7 ലക്ഷത്തിന്റെ ഹോണ്ട കാർ വരുന്നു, ഒടുക്കത്തെ മൈലേജും കുലുക്കമില്ലാത്ത യാത്രയും മുതൽക്കൂട്ട്; ലുക്ക് ഇഷ്‌ടായോ?
സെഡാനുകൾ (Sedan) സൈഡായെങ്കിലും 10 ലക്ഷം രൂപ ബജറ്റിൽ ഇന്നും ഒരുപാട് സെഡാനുകൾ ഇന്ന് ഇന്ത്യയിൽ വാങ്ങാൻ കിട്ടും. ടാറ്റ ടിഗോർ, ഹ്യുണ്ടായി ഓറ, മാരുതി ഡിസയർ, ഹോണ്ട അമേസ് എന്നിങ്ങനെ ഗംഭീര മോഡലുകൾ അരങ്ങുവാഴുന്ന കോംപാക്‌ട് സെഡാനുകളുടെ കാര്യമാണീ പറഞ്ഞുവരുന്നത്. എസ്‌യുവികളോട് പടവെട്ടിയാണ് ഇവരെല്ലാം നിൽക്കുന്നതെന്ന കാര്യം മറക്കണ്ട. പക്ഷേ യാത്രാ സുഖത്തിന്റെ കാര്യത്തിലും ബൂട്ട് സ്പേസിന്റെ കാര്യത്തിലും മൈലേജിന്റെ കാര്യത്തിലും ത്രീ-ബോക്‌സ് വാഹനങ്ങളെ വെല്ലാൻ ഒരു സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾക്കും (SUV) ആവില്ലെന്നത് ഓർത്തുവെച്ചോണീൻ.
കോംപാക്‌ട് സെഡാൻ സെഗ്മെന്റിലെ രണ്ട് മോഡലുകൾ ഉടൻ തന്നെ തലമുറ മാറ്റത്തിനായി തയാറെടുക്കുകയാണ്. ടീസർ പുറത്തുവിട്ട് മാരുതി ഡിസയർ ബുക്കിംഗ് ആരംഭിച്ചപ്പോൾ പിന്നോട്ടില്ലെന്ന് ഉറപ്പിച്ചുകൊണ്ട് ഹോണ്ട അമേസും ആദ്യ രൂപം വെളിപ്പെടുത്തിയിരിക്കുകയാണ്. എക്കാലത്തേയും മികച്ച ഡിസൈനുമായിട്ടാണ് പുത്തൻ അമേസിന്റെ വരവെന്ന് ഉറപ്പിക്കാനാവുന്ന രൂപമാണ് ടീസറിലൂടെ വ്യക്തമാവുന്നത്.

2013-ൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച അമേസ് അതിവേഗമാണ് ഹിറ്റടിച്ചത്. കിടിലൻ ഡീസൽ, പെട്രോൾ എഞ്ചിൻ കോമ്പിനേഷനും ധാരാളം സ്പേസും വാഗ്‌ദാനം ചെയ്‌തെത്തിയ കാറിനെ ഇന്ത്യക്കാർ ഇരുകൈയും നീട്ടി സ്വീകരിച്ചു. പിന്നീട് അഞ്ച് വർഷങ്ങൾക്ക് ശേഷം 2018-ലാണ് അമേസിന്റെ രണ്ടാംതലമുറ മോഡൽ നിരത്തിലെത്തുന്നത്. അന്നത്തെ ലുക്ക് ആദ്യം പലർക്കും ഇഷ്‌ടമായില്ലെങ്കിലും പിന്നീട് കണ്ട് കണ്ട് ആളുകളുടെ നെഞ്ചിൽ വണ്ടി കുടിയിരുന്നു.
ആധുനിക കാലത്തിന് ചേർന്ന രൂപമാണ് ഇപ്പോഴുള്ളതെങ്കിലും ഇന്റൂരിയറും ഫീച്ചറുകളുടെ കാര്യത്തിലും കക്ഷി അൽപം മടുപ്പാണ്. ഇതെല്ലാം പൊളിച്ചെഴുതിക്കൊണ്ടാവും അമേസിന്റെ പുതുതലമുറ മോഡൽ രൂപമെടുക്കുക. വരാനിരിക്കുന്ന മൂന്നാം തലമുറ ആവർത്തനം ബോൾഡ് ഡിസൈനും അത്യാധുനിക സാങ്കേതികവിദ്യയും ഹോണ്ടയുടെ വിശ്വാസ്യതയും സമന്വയിപ്പിക്കുമെന്ന് ഉറപ്പിക്കാം. അന്താരാഷ്ട്ര വിപണികളിൽ വിൽക്കുന്ന ഹോണ്ടയുടെ സെഡാനുകൾക്ക്, പ്രത്യേകിച്ച് അക്കോർഡിന് അനുസൃതമായുള്ള പുത്തൻ ഡിസൈൻ ഭാഷ്യമാണ് അമേസിനുണ്ടാവുകയെന്ന് ടീസർ പറഞ്ഞുവെക്കുന്നുണ്ട്.

മൊത്തത്തിൽ പൊളിച്ചെഴുതിയ മുൻവശം തന്നെയായിരിക്കും ഏറ്റവും വലിയ ഹൈലൈറ്റ്. പുതിയ ഡ്യുവൽ-ബീം എൽഇഡി ഹെഡ്‌ലാമ്പുകൾക്കൊപ്പം ഗ്രില്ലിന് ഇരുവശത്തുമായി എൽ-ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളും കാണാം. ഷഡ്ഭുജാകൃതിയിലുള്ള ഇൻസെർട്ടുകളോടുകൂടിയ പുതിയ ഗ്രിൽ ഓപ്പണിംഗുകളെല്ലാം സ്പോർട്ടിയർ തീമിനോട് നീതി പുലർത്തിയിട്ടുണ്ടെന്ന് വേണം പറയാൻ. ബോണറ്റിന്റെ ഭാഗവും മസ്ക്കുലറായി തന്നൊണ് പണികഴിപ്പിച്ചിരിക്കുന്നത്.
ഒരുപക്ഷേ കൂടുതൽ ഗൗരവമുള്ള രൂപത്തിനായി ക്ലാംഷെൽ ആകൃതിയിലുള്ള ഘടനയുമായി ഇത് പൊരുത്തപ്പെട്ടേക്കാം. അതേസമയം ഫ്രണ്ട് ബമ്പറും ഫോഗ് ലാമ്പ് ഹൗസിംഗുകളും പുതിയതും കൂടുതൽ പ്രാധാന്യമർഹിക്കുന്നതുമാണ്. ടീസർ സ്കെച്ചിൽ നിന്നും ഇത്രയും കാര്യങ്ങൾ കണ്ടെത്താനായിട്ടുണ്ട്. മൂന്നാം തലമുറ ഹോണ്ട അമേസിനെക്കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും എഞ്ചിൻ ഓപ്ഷൻ സമാനമായിരിക്കുമെന്ന് തന്നെയാണ് വിവരം.

ഡീസൽ എഞ്ചിനുകളോട് ഹോണ്ട ഗുഡ് ബൈ പറഞ്ഞിരിക്കുന്നതിനാൽ ഇപ്പോഴുള്ള അതേ 1.2 ലിറ്റർ, ഫോർ സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ തന്നെയാണ് കാറിന് തുടിപ്പേകാൻ എത്തുക. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 89 bhp കരുത്തിൽ പരമാവധി 110 Nm torque വരെ ഉത്പാദിപ്പിക്കാനാവും.
ഇനി ഇന്റീരിയറിലേക്ക് കയറിയാൽ മൂന്നാം-തലമുറ മോഡലിൻ്റെ അകത്തളം മൊത്തത്തിൽ മാറും. ഒരുപക്ഷേ എലിവേറ്റിൽ കാണപ്പെടുന്നതിന് സമാനമായ ഒരു വലിയ ടച്ച്സ്ക്രീൻ ഉൾപ്പെടുത്തിയേക്കാം. ചെലവ് നിയന്ത്രിക്കുന്നതിന് പുതിയ അമേസ് ഇന്ത്യയിലെ മറ്റ് ഹോണ്ട മോഡലുകളുമായി ഇൻ്റീരിയർ ഘടകങ്ങൾ പങ്കിട്ടേക്കാം.ഒപ്പം മോഡേൺ ഫീച്ചറുകളുടെ ആറാട്ടും ഹോണ്ട അമേസിന്റെ പുതുതലമുറ ആവർത്തനത്തിന് പകിട്ടേകും. സൺറൂഫ് ഉണ്ടാകുമോയെന്ന് ഉറപ്പില്ലെങ്കിലും യാത്രാ സുഖം വർധിപ്പിക്കുന്ന മറ്റ് പ്രീമിയം സവിശേഷതകളെല്ലാം കോംപാക്‌ട് സെഡാനിലേക്ക് വന്നെത്തും.
ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ അമേസ് വിപണിയിലെത്താൻ സാധ്യതയുണ്ട്. വിലയുടെ കാര്യം നോക്കിയാൽ നിലവിൽ 7.23 ലക്ഷം മുതൽ 9.99 ലക്ഷം വരെയാണ് കാറിന് മുടക്കേണ്ടി വരുന്നത്. ഇതിൽ നിന്നും ചെറിയ വ്യത്യാസം ഇത്തവണ പ്രതീക്ഷിക്കാം. ചിലപ്പോൾ പ്രാരംഭ വില കുറച്ച് എസ്‌യുവികളെ വെല്ലാനും ഹോണ്ടയ്ക്ക് പദ്ധതിയുണ്ടാവും. അങ്ങനെയാണേൽ 7 ലക്ഷത്തിന് ബേസ് മോഡൽ വീട്ടിലെത്തിക്കാം.


Click it and Unblock the Notifications








