ഏത് ആവശ്യത്തിനും കൊണ്ടുപോവാം; ഫാമിലിക്ക് വാങ്ങാൻ പറ്റിയ 5-ഡോർ ഓഫ്-റോഡർ എസ്‌യുവി വരുന്നു
ഇന്ത്യയിലെ ഓഫ്-റോഡർമാർക്കിടയിൽ മാത്രം വലിയ ഫാൻബേസുള്ളവരാണ് ഫോഴ്‌സ് മോട്ടോർസ്. ഥാറിനൊപ്പം പിടിച്ചുനിൽക്കാൻ കെൽപ്പുള്ള ഗൂർഖയിലൂടെയാണ് ഈ നേട്ടം കമ്പനി നേടിയെടുത്തത്. ആദ്യ തലമുറയും രണ്ടാം തലമുറ മോഡലുമെല്ലാം ഈ വിഭാഗത്തിനിടയിൽ തീർത്ത ഓളം ചില്ലറയൊന്നുമല്ല. 'ദേസി ജി-വാഗൺ' എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന മോഡൽ ഇപ്പോഴിതാ കൂടുതൽ പ്രായോഗികമാവാൻ പോവുകയാണ്.
മഹീന്ദ്ര ഥാർ 5-ഡോർ വരുന്നതിനു മുമ്പ് ഫോഴ്‌സ് ഗൂർഖ 5-ഡോർ മോഡലിനെ ഇന്ത്യക്കാർക്കായി സമ്മാനിക്കാൻ പോവുകയാണ്. പണ്ടേ മഹീന്ദ്രയ്ക്ക് വെല്ലുവിളിയായി നിലകൊള്ളുന്ന കമ്പനി ഇവിടെയും മുമ്പേ ഓടിയെത്താനുള്ള ശ്രമത്തിലാണ്. ദിവസങ്ങൾക്കുള്ളിൽ പുത്തൻ മോഡലിന്റെ അവതരണം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഇതിന് മുന്നോടിയായി ഹൈപ്പ് ഉയർത്താൻ വേണ്ടി എസ്‌യുവിയുടെ ഏറ്റവും പുതിയ ടീസർ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ഫോഴ്‌സ്.

ഇന്ത്യയിലെ ലൈഫ്‌സ്‌റ്റൈൽ ഓഫ്-റോഡ് വാഹന വിഭാഗത്തിൻ്റെ മുഖംതന്നെ മാറ്റിമറിക്കാനുള്ള എല്ലാത്തരം സാങ്കേതിക സവിശേഷതകളും ഉൾക്കൊള്ളിച്ചാണ് ഏറ്റവും പുതിയ ഗൂർഖയെ കമ്പനി ഒരുക്കുന്നത്. 5 ഡോർ മോഡലിന് പുറമെ നിലവിലുള്ള 3-ഡോർ ഗൂർഖയുടെ പുതിയ പതിപ്പും ഫോഴ്‌സ് മോട്ടോർസ് പുറത്തിറക്കുമെന്നതാണ് സന്തോഷം തരുന്ന കാര്യം. ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളുടെ രണ്ടാംഘട്ടത്തോട് അനുബന്ധിച്ച് നിർത്തലാക്കിയിരുന്നു.
പുതുക്കിയ എഞ്ചിനൊപ്പം എന്തെല്ലാം മാറ്റങ്ങൾ ലൈഫ്-സ്റ്റൈൽ എസ്‌യുവിക്കുണ്ടാവുമെന്ന ആകാംക്ഷയിലാണ് ഫാൻസ്. എന്തായാലും ഓഫ്-റോഡ് പ്രേമികൾക്കിടയിൽ ഏറെ പ്രചാരം നേടിയ 3-ഡോർ മോഡലിന് മുകളിലായിരിക്കും പുതിയ 5-ഡോർ മോഡൽ സ്ഥാനം പിടിക്കുക. ത്രീ-ഡോർ പതിപ്പിനെ അപേക്ഷിച്ച് എസ്‌യുവിക്ക് നീളമുള്ള വീൽബേസ്, അധിക വിൻഡോകൾ, അധിക ജോഡി ഡോറുകൾ എന്നിവ ഉണ്ടായിരിക്കും. പരിഷ്ക്കരിച്ച ലാഡർ-ഫ്രെയിം ഷാസിയിലായിരിക്കും ഇതും നിർമിക്കുക.

ഥാർ, ജിംനി എന്നിവയിൽ നിന്ന് വ്യത്യസ്തമായി മുന്നിലും പിന്നിലും ലോക്കിംഗ് ഡിഫറൻഷ്യലുകളും സ്റ്റാൻഡേർഡ് സ്നോർക്കലും ഉൾപ്പെടെ ഓഫ്-റോഡിംഗിന് കൂടുതൽ അനുയോജ്യമായ വാഹനമാണ് ഇപ്പോഴെ ഗൂർഖ. ഇക്കാര്യങ്ങളെല്ലാം അതേപടി നിലനിർത്തി രൂപത്തിൽ ചെറിയ പരിഷ്ക്കാരങ്ങൾ നേടാനും വാഹനം ശ്രമിച്ചിട്ടുണ്ട്. വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകളും സ്‌നോർക്കലും പുതിയ അലോയ് വീലുകളും ഏറ്റവും പുതിയ ഫോഴ്‌സ് ഗൂർഖയുടെ ടീസർ വെളിപ്പെടുത്തുന്നുണ്ട്.
ചതുരാകൃതിയിലുള്ള വീൽ ആർച്ചുകളും കട്ടിയുള്ള ബോഡി ക്ലാഡിംഗും ഗൂർഖയുടെ പരുക്കൻ സൗന്ദര്യം വർധിപ്പിക്കുന്ന കാര്യങ്ങളാണ്. പിന്നിലെ വലിയ പാസഞ്ചർ വിൻഡോകൾ വിശാലമായ കാഴ്ച്ചകൾ പ്രദാനം ചെയ്യാനും സഹായിക്കും. ഫോഴ്‌സ് ഗൂർഖ 5 ഡോർ എസ്‌യുവിയുടെ നീളമേറിയ വീൽബേസ് ക്യാബിനിനുള്ളിൽ കൂടുതൽ ഇടം നൽകും. പിന്നിലെ യാത്രക്കാർക്ക് കൂടുതൽ എളുപ്പത്തിൽ കയറാനും ഇറങ്ങാനും കൂടുതൽ ഇടമുണ്ടാകുമെന്നത് പ്രായോഗികത ഉയർത്തും.

3-ഡോർ പതിപ്പിൽ പിന്നിലെ യാത്രക്കാർ ടെയിൽഗേറ്റിൽ നിന്നോ മുൻവശത്തെ സീറ്റുകൾ സ്ലൈഡുചെയ്‌തുകൊണ്ടോ അകത്തേക്ക് കയറേണ്ടതുണ്ട്. ഇതൊരൽപ്പം ബുദ്ധിമുട്ടുള്ള കാര്യമായതിനാൽ ഫാമിലി ഉപയോഗത്തിനായി ആരും ഈ വാഹനം വാങ്ങാറില്ല. 5-ഡോർ വരുന്നതോടെ ഇത്തരക്കാരെ ആകർഷിക്കാനും എസ്‌യുവി പ്രാപ്‌തമാവും. വരാനിരിക്കുന്ന മോഡൽ 5, 6, 7 സീറ്റുകളുള്ള കോൺഫിഗറേഷനുകളിൽ വാഗ്ദാനം ചെയ്തേക്കുമെന്ന സൂചനയും ഫോഴ്സ് നൽകിയിട്ടുണ്ട്.
ഇന്റീരിയർ ഡിസൈൻ അതേപടി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്താൻ കമ്പനിക്കാവും. ഫ്രണ്ട് സീറ്റ് ആംറെസ്റ്റുകൾ, 7 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, നാല് സ്പീക്കറുകൾ, യുഎസ്ബി പോർട്ടുകൾ, പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), HVAC കൺട്രോളുകൾ, ഒരു 12 V സോക്കറ്റ്, സെൻട്രൽ ലോക്കിംഗ് തുടങ്ങിയ കാര്യങ്ങളെല്ലാം വരാനിരിക്കുന്ന ഗർഖയിലുണ്ടാവും.

മെർസിഡീസ് ബെൻസിൽ നിന്നും കടമെടുത്ത അതേ 2.6 ലിറ്റർ FM CR ടർബോ ഡീസൽ എഞ്ചിനാണ് ഗൂർഖയ്ക്ക് തുടിപ്പേകാൻ എത്തുക. 89 bhp പവറിൽ 250 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇത് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാവും ജോടിയാക്കുക. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഇത്തവണയും എസ്‌യുവിക്ക് ഒപ്പം ഉണ്ടാവില്ല. ഫ്രണ്ട്, റിയർ ലോക്കിംഗ് ഡിഫറൻഷ്യലുകളുള്ള 4x4 സിസ്റ്റം സ്റ്റാൻഡേർഡായി തന്നെ ലഭിക്കും.
നിലവിലുള്ള ഗൂർഖ 3 ഡോർ ഫോർമാറ്റിൽ മാത്രമാണ് വാഗ്ദാനം ചെയ്‌തിരുന്നത്. എന്നിട്ടും അതിൻ്റെ വില 15.10 ലക്ഷം രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്. ഫോഴ്‌സ് മോട്ടോർസിന്റെ 5-ഡോർ ഗൂർഖയ്ക്ക് ഇതിൽ നിന്നും ഏകദേശം 1 മുതൽ 2 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില കൂടുതലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ ലൈഫ് സ്റ്റൈൽ ഓഫ്-റോഡർ എസ്‌യുവി സെഗ്മെന്റിൽ മാരുതി സുസുക്കി ജിംനി, മഹീന്ദ്ര ഥാർ പോലുള്ള വമ്പൻമാരാവും ഗൂർഖയുടെ എതിരാളികൾ.


Click it and Unblock the Notifications








