എസ്‌യുവികളേക്കാൾ യാത്രാ സുഖം, ഒടുക്കത്തെ മൈലേജ്; ബേബി സിവിക്കിന്റെ പരീക്ഷണയോട്ടവുമായി ഹോണ്ട
എസ്‌യുവി മോഡലുകൾക്കിടയിൽ സെഡാനുകൾ വാങ്ങാൻ ആളെത്തുന്നത് കുറഞ്ഞുവെങ്കിലും നല്ല യാത്രാ സുഖവും കാർ ഫീലും വേണമെങ്കിൽ ഈ ത്രീ-ബോക്‌സ് ടൈപ്പ് വാഹനങ്ങൾ തന്നെ വേണം. ഒരുകാലത്തും ഇവയെ കവച്ചുവെക്കാൻ സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾക്കാവില്ലെന്നതാണ് സത്യം. ഇപ്പോൾ ഇന്ത്യയിൽ കണ്ണുംപൂട്ടി വാങ്ങാനാവുന്ന കോംപാക്‌ട് സെഡാനാണ് അമേസ്. ആദ്യതലമുറയിൽ തീർത്ത ഓളം രണ്ടാംതലമുറ ആവർത്തനം വേറെ ലെവലിൽ എത്തിച്ചപ്പോൾ ജീവൻ കിട്ടയത് ഹോണ്ടയ്ക്കാണ്. എലിവേറ്റ് വരുന്നതിനു മുമ്പ് ജാപ്പനീസ് ബ്രാൻഡിനെ താങ്ങിനിർത്തിയത് അമേസിന്റെ വിൽപ്പന കൂടിയായിരുന്നു.
മാരുതി സുസുക്കി ഡിസയർ അരങ്ങ് വാഴുന്ന കോംപാക്‌ട് സെഡാൻ സെഗ്മെന്റിലെ വിൽപ്പനയുടെ കാര്യത്തിൽ രണ്ടാമനാണെങ്കിലും മറ്റ് പല തലങ്ങളും നോക്കുമ്പോൾ അമേസിന് എതിരാളികളില്ലെന്ന് വേണം പറയാൻ. ഇനി ഇക്കാര്യം ഒന്നുകൂടി ഊട്ടിയുറപ്പിക്കാൻ അമേസിന്റെ പുതുതലമുറ മോഡൽ കൂടി എത്തുകയാണ്. ഈ വർഷം ഡിസംബറിൽ അരങ്ങേറ്റം കുറിക്കാനിരിക്കുന്ന കാറിന്റെ പരീക്ഷണയോട്ടവും ആരംഭിച്ചിരിക്കുകയാണ് കമ്പനി.

ആദ്യമായി നിരത്തിലിറങ്ങിയ ഹോണ്ട അമേസിന്റെ മൂന്നാംതലമുറയുടെ സ്പൈ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 91വീൽസ് എന്ന വെബ്സൈറ്റിൽ നിന്ന് കിട്ടിയ ചിത്രങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. സിറ്റിക്കും എലിവേറ്റിനും അടിവരയിടുന്ന പ്ലാറ്റ്‌ഫോമിൻ്റെ പരിഷ്‌കരിച്ച പതിപ്പായിരിക്കും വരാനിരിക്കുന്ന ഹോണ്ട അമേസും ഉപയോഗിക്കുകയെന്നാണ് വിവരം. പക്ഷേ ഇതിൽ മാറ്റങ്ങളുമുണ്ടാവുമെന്ന് പറയേണ്ടതില്ലല്ലോ.
നീളം നാല് മീറ്ററിൽ താഴെയായി നിലനിർത്താൻ ശ്രമിക്കുന്നതിന്റെ ഫലമായി അമേസിൻ്റെ ഈ മോഡലിന് സിറ്റിയെയും എലിവേറ്റിനെയും അപേക്ഷിച്ച് വളരെ കുറഞ്ഞ വീൽബേസ് ഉണ്ടായിരിക്കും. അടിസ്ഥാന രൂപം ഏകദേശം ഒന്നായിരിക്കുമെങ്കിലും ചില ആധുനിക ഫീച്ചറുകളും ഡിസൈൻ എലമെന്റുകളും ഉപയോഗിച്ച് കാറിനെ മോഡേണാക്കാൻ ജാപ്പനീസ് വാഹന നിർമാതാക്കൾക്ക് സാധിച്ചേക്കും.

സ്മോക്കി-ഫിനിഷ്‌ഡ് ടെയിൽ-ലാമ്പുകൾ ഭാഗികമായി സ്പൈ ചിത്രങ്ങളിൽ നിന്നും കാണാം. റിവേഴ്സ് ക്യാമറ, ഷാർക്ക് ഫിൻ ആൻ്റിന, പിൻ യാത്രക്കാർക്ക് മൂന്ന് ഫിക്സഡ് ഹെഡ്‌റെസ്റ്റുകൾ എന്നിവയുടെ സാന്നിധ്യം സ്ഥിരീകരിക്കാനും സാധിക്കും. പിന്നിൽ നിന്നും നോക്കുമ്പോൾ സിവിക്കിനെ ഓർമപ്പെടുത്തുന്ന ബേബി ലുക്കായിരിക്കും മൂന്നാംതലമുറ അമേസ് സ്വീകരിക്കുകയെന്നാണ് അനുമാനം. അകത്തേക്ക് കയറിയാലും പ്രീമിയം ഫീൽ തന്നെയാവും കാറിനുണ്ടാവുക.
എലിവേറ്റിലേതിന് സമാനമായ വലിയ ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം ഉൾപ്പെടുന്ന ഇൻ്റീരിയറിന് പുതുക്കിയ ക്യാബിൻ ലേഔട്ട് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രീമിയം ഫീൽ ഉയർത്തുന്നതിന് കൂടുതൽ സോഫ്റ്റ്-ടച്ച് ഘടകങ്ങൾ കമ്പനി ഉൾപ്പെടുത്തുമെന്ന് വിശ്വസിക്കാം. ചെലവ് നിയന്ത്രിക്കാൻ ഇന്ത്യയിലെ മറ്റ് ഹോണ്ട മോഡലുകളുമായി ഇൻ്റീരിയർ ഘടകങ്ങൾ പങ്കിടുകയും ചെയ്യും. എഞ്ചിൻ നിലവിലെ അതേ പെട്രോൾ യൂണിറ്റ് തന്നെയാവും.

90 bhp കരുത്തിൽ പരമാവധി 110 Nm torque ഉത്പാദിപ്പിക്കാൻ കഴിയുന്ന 1.2 ലിറ്റർ, ഫോർ സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ മൂന്നാം തലമുറ അമേസിനും തുടിപ്പേകും. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഉൾപ്പെടുന്നു. ഹോണ്ട നിരയിൽ നിന്നും ഡീസൽ എഞ്ചിൻ ഗുഡ്ബൈ പറഞ്ഞിറങ്ങിയതോടെ അതുണ്ടാവാനുള്ള സാധ്യതയുമില്ല.
പുതിയ ഹോണ്ട അമേസിന്റെ പ്രധാന എതിരാളിയായ മാരുതി സുസുക്കി ഡിസയറും ഏതാനും മാസങ്ങൾക്ക് ശേഷം വിപണിയിലെത്തും. എൻട്രി ലെവൽ സെഡാൻ സമാനമായ വിലയുള്ള കോംപാക്‌ട് എസ്‌യുവികളിൽ നിന്നും ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്‌സ്‌റ്റർ തുടങ്ങിയ സബ് കോംപാക്‌ട് മോഡലുകളിൽ നിന്നും മത്സരം നേരിടും. നിലവിൽ 7.20 ലക്ഷം മുതൽ 9.96 ലക്ഷം രൂപ വരെ വിലയുള്ള അമേസിൻ്റെ എക്‌സ്ഷോറൂം വിലയിലും മാറ്റമുണ്ടായേക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








