ഷോറൂമുകൾ നിറയ്ക്കാൻ കിയയുടെ 'ബെൻസ്' ഒരുങ്ങി, ഇതുപോലെ വേറൊരു കാർ ഇന്ത്യയിലെങ്ങുമില്ല!
സെൽറ്റോസ് എന്നൊരൊറ്റ മോഡലിലൂടെ ഇന്ത്യക്കാരുടെ പൊന്നോമനയായ വാഹന നിർമാതാക്കളാണ് കിയ. ഡിസൈൻ കൊണ്ടും ഫീച്ചറുകൾ കൊണ്ടും നമ്മെ വിസ്‌മയിപ്പിച്ച കമ്പനി രാജ്യത്ത് വിരലിൽ എണ്ണാവുന്ന കാറുകൾ മാത്രമാണ് പുറത്തിറക്കുന്നതെങ്കിലും ആഗോളതലത്തിൽ കിയയ്ക്ക് ഇമേജ് തന്നെ വേറെയൊന്നാണ് എന്നുവേണം പറയാൻ. ഹ്യുണ്ടായിയുടെ ഭാഗമാണെങ്കിലും സാക്ഷാൽ ഹ്യുണ്ടായിയെ പോലും അമ്പരപ്പിക്കുന്ന വാഹനശേഖരത്തിന് ഉടമയാണ് കിയ.
ഏതെങ്കിലും ഒരുകാലത്ത് ഇവയെല്ലാം ഇന്ത്യയിലും എത്തണമെന്ന് മോഹിക്കുന്നവരാണ് നാമെല്ലാം. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് മറ്റൊരു കിയ കാർ കൂടിയെത്തിയിരിക്കുകയാണ്. ആരേയും മോഹിപ്പിക്കുന്ന അഴകോടെ K4 സെഡാൻ്റെ രണ്ടാം തലമുറ ആവർത്തനത്തിനെ ദക്ഷിണ കൊറിയൻ ബ്രാൻഡ് പുറത്തിറക്കിയിരിക്കുകയാണ്. കമ്പനിയുടെ ഓപ്പോസിറ്റ്സ് യുണൈറ്റഡ് (Opposites United) സ്റ്റൈലിംഗ് ഫിലോസഫിയുടെ മാതൃകയാണ് ഇതിലെ ഏറ്റവും വലിയ ഹൈലൈറ്റ്.

വേണമെങ്കിൽ കിയയുടെ ബെൻസ് എന്നും ഇതിനെ വിശേഷിപ്പിക്കാനാവും. അത്തരത്തിലാണ് K4 സെഡാൻ പണിതിറക്കിയിരിക്കുന്നത്. കാറിന്റെ സാങ്കേതിക സവിശേഷതകൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ന്യൂയോർക്ക് ഓട്ടോ ഷോയിലെ അരങ്ങേറ്റത്തിന് മുന്നോടിയായി സെഡാൻ്റെ എക്സ്റ്റീരിയർ, ഇന്റീരിയർ ഡിസൈനാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. ഇനി അതിന്റെ വിശദാംശങ്ങളിലേക്ക് വരാം.
ആധുനികവും അതുല്യവുമായ ബോഡി സ്റ്റൈലാണ് ഏറ്റവും പുതിയ കിയ K4 സെഡാനെ വേറിട്ടു നിർത്തുന്നത്. ഈ പ്രക്രിയയെ 'ട്വിസ്റ്റ് ലോജിക്' എന്നാണ് കമ്പനി വിളിക്കുന്നത്. കാർണിവൽ, EV5, EV9 എന്നിവയുൾപ്പെടെയുള്ള കിയയുടെ പുതിയ കാറുകൾക്ക് അനുസൃതമാണ് ഡിസൈൻ. മുൻവശത്ത് കാറിന് L ആകൃതിയിലുള്ള ലംബമായി അടുക്കിയ എൽഇഡി ഹെഡ്‌ലാമ്പുകളും മധ്യത്തിൽ ഒരു ചെറിയ ടൈഗർ നോസ് ഗ്രില്ലും ലഭിക്കുന്നത് കാണാം.

ലിഫ്റ്റ്ബാക്ക് കൂപ്പെ പോലെയുള്ള രൂപം നൽകുന്ന വലിയ റിയർ വിൻഡ്‌സ്‌ക്രീനോടുകൂടിയ സ്വൂപ്പിംഗ് റൂഫ്‌ലൈൻ സെഡാൻ്റെ സവിശേഷതയാണ്. മുൻവശത്തേതിന് സമാനമായി L ആകൃതിയിലുള്ള ലൈറ്റിംഗ് തീം ടെയിൽ ലൈറ്റുകളിലേക്കും കിയ കൊണ്ടുപോകുന്നു. ഡയമണ്ട് കട്ട് അലോയ് വീലുകൾ രണ്ടാംതലമുറ K4 സെഡാന്റെ ആധുനിക ആകർഷണം വർധിപ്പിക്കുന്നുമുണ്ടേ. കൂടാതെ പിൻവശത്തെ ഡോർ ഹാൻഡിലുകളും സി-പില്ലറിൽ ഉൾപ്പെടുത്തിയിരിക്കുന്നതും മനോഹരമാണ്.
എക്സ്റ്റീരിയറിലെ കാഴ്ച്ചകൾ കണ്ട് അമ്പരന്നിരിക്കുന്നവർ ഇന്റീരിയറിലേക്ക് കയറായിൽ വാ പൊളിച്ചുപോവുന്ന അഴകിലാണ് കിയ രണ്ടാംതലമുറ K4 അണിയിച്ചൊരുക്കിയിരിക്കുന്നത്. ക്യാബിനിനുള്ളിൽ സ്ലേറ്റ് ഗ്രീൻ തീമാണ് പൂർത്തിയാക്കിയിരിക്കുന്നത്. ലക്ഷ്വറി കാറുകളോട് കിടപിടിക്കുന്ന രീതിയിൽ കന്നെ പണികഴിപ്പിക്കാൻ ബ്രാൻഡിനായത് കൈയടി അർഹിക്കുന്നുണ്ട്. ഇക്കാര്യത്തിലുള്ള കിയയുടെ മിടുക്ക് പ്രത്യേകം പറയേണ്ടതില്ലല്ലോ.

സ്ലേറ്റ് ഗ്രീൻ നിറത്തിന് പുറമെ ഏറ്റവും പുതിയ കിയ K4 സെഡാന്റെ ഇന്റീരിയറിനായി കാന്യോൺ ബ്രൗൺ, ഓനിക്സ് ബ്ലാക്ക്, മീഡിയം ഗ്രേ കളർ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുമെന്ന് കിയ പറയുന്നു. ഇതിൽ ഏറ്റവും രസകരമായ കാര്യം ഡ്രൈവർമാരുടെ സൈഡ് ഡോർ, പാസഞ്ചർ സൈഡ് ഡോർ എന്നിവ വ്യത്യസ്ത കളർ കോമ്പിനേഷനുകൾ ഉൾക്കൊള്ളുന്നുവെന്നതാണ്. ഒരു റോട്ടറി കൺട്രോളറിനൊപ്പം കുറച്ച് ഫിസിക്കൽ ബട്ടണുകൾ ഘടിപ്പിച്ചുകൊണ്ടുള്ള ഡ്യുവൽ സ്‌ക്രീൻ ഡിസ്‌പ്ലേയാണ് അകത്തെ മറ്റൊരു ആകർഷണം.
അതോടൊപ്പം ടൂ സ്‌പോക്ക് സ്റ്റിയറിംഗ് വീൽ മുകളിലും താഴെയുമായി പരന്ന രീതിയിലാണ് നൽകിയിരിക്കുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്. കൂടാതെ ഇതിൽ ഓഫ്‌സെറ്റ് കിയ എംബ്ലവും ഫീച്ചർ ചെയ്യുന്നുണ്ട്. കാറിന്റെ ലോഞ്ചിനോട് അടുത്തായിരിക്കും പ്രീമിയം സെഡാനിലെ സവിശേഷതകളും മറ്റ് ഫീച്ചറുകളും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ വെളിപ്പെടുത്തുകയെന്നാണ് സൂചന.

സേഫ്റ്റിയുടെ കാര്യത്തിലും ആള് വേറെ ലെവലായിരിക്കും എന്നകാര്യം ഉറപ്പാണ്. മാർച്ച് 27-ന് ന്യൂയോർക്ക് ഓട്ടോ ഷോയിൽ കിയ K4 അതിൻ്റെ അരങ്ങേറ്റം നടത്താൻ ഒരുങ്ങുകയാണ്. ഹോണ്ട സിവിക്, ടൊയോട്ട കൊറോള, ഹ്യുണ്ടായി എലാൻട്ര പോലുള്ള ആഗോള വിപണികളിലെ വമ്പൻമാർക്കൊപ്പമായിരിക്കും രണ്ടാംതലമുറ മോഡൽ മാറ്റുരയ്ക്കുക. ഈ വർഷം അവസാനം അമേരിക്കൻ വിപണിയിലായിരിക്കും വാഹനം ആദ്യം വിൽപ്പനയ്‌ക്കെത്തുകയെന്നാണ് വിവരം.


Click it and Unblock the Notifications








