച് സ്‌ക്രീനേക്കാൾ വലുതാണെന്ന വിവരം സന്തോഷം നൽകുന്ന കാര്യമാണ്. ഇതിന് മുകളിലായി ലിഡുള്ള സ്റ്റോറേജ് സ്‌പെയ്‌സും യൂട്ടിലിറ്റി വർധിപ്പിക്കാൻ കാരണമാവും. കൂടാതെ ഫോർസ് മോട്ടോർസ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും പുതിയ ഗൂർഖയ്ക്ക് സമ്മാനിക്കും.

ഒരു പുതിയ ടയർ പ്രഷർ മോണിറ്റർ സിസ്റ്റവും ക്ലസ്റ്ററിൽ നൽകും. ടെയിൽഗേറ്റിൽ ഘടിപ്പിച്ചിരിക്കുന്ന സ്പെയർ ടയറിൻ്റെ മർദ്ദവും ഇതിലൂടെ അറിയാനാവും. ലാൻഡ് റോവർ ഡിഫൻഡർ പോലുള്ളവയിൽ മാത്രം കാണുന്ന ഈ ഫീച്ചർ ഗൂർഖയിലേക്ക് വരുന്നത് ഏറെ ശ്രദ്ധയാകർഷിക്കും. മുമ്പ് ലഭ്യമായ ഡ്യുവൽ എയർബാഗുകൾ, സ്പീഡ് സെൻസിംഗ് ഡോർ ലോക്കുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ട്രാക്ഷൻ കൺട്രോൾ ഹിൽ അസിസ്റ്റും എന്നിവയും ദേസി ജി-വാഗണിലേക്ക് ഫോഴ്‌സ് കൊണ്ടുവരുന്നുണ്ട്.
ആധുനിക സാങ്കേതികവിദ്യയുടെയും പ്രായോഗികതയും ഒരുമിച്ച് കൊണ്ടുവരാനുള്ള ശ്രമമാണ് കമ്പനിയിൽ നിന്നും ഉണ്ടായിരിക്കുന്നത്. ഷിഫ്റ്റ്-ഓൺ-ദി-ഫ്ലൈ 4WD സിസ്റ്റമാണ് ഓഫ്-റോഡറിന് ലഭിക്കാൻ പോവുന്ന മറ്റൊരു പ്രധാന സവിശേഷത. ഇത് പഴയ ലിവറിന് പകരം റോട്ടറി നോബ് പോലെയുള്ളൊരു സംവിധാനത്തിലൂടെയാണ് നൽകിയിരിക്കുന്നത്. ഗിയർ ലിവറിന്റെ ഇടത് വശത്തായാണ് ഇപ്പോൾ പവർ വിൻഡോ സ്വിച്ചുകൾ നൽകിയിരിക്കുന്നതും.

അതേസമയം ഡിഫറൻഷ്യൽ ലോക്ക് ഹാൻഡിലുകൾ ഇപ്പോഴും ഗിയറിന് അൽപ്പം മുന്നിലായാണ് ഇടംപിടിച്ചിരിക്കുന്നത്. 3 ഡോർ ഗൂർഖ നാല് സീറ്റർ കോൺഫിഗറേഷനിൽ തുടരും. എന്നാൽ എസ്‌യുവിയുടെ 5-ഡോർ മോഡൽ ഒന്നിലധികം സീറ്റിംഗ് ഓപ്ഷനുകൾ ലഭ്യമാകും.രണ്ട് വരികളുള്ള ഒരു സാധാരണ 5-സീറ്ററും മൂന്ന് വരികളുള്ള 6-സീറ്ററും ചിലപ്പോൾ 7 സീറ്റർ ഓപ്ഷനും സാധ്യമായേക്കുംമെന്നാണ് വിവരം.
ഈ കോൺഫിഗറേഷനിൽ മധ്യഭാഗത്ത് ബെഞ്ച് സീറ്റും മൂന്നാം നിരയിൽ രണ്ട് വ്യക്തിഗത സീറ്റുകളും ഉണ്ടായിരിക്കുമെന്നുമാണ് അനുമാനം. എഞ്ചിന്റെ കാര്യത്തിലേക്ക് വന്നാൽ മെർസിഡീസ് ബെൻസിൽ നിന്നും കടമെടുത്ത 2.6 ലിറ്റർ ഡീസൽ എഞ്ചിൻ തന്നെയായിരിക്കും ഗർഖയ്ക്ക് ഇത്തവണയും തുടിപ്പേകാൻ എത്തുക. 5-സ്പീഡ് മാനുവൽ ഗിയർബോക്‌സും ഓപ്ഷൻ മാത്രമേ ഓഫ്-റോഡറിൽ ഉണ്ടാവൂ എന്നാണ് വിവരം.

എന്നാൽ പുതിയ ഗൂർഖയുടെ മൈലേജ് കണക്കുകൾ മെച്ചപ്പെടുത്തുന്ന ഒരു ഓട്ടോ സ്റ്റോപ്പ്-സിസ്റ്റം ഫോഴ്‌സ് മോട്ടോർസ് അധികമായി നൽകും. ബിഎസ്-VI 2.0 മാനദണ്ഡങ്ങൾ പാലിക്കുന്നതിന് വാഹനത്തിന് ഇപ്പോൾ ആഡ്ബ്ലൂ ആവശ്യമാണ്. പുതിയ ഫീച്ചറുകളുടെ വരവ് കണക്കിലെടുക്കുമ്പോൾ വില പഴയ മോഡലിൻ്റെ 15.10 ലക്ഷം രൂപയേക്കാൾ അധികമായിരിക്കുമെന്ന് ഉറപ്പാണ്. 5-ഡോർ മോഡലിന് ഏകദേശം 1 മുതൽ 1.50 ലക്ഷം രൂപ വരെയായിരിക്കും അധികമായി ചെലവഴിക്കേണ്ടി വരിക.


Click it and Unblock the Notifications








