എലിവേറ്റല്ല, ഞങ്ങൾക്ക് വേണ്ടത് ദേ ഇതാണ്... അഡാറ് ലുക്കിൽ ഹോണ്ടയുടെ പുത്തൻ എസ്‌യുവി 'പാസ്പോർട്ട്'
സിറ്റി, സിവിക് പോലുള്ള തട്ടുപൊളിപ്പൻ സെഡാൻ മോഡലുകളിലൂടെ ഇന്ത്യക്കാരുടെ മനസ് കീഴടക്കിയവരാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. എസ്‌യുവി ട്രെൻഡുകൾക്ക് മുമ്പേ തന്നെ രാജ്യത്തിനായി CR-V എന്നൊരു കിലിടൻ സ്പോർട് യൂട്ടിലിറ്റി വാഹനവും സമ്മാനിക്കാൻ കമ്പനിക്കായിട്ടുണ്ട്. കൾട്ട് ക്ലാസിക് വാഹനങ്ങളുടെ നിരയിൽ ഇന്നും സ്ഥാനമുള്ള ഈ കൊലകൊമ്പന്റെ പിൻഗാമിയായി പിന്നീട് എലിവേറ്റ് എത്തുകയും ചെയ്‌തു. തുടക്കത്തിൽ വലിയ ഓളമുണ്ടാക്കിയെങ്കിലും ഹോണ്ട ഇപ്പോഴും വിൽപ്പനയിൽ പിന്നാക്കം പോയെന്ന് പറയാം. പക്ഷേ ആഗോള നിരയെടുത്താൽ ഈ കമ്പനിയാണോ ഇവിടെ ഈ വണ്ടികൾ ഇറക്കുന്നതെന്ന് തോന്നിപ്പോവും.
ആഗോളതലത്തിൽ പുതിയ നാലാം തലമുറ പാസ്‌പോർട്ട് എസ്‌യുവിയെ പുറത്തിറക്കിയാണ് ഹോണ്ട ഇപ്പോൾ ഇന്ത്യക്കാരെ കൊതിപ്പിച്ചിരിക്കുന്നത്. മുൻഗാമിയെ അപേക്ഷിച്ച് ഇടിവെട്ട് ലുക്കിലാണ് വാഹനം ഇത്തവണ അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. ഇതിന് ഒരു ഓഫ്-റോഡ് ഫോക്കസ്ഡ് ട്രെയിൽസ്‌പോർട്ട് വേരിയൻ്റ് പോലും ലഭിക്കുന്നുണ്ടെന്ന് അറിഞ്ഞാൽ നമ്മൾ ഹോണ്ട പ്രേമികൾ ഇന്ത്യയിലെത്തിയിരുന്നെങ്കിൽ എന്ന് മോഹിച്ചുപോവും.

എന്തായാലും എതിരാളികൾക്ക് ഇനി ഉറക്കം പോവുമെന്ന് ഉറപ്പാണ്. പുതിയ പാസ്‌പോർട്ട് എസ്‌യുവി അതിൻ്റെ മുൻഗാമിയുടെ ക്രോസ്ഓവർ പോലെയുള്ള രൂപത്തെ പൂർണമായും ഒഴിവാക്കി. പകരം കൂടുതൽ അപ്-റൈറ്റായിട്ടുള്ള ഡിസൈനാണ് സ്വീകരിച്ചിരിക്കുന്നത്. അങ്ങനെ മൊത്തത്തിൽ തികഞ്ഞ മിടുക്കനായി മാറിയെന്ന് പറയാം. ദീർഘചതുരാകൃതിയിലുള്ള ഹെഡ്‌ലാമ്പുകളുള്ള മുൻഭാഗം അടിപൊളിയാണ്.
അതോടൊപ്പം കറുപ്പിലൊരുങ്ങിയിരിക്കുന്ന ടൂ സ്ലാറ്റ് ഗ്രില്ലും അതിന്റെ ഇരുവശത്തുമായിട്ടുള്ള ഹെഡ്‌ലൈറ്റുകളും വാഹനത്തിന്റെ രൂപത്തോട് ഇഴുകിച്ചേരുകയാണ്. ഫ്രണ്ട് ബമ്പറിൻ്റെ മുകളിൽ വിശാലമായ ഒരു എയർ ഡാമാണ് കാണാനാവുന്നത്. അതിന് താഴെ ഒരു വലിയ സ്കിഡ് പ്ലേറ്റും ഇടംപിടിച്ചിട്ടുണ്ട്. ഫാക്സ് അലൂമിനിയത്തിൽ പണികഴിപ്പിച്ചിരിക്കുന്നതിനാൽ പ്രീമിയം ടച്ചാണ് പാസ്പോർട്ടിന് ഈ ഭാഗം സമ്മാനിക്കുന്നത്.

വശങ്ങളിലേക്ക് നോക്കിയാൽ ലളിതവും എന്നാൽ പരുക്കനുമായ എസ്‌യുവി ലുക്ക് തന്നെയാണ് പുതിയ ഹോണ്ട പാസ്പോർട്ട് സ്വീകരിച്ചിരിക്കുന്നത്. വീൽ ആർച്ചുകൾക്ക് ചുറ്റിനും പ്ലാസ്റ്റിക് ക്ലാഡിംഗ്, കോൺട്രാസ്റ്റിംഗ് ബ്ലാക്ക് ഡോർ ഹാൻഡിലുകൾ എന്നിവയും സൈഡ് പ്രൊഫൈൽ ഗംഭീരമാക്കുന്നു. പുതിയ പാസ്‌പോർട്ടിൻ്റെ ഗ്രൗണ്ട് ക്ലിയറൻസ് നിലവിലുണ്ടായിരുന്ന മോഡലിനേക്കാൾ ഉയർന്നതാണെന്ന് ഹോണ്ട പറയുന്നു.
18 ഇഞ്ച് അലോയ് വീലുകളും 31 ഇഞ്ച് ടയറുകളുമാണ് ഹോണ്ട പാസ്‌പോർട്ടിന് കൊടുത്തിരിക്കുന്നത്. ഇനി പിൻവശത്തേക്ക് നോക്കിയാൽ റാപ്പ്എറൗണ്ട് വിൻഡ്‌സ്‌ക്രീൻ, നമ്പർ പ്ലേറ്റ് ഹൗസിംഗിന് മുകളിൽ കറുത്ത കോൺട്രാസ്റ്റിംഗ് ട്രിം, ഫോക്‌സ് സിൽവർ സ്‌കിഡ് പ്ലേറ്റുള്ള ചങ്കി ബമ്പർ എന്നിവയാണ് എസ്‌യുവിയെ സുന്ദരനാക്കുന്നത്. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറിലും മാറ്റങ്ങളുടെ ആറാട്ടാണ് കാണാനാവുക.

5-സീറ്റർ എസ്‌യുവിയുടെ ഡാഷ്‌ബോർഡ് കറുപ്പിലാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം സീറ്റ് അപ്‌ഹോൾസ്റ്ററിക്കും ഡോർ പാഡുകൾക്കും വേരിയൻ്റിനെ ആശ്രയിച്ച് വ്യത്യസ്ത ഷേഡുകളും സ്റ്റിച്ചിംഗും ലഭിക്കും. ഡാഷ്‌ബോർഡിൽ മധ്യഭാഗത്ത് ആധിപത്യം സ്ഥാപിച്ചിരിക്കുന്നത് 12.4 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീനാണ്. ഓഫ്-റോഡ് നിർദ്ദിഷ്ട വിവരങ്ങൾ പോലും ഇതിലൂടെ അറിയാൻ കഴിയും.
ഇതോടൊപ്പം 10.2 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, 360 ഡിഗ്രി ക്യാമറ, ADAS സ്യൂട്ട് എന്നിവയാണ് പുതിയ പാസ്‌പോർട്ട് എസ്‌യുവിയിലെ മറ്റ് സവിശേഷതകൾ. 3.5 ലിറ്റർ V6 പെട്രോൾ പെട്രോൾ എഞ്ചിനാണ് ഹോണ്ടയുടെ പുത്തൻ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 10-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് പരമാവധി 285 bhp കരുത്ത് വരെ ഉത്പാദിപ്പിക്കാനാവും.
ഈ എഞ്ചിൻ ഒന്നിലധികം ഹോണ്ട മോഡലുകളിൽ ഉപയോഗിച്ചിട്ടുള്ളതിനാൽ റിഫൈൻമെന്റും ബാക്കി കാര്യങ്ങളുമൊന്നും തെളിയിക്കേണ്ടതായിട്ടില്ല. പക്ഷേ ഹൈബ്രിഡ് സിസ്റ്റം ലഭിക്കാത്തത് പലരേയും നിരാശപ്പെടുത്തിയേക്കാം. എസ്‌യുവിയുടെ കൂടുതൽ പരുക്കൻ ട്രയൽസ്‌പോർട്ട് ഓഫ്-റോഡ് അധിഷ്ഠിത വേരിയൻ്റിന് റീട്യൂൺ ചെയ്‌ത സവിശേഷമായ സസ്പെൻഷൻ സജ്ജീകരണം ലഭിക്കുന്നുണ്ടെന്നും ഹോണ്ട അവകാശപ്പെടുന്നുണ്ട്.
പാസ്‌പോർട്ട് എസ്‌യുവി വടക്കേ അമേരിക്കൻ വിപണിയെ ലക്ഷ്യം വെച്ചുള്ളതാണ്. അതായത് ഇത് ഇന്ത്യയിലേക്ക് വരില്ലെന്ന് സാരം. ഇന്ത്യൻ വിപണിക്കായി ഇത്തരം പ്രീമിയം വാഹനങ്ങളെ പരിഗണിക്കാൻ ഹോണ്ട ഇതുവരെ തയാറാവാത്തത് നിരാശയുളവാക്കുന്ന സംഗതിയാണ്. ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോ പോലുള്ള വമ്പൻ മോഡലുകൾ വരുന്നത് പരഗണിച്ച് വേണമെങ്കിൽ പുതിയ പാസ്‌പോർട്ട് ഹോണ്ടയ്ക്ക് നമുക്കും തരാം.


Click it and Unblock the Notifications








